ഇന്‍റര്‍വ്യൂ (നര്‍മ്മകഥ)

ഇന്‍റര്‍വ്യൂ
======
എന്താ ഒരു പ്രകാശധോരണി ! ഇങ്ങനെയുമുണ്ടോ ഒരു ധോരണി . സെക്രട്ടറിയേറ്റുകള്‍ ഏറെ കണ്ടിട്ടുണ്ട്, എന്നാല്‍ ഇങ്ങനെയൊന്ന് ആദ്യമായാണ്. അതിനിപ്പോള്‍ ഇതിനുമുമ്പ് പുറത്തുനിന്നുകണ്ടതല്ലാതെ ഇതിന്‍റെ ഉള്ളിലേക്ക് കടക്കുന്നത് ആദ്യമായാണല്ലോ.
"
പതിനേഴ് "പതിനേഴേ ആയിട്ടുള്ളു . നാല്പത്തിയൊന്നാണ് തന്‍റെ സ്ഥാനം . കുറേ കാത്തുനില്ക്കേണ്ടിവരും . ഇങ്ങനെയൊരു ഇന്‍റര്‍വ്യൂവിന് ആദ്യമായി വരുന്നതിന്‍റെ പരിഭ്രമമോ വരിനില്ക്കുന്നതിന്‍റെ അക്ഷമയോ തോന്നുന്നില്ല എന്നതാണത്ഭുതം. . മനസ്സ് ശാന്തമാണ് . മനസ്സിനുശാന്തത നല്കുന്ന സംഗീതധോരണിയുമുണ്ടല്ലോ . സ്വകാര്യബസ്സുകളിലെപ്പോലെ കാതടപ്പിക്കുന്നതോ കാതുകള്‍ക്ക് അസഹ്യതയുണ്ടാക്കുന്നതോ ആയ ധോരണിയല്ല , വളരെ സൌമ്യമായി കാതിലോതുന്ന പ്രണയമന്ത്രണം. എന്നാലും മുറിയിലേക്കുവിളിപ്പിക്കാതെ തുറന്നസ്ഥലത്തുവച്ച് ഇന്‍റര്‍വ്യൂ നടത്തുന്നതെന്താണാവോ . വെറുതേ അതുമിതും ചിന്തിച്ച് നേരംകളയാതെ ഇന്‍റര്‍വ്യൂവിന്‍റെ ചോദ്യങ്ങളൊക്കെ ശ്രദ്ധിക്കാമായിരുന്നു . ഒന്നുനോക്കിക്കളയാം .
"
ഇരുപത്"
"
ഹാജര്‍"
"
പേര്?"
"
സച്ചിദാനന്ദകൃഷ്ണമേനോന്‍ "
"
കുടുംബാംഗങ്ങളുടെ പേരല്ല ചോദിച്ചത്."
"
ഇതെന്‍റെ പേരാണ്"
"
വയസ്സ്"
"
നാല്പത്തിമൂന്ന്"
"
പഠിപ്പ് ?"
"
എം.. എമ്മെസ്സി."
"
ജോലി?"
"
അതില്ലാത്തതുകൊണ്ടാണല്ലോ ഇങ്ങോട്ടുപോരേണ്ടിവന്നത് ."
"
ഇവിടുത്തെ രേഖകളനുസരിച്ച് പറഞ്ഞതെല്ലാം ശരിയാണ്. വിഷംകഴിച്ചത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ദേശിനി നൂറ്റിമുപ്പത്തിനാലാം വകുപ്പനുസരിച്ച് പന്ത്രണ്ടുദിവസം തലകീഴായി കെട്ടിത്തൂക്കി താഴെ വെള്ളം തിളപ്പിക്കുകയും അതിനുശേഷം പതിനാലുവര്‍ഷം പുളിയിലക്കൂമ്പിള്‍ക്കൊണ്ട് പൂന്തോട്ടം നനക്കുകയും ചെയ്യേണ്ടതാണ് . അത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിനുശേഷം അടുത്തവിധി പ്രഖ്യാപിക്കുന്നതാണ് . എന്നാല്‍ നാളിതുവരെ ചെയ്ത പുണ്യപാപങ്ങള്‍ തുലനംചെയ്തുനോക്കുമ്പോള്‍ പുണ്യപ്രവൃത്തികളുടെ വെയിറ്റേജിനര്‍ഹതയുണ്ട് . അതുകൂടി ചേര്‍ക്കുമ്പോള്‍ ശിക്ഷയില്‍ ഇളവുവരുത്താവുന്നതാണ് . നടേപറഞ്ഞ തോട്ടം നനയ്ക്കലിന് പുളിയിലക്കൂമ്പിളിനുപകരം പ്ലാവിലക്കൂമ്പിള്‍ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു."ശ്ശോ! എന്തൊരു വിധി ! ഈ ദേശിനി എന്താണാവോ .
