കവിതകള്‍

CONTENTS
1.പ്രണയസംഗീതം
2.ജനനീ ജന്മഭൂമി
3.പരിദേവനം
4.വിവേകം
5.താരാട്ട്
6.രാഗഗീതം
7.നഷ്ടസ്വര്‍ഗ്ഗം
8.നിള
9.കേരളപ്പിറവി
10.പ്രലോഭനം
11.ദൈവം( സ്രഗ്ദ്ധര)

12.ബ്രഹ്മജ്ഞാനം
13.ഉത്തരം കിട്ടാത്ത ചോദ്യം
14.രക്ഷകന്‍( സ്രഗ്ദ്ധര)

15.വിരഹഗാനം
16.പ്രേയസി.
17.അമ്മയോട്.
18.ഈശാവാസ്യമിദം സര്‍വ്വം
19.സുഹൃദ്സംഗമം(മഞ്ജരി)

20.പ്രിയതമ(മന്ദാക്രാന്ത)
21.രാഗാര്‍ത്ഥന(പുഷ്പിതാഗ്ര വൃത്തം)
22.പുതുവര്‍ഷം
23.അസ്തമയം
24.കേരളം (കേക)
25.ഏഴിലമ്പാല(കേക)

26.പാലമരം (ആഖ്യാനകി വൃത്തം)
27.നിസ്സാരം(ശാര്‍ദ്ദൂലവിക്രീഡിതം)
28.സത്യം വദ.(സ്രഗ്ദ്ധര)
29.      സുഭാഷിതങ്ങള്‍(കുസുമമഞ്ജരി)



1.പ്രണയസംഗീതം


ശ്രീകോവിലിന്‍ നട മെല്ലേ തുറക്കവേ
ക്ഷേത്രമെങ്ങും മണി നാദം മുഴങ്ങവേ
സോപാനസംഗീതമോടെയിടയ്ക്കയില്‍
മദ്ധ്യമാദിക്കൊത്തു താളം മുഴങ്ങവേ
അഞ്ജലി കൂപ്പി നില്‍ക്കും മനോമോഹിനി
മറ്റൊരു രാധയായ് നില്‍ക്കുന്നു നീ സഖി .
താളക്രമത്തില്‍ ചലിക്കുന്ന ചുണ്ടുകള്‍
'ഹരിമേകരസ...'*മെന്നു ചൊല്ലുന്നുവോ .
അര്‍ദ്ധനിമീലിതനേത്രങ്ങളില്‍ തങ്ങി
നില്പതു ഭക്തിയോ രാഗമരന്ദമോ.
അംഭോരുഹസമം രാധതന്നാനനം
ശോണിമ ചേര്‍ക്കുന്ന കണ്ണനെയോര്‍ത്തുവോ.
പൂര്‍ണ്ണേന്ദു പൂനിലാരശ്മികള്‍ തൂകവേ
പുഞ്ചിരി തൂകി വിടര്‍ന്നു നില്ക്കുന്നൊരു
കൈരവം പോലെ മനോഹരമാമുഖം
നിന്മനസ്സില്‍ തെളിയുന്നുവോ രാധികേ .
രോമഹര്‍ഷം പൂണ്ടു നില്ക്കുന്നതെന്തു നീ
രാസലീലാ നിമിഷങ്ങള്‍ നിനച്ചുവോ .
ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന നേരത്തു
ഗീതാഗോവിന്ദത്തിന്നീരടി കേള്‍ക്കവേ
അര്‍ത്ഥവത്തായ് നോക്കി നാണം നടിച്ചു നീ
ഓമല്‍മുഖം കുനിച്ചെന്തേ നടന്നുപോയ്.
അഞ്ജനവിഗ്രഹം മുന്നില്‍ ദര്‍ശിക്കവേ
നിന്‍കണ്ണനെ നീ മനസ്സില്‍ ദര്‍ശിച്ചുവോ .
അഞ്ജലീബദ്ധയായ് നില്ക്കവേയെന്തിനായ്
നിന്‍ കടക്കണ്ണിനാല്‍ നോട്ടമയച്ചു നീ .
കണ്‍കോണുകള്‍ ചൊല്‍വതെന്നിലെ കണ്ണനെ
നിന്നിലെ രാധയിലേയ്ക്കലിയിക്കുവാന്‍
അറിയാതെ കണ്ണുകള്‍ തമ്മിലിടയവേ
നിന്മുഖം രക്തത്തുടിപ്പാര്‍ന്നു പോയതും
അറിയാത്ത ഭാവത്തില്‍ നിന്‍വിരല്‍ത്തുമ്പു ഞാന്‍
സ്പര്‍ശിച്ചനേരം നീ രോമാഞ്ചമാണ്ടതും
ഈ കണ്ണനോടുള്ള നിന്നനുരാഗത്തിന്‍
സന്ദേശ ഗാനങ്ങളാണല്ലൊ രാധികേ .
നിന്നെ പുണരുവാന്‍ നില്‍ക്കുന്നിതാ കണ്ണന്‍
നീ വരൂ നീ വരൂ രാധികേ നീ വരൂ .

* ഹരിമേകരസം - ഇരുപത്തിരണ്ടാമത്തെ അഷ്ടപദി . രാധയുടെ മുഖം കണ്ടപ്പോള്‍ കൃഷ്ണന്‍റെ മുഖം സന്തോഷം കൊണ്ട് വികസിച്ചതിനെപ്പറ്റി വിവരിക്കുന്നു . പൂജാവേളയില്‍ ശ്രീകോവിലിനു പുറത്ത് തൃപ്പടിയുടെ ഇടതുവശത്ത് (സോപാനം) നിന്ന് ഇടയ്ക്ക കൊട്ടി അഷ്ടപദി പാടാറുണ്ട് . അതുകൊണ്ട് ഇത് സോപാനസംഗീതമെന്നും അറിയപ്പെടുന്നു . ശ്രീകൃഷ്ണനെക്കുറിച്ചുള്ള എട്ട് ശ്ലോകങ്ങള്‍ അടങ്ങിയതാണ് ഓരോ അഷ്ടപദിയും. വിരഹവും ഭക്തിയിലെത്തുന്ന പ്രണയവുമാണ് സ്ഥായിയായ ഭാവം .

2.ജനനീ ജന്മഭൂമി


ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
ജപിച്ചൂ ഋക്കുപോല്‍ വ്യര്‍ത്ഥം കര്‍മ്മങ്ങളിലതന്യമായ്.
സംഹരിപ്പൂ മക്കള്‍ നമ്മള്‍ മാതൃഭൂമിയെ നിര്‍ദ്ദയം
സചിവന്‍ ജനമിത്യാദി ഭേദഭാവമതെന്നിയേ
അയുതം ജീവത്യാഗങ്ങള്‍ സ്വാതന്ത്ര്യത്തിനു ഹേതുവായ്
അജ്ഞാതമോ നമുക്കിന്നാ ത്യാഗത്തിന്‍റെ കഥാമൃതം .
ജപിക്കുന്നൂ സമത്വത്തിന്‍ മന്ത്ര,മെന്നാല്‍ പ്രവൃത്തിയില്‍
ജാതിഭേദം മതസ്പര്‍ദ്ധ പാതകത്തിനു ഹേതുവാം
അനിശം ചൊല്ലിടുന്നൂ നാം സാഹോദര്യമതാം മതം
അവിരാമം നടക്കുന്നൂ ബലാത്സംഗമതിക്രമം .
കര്‍മ്മരംഗത്തെന്നുമുണ്ടാമാലസ്യവുമുപേക്ഷയും
കളവില്‍ സ്വത്തുനേടാനായുത്സാഹിപ്പു അഹര്‍ന്നിശം
ചെങ്കോലിന്‍റെ ബലത്തിന്മേല്‍ രാജ്യം വെട്ടിപ്പിടിക്കുവോര്‍
ചെറ്റുപോലും പ്രജാക്ഷേമം ചിന്തിക്കുന്നതുമില്ലഹോ .
അജ്ഞരാകും ലോകരെന്നും തോളിലേറ്റുമമാത്യരെ .
അമാത്യന്മാര്‍ ചതിക്കുന്നു മഹാ കഷ്ടം , ജനങ്ങളെ .
സ്വന്തമായേ സ്വസ്ഥമാകൂ ലാഭമേറിടുമെല്ലതും .
സ്വാര്‍ത്ഥതക്കേ സ്ഥാനമുള്ളൂ എന്നുവന്നു ഭവിച്ചിതു
രാജ്യലക്ഷ്മീ ദേവിയെ നാം ഹനിക്കുന്നതിതെന്തിനോ
രാജയക്ഷ്മാവാണിതുള്ളില്‍ വാണിടുന്നതു നിര്‍ണ്ണയം .
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
ജപിക്കായ്ക ഋക്കുപോലെ കര്‍മ്മണാ സത്യമാക്കിടാം .
ഒന്നുചേരാം നമുക്കിപ്പോള്‍ കര്‍മ്മരംഗത്തിറങ്ങിടാം .
ഒന്നുചേര്‍ന്നീ മാതൃഭൂവെ ഭൂവില്‍ സ്വര്‍ഗ്ഗമതാക്കിടാം .


