ശ്ലോകങ്ങള്‍

ശ്ലോകങ്ങള്‍



തായങ്കാവില്‍ വിളങ്ങും ഹരിഹരസുതനെ-
ക്കാണുമാറായിടേണം
ചിത്തേ ശ്രീഭൂതനാഥാ സകലദുരിതവും
തീര്‍ക്കുമാറായിടേണം
എത്തുന്നൂ നിന്‍റെ കാല്‍ക്കല്‍ മനുജരഖിലവും
പാപഭാരം ചുമന്നും
മോക്ഷം നീയേകിടേണേ കലിയുഗവരദാ
മുക്തിനീയേകിടേണേ.

പാപങ്ങള്‍ ചെയ്തുകൊണ്ടിന്നിതുവരെ സമയം
തീര്‍ന്നുപോയ് ഞങ്ങളിന്നീ
ഭാരിക്കും ജന്മമല്ലോ ഇരുമുടിയിതുപോല്‍
കാഴ്ചവയ്ക്കുന്നു കാല്‍ക്കല്‍
മുങ്ങുന്നൂ ഞങ്ങളിന്നീ ഭവദുരിതഭരം
സാഗരേമുക്തിയേകാന്‍
നീയല്ലാതാരുമില്ലാ കരിമുഖസഹജാ
കാത്തിടേണം സദാ നീ.

തായങ്കാവില്‍ വിളങ്ങും കലിയുഗവരദന്‍
കാത്തുകൊള്ളേണമെന്നെ -
ക്കൈലാസാധീശപുത്രന്‍ ഗജമുഖസഹജന്‍
കൂടെയുണ്ടാക നിത്യം
പാപം ഞാനെത്ര ചെയ്തൂ മനമിതിലറിയാ -
തൊട്ടറിഞ്ഞിട്ടുമയ്യാ
മാപ്പേകീടേണമയ്യാ ഹരിഹരസുത നീ
മാനസേ വാഴ്ക നിത്യം

മേലേക്കാവിലെഴുന്ന ദുര്‍ഗ്ഗ സതതം
ചിത്തേ വിളങ്ങീടണം
പാദാംഭോരുഹയുഗ്മമനിശം
കൂപ്പുന്നു വിശ്വേശ്വരീ
ശ്രീദുര്‍ഗ്ഗേ മമ പാപകര്‍മ്മമഖിലം
അംബേ ക്ഷമിച്ചീടണേ
കാത്തീടേണമിതെന്നെ നീ ഭഗവതീ
നീയല്ലൊ ഏകാശ്രയം .


മേലേക്കാവില്‍ വിളങ്ങും ഭഗവതി ശരണം
കാത്തുകൊള്‍കെന്നെയംബേ
നീയല്ലാതാരുമില്ലീയവനിയിലഭയം
സര്‍വ്വലോകാധിനാഥേ
ആപത്തില്‍നിന്നുമെന്നും ഇവനരുളുകനീ
രക്ഷ ലോകേശനാഥേ
എന്നും നിന്‍ പാദപത്മം മനമിതിലുണരാന്‍
നല്‍വരം തന്നിടേണം .

ശ്രീദുര്‍ഗ്ഗാദേവിതന്നെയടിയനു ശരണം
കാത്തീടേണം സദാ നീ
വിശ്വത്തിന്നംബ നീയേ ദുരിതമഖിലവും
തീര്‍ത്തു രക്ഷിക്കയംബേ
നീയല്ലാതാരുമില്ലാ ശരണമവനിയില്‍
കൂടെയുണ്ടാക നിത്യം
മേലേക്കാവില്‍ വിളങ്ങും ഭഗവതി ചരണം
കുമ്പിടുന്നംബികേ ഞാന്‍

തായങ്കാവില്‍ വിളങ്ങും ഭവദുരിതഹരന്‍
ശ്രീധര്‍മ്മശസ്താവുതാന്‍
രക്ഷിപ്പൂ വിശ്വമെല്ലാം കലിയുഗപുരുഷന്‍
ശ്രീഭൂതനാഥന്‍ സദാ
മാതാവിന്‍ സന്നിധാനംപ്രഭചൊരിയുമിടം
കണ്ടു ഭൂജാതനായി
തായങ്കാവില്‍ സ്വയം നീ ഹരിഹരസുതനാം
ശ്രീധര്‍മ്മശസ്താവുതാന്‍ .
ശ്രീഭൂതനാഥാ ശ്രീ ശങ്കരനന്ദനാ
ശ്രീപതി നന്ദനാ കൈതൊഴുന്നേന്‍
ഭാരിച്ച പാപച്ചുമടുമായ് നിന്മുന്നില്‍
നില്‍ക്കുന്ന ഞങ്ങളെ കാത്തീടേണേ
തായങ്കാവില്‍ വാഴുമയ്യപ്പാ നിന്‍രൂപ
മെന്നുമെന്‍ ചിത്തേ വിളങ്ങീടേണേ
പാപം നിറഞ്ഞതാം ചിന്തകളില്ലാതെ
യെന്മനം ശുദ്ധമാക്കീടുക യ്യാ.
തായങ്കാവില്‍ വാഴുമയ്യനേയെന്നും നിന്‍
നാമമെന്‍ ചുണ്ടി ലുണര്‍ന്നീടുവാന്‍
നല്‍കുകനുഗ്രഹം , നീ ഹരിച്ചീടുകെന്‍
വാക്കുകള്‍ തീര്‍ത്തീടും പാപമെല്ലാം.
നന്മനിറഞ്ഞതാം കാര്യങ്ങള്‍ ചെയ്യുവാന്‍
സല്‍ബുദ്ധി നല്‍കീട വേണമയ്യ.
കര്‍മ്മങ്ങള്‍ കൊണ്ടു ഞാന്‍ ചെയ്തീടും പാപങ്ങള്‍
തീര്‍ത്തു രക്ഷീച്ചീടുകെന്നെ ദേവാ.
അജ്ഞത തന്നന്ധകാരമകറ്റി നീ
ജ്ഞാനത്തിന്‍ ദിവ്യപ്രകാശമേക
എന്മനസ്സാകും നയനങ്ങള്‍ തന്നുടെ
യന്ധത മാറ്റി നീ കാഴ്ച യേക
ചിന്തയില്‍ ,വാക്കില്‍ , പ്രവൃത്തിയിലെന്നും നീ
കൂടെയുണ്ടാകണേ ഭൂതനാഥാ
തായങ്കാവില്‍ വാഴുമയ്യപ്പാ , ശങ്കര
ശ്രീപതി നന്ദനാ കൈതൊഴുന്നേന്‍ .