"
എന്താ ചോദിച്ചത്?" കാവല്‍ഭടനാണ് . തന്‍റെ ആത്മഗതം ഉച്ചത്തിലായെന്നുതോന്നുന്നു.
"
ഒന്നുമില്ല" ഇനി അതിന്‍റെപേരില്‍ മാര്‍ക്കുകുറഞ്ഞാലോ.
"
നുണ. നിങ്ങള്‍ എന്തെങ്കിലും ചിന്തിച്ചാലും ഞങ്ങള്‍ക്ക് അത് ഉച്ചത്തില്‍ കേള്‍ക്കാം . അതെല്ലാം നിമിഷങ്ങള്‍ വ്യത്യാസമില്ലാതെ ഇവിടെ രേഖപ്പെടുത്തുന്നുമുണ്ട്."പുലിവാലായല്ലോ. ഇങ്ങനെയൊരു ടെക്നോളജി ആദ്യമായാണ് കാണുന്നത്.
"
ഒരു പുലിവാലുമില്ല . നല്ലതുമാത്രം ചിന്തിക്കുക . ദേശിനി എന്താണെന്നല്ലേ അറിയേണ്ടത് ? പറയാം . അത് ഇവിടെ നിലവിലുള്ള നിയമമാണ്. ദേവലോകശിക്ഷാനിയമം . ദേവലോകത്തിന്‍റെ കീഴിലാണ് ഈ കോടതിയും സ്വര്‍ഗ്ഗവും നരകവുമെല്ലാം പ്രവര്‍ത്തിക്കുന്നത് ."
"
അപ്പോഴിത് കോടതിയാണോ ?"
"
അതറിയാതെയാണോ ഇവിടെ നില്ക്കുന്നത് ?
"
ഞാന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകാന്‍ കത്ത് കിട്ടിയിട്ട് വന്നതാണ് . ആദ്യമേ ഒരു പന്തികേട് തോന്നിയിരുന്നു .സ്വര്‍ണ്ണക്കസവ് മുണ്ടും മേല്‍മുണ്ടും തലപ്പാവും കുന്തവും എല്ലാംകൂടെ ...."
"
മതിമതി . നിങ്ങള്‍ക്ക് ഇന്‍റര്‍വ്യൂവിന് വന്നതുവരെയേ ഓര്‍മ്മയുള്ളു. നൂറ്റിപ്പതിനേഴാമത്തെ ഇന്‍റര്‍വ്യൂവിലും തോറ്റപ്പോള്‍ നിങ്ങള്‍ ആ കെട്ടിടത്തിന്‍റെ പന്ത്രണ്ടാംനിലയില്‍നിന്ന് താഴേക്കുചാടി . നിങ്ങളുടെ ആത്മാവിനെ വിചാരണയ്ക്കായി കൊണ്ടുവന്നിരിക്കയാണ് . ഇത് യമധര്‍മ്മന്‍സാറിന്‍റെ കോടതിയാണ് ." ചിരിക്കാതെന്തുചെയ്യാന്‍ . ! ഇന്‍റര്‍വ്യൂവിന് വന്നവരുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ പലതും ചെയ്യാന്‍പോകുന്നുവെന്ന് കേട്ടു. എന്നാലല്ലേ ശരിയായ കഴിവുകള്‍ വിലയിരുത്താന്‍ കഴിയൂ. അതിന്‍റെ ഭാഗമാകും . കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ഉള്ള ഉദ്യോഗസ്ഥന്‍ തലപ്പാവും ഉത്തരീയവുമിട്ടിട്ടാണ് ഇരിക്കുന്നത്.