3.രിദേവനം



അഖിലാണ്ഡനായകന്‍ പൊന്നിന്‍ കരങ്ങളാല്‍
മെല്ലേത്തഴുകവേ ചെമ്മേയുണര്‍ന്നിടും .
ജീവജാലങ്ങള്‍ക്കു സുപ്രഭാതം ചൊല്ലി
പുഞ്ചിരി തൂകി ഞാന്‍ നൃത്തം നയിച്ചിടും
ഹൃദ്യമാകും സുഗന്ധം പാരിനേകുവാന്‍
മന്ദാനിലന്‍ വശമേകും നറുമണം
പുഞ്ചിരിതൂകി, നറുമണമുള്ള ഞാന്‍
യൌവ്വനത്തില്‍ നറുംതേന്‍ വഹിച്ചങ്ങനെ,
നര്‍ത്തനമാടവേ വിശ്വകവികളെന്‍
സൌന്ദര്യമെത്ര വാഴ്ത്തീടുന്നു മേല്‍ക്കുമേല്‍
സുന്ദര നിര്‍മ്മല മായൊരെന്‍റെ പുകള്‍
പാടുവാനെത്രപേരുണ്ടീയുലകിതില്‍ !
ഏകദിനം കഴിഞ്ഞെന്നാകിലെന്‍ ദശ-
യോര്‍ക്കുവാനെത്രപേരുണ്ടീയുലകിതില്‍ ?
ഒന്നുകിലെന്നെയിറുത്തൊരു കാമുകി
കാമുകന്നായ് സ്നേഹരൂപമായേകിടും.
അല്ലെങ്കില്‍ കാമുകനെന്നേയിറുത്തു തന്‍
പ്രേയസി തന്‍ വേണിയില്‍ ചാര്‍ത്തിടും മുദാ
അല്ലായ്കിലെന്നെയിറുത്തൊരു ദേവന്‍റെ
മാറിലണിയുന്ന മാലയില്‍ ചേര്‍ത്തിടാം.
അല്ലെങ്കിലാപാദപത്മങ്ങള്‍ ചുംബിക്കു -
മര്‍ച്ചിത പുഷ്പമായ് തീര്‍ന്നെന്നു വന്നിടാം.
ഏതെങ്കിലും മൃദു പല്ലവപാണിയാ -
ളെന്നേയിറുത്തു മുടിയിലണിഞ്ഞിടാം .
അല്ലായ്കിലെന്നിലെ യൌവ്വനം കാമിച്ചു
വണ്ടുകള്‍ വന്നു മരന്ദം നുകര്‍ന്നിടാം.
നിര്‍ജ്ജീവമാം ശരീരത്തിലര്‍പ്പിച്ചിടും
പുഷ്പചക്രത്തിലൊരംഗവുമായിടാം .
ഏതിനുമദ്ദിനം മാത്രമെന്‍ ജീവിതം
പിന്നെ പതിത , വെറുക്കപ്പെടുന്നവള്‍ !
ജീവിതകാലത്തു നന്മചെയ്യാതെയും
ജീവന്‍ വെടിഞ്ഞാലവരുടെ സ്മാരകം
എത്രയും വേഗമുയര്‍ത്തുന്ന മാനവാ
ഇത്രയും ക്രൂരതയെന്നോടിതെന്തിന് ?
ഹേ , ലോകമേ ,സ്വാര്‍ത്ഥതയ്ക്കൊരു പര്യായ -

മാണോ തവപദമെന്നു ചിന്തിപ്പു ഞാന്‍ .


4.വിവേകം


എങ്ങു നീയെങ്ങു നീ മര്‍ത്ത്യന്നു നേര്‍വഴി
യേകിടും ദിവ്യപ്രകാശമേ യെങ്ങു നീ
കെട്ടുപോയിട്ടില്ലയിന്നുമാ ജ്യോതിയെ
ന്നാശിപ്പുവെന്‍ മനമെങ്ങൊളിക്കുന്നു നീ
ഇന്നീ വസുന്ധര ദുഷ്കര്‍മ്മസഞ്ചയം
കൊണ്ടു നിറഞ്ഞതു നീ കാണ്മതില്ലയോ
ലക്ഷങ്ങള്‍ ദാരിദ്ര്യമേറ്റു വലയവേ
കോടികളായുധനിര്‍മ്മിതി ലക്ഷ്യമായ്
പാഴ്ച്ചെലവാകുന്നു , ഭൂവില്‍ സമാധാന
മജ്ഞാതവസ്തുവായ് മാറുന്നറിക നീ
അന്ധകാരത്തിലുഴറും പൊതുജന -
മക്രമമേറ്റു വലയും പൊതുജനം .
ഛത്രപതികളഴിമതി തന്‍ സ്വര്‍ണ്ണ
സിംഹാസനമേറി വാഴുന്നറിക നീ
കാണുന്നതെങ്ങുമേ കേവലം പൊയ്മുഖം
ആരേയുമൊന്നിനേയും വിശ്വസിച്ചിടാ .
ഇല്ലാ വിവേചന ശക്തിയിന്നാര്‍ക്കുമേ
തെറ്റും ശരിയുമേതെന്നറിഞ്ഞീടുവാന്‍
തസ്കരസംഘം പലരൂപമാര്‍ന്നിതാ
പാവകളിക്കാരനെപ്പോലെ നിര്‍ഭയം
പാവരാജാവിനെ താളത്തിനൊത്തുതാന്‍
തുള്ളിക്കളിപ്പിക്കയാണെന്നറിക നീ
ഗര്‍ദ്ദഭമൊട്ടും പ്രതികരിക്കാതെയാം
ഭാരവും പേറി നടപ്പുതാനിപ്പൊഴും .
ജാതിമതങ്ങളതീശ്വരനെന്നല്ല
രക്തച്ചൊരിച്ചിലിന്നെത്രയോ കാരണം
വെള്ളത്തില്‍ , ഭൂമിയില്‍ ,വായുവില്‍ കാലന്‍റെ
വാഹനം പായുന്നുവെങ്ങുമതിദ്രുതം
ഭൂമിതന്‍ പച്ചപ്പട്ടാടയുരിഞ്ഞു താന്‍
നഗ്നയാക്കീടുന്നൊരു കൂട്ടര്‍ നിര്‍ദ്ദയം
മിഥ്യയാം സ്വര്‍ഗ്ഗം ചമച്ചു ലഹരിയാല്‍
നിത്യനരകത്തിലെത്തുന്നിതെത്രപേര്‍
നിന്നഭാവത്തിലിന്നെത്ര കെടുതികള്‍
ഇത്ഥം ഭവിക്കുന്നുവെന്നറിയുന്നുവോ
എങ്ങു നീയെങ്ങു നീ മര്‍ത്ത്യന്നു നേര്‍വഴി
യേകിടും ദിവ്യപ്രകാശമേ യെങ്ങു നീ
നീ വന്നുദിച്ചിടാന്‍ നേരമായ് മാനവ
ഹൃത്തിലൊളി പകര്‍ന്നീടുവാന്‍ മോഹമായ്
നീ വരികെത്രയും വേഗം പ്രകാശമേ
നീ വരികെത്രയും വേഗം വിവേകമേ
രക്ഷിക്കയാസന്ന മൃത്യുവില്‍ നിന്നു നീ
ഭൂമിയെ , ദിവ്യജ്യോതിസ്സേ വരിക നീ .

5.താരാട്ട്


നീളെ പരത്തി സുഗന്ധം നിശാഗന്ധി
പുഞ്ചിരി തൂകി വിടര്‍ന്നു നില്‍പ്പൂ .
ചന്ദ്രിക നല്‍കിയ വെണ്‍പട്ടുചേലയില്‍
സുന്ദരി യാമിനി വന്നണഞ്ഞു .
അശ്രാന്തമാകും പരിശ്രമവേളത -
ന്നന്ത്യമായ് , നേരമായ് വിശ്രമിപ്പാന്‍ .
ശാന്തിതന്‍ ദേവത തന്‍പരിലാളന -
മേല്‍ക്കുവാനോമലേ നീയുറങ്ങൂ .
താപം പകര്‍ന്നു തളര്‍ന്ന ദിവാകരന്‍
വിശ്രമം കൊള്ളുവാന്‍ യാത്രയായി .
ശീതളസ്പര്‍ശവുമായ് വിധു വിണ്ണിതില്‍
പാലഞ്ചും പുഞ്ചിരി തൂകി നില്‍പ്പൂ .
ശബ്ദഘോഷങ്ങള്‍ക്കൊരല്പവിരാമമായ്
രാക്കുയില്‍ തന്‍മൃദുഗാനമായി .
എല്ലാര്‍ക്കുമമ്മ പ്രകൃതി താരാട്ടുമായ്
വന്നണഞ്ഞോമലേ , നീയുറങ്ങൂ .
ഇന്നത്തെക്കാളുമുണര്‍വ്വോടെ നല്ലൊരു
ലോകം നമുക്കു പടുത്തുയര്‍ത്താന്‍ ,
വര്‍ദ്ധമാനം കരുത്താര്‍ജ്ജിച്ചു നല്ലൊരു
നാളേയ്ക്കു വേണ്ടി നാം യത്നിച്ചിടാന്‍ ,
ഇന്നു വരുത്തിയ തെറ്റു തിരുത്തിനാം
നേരായ പാതയിലൂടെ നീങ്ങാന്‍ ,
പുത്തന്‍ കരുത്തോടെ പുത്തനുണര്‍വ്വോടെ

നാളെയുണര്‍ന്നിടാന്‍ നീയുറങ്ങൂ .


6. രാഗഗീതം


എന്മനോവീണതന്‍ തന്ത്രി മുറുക്കി ഞാന്‍
സപ്തസ്വരങ്ങളാല്‍ ഗാനമുതിര്‍ക്കവേ
ഹിന്ദോളരാഗത്തിനോളങ്ങളില്‍ എന്‍റെ
വീണയില്‍ വന്ന മധുരസംഗീതമേ

വാണിമാതിന്‍ തിരുമാറിലണിഞ്ഞൊരു
സപ്തസ്വരസുമഹാരമേ , മത്സഖീ
രാഗവും താളവും ചേര്‍ന്നു ലയമാ -
ഴുകുന്നു മന്ദാകിനിയായ് മനസ്സില്‍ നീ

കന്ദര്‍പ്പ തൂണീരമൊന്നില്‍നിന്നും വഴി
തെറ്റിയെന്നുള്ളില്‍ നീ വന്നതോ സൂനമേ
ആരുനല്‍കി സഖേ ശാലീനസൌഭഗം
ശോഭനേ , നിന്നില്‍ നിറഞ്ഞ സുഗന്ധവും .

സപ്തസ്വരസുധാസാഗരകന്യക
രാഗവനികയില്‍ നട്ടുവളര്‍ത്തിയ
ഹിന്ദോളപുഷ്പങ്ങള്‍ കോര്‍ത്തൊരു മാല്യമ -
ണിഞ്ഞെത്തുമെന്‍റെ മനസ്വിനീ രാധികേ .

നിന്‍ഘനവേണിതന്‍ ദര്‍ശനമോ മഴ
മേഘങ്ങള്‍ നാണിച്ചുപോകുവാന്‍ കാരണം .
കേതകി തന്മുഖം താഴ്ത്തുന്നതെന്തിനോ
നിന്‍ലലാടത്തിന്നഴകു ദര്‍ശിച്ചുവോ .