തായങ്കാവില്‍ വാഴുമീശ ഹരിഹര സുത ദേവാ
ദുരിതമഖിലവും നീ ഹരിച്ചീടേണേ
സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തീടുവാനെന്നും തോന്നിച്ചീടേണമേ
ദുഷ്ക്കര്‍മ്മങ്ങളില്‍നിന്നെന്നേ കാത്തീടേണമേ
ശനിഗ്രഹദോഷമെല്ലാ മകറ്റുവാന്‍ നീയാശ്രയം
ബുദ്ധിയേകും , വിദ്യയേകും ധര്‍മ്മശസ്താവേ

പരമപിതാവേ , ജ്യോതിസ്വരൂ പാ ശ്രീ ഗംഗാധരാ
ചന്ദ്രചൂഡ ഭഗവാനെ വണങ്ങീടുന്നേന്‍
ദുഷ്ടസംഹാരത്തിന്നവതാരം ചെയ്ത രുദ്ര ദേവാ
മനസ്സില്‍ നീ പ്രകാശമായ് വിളങ്ങീടേണേ

മേലേക്കാവില്‍ വാഴുമംബേ ദുര്‍ഗ്ഗേ ലോകമാതേ ദേവീ
മഹാശില രൂപേ പരാശക്തി നീയംബേ
സംസാരദുഃഖങ്ങള്‍ പല വിധമലട്ടുമ്പോളംബേ
മനസ്സില്‍ നീ സാന്ത്വനമായ് നിറഞ്ഞീടേണേ
മഞ്ഞില്‍ , മഴയില്‍ , വെയിലില്‍ അചഞ്ചലയായ് വിളങ്ങും
പരാശക്തിയെന്‍ മനസ്സിന്‍ ശക്തിനീയംബേ

ക്ഷീരസാഗരത്തിന്‍ മദ്ധ്യേ
യനന്തനാം തല്പത്തിന്മേല്‍
പള്ളികൊള്ളും പത്മനാഭന്‍ തന്‍റെയംശമായ്
തിരുനീറണിഞ്ഞു നൃത്ത
മാടും കൈലാസനാഥനാം
യോഗിരാജന്‍ , നടരാജന്‍ തന്‍റെയംശമായ്
കലികാലരക്ഷ ചെയ് വാന്‍
ഭൂവില്‍ വന്നു പിറന്നവന്‍
തന്നെയെന്നും കാത്തീടേണം നമിച്ചീടുന്നേന്‍ .

ഭുജംഗശായി തന്‍ ശക്തി
ഭുജംഗധാരി തന്‍ ശക്തി
യൊന്നു ചേര്‍ന്ന ശാസ്താവുതാന്‍ വിശ്വരക്ഷകന്‍

ശനിപ്പിഴയകറ്റും സത്
ബുദ്ധിയേകും ശാസ്താവേ നിന്‍
പാദങ്ങളിലടിയന്‍ ശരണമര്‍ത്ഥിപ്പൂ

എന്നും നിന്‍റെ നാമമെന്‍റെ
നാവില്‍ വിളങ്ങുവാനെന്നേ
യനുഗ്രഹിച്ചീടുക നീ ധര്‍മ്മ ശാസ്താവേ

ഇതുവരെ ചെയ്ത പിഴയെല്ലാം
പൊറുക്കണേ ദേവാ
പിഴ പറ്റാതുള്ള മാര്‍ഗ്ഗേ നയിച്ചിടേണേ .

സകലദുരിതശാന്തി
യേകീടേണേ സ്വാമീ തവ
രൂപമെന്നുമെന്‍ മനസ്സില്‍ വിളങ്ങീടേണേ

ചിന്ത കൊണ്ടൂം വാക്കുകൊണ്ടൂം
കര്‍മ്മം കൊണ്ടും നന്മ മാത്രം
ചെയ്തീടുവാന്‍ നേര്‍വഴി നീ തോന്നിച്ചീടേണേ

ഗജമുഖസഹജന്‍ നീ
ഹരിഹര സുതന്‍ ഭൂത-
നാഥന്‍ തന്നെ തുണ ,പാദം വണങ്ങീടുന്നേന്‍




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