"
കളിയാക്കിച്ചിരിക്കണ്ട . നിങ്ങളുടെ ഓരോ ചിന്തയും ഇവിടെ രേഖപ്പെടുത്തുന്നുണ്ടെന്നറിയാമല്ലോ . തലപ്പാവും ഉത്തരീയവുമിട്ടിരിക്കുന്ന ആളെക്കുറിച്ചല്ലേ നിങ്ങള്‍ക്കറിയേണ്ടത് ? പറഞ്ഞുതരാം . അതാണ് ഇവിടുത്തെ അക്കൌണ്ടന്‍റ് ജനറല്‍ ചിത്രഗുപ്തന്‍ സര്‍ . ഭൂമിയില്‍ നടക്കുന്ന ഒരു ചെറുചലനം പോലും അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. നിങ്ങള്‍ ഓരോ നിമിഷവും ചിന്തിക്കുന്നതുപോലും നിങ്ങളുടെ അക്കൌണ്ടില്‍ വരും. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിങ്ങളുടെ വിധിനിര്‍ണ്ണയിക്കുക ."
"
അപ്പോള്‍ ഞാന്‍ മരിച്ചുവെന്നാണോ പറയുന്നത്?"
"
സംശയമുണ്ടെങ്കില്‍ ഒരുനിമിഷം കണ്ണടച്ച് ഭൂമിയിലെ രംഗങ്ങള്‍ കാണണമെന്ന് സ്മരിക്കൂ . ഇപ്പോള്‍ നിങ്ങള്‍ക്കതിനുള്ള കഴിവുണ്ട്."
"
അയ്യോ! ആ മേശപ്പുറത്തുകിടക്കുന്നത് ഞാനല്ലേ . എന്‍റെ വയര്‍ കീറിമുറിക്കുന്നു ."
"
അതെ, ആത്മത്യചെയ്തവരെ ഭൂമിയിലെ നിയമമനുസരിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതാണല്ലോ . ഇനി പൊതിഞ്ഞുകെട്ടി വീട്ടുകാരെ ഏല്പിക്കും."
"
അപ്പോള്‍ എനിക്കിനി ബന്ധുക്കളെയൊന്നും കാണാന്‍ കഴിയില്ലേ ?"
"
ബന്ധുക്കളൊക്കെ മരിക്കുന്നതുവരെ മാത്രം . അവരുടെ സമാധാനത്തിന് അവര്‍ ബലിയിടും . അതുതന്നെ പലപ്പോഴും മരിച്ചവരുടെ ആത്മാവ് ശല്യപ്പെടുത്തുമോ എന്ന ഭയം‍കൊണ്ടാകും . അതോടെ പലപ്പോഴും ആ അദ്ധ്യായം അവസാനിക്കും ."
"
നാല്പത്തിയൊന്ന് "
"
വേഗം ചെല്ലൂ. നിങ്ങളെയാണ് വിളിക്കുന്നത്."നാലഞ്ചുപേര്‍ ഇരിക്കുന്നുണ്ട്. പേരുംനാളുമൊക്കെ ചോദിച്ചുകഴിഞ്ഞപ്പോള്‍ ഭയം തുടങ്ങി. ഇനി വിധിപ്രഖ്യാപനമാണല്ലോ .
"
ആത്മഹത്യക്കുറ്റമാണ് നിങ്ങളുടെ പേരിലുള്ളതെങ്കിലും അതിലുംവലിയ ഒരു കുറ്റം നിങ്ങളുടെ അക്കൌണ്ടില്‍ കാണുന്നു . നിങ്ങള്‍ മൂന്നുപെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്കി മോഹിപ്പിച്ചുവഞ്ചിച്ചു . നിങ്ങളെ ഭൂമിയിലേക്ക് ചുഴറ്റിയെറിയാനും ഗതികിട്ടാത്ത ആത്മാവായി മുന്നൂറുവര്‍ഷം കഴിയാനും വിധിച്ചിരിക്കുന്നു . മുന്നൂറുവര്‍ഷത്തെ നരകവാസം സോറി ഭൂമിവാസം കഴിഞ്ഞ് ബാക്കികാര്യങ്ങള്‍ തീരുമാനിക്കുന്നതായിരിക്കും ."