ശാണ്ഡില്യപത്രമോ നമ്രശിരസ്കയായ്
നിന്‍ നേത്രയുഗ്മങ്ങള്‍ കാണ്‍കവേ ശോഭിനീ
തത്തകളെന്തിത്രനോക്കുന്നു ചുണ്ടുകള്‍
തൊണ്ടിപ്പഴങ്ങളാണെന്നു കരുതിയോ .

മാറിലണിഞ്ഞൊരാ കാഞ്ചന മാലയ -
ഹങ്കരിക്കുന്നിതു തന്‍ഭാഗ്യമോര്‍ക്കവേ
നിന്‍പാദധൂളിയണിഞ്ഞൊരാ പാദുകം
കോള്‍മയിര്‍ക്കൊള്‍വതു കാണുന്നു ഞാന്‍ , സഖീ

പുഷ്പോത്ഭവനെനിക്കായ് കാഴ്ച്ചവച്ചൊരു
ദിവ്യോപഹാരമാം സന്നതാംഗി , സതി
കാത്തുനില്‍പ്പൂ സൌധവാസത്തിനന്തികേ
സൌഗന്ധ പര്‍ണ്ണകുടീരവും തീര്‍ത്തു ഞാന്‍ .

നിന്‍പുഷ്പപാദുകം ചെമ്മേ ധരിക്ക നീ
നിന്‍സ്വര്‍ണ്ണമേടതന്‍ വാതില്‍ തുറന്നു നീ
ഈ പര്‍ണ്ണശാലയിലേയ്ക്കു വരിക നീ
ഈ പ്രേമതാപസനേകുക ദര്‍ശനം.

പ്രേമസൌപര്‍ണ്ണിക നട്ടുവളര്‍ത്തുമീ
താപസനേകുക മോക്ഷമാര്‍ഗ്ഗം ക്ഷണാല്‍
ഈ പ്രേമദാസന്‍റെ ഹൃത്തിലനുരാഗ
സവ്വര്‍ണ്ണിക തെളിയിക്കുക മത്സഖീ .

=======കൃഷ്ണരാജശര്‍മ്മ ========

ഹിന്ദോളം :- കര്‍ണ്ണാടകസംഗീതത്തിലെ എട്ടാം മേളമായ ഹനുമത്തോടിയുടേയോ ഇരുപതാം മേളമായ നഠഭൈരവിയുടേയോ ജന്യമായി വരുന്ന രാഗം . ഈ രണ്ടു രാഗങ്ങളിലേയും ഋഷഭം , പഞ്ചമം എന്നിവ മാറ്റിയാല്‍ ഹിന്ദോളമാകും. ഊഞ്ഞാല്‍ എന്നാണ് ഈ പദത്തിനര്‍ത്ഥം. ഈ രാഗം ആലപിക്കുമ്പോള്‍ വസന്തകാല പ്രഭാതത്തിന്‍റെ അനുഭവം ഉണ്ടാകുന്നു. ശൃംഗാരരസപ്രധാനമായ രാഗമാണ്. ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്ന രാഗമെന്നും ഒരു വിശേഷണമുണ്ട്. അനുരാഗം ജനിപ്പിക്കുന്ന രാഗമാണിത. ഈ രാഗം പുത്തനുണര്‍വ്വ് പകരുന്നു. വിഷാദരോഗചികിത്സയ്ക്ക് ഈ രാഗം പ്രയോജനപ്പെടുമെന്ന് പുതിയ ഗവേഷണഫലങ്ങള്‍ കാണിക്കുന്നു. രക്തസമ്മര്‍ദ്ദം ക്രമീകരിക്കുക, ദഹനപ്രക്രിയ ത്വരിതപ്പെടുത്തുക എന്നിങ്ങനെയുള്ള ഫലങ്ങളും ഈ രാഗത്തിനുള്ളതായി കേട്ടിട്ടുണ്ട്.

7.നഷ്ടസ്വര്‍ഗ്ഗം


ലക്ഷ്യമില്ലാത്ത യാത്രയില്‍ നട-
ന്നേറെക്ഷീണിച്ചൊരാ പാന്ഥന്‍
പാതവക്കിലെ പൂമരത്തണല്‍
പൂകി വിശ്രമിച്ചീടവേ
പുഷ്പഗന്ധവും പേറി വന്നൊരു
മാരുതന്‍ മേനി പുല്‍കവേ
ബന്ധനങ്ങളില്ലാത്തൊരാ പാന്ഥന്‍
എല്ലാം മറന്നുറങ്ങവേ
രത്നനിര്‍മ്മിതമാം വിപഞ്ചിക
മീട്ടി വന്നൊരു ഗായിക
കോടിരത്നപ്രഭയോലും നറും -
പുഞ്ചിരി തൂകി നിന്നവള്‍ .
ബന്ധനങ്ങളില്ലാത്തൊരാ പഥി -
കന്‍റെ മാനസമന്നവള്‍
രാഗസംഗീതമാലപിച്ചന്നു
ബന്ധിച്ചു മണി വീണയില്‍
തന്ത്രികള്‍ മീട്ടി പാടി ഗായിക
തീര്‍ത്തവള്‍ രാഗ മാലിക
രാഗ മാലിക കൊണ്ടാ പാന്ഥനെ
ബന്ധിച്ചു സന്നതാംഗിയാള്‍
മാലിക തീര്‍ക്കും ബന്ധനമെന്നാ
പാവം യാത്രികനോര്‍ത്തീലാ .
രാഗവീണയില്‍ ദേവഗായിക
തീര്‍ത്തു സംഗീതസാഗരം .
ആ പ്രേമ സാഗരത്തില്‍ നീന്തിയാ -
മോദമോടെയാ യാത്രികന്‍ .
പൊന്നോളങ്ങളായ് പൊന്‍പുളകങ്ങള്‍
സ്വര്‍ഗ്ഗഗംഗയില്‍ തീര്‍ത്തവള്‍
പുഞ്ചിരിയാലെ ദിവ്യപ്രകാശ -
മെങ്ങും വിടര്‍ത്തി സുന്ദരി
യാമാന്ത്യത്തിലാ സ്വപ്നസുന്ദരി
വീണയുമായ് പറന്നുപോയ്
അന്ധകാരം പടര്‍ന്നുവെങ്ങും വ -
ഴിയറിയാതെ യാത്രികന്‍
തീരം തേടിയാ സാഗരത്തില്‍ കി -
ടന്നലയുന്നുണ്ടിപ്പോഴും .
രാഗവീണയില്‍ ബന്ധിതമൊരാ
മാനസമിന്നും കേഴുന്നു
എന്നിനിക്കാണും ഞാനെന്‍ കാമിനി
എന്നിനി കേള്‍ക്കും നിന്‍ഗാനം .

======കൃഷ്ണരാജ ശര്‍മ്മ ======


8.നിള



നീളേ കളഗീതമാലപിക്കും നിളേ
താളത്തില്‍ കല്ലോലമാലതീര്‍ക്കും നിളേ
പാടുന്നു കേരളപ്പഴമതന്‍ ഗാഥ നീ
ലാസ്യഭാവം കലര്‍ന്നൊഴുകുന്നു നീ നിളേ
നാവാമുകുന്ദന്‍റെ പാദം തഴുകവേ
ആത്മാവിനേകുന്നു ശാശ്വതമോചനം
മന്ദമൊഴുകവേ  പാടുന്നതെന്തു നീ
മാമാങ്കഗാഥയോ തുഞ്ചന്‍റെ കാവ്യമോ
താളമേളങ്ങളുമാട്ടപ്പദങ്ങളും
സോപാനഗീതവും നിന്നിലുണര്‍ത്തിയ
രാഗവും താളവുമുണ്ടല്ലൊ നിന്നുടെ
കല്ലോലമാലതന്‍ ഗീതങ്ങളില്‍ നിളേ .

കേരങ്ങള്‍ മന്ദസമീരണനേറ്റതി
ലാസ്യ നടനമാടുന്ന തീരങ്ങളില്‍
ഓളങ്ങളാല്‍ പുളിനങ്ങളെ പുല്‍കുമീ
ശാന്തമനോഹരം നിന്‍റെ തീരങ്ങളില്‍
ശാന്തിമന്ത്രം തഴുകുന്നു മനസ്സിനെ
മന്ദപവനന്‍റെ ശീതളസ്പര്‍ശമായ്
പൂര്‍വാംബരത്തില്‍ ദിനകരനെത്തവേ
ശോണിമയാര്‍ന്നൊഴുകുന്നു സ്രോതസ്വിനി
സായന്തനത്തിലര്‍ക്കന്‍ വിടയോതവേ
നിന്മുഖമെന്തേ ചുവന്നൂ കരഞ്ഞുവോ

പൂനിലാപ്പൂഞ്ചേല നിന്‍ പുളിനങ്ങളെ
യപ്സരസ്ത്രീകളായ് മാറ്റിടും വേളയില്‍
ഏഴിലമ്പാലയില്‍നിന്നുമുയരുന്ന
മാദകഗന്ധമൊഴുകുന്ന വേളയില്‍
തേന്മാവിലേറുമാ മുല്ലതന്‍ പൂക്കളില്‍
നിന്നുവന്നെത്തുമനിലന്‍ തഴുകവേ
ഈ ശാന്തസുന്ദര തീരത്തുനില്‍ക്കുമീ -
യെന്നിലുന്മാദം നിറക്കുന്നു നീ നിളേ.


9.കേരളപ്പിറവി


കവനപാടവം ഒട്ടുംതന്നെയില്ലെങ്കിലും ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതകൊണ്ട് എങ്ങനെയെങ്കിലും ഒരു നാലുവരിയൊപ്പിച്ച് ഫേയ്സ് ബുക്കിലിട്ട് ജനങ്ങളെ ബോറടിപ്പിക്കാമെന്നു കരുതിയതാണ് . നല്ലതുവല്ലതുമെഴുതാമെന്നു വച്ചാല്‍ നുണയെഴുതേണ്ടിവരും . നേരെഴുതിയാലോ.........
മലയിടിച്ചു മടകള്‍ തീര്‍ത്ത കേരളം
പാറവെട്ടി ക്വാറി തീര്‍ത്ത കേരളം
വയല്‍ നികത്തി വീടുവച്ചു
നെല്ലു കാണാ കേരളം
മണലുവാരി കുഴികള്‍ തീര്‍ത്തു
വെള്ളമില്ലാ നദികളുള്ള കേരളം
മണ്ഡരിക്കു മാത്രമായി
കേരമുള്ള കേരളം
ബീഫു, പട്ടി,യലകള്‍ തീര്‍ത്തു
പേരുകേട്ട (കെ?)കേരളം
പാണ്ടിനാടിന്‍ വേര്‍പ്പുകൊണ്ടു
പശിയകറ്റും കേരളം
കൈരളിയ്ക്കു ലജ്ജ തോന്നും
ഭാഷയോതും കേരളം
ഹിന്ദി, വംഗ ഭാഷ മാത്രം
കേട്ടുണരും കേരളം
'തന്ത' 'തള്ള' മാരെ തെരുവില്‍
തള്ളിവിടും കേരളം
പീഡനങ്ങള്‍ മേല്‍ക്കുമേല്‍
വളര്‍ന്നിടുന്ന കേരളം
മതങ്ങള്‍, ജാതികള്‍ക്കു വേണ്ടി
ശണ്ഠകൂടും കേരളം
പള്ളിയമ്പലങ്ങള്‍ കാക്കാന്‍
പടയൊരുക്കും കേരളം
വാഹനങ്ങള്‍ മര്‍ത്ത്യരേക്കാള്‍
കൂടിവരും കേരളം
ധൂപ,ധൂളി യേറി ശുദ്ധ -
വായുവില്ലാ കേരളം
മലിനവസ്തു ശേഖരങ്ങള്‍
വഴിനിറഞ്ഞ കേരളം
മൂക്കുപൊത്തി യാത്ര ചെയ്യും
ജനങ്ങളുള്ള കേരളം
...........ഇങ്ങനെയൊക്കെ എഴുതേണ്ടി വരും. ഇങ്ങനെയൊക്കെയുള്ള സത്യങ്ങള്‍ വിളിച്ചുപറയാവുന്നതാണോ ! അതുകൊണ്ട് ഞാനൊന്നും പറയുന്നില്ല . ഒന്നു മാത്രം ..........
കേരളത്തിന് ജന്മദിനാശംസകള്‍!

കേരളപ്പിറവിക്ക് ഫേയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.(01-11-2015)

10.പ്രലോഭനം


മോഹനാകാരനാം പാന്ഥനരയാലിന്‍

ശീതളഛായയില്‍ വിശ്രമിച്ചീടവേ

മന്ദാനിലന്‍ പുഷ്പഗന്ധവുമായ് വന്നു

മെല്ലെത്തഴുകി മയക്കീടവേയൊരു

ചെറുകിളിയൊചകേട്ടപ്പോഴുണര്‍ന്നൊരാ

പാന്ഥന്‍റെ ശ്രോത്രങ്ങളില്‍ മണിവീണതന്‍

ഗാനാമൃതം വഴിഞ്ഞെത്തീയതു നേരം

മുന്നിലവതരിച്ചൊരു സുര നര്‍ത്തകി

ഹിന്ദോളരാഗത്തിനോളങ്ങളാലവള്‍

പാന്ഥനോരാനന്ദസാഗരം തീര്‍ത്തവള്‍

മോഹനാകാരനാം പാന്ഥന്‍റെ മുന്നില -

ന്നാനന്ദ നര്‍ത്തനമാടി മനോഹരി .

ഹൃദയമാം വാടിയില്‍ നിന്നിറുത്തോരനു

രാഗസൂനങ്ങളാല്‍ മാലികാ തീര്‍ത്തവള്‍.

രാഗവിവശയായ് വ്രീളാവിവശയായ്

മാല്യം പഥികനില്‍ ചാര്‍ത്തിയാ സുന്ദരി

കൈകോത്തുനര്‍ത്തനമാടിയവരൊട്ടു

നേരമായ് നീരാടീയാനന്ദസാഗരേ

വാഗ്സുധാസാഗരം തീര്‍ത്തവള്‍ പാന്ഥനായ്

സ്വര്‍ഗ്ഗമീ ഭൂമിയില്‍ തീര്‍ത്തുകൊടുത്തവള്‍

സുധയെന്നതോര്‍ത്തു ഭുജിച്ചൂ വിഷമെന്നു

പാവമാ പാന്ഥനറിഞ്ഞതില്ലൊട്ടുമേ

നര്‍ത്തകി തീര്‍ത്തോരനുരാഗമാല്യമോ

ബന്ധനമെന്നതുമട്ടറിഞ്ഞില്ലവന്‍

നൃത്തം കഴിഞ്ഞവള്‍ പൂകീ സുരപഥം

പാന്ഥനേകാന്തതതന്‍ പയോരാശിയി -

ലാഴത്തിലുഗ്രതമസ്സില്‍ പതിക്കവേ

ബന്ധിച്ചു ചേതനയെ മലര്‍മാല്യവും .

വാക്സുധാപാനം മയക്കിയാ പാന്ഥനെ

ഹൃത്തിലതുഗ്ര വിഷമായ് ചമഞ്ഞുപോയ്

ഇന്നുമലയാഴിയില്‍ അലയുന്നുവാ

പാന്ഥന്‍, കര കയറന്‍ കഴിയാതവന്‍ .


11.ദൈവം ( സ്രഗ്ദ്ധര)



രക്ഷിപ്പൂ ദൈവമെന്നും ഭുവനമഖിലവും
ചൊല്ലി മുത്തശ്ശിയന്ന്
ചൊല്ലീഞാനേവരോടും മനമിതിലുളവാ -
കേണമാ സത്യമെന്നും .
ക്ഷേത്രത്തില്‍ പൂട്ടിയിട്ടൂ ജഗദധിപതിയേ -
യെന്നറി ഞ്ഞൊട്ടു വൈകി
ദൈവത്തിന്‍ രക്ഷണാര്‍ത്ഥം അടിപിടി കൊലയും
ചെയ്തുപോകുന്നു മര്‍ത്യന്‍ .
ലോകത്തിന്‍ രക്ഷയല്ലേ പരമപുരുഷനും
ചെയ്തു പോരുന്നു നിത്യം
ദൈവത്തിന്‍ രക്ഷിതാവോ മനുജരഖിലവും
ക്ഷേത്രരക്ഷക്കൊരുങ്ങാന്‍ .
വിശ്വം വ്യാപിച്ചു വാഴും അണുവിലുമുളവാം
തത്ത്വമെന്തെന്നറിഞ്ഞോ
പോരാടീടുന്നു മര്‍ത്യന്‍ അനുദിനമുലകില്‍
ദേവസംരക്ഷണാര്‍ത്ഥം .


12. ബ്രഹ്മജ്ഞാനം


അമ്പലത്തില്‍ തൊഴാന്‍ ശുദ്ധിവരുത്തിയി -
ട്ടന്തണന്‍ വീഥിയിലേക്കിറങ്ങെ
നേരെ വരുന്ന ചണ്ഡാലദ്വയങ്ങളെ
കണ്ടു , കല്‍പിച്ചുവന്നേരമിത്ഥം .
"മാറുക മാര്‍ഗ്ഗത്തില്‍ നിന്നു ചണ്ഡാലരെ
ക്ഷേത്രത്തിലേക്കു ഗമിയ്ക്കുന്നു ഞാന്‍ "
"വിശ്വനാഥന്‍ തന്‍റെ ദര്‍ശനത്തിന്നഹോ
വിപ്രവര്യാ , ഗമിക്കുന്നുവങ്ങ് ?
പഞ്ചഭൂതാത്മകമീ ദേഹമോ വഴി
മാറേണ്ടതാ തുല്യ ദേഹത്തിനായ്
വിശ്വം നിറഞ്ഞൊരീ ശക്തിയോ മാറേണ്ട -
താ ശക്തിയില്‍ നിന്നു തന്നെ ചൊല്ലൂ
ചണ്ഡാലഗോത്രത്തിനോടയില്‍ കാണ്മതും
ഗംഗയില്‍ കാണ്മതുമേക സൂര്യന്‍
സ്വര്‍ണ്ണപാത്രത്തിലും മണ്‍കുടം തന്നിലും
ബിംബിപ്പുവാകാശമൊന്നുപോലേ
സൃഷ്ടികളേതിലും സച്ചിദാനന്ദമായ്
ലീനമാകും ശക്തിയൊന്നു തന്നെ .
ചണ്ഡാലനെന്നും ദ്വിജനെന്നുമുള്ളൊരീ
ഭേദമെന്തില്‍ , ചൊല്‍ക ഭൂമിദേവാ ".
ചണ്ഡാലനോതിയ വാക്കുകള്‍ വിപ്രന്‍റെ -
യുള്ളില്‍ തമോഘ്നമാം ദീപ്തിയായി.
ജ്ഞാനിയാമെങ്കിലു മജ്ഞാനഭൂതമ -
ഹന്തയുണ്ടുള്ളിലെന്നോര്‍ത്തിതപ്പോള്‍

ജാഗ്രത്തില്‍ സ്വപ്ന സുഷുപ്തികളില്‍ സദാ
ദീപ്തമാം ജ്യോതിസ്വരൂപമല്ലോ.
ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തി താന്‍
ജീവികളേതിലുമുള്ളൊരുണ്മ .
ആ ശക്തിതന്നെ താന്‍ ഈശനതുതന്നെ -
യെന്നറിയുന്നവന്‍ ജ്ഞാനി തന്നെ
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

വൈവിദ്ധ്യമോലുമീ വിശ്വം പലതായി
കാണ്മതാണജ്ഞത യെന്നറിവോന്‍
ഓരോ പരമാണുവിന്‍ പൊരുളാവതും
വിശ്വത്തിന്‍ ഹേതുവുമാ ചൈതന്യം .
എന്നിലും നിന്നിലും ഉള്ളതാ ചൈതന്യം
ബ്രഹ്മമതു തന്നെയെന്നറിവോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