"
പൊറുക്കണേ. ഭൂമിവാസം എന്നത് നരകവാസമാക്കി ശിക്ഷയില്‍ ഇളവുതരാന്‍ കനിവുണ്ടാകണേ"

"
ഇയാളെ ഭൂമിയിലേക്ക് ചുഴറ്റിയെറിയൂ"പറഞ്ഞുതീരേണ്ടതാമസം , എന്തൊരേറാണെറിഞ്ഞത് . അതിവേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുകയാണല്ലോ . എവിടെയെങ്കിലും ഒന്നുപിടിക്കാന്‍ കഴിഞ്ഞെങ്കില്‍ . ഹാവൂ . ഒരുമരക്കമ്പുതടഞ്ഞല്ലോ . ഇതില്‍ മുറുകെപ്പിടിക്കുകതന്നെ . മരം തന്നെപ്പിടിച്ച് തള്ളുന്നു. ഇതെന്തത്ഭുതം ! പരലോകത്തെ മരമായിരിക്കും . അയ്യോ, മരത്തിന്‍റെ ചവിട്ടിനെന്തുശക്തി . ഇതാ പേമാരിയും വരുന്നു. കൊടുങ്കാറ്റുമുണ്ടെന്നുതോന്നുന്നു .ശക്തിയായി കുലുങ്ങുന്നു. ഭൂമിയിലേക്ക് വീണുവെന്നുതോന്നുന്നു .
"
എടോ മനുഷ്യാ, താനാളെക്കൊല്ലാനിറങ്ങിയിരിക്കുകയാണോ ? "എവിടുന്നാണൊരാക്രോശം ? ഒരുസ്ത്രീയുടെ ശബ്ദം . കണ്ണുതുറന്നു. ഒരു മുറിയാണ്. താഴെ തറയില്‍ താന്‍ കിടക്കുന്നു . പരലോകത്തുനിന്നും താന്‍ വന്നുവീണത് ഈ സ്ത്രീയുടെ മുറിയിലായിരിക്കും . പാവം , രാത്രി തന്‍റെ കിടപ്പുമുറിയില്‍ ഒരു പുരുഷന്‍ കിടക്കുന്നതുകണ്ടാല്‍ ഏതു സ്ത്രീയാണ് ബഹളം കൂട്ടാതിരിക്കുക . പെട്ടെന്നാണോര്‍മ്മവന്നത്. മൂന്നുസ്ത്രീകളെ വഞ്ചിച്ചതിനാണ് ഇപ്പോഴീശിക്ഷ . ഇനി ഇതുകൂടിയായാല്‍ നാനൂറുവര്‍ഷമാകും .
"
പെങ്ങളേ, അറിയാതെ പറ്റിയതാണ് . കഴിഞ്ഞതിലൊക്കെ പശ്ചാത്താപമുണ്ട്. ഇനിയൊരുപെണ്ണിനേയും ഞാന്‍ വഞ്ചിക്കില്ല ."
"
നിങ്ങളൊന്നെഴുന്നേറ്റേ എന്‍റെ മനുഷ്യാ ."പെട്ടെന്നാണ് സ്ഥലകാലബോധമുണ്ടായത്. ഇതുതന്‍റെ കിടപ്പുമുറിയാണല്ലോ . ഭാര്യ കലിതുള്ളിനില്ക്കുന്നുണ്ട് .
"
ഞാനിവിടെ ?"
"
! കഴുത്തിനുപിടിച്ചത് മുറുകിയപ്പോള്‍ ശ്വാസം കിട്ടാതായി . കട്ടിലില്‍നിന്ന് വീഴുമെന്ന് കരുതിയില്ല . "
"
നാളെ ജോലിക്ക് ആളുകളെ ഇന്‍റര്‍വ്യൂ ചെയ്യാനുള്ളതല്ലേ . ഓരോന്നാലോചിച്ചുകിടന്ന് ഒരിന്‍റര്‍വ്യൂ സ്വപ്നം കണ്ടതാ . ചുമ്മാ ക്ഷമിച്ചേക്ക്."
"
അതൊക്കെ പോകട്ടെ , കഴിഞ്ഞതില്‍ പശ്ചത്താപമുണ്ടെന്നും ഇനിയൊരുപെണ്ണിനേയും വഞ്ചിക്കില്ല എന്നും പറഞ്ഞല്ലോ . ആരെയൊക്കെയാണ് ഇതുവരെ വഞ്ചിച്ചത് ?" ഈ ചതി എന്നോടുവേണമായിരുന്നോ കാലാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