ദൃഷ്ടിക്കു ഗോചരമായതു നശ്വരം
തൃഷ്ണയാകാ ഭോഗവസ്തുക്കളില്‍ .
ജ്ഞാനാഗ്നിയില്‍ ഹവിച്ചീടുക മോഹവും
ജ്ഞാനമൊന്നേ തോഷമേകു പാരില്‍ .
ചിത്തത്തെയീശനില്‍ മാത്രമുറപ്പിച്ച്
നിത്യമാം സത്യമറിയുന്നവന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

ജീവജാലങ്ങള്‍ക്കു ചേതന നല്‍കുമാ
ജ്യോതി മനുഷ്യരില്‍ മങ്ങി നില്‍പ്പു
ദേഹാഭിമാനവും തൃഷ്ണയും ഹേതുവായ് ;
സൂര്യനെ മേഘം മറയ്ക്കും പോലെ
അജ്ഞാനമാം മറ നീക്കിയാ ജ്യോതിയില്‍
ലീനമായ് ബ്രഹ്മമായ് തീര്‍ന്നിടുന്നോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

വിശ്വത്തിലുള്ളൊരീ തേജസ്സതെല്ലതും
സര്‍വ്വേശനാണെന്ന ചിന്തയാലെ
സച്ചിദാനന്ദസ്വരൂപനേവം സദാ
ചിത്തേ വിളങ്ങണം നിര്‍മ്മായമായ് .
അജ്ഞാനമാമന്ധകാരമൊഴിഞ്ഞുപോയ്
ബ്രഹ്മതേജസ്സു നിറഞ്ഞുനില്‍പ്പോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

ഏതു സൌഖ്യാംബുധീപീയൂഷപാനമോ
ദേവര്‍ക്കമരത്വമേകി വന്നു,
ഏതാഴി തന്നില്‍ ബുധജനമാറാടി -
യാനന്ദ നിര്‍വൃതി പൂണ്ടു നില്‍പൂ ,
ആ ബ്രഹ്മസാഗരം തന്നിലലിഞ്ഞവന്‍
ബ്രഹ്മാവിനാല്‍ പോലും പൂജ്യനായോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

അവലംബം : മനീഷാപഞ്ചകം

ശങ്കരാചാര്യര്‍ ഗംഗാസ്നാനത്തിനു പോകുമ്പോള്‍ എതിരേ വന്ന ചണ്ഡാലനോട് വഴിമാറാന്‍ പറഞ്ഞു .അന്നമയമായ അങ്ങയുടെ ശരീരത്തില്‍ നിന്ന് അതേ അന്നത്താല്‍ നിര്‍മ്മിതമായ എന്‍റെ ശരീരമാണോ,അതോ വിശ്വം വ്യാപിച്ചു വാഴുന്ന എന്നിലെ പരമാത്മാവ് അങ്ങയിലും ഉള്ള അതേ പരമാത്മാവില്‍ നിന്നാണോ വഴി മാറേണ്ടത് എന്നു ചോദിച്ചു . ഒന്നായ ബ്രഹ്മത്തെ ഉചനീചഭേദഭാവത്തോടെ കണ്ടത് സര്‍വ്വജ്ഞാനിയെന്ന് പേരുകേട്ട തന്‍റെ അജ്ഞതമൂലമുള്ള അഹന്ത കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തനിക്കു ബ്രഹ്മജ്ഞാനം നല്‍കിയ ചണ്ഡാളനെ ഗുരുവായ് കണ്ട് വന്ദിക്കാന്‍ നോക്കിയപ്പോള്‍ ആ ചണ്ഡാളന്‍ അപ്രത്യക്ഷനായിരിക്കുന്നതായി കണ്ടു. ഈ സംഭവത്തെ സ്മരിച്ചുകൊണ്ട് എഴുതിയതാണ് മനീഷാ പഞ്ചകം . തന്നില്‍ ആത്മാര്‍പ്പണം ചെയ്ത ഒരു യതിവര്യന് ഇപ്പോഴും നൈമിഷികമായ ദേഹാഭിമാനം ഉണ്ടാകുന്നത് ശരിയല്ലെന്നും ബ്രഹ്മജ്ഞാനം നേടിയവനെന്ന് കരുതിയെങ്കിലും പൂര്‍ണ്ണമായ ജ്ഞാനം വന്നിട്ടില്ലെന്നും മനസ്സിലാക്കിയ പരമശിവന്‍ ചണ്ഡാളരൂപത്തില്‍ വന്ന് തെറ്റു മനസ്സിലാക്കിക്കൊടുത്തതാണെന്നും ഒരു കഥയുണ്ട്. കഥയെന്തുമാകട്ടെ , എത്രതന്നെ അറിവുണ്ടായാലും അജ്ഞതയുടെ ഒരു ചെറുകണികയെങ്കിലും മനസ്സില്‍ ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കണമെന്ന ഉപദേശം സ്വീകരിക്കുക. ഒരാളും മറ്റൊരാളേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. എല്ലാവരിലും ഉള്ളത് ഒരേ ചൈതന്യമാണ് . മറ്റുള്ളവരെ ബഹുമാനിക്കുന്നതിലൂടെ ഈശ്വരനെ ബഹുമാനിക്കുകയാണ് , നമ്മെതന്നെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. ഉചനീചത്വവിവേചനമില്ലാതെ സമഭാവനയോടെ എല്ലാവരേയും കാണുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇവിടെ സ്വര്‍ഗ്ഗം സൃഷ്ടിക്കുകയാണ് .

13. ഉത്തരം കിട്ടാത്ത ചോദ്യം


ഉത്തരമില്ലാത്ത ചോദ്യമില്ലെന്നു ഞാന്‍
ഇത്രനാളും വൃഥാ ചിന്തിച്ചുപോയല്ലോ
ആരോഗ്യമുള്ളൊരെന്‍ സുന്ദരഗാത്രവും
ബുദ്ധിയും സമ്പല്‍സമൃദ്ധിയുമെന്നുടെ
ചിത്തേയഹങ്കാരമാം മഹാകാനനം
വാനോളമെത്തുംവിധം വളര്‍ത്തീടവേ
എന്നെ പുകഴ്ത്തുന്ന വാക്കുകള്‍ കേട്ടുകേ -
ട്ടെന്നുടെ കാതുകള്‍ കോള്‍മയിര്‍കൊള്ളവേ
എന്നും വളരുമെന്‍ സമ്പത്തു കണ്ടു ക-
ണ്ടെന്‍ നയനങ്ങളില്‍ പൂക്കള്‍ വിടരവേ
എന്‍ മനസ്സാക്ഷി ചോദിച്ചന്നൊരു ദിനം
"ഞാന്‍" എന്നു നീ ചൊല്‍വതെന്തെന്നറിയുമോ
നീയെന്തിനായ് വന്നു നീ ഭൂമിയില്‍ നിന്നുടെ
ചെയ്തികളെന്തിന്നു വേണ്ടിയെന്നോര്‍ത്തുവോ

ആ സ്വരം ഗംഭീരമെന്നല്ല ഭീകരം
മാറ്റൊലി കൊള്ളുന്നയുതമായ് മാനസേ
ഞാനെന്‍ വിരലുകളോടു ചോദിച്ചു "ഞാന്‍"
നിങ്ങളാണോ "അല്ല" ചൊല്ലീ വിരലുകള്‍
കൈകാലുകളോടു ചോദിച്ചു "കണ്ടുവോ
നിങ്ങളെന്നേ" "ഇല്ല" ചൊല്ലിയെന്നോടവര്‍
സുന്ദരമാണെന്നു ഞാന്‍ കരുതും ശരീ-
രത്തോടു ചോദിച്ചു "നീ തന്നെയാണൊ ഞാന്‍"
"ഞാന്‍ കേവലം നിന്‍റെ ഗാത്രമാം" ചൊല്ലിനാന്‍
എന്‍റെ ശരീരവുമേറ്റവും നിര്‍ദ്ദയം.
എന്‍റെ കര്‍ണ്ണങ്ങളു മെന്‍റെ നേത്രങ്ങളു-
മെന്‍റെയാഭൂഷണങ്ങള്‍ തഥാ വസ്ത്രവും
കണ്ടെങ്കിലും , കണ്ടതില്ല ഞാന്‍ "ഞാന്‍" എന്ന
മൂര്‍ത്തിയെ , ഞാനറിയുന്നീല മായയോ
ഞെട്ടിത്തെറിപ്പിക്കുമട്ടഹാസം കേട്ടു -
വെന്‍റെയുള്ളില്‍ നിന്നുതന്നെയാണാ സ്വരം

"കാണാന്‍ കഴിവീല നിന്നെ നിനക്കെങ്കി -
ലെന്തിന്നു "ഞാന്‍" എന്നഹങ്കരിക്കുന്നു നീ
എന്തിന്നു സമ്പത്തു വാരി നിറക്കുവാന്‍
തത്രപ്പെടുന്നു നീ ഇത്ര കഠിനമായ്
"ഞാന്‍" സത്യമോ മിഥ്യയോ യെന്നറിയുക
"ഞാന്‍" എവിടെയെന്നു പിന്നെ തിരയുക
"ഞാന്‍" വന്നതെന്തിനാണെന്നു കണ്ടെത്തുക
"എന്‍ ചെയ്തികളെ"ന്തിനാണെന്നറിയുക
പിന്നെ മാത്രം മതി "ഞാന്‍" "എന്‍റെ" യെന്നുള്ള -
ഹങ്കാരപൂര്‍ണ്ണമാം വാഗ്പ്രയോഗങ്ങളും
ഇന്നും മുഴങ്ങുന്നു എന്നുള്ളില്‍ ഈ ചോദ്യ -
മെല്ലാം , കഴിഞ്ഞില്ല ഉത്തരം കാണുവാന്‍ .


14. രക്ഷകന്‍




രക്ഷകന്‍( സ്രഗ്ദ്ധര)
വന്നെത്തീ ലോകരക്ഷയ്ക്കവനിയിതിലവന്‍
വന്നുദിച്ചോരുമാസം
മര്‍ത്ത്യന്‍ തന്‍ പാപമെല്ലാം സ്വയമനുഭവമാ -
യേറ്റെടുത്തോരു ദിവ്യന്‍
സ്നേഹത്തിന്‍ ദിവ്യമന്ത്രം മനുജനിതരുളാന്‍
ദൈവപുത്രന്‍ ശ്രമിക്കേ
ഇല്ലാക്കുറ്റം ചുമത്തിക്കുരിശിതിലവനേ -
ച്ചേര്‍ത്തു, കഷ്ടം മനുഷ്യര്‍ .

ലോകത്തിന്‍ രക്ഷചെയ്യാന്‍ ശരിയുടെ വഴിയില്‍
മര്‍ത്ത്യനേച്ചേര്‍ത്തിടാനായ്
ത്യാഗങ്ങള്‍ ചെയ് വരെ നാം മനമതിലുളവാം
ആദരത്തോടെ കാണാം.
എല്ലാപാപങ്ങളും തന്‍ചുമലിലണിയുവാന്‍
ജീവിതം കാഴ്ച്ചവച്ചോ-
രാക്കന്യാപുത്രനേനാം മനമിതിലനിശം
ചേര്‍ത്തുവയ്ക്കാം സമോദം.

പാപങ്ങള്‍ ചെയ്തുകൂടെന്നറിവുകുറവുകൊ -
ണ്ടല്ലനാം ചെയ് വതെല്ലാം
എന്നിട്ടും ദൈവപുത്രന്‍ അരുളിമനുജനോ -
ടേറ്റുചൊല്ലീടുകെല്ലാം .
പശ്ചാത്താപം മുഴുക്കേ സകലദുരിതവും
തീര്‍ന്നുപോം , നല്ലൊരാളാ -
കാം, ചെയ്യാം പുണ്യകര്‍മ്മം അനുദിനമുലകില്‍
നന്മതന്‍ വാടീ തീര്‍ക്കാം .


15.വിരഹഗാനം



ഒരുശോകഗാനത്തിനീരടി പാടുവാ -
നായിരുന്നോ സഖീ വേദിയില്‍ വന്നു നീ
വിടചൊല്ലുവാന്‍ വേണ്ടി മാത്രമാണോ സഖീ
നീ വിളിച്ചെന്നെയുണര്‍ത്തിയിപ്പോള്‍ വൃഥാ .

വേദന നല്‍കുവാനായിരുന്നോ സഖീ
സ്നേഹമെന്‍ മാനസത്തിങ്കല്‍ നിറച്ചു നീ.
നിത്യാന്ധകാരം വിധിക്കുവാനോ സ്നേഹ
ദീപം തെളിച്ചു വരവേറ്റതെന്നെ നീ

ആരാമമാര്‍ഗ്ഗേ നയിച്ചുവന്നെന്നെ നീ-
യേകാന്തതതന്‍ മരുഭൂവിലേയ്ക്കതോ .
വിരഹഗാനം മൂളുവാനോ സഖീ , പണ്ടു
രാഗസംഗീതമായെന്നെ ക്ഷണിച്ചു നീ.

പര്‍ണ്ണകുടീരത്തില്‍ നിന്നെന്തിനെന്നെ യ-
ന്നാനയിച്ചൂ രാഗമേടയിലേയ്ക്കു നീ
വിരഹദുഃഖത്തിന്‍റെയാഴമേറുന്നൊരീ-
യാഴിയില്‍ തള്ളുവാനായിരുന്നോ സഖീ ?

ആ നല്ല നാളുകളോര്‍മ്മകള്‍ മാത്രമായ്-
ത്തീര്‍ത്തു നീ കാണാമറയത്തു പോകയോ .
ഇല്ല, ശപിക്കില്ലൊരിക്കലും നിന്നെ ഞാന്‍
നിന്നിഷ്ടമായിരുന്നല്ലോയെന്നിഷ്ടവും..

ഇന്നു നീ പോകിലും സാദ്ധ്യമല്ല നിന -
ക്കെന്‍ മനസ്സില്‍നിന്നൊരിക്കലും പോകുവാന്‍
ഹൃത്തടത്തില്‍ പ്രതിഷ്ഠിച്ച നിന്‍ വിഗ്രഹ -
മുണ്ടല്ലോ കൂട്ടിനായാശ്വാസമേകുവാന്‍ .

====== കൃഷ്ണരാജ ശര്‍മ്മ ==========



16.പ്രേയസി.


ആരുമോഷ്ടിച്ചു,വാരാമത്തിലെ
ചെമ്പനീര്‍ പൂവെന്നെന്‍ പുത്രി
അമ്മതന്‍ കപോലങ്ങളില്‍ വന്നൊ -
ളിച്ചിരിപ്പെന്നു ചൊല്ലാമോ?

പൌര്‍ണ്ണമിയാണെന്നാലും പൂന്തിങ്കള്‍
മാനത്തു കാണ്മതില്ലെന്നോ
മത്സഖി തന്‍റെയാനനത്തിങ്കല്‍
ആണെന്നെങ്ങനെ ചൊല്‍വൂ ഞാന്‍

മാലകോര്‍ക്കുവാന്‍ മുല്ലമൊട്ടുകള്‍
തേടുന്നിപ്പോഴുമെന്‍ സുത
മാതാവിന്‍ ദന്തപംക്തികള്‍ നോക്കാ -
നെങ്ങനെ ചൊല്ലുമീതാതന്‍.

കോകിലങ്ങളിതെന്തേ മൂകമായ്
കേട്ടൂവോ പ്രിയ തന്‍ സ്വരം
പല്ലവങ്ങള്‍ക്കു ലജ്ജയെന്തിനോ
കണ്ടുവോ പാണി യുഗ്മങ്ങള്‍ .

രാജീവം സഖിതന്‍ മിഴികളില്‍
വന്നിരിപ്പതു കാണ്മൂ ഞാന്‍ .
മാറില്‍ കിടക്കും കാഞ്ചനമാല
ശോഭമങ്ങിയതെന്തിനോ .

പൊന്‍കസവിന്‍റെ ചേലയില്‍ കര
കാണ്മതില്ലെന്തു പറ്റിയോ .
ഭൂവിലെന്തിനു മെന്തിന്നസൂയ
മല്‍പ്രേയസിയോടെപ്പോഴും .




17.അമ്മയോട്.

========
അമ്മയെന്നുള്ളൊരാ പാവനമാം പദ -
മല്ലേ വിളിച്ചതു മുന്നേ ഞങ്ങള്‍ .
വാത്സല്യമേറും കടാക്ഷമല്ലേ ഞങ്ങ -
ളാശിപ്പൂ അമ്മയില്‍നിന്നെന്നുമേ .
മാതൃവാത്സല്യമേറുന്നൊരാ നേരത്തു
കുട്ടിക്കുറുമ്പിനു ശിക്ഷ നല്കാന്‍
കൊച്ചുപ്രഹരങ്ങളാല്‍ നല്ല പാഠങ്ങള്‍
മക്കള്‍ക്കു നല്‍കുവാനാവതല്ലോ .
എന്തിന്നതിക്രൂരമീ ശിക്ഷ മക്കള്‍ക്കു
നല്കിയതെന്നതറിഞ്ഞീടാതേ
ഒന്നുമേ ചെയ്യുവാനാകാതെയിപ്പോഴു -
മുള്ളം പിടഞ്ഞു നില്പാണിതല്ലോ .
അമ്മയെയോര്‍ക്കാതെയെന്തുചെയ്താകി ലും
പശ്ചാത്തപിക്കുന്നു മക്കള്‍ ഞങ്ങള്‍ .
എന്നിനി ഞങ്ങളില്‍ കാരുണ്യ വര്‍ഷമാ -
യംബേ പ്രകൃതീ വന്നൊന്നുന്നുചേരും ?
അങ്കത്തടത്തിലെടുത്തു വാത്സല്യത്തിന്‍
മുത്തം പകരുക വൈകീടാതേ .

18.ഈശാവാസ്യമിദം സര്‍വ്വം



ഈ പ്രപഞ്ചത്തിങ്കലോരോ കണികയു -


മീശന്‍റെ ചൈതന്യമൊന്നു മാത്രം .
ജീവജാലങ്ങളതെല്ലാമേയീശന്‍റെ -
യംശങ്ങളാണെന്നറിഞ്ഞുകൊള്‍ക .

ജ്യോതിയായ് ,നാദമായ് , ശക്തിയായ് വാഴുന്ന
നിര്‍ഗുണബ്രഹ്മമാണീശനെന്നാല്‍
ദൃഷ്ടിക്കു ഗോചരമല്ലെന്നാല്‍ കാണ്മത -
തെല്ലതുമീശന്‍റെ രൂപമല്ലോ .

വിശ്വം നിറഞ്ഞൊരാ ശക്തിയെക്കാണുവാന്‍
തന്നിലേയ്ക്കൊന്നു തിരിഞ്ഞു നോക്കൂ
തന്നയല്‍ക്കാരനെ , പുല്‍ക്കൊടിത്തുമ്പിനെ
കാണുകയീശനെ ക്കാണുവാനായ് .

ഈ കാണ്മതെല്ലാമതീശന്‍റെ വൈഭവ -
മൊന്നുമേ സ്വന്തമായില്ലൊരാള്‍ക്കും .
എല്ലാതുമെല്ലാരുമേകമനസ്സോടെ -
യാസ്വദിച്ചീടുവാനോതീയീശന്‍ .

ഒന്നുമേ നമ്മുടെ സ്വന്തമല്ലെന്നതു -
മെല്ലാര്‍ക്കും വേണ്ടിയിതെല്ലാമെന്നും .
നന്നായറിഞ്ഞു ഭുജിക്കുക , ജീവിത -
മാസ്വദിച്ചീടുക നിസ്വാര്‍ത്ഥമായ് .

19.സുഹൃദ്സംഗമം(മഞ്ജരി)

സുഹൃദ്സംഗമം
പണ്ടു ഗുരുകുലവാസം നയിക്കവേ
രണ്ടുപേരൊറ്റ മനസ്സുമായി
യാദവബാലനുമാരണന്‍ തന്നെയും
നല്ല സതീര്‍ത്ഥ്യരായ് മാറിയത്രേ.

എല്ലാര്‍ക്കുമേ കണ്ണിലുണ്ണിയായുള്ളവന്‍
കണ്ണനാ,യുള്‍ക്കാഴ്ച നല്കുവോനായ്
കുത്സിതചേല ധരിപ്പോന്‍ കുചേലനോ
ദാരിദ്ര്യമെന്നതിന്‍ മൂര്‍ത്തിഭാവം .

ദേശികനേതുമറിയാതെയെത്രയോ
കുട്ടിക്കുറുമ്പുകള്‍ ചെയ്തുവന്നൂ .
ദക്ഷിണ നല്കിപ്പിരിയേണ്ട കാലമായ്
കെട്ടിപ്പിടിച്ചു കരഞ്ഞു കൂട്ടര്‍.

കാലം കടന്നുപോയൈശ്വര്യലക്ഷ്മിക്കു
നായകന്‍ തന്നെയായ് വാഴുന്നൊരാള്‍
ഓദനമില്ലാദിനങ്ങളായെന്നതി -
ലത്തല്‍ പൂണ്ടിങ്ങു കഴിയുന്നൊരാള്‍.

എല്ലാര്‍ക്കുമൈശ്വര്യമേകും സതീര്‍ത്ഥ്യനോ -
ടൊന്നുമേ യാചിപ്പാനായീടാതേ .
എങ്കിലും തന്‍ധര്‍മ്മദാരങ്ങള്‍ ചൊല്ലിയ
വാക്കുകള്‍ നല്കിയ ധൈര്യവുമായ്

പ്രാഭവം പൂണ്ടങ്ങിരിക്കും സതീര്‍ത്ഥ്യനെ
കാണുവാന്‍ തന്നെയുറച്ചു ഹൃത്തില്‍
പ്രാഭൃതമായെന്തു നല്കേണ്ടുവെന്നൊരു
ചിന്തയാല്‍ പിന്നേയും ഖിന്നനായി.

യാചിച്ചു നേടിയ ധാന്യങ്ങള്‍ കൊണ്ടുതാ -
നപ്പോളവിലുമുണ്ടാക്കി , പത്നി.
കീറിയ ചേലയില്‍ മാറാപ്പു കെട്ടി തന്‍
കാന്തന്‍റെ കൈയില്‍ കൊടൂത്തു വിട്ടു.

ഇന്നുമലട്ടുമസമത്ത്വ ചിന്തകള്‍
അന്നുമുണ്ടായി കുചേലന്നുള്ളില്‍
നാറുന്ന ചേല ,വിയര്‍പ്പുറ്റ മേനിയും
കണ്ടില്ല സര്‍വ്വജ്ഞനായ കണ്ണന്‍ .

ഗാഢമായാലിംഗനം ചെയ്തു കണ്ണനോ
ചോദിച്ചതില്ല വിശേഷമേതും.
ജീര്‍ണ്ണിച്ച ഭാണ്ഡത്തില്‍ നിന്നവല്‍ വേഗത്തില്‍
ഭക്ഷിച്ച നേരം ശ്രീ കൈപിടിച്ചു.

"വേണ്ടയിനിയൊട്ടും ഭക്ഷിക്ക വേണ്ടെ"ന്നു
ചൊല്ലി രഹസ്യമായ് കാതിലപ്പോള്‍ .
"എന്നെ സതീര്‍ത്ഥ്യന്‍റെ ദാസിയാക്കീടൊല്ല "
ഗൂഢസ്മിതം തൂകീ കണ്ണനപ്പോള്‍ .

ലക്ഷ്മി തന്‍ നോട്ടമതേറ്റ കുചേലനോ
കോമള രൂപനായ് മാറിയപ്പോള്‍ .
ആഭൂഷണങ്ങളും പട്ടാംബരങ്ങളും
പെട്ടെന്നു മേനിയില്‍ വന്നണഞ്ഞൂ .

ചെറ്റക്കുടിലോ വന്‍ മാളികയായിതു
പത്നിയോ സന്നത ഗാത്രിയുമായ്.
അന്തണനത്ഭുതമേതുമറിയാതെ
മൌഢ്യമൊട്ടാര്‍ന്നു നിന്നല്പനേരം!

പെട്ടെന്നാ ചിത്തം നിറഞ്ഞു കവിഞ്ഞൊരു
ജ്യോതിസ്സുവന്നൂ കുചേലനുള്ളില്‍
ഒന്നുമേ ചോദിക്കാതെല്ലാം കൊടുക്കുന്ന
കണ്ണന്‍ യഥാര്‍ത്ഥ സതീര്‍ത്ഥ്യനത്രേ .

ആ സുഹൃദ്സംഗമ വേളതന്നോര്‍മ്മകള്‍
പേറുന്നൊരീ ദിനം തന്നെ നമ്മള്‍ .
സൌഹൃദ സംഗമമാഘോഷിക്കുന്നിതു
മാതൃകയായ്ത്തീരാനായീടട്ടേ !





20.പ്രിയതമ(മന്ദാക്രാന്ത)
======
''കണ്ടോ നിങ്ങള്‍ മലര്‍വനികതന്നില്‍ വിടര്‍ന്നോരു സൂനം ''
ചോദിക്കുന്നെന്‍ സുതയിതു "നറും ചെമ്പനീര്‍പ്പൂവിതെങ്ങാന്‍ ?"
ചൊല്ലാനാമോ മമസഖിയവള്‍ത്തന്‍ കപോലങ്ങള്‍ നോക്കാന്‍
ഇല്ലില്ലിപ്പോള്‍ മമതനയയോടെന്തു ഞാന്‍ ചൊല്ലിടേണ്ടൂ ?

"കാണ്മാനില്ലാ ശശിയെ ഗഗനം തീര്‍ത്തു നോക്കീട്ടുമെങ്ങും"
ചൊല്ലീടുന്നൂ ജനമഖിലവും വിസ്മയം പൂണ്ടു നില്പൂ..
വാണീടുന്നൂ മമദയിതന്നാനനം തന്നിലിന്നെ -
ന്നോതീടാമോ പുറമെയൊരുവന്‍കേള്‍ക്കെ ഞാനെന്തു ചൊല്‍വൂ ?

ആരാമത്തിന്നരികിലിതുതാന്‍ പൂത്തുനില്ക്കുന്ന മുല്ല -
പ്പൂവെല്ലാമിന്നെവിടെയറിവി ല്ലെന്നു ചൊല്ലുന്നു മാലി .
കാന്തേ , കാണ്മൂ തവരദനപംക്തിക്കു ദാസ്യം ചമയ്ക്കാന്‍
നില്പാണെന്നാലതുപറയുവാന്‍ആവതില്ലൊട്ടുമല്ലോ !
(നില്പാണല്ലോ മമസഖിയവള്‍തന്‍ ദന്തപംക്തിക്കു ദാസ്യം
ചെയ് വാനെന്നാലതുപറയുവാനാവതില്ലൊട്ടുമല്ലോ.)

ചൊല്ലീ സപ്തസ്വരമതുമഹാപാപമായ്ത്തീര്‍ന്നിതല്ലോ
മിണ്ടാതായീ കുയിലുകളതിന്നെന്തുകഷ്ടം ,നിനച്ചാല്‍!
നില്പാണല്ലോ അതിനമിതരായ് പല്ലവങ്ങള്‍ , ഭ്രമത്തില്‍
കാണുന്നുണ്ടെന്‍ പ്രിയയുടെ മഹാസുന്ദരം പാണിയുഗ്മം ?

വസ്ത്രത്തിന്‍ പൊന്‍ കസവിതു തെളിഞ്ഞില്ല പൂമേനിയാള്‍ തന്‍
മെയ്യില്‍ പാര്‍ക്കേ,യിരുവരുമൊരേ ശോഭയാല്‍ തന്നെയാകാം !
മാറില്‍ച്ചാര്‍ത്തും കനകമയമാം മാല മങ്ങുന്നതെന്തേ
തോന്നീട്ടെന്നോ അഴകുകുറവെന്നെന്തിനീ ദുഃഖഭാവം ?

രാജീവം താന്‍ മിഴികളിലുണര്‍ന്നെന്നതോ പൊയ്ക മൌനം
പാലിക്കുന്നൂ , മിഴികളുമടച്ചെന്തിവണ്ണം കിടപ്പൂ ?
ഈശന്‍ നല്കീ അഴകുമിതുപോല്‍ സ്പഷ്ടമിന്നെന്തിനായീ
കാണിക്കുന്നൂ സകലരുമെതേ കാന്തയോടീയസൂയ ?



========കൃഷ്ണരാജ ശര്‍മ്മ ========


21.രാഗാര്‍ത്ഥന(പുഷ്പിതാഗ്ര വൃത്തം)

=========

ഇനിയുമിതു സഹിക്കവയ്യ പ്രാണനാഥാ
ഇനിയുമിതെന്തിനു നിന്‍ പരീക്ഷണങ്ങള്‍
കരളലിവുനിനക്കിതില്ലയെന്നോ
കനിയുകവരമെന്നുമൊന്നു ചേരാന്‍.

മമമനമുരുകുന്നു ചന്ദ്രമൌലേ
കുളിര്‍ചൊരിയൂ തവ രാഗമാരിയാല്‍ നീ
ലതയിതു കരിയുന്നു പ്രേമമാരി
ചൊരിയണമേയചലേശ്വരായതെന്നില്‍

അണയുക മമ കാന്തവേഗമെന്നില്‍
അണിയുകനീയൊരുമാല്യമെന്നപോലേ.
തവവധുപദമൊന്നുമാത്രമേയെന്‍
മനമണിയുന്നതിനായ് സദാ ഭ്രമിപ്പൂ .

====കൃഷ്ണരാജ ശര്‍മ്മ ======

22.പുതുവര്‍ഷം
============
വര്‍ഷാന്ത്യമായാല്‍ പ്രതിജ്ഞയെടുത്തിടും
ലംഘിക്കുവാന്‍ , പുതുവര്‍ഷം പിറക്കവേ .
വേണ്ടായിതിന്‍റെയാവര്‍ത്തനമൊന്നിനി
പാലിക്കുവാനായ് പ്രതിജ്ഞയെടുത്തിടാം .

പിന്നിലേയ്ക്കൊന്നു തിരിഞ്ഞുനോക്കീടുക
വീഴ്ചകള്‍ നല്കുന്ന പാഠം പഠിക്കുക .
തെറ്റുകളെല്ലാം തിരുത്തിമുന്നേറുക
നന്മതന്‍ പാതയിലൂടെ ചരിക്കുക.

സ്വാര്‍ത്ഥതയെന്നതില്ലാതെയായീടണ -
മുച്ചനീചത്വഭേദങ്ങള്‍ ത്യജിക്കണം.
ത്യാഗമെന്നുള്ളതു ചര്യയായ്ത്തീരണ-
മന്യന്‍റെ സന്തോഷമേ ലക്ഷ്യമാകണം.

ചെയ്ക സഹായങ്ങളാര്‍ക്കുമേ വേണ്ടുകി-
ലായതു സന്തോഷദായകമാകണം .
ഈ തുച്ഛജീവിതനേരം ഫലപ്രദ-
മാക്കിടാം, നന്മകള്‍ ചെയ്തു ജീവിച്ചിടാം.

സന്തോഷമെങ്ങും നിറഞ്ഞൊരു ഭൂമിയെ
സത്യമാക്കാം, സ്നേഹമെങ്ങും നിറച്ചിടാം.
ഈ പുതുവര്‍ഷ ദിനത്തില്‍ തുടങ്ങിടാം
നന്മ നിറഞ്ഞൊരു ലോകം ചമയ്ക്കുവാന്‍.

======== കൃഷ്ണരാജ ശര്‍മ്മ=============

23.അസ്തമയം
========
പ്രായമായെങ്കിലുമര്‍ക്കന്‍ കുറുമ്പനാം ,
വാരുണീമങ്കയെ ചുംബിച്ചല്ലോ .
വാരുണീസേവയുണ്ടായിരുന്നെന്നതോ
കാരണമെന്തെന്നറിഞ്ഞുകൂടാ .

പൂര്‍വ്വാംബരത്തിനതിഷ്ടമില്ലാതെയോ
നില്പൂ വദനം കറുത്തു തന്നെ .
ഇത്തരം കാഴ്ചകള്‍ കാണുവാനാകാതെ
ചക്രവാളം തിരി താഴ്ത്തി മെല്ലേ .

ഒട്ടും വൈകീടാതെ യെല്ലായിടത്തുമീ
വാര്‍ത്തയെത്തിക്കുവാന്‍ വെമ്പലോടെ
കാണാം വിഹഗങ്ങള്‍ നാനാപ്രദേശങ്ങള്‍
നോക്കിപ്പറക്കുന്നു വേഗംതന്നെ .

ഈ കാഴ്ച കാണുവാനാകാംക്ഷയാലിതാ
തിങ്കളും താഴേയ്ക്കു നോക്കീടുന്നു .
കേട്ടറിഞ്ഞിട്ടാവാം താരകളോരോന്നായ്
വന്ന്‍നിരന്നു തുടങ്ങിമെല്ലെ .

തീരെച്ചെറുതാം ചിവീടുകള്‍ പോലുമേ -
യര്‍ക്കനെയൊട്ടു പരിഹസിപ്പൂ
യാമിനിയിക്കഥ കേട്ടതുമൊട്ടൊരു
ഞെട്ടലില്‍ സ്തബ്ധയായ് നിന്നുപോയി .

കുന്ദലതയേതുമൊട്ടുമറിയാത്ത
പോലവേ പുഞ്ചിരി തൂകി നില്പൂ .
മര്‍ത്ത്യര്‍ക്കുമാത്രമല്ലിത്തരം കുന്നായ്മ -
യെന്നതുമേതുമറിഞ്ഞതില്ല .

====കൃഷ്ണരാജ ശര്‍മ്മ ========

24.കേരളം (കേക)

പച്ചയാം വിരിപ്പിട്ട സഹ്യനും പടിഞ്ഞാറ്
നീലിമയോലും ചേല ചാര്‍ത്തിയസമുദ്രവും.
വഞ്ചിപ്പാട്ടുയര്‍ന്നിടും കായലോരങ്ങള്‍ നീളെ
താളത്തില്‍ത്തലയാട്ടും കേരത്തിന്‍ നിരകളും.

കേളിയും കഥകളി , തുള്ളലും, നടനവും
ഓണവില്ലടിപ്പാട്ടും കൈക്കൊട്ടിക്കളികളും
ചെണ്ടമേളവും പഞ്ചവാദ്യവും മുഴങ്ങുന്ന
നാടിതു മലയാള, മെത്രയും മനോഹരം

പൊന്നണിപ്പാടം, കൊയ്ത്തുപാട്ടിന്‍റെയലകളും
ഊഞ്ഞാലിലുയരുന്ന കുസൃതിക്കുരുന്നുകള്‍
ഓര്‍മ്മമാത്രമാണെന്നാലാശകൈവിടൊല്ലനാം
വീണ്ടുമാവസന്തത്തിന്‍ കാലമെത്തിടുമല്ലോ.

25.ഏഴിലമ്പാല (കേക)
=========

പാലയൊന്നതാ നില്പൂ പാറതന്‍ പാര്‍ശ്വത്തിലായ്
പലവത്സരങ്ങളായ് പലര്‍ക്കും തണലേകി.
മാരുതന്‍ തഴുകവേ പൂമണം പകര്‍ന്നവള്‍
മന്ദമായ് നൃത്തലോലയായവള്‍ ലസിക്കുന്നൂ.
പശ്ചിമാംബരം മെല്ലേ ശോണിമകലരുമ്പോള്‍
പടരുമരുണിമ തന്‍കവിള്‍ത്തടങ്ങളില്‍ .
ശീതളച്ഛായ ചുറ്റും വിടര്‍ത്തിനില്ക്കുന്നിതാ
ശാഖകള്‍കൊണ്ടു മേലേ പൂംപന്തലൊരുക്കിയാള്‍.
മുല്ലപ്പൂഹാരങ്ങളാലേറ്റവും ഭംഗിയാര്‍ന്നു
കേശാലങ്കാരംചെയ്ത വധുവേപ്പോലെ നില്പൂ.
പക്ഷിജാലങ്ങള്‍ക്കെല്ലാമാവാസമേകിക്കൊണ്ടീ
പാദപറാണിയതിഗംഭീരയായിനില്പൂ.
പകലോനുണ്ടെന്നാകില്‍ ക്ഷീണിതരായെത്തിടും
പഥികര്‍ക്കാശ്വാസമേകിടുമേഴിലം പാല.
യാമിനിതന്നില്‍ വിശ്വാസത്തിന്‍റെ നിഴലിലായ്
യക്ഷികള്‍ക്കാശ്വാസമേകിടുമേഴിലം പാല.
ശാന്തയാം പൊയ്ക തീര്‍ക്കും പാലതന്‍ ഛായാചിത്രം
ശാലീനസൌന്ദര്യത്തിന്‍ മൂര്‍ത്തീകാരമാണെന്നാല്‍
മുത്തശ്ശിക്കഥകള്‍തന്‍ നറുംതേന്‍ നുകര്‍ന്നോരു
മനസ്സില്‍ നിറച്ചീടും ഭീകരസങ്കല്പങ്ങള്‍ .
സായംസന്ധ്യതന്‍ മനോ മോഹനശോണരാഗം
സരിത്തില്‍ പടരവേ,ദൃശ്യമോ മനോഹരം!
അന്ധവിശ്വാസമാകാമെങ്കിലും മനസ്സിന്‍റെ
ആഴത്തിലുണ്ട് യക്ഷി ഗന്ധര്‍വ്വന്മാരിന്നുമേ .
എന്നും ഞാനിരിക്കുമീയേഴിലമ്പാലച്ചോട്ടില്‍
ഏറെനേരമെന്‍ മനം പറന്നുകളിക്കവേ .
ഗന്ധര്‍വ്വന്മാര്‍തന്‍ മധു വഴിയും സ്വരങ്ങളാല്‍
ഗാനമാലപിപ്പതു കാത്തുഞാനിരിക്കവേ
താംബൂലം ചവച്ചിട്ടു പുഞ്ചിരിതൂകിയെത്തും
സന്നതാംഗിയാണെന്‍റെ ഹൃത്തടം തന്നില്‍ കാണ്മൂ .
പാലപ്പൂക്കളില്‍നിന്നും സുഗന്ധം കവര്‍ന്നെത്തീ
പാടുന്നൂ വികൃതിയാം കിശോര സമീരണന്‍.
ഉന്മാദമേകും പാലപ്പൂമണം പരക്കവേ
ഉള്ളിന്‍റെയുള്ളില്‍ക്കുളിരണിയുമറിയാതേ
പാറതന്നത്യുന്നത ശൃംഗത്തില്‍ നില്ക്കും ക്ഷേത്രം
പാലതന്‍ പ്രാധാന്യത്തിന്‍ മാറ്റുകൂട്ടീടുമെന്നും .
സുന്ദരിയാണെന്നാലും ദയാര്‍ദ്രയാണെന്നാലും
കാഴ്ചയില്‍ ഭീമാകാര രാക്ഷസിയെന്നുതോന്നും.
പാവമീസാധ്വിയതി സുശീല ദയാര്‍ദ്രയാം
പരോപകാരി വീര നായികയന്നദാതാ .
നിന്നെ ഞാന്‍ നമിക്കുന്നു നിന്നെയാരാധിക്കുന്നു
നീണാള്‍ നീ വാഴ്ക നിനക്കായിരമാശംസകള്‍!

==========കൃഷ്ണരാജ ശര്‍മ്മ =========


തൃശ്ശൂര്‍ -ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ ചൂണ്ടല്‍ എത്തുമ്പോള്‍ വടക്കുഭാഗത്തായി വലിയൊരു പാറയും അതിനുമുകളില്‍ സന്താനഗോപാലക്ഷേത്രവുമുണ്ട്. ചുറ്റും ആമ്പല്‍പൊയ്കയുമുണ്ട് . ക്ഷേത്രത്തിനുവടക്കുവശത്തായി വലിയൊരു പാലമരമുണ്ട്. വയലില്‍ പണിയെടുക്കുന്നവര്‍ ഉച്ചനേരത്ത് ഇവിടെ വിശ്രമിക്കാറുണ്ട്. വിജനമായതുകൊണ്ടാകാം സന്ധ്യകഴിഞ്ഞാല്‍ ,ക്ഷേത്രമടച്ചാല്‍ ആരും ആ വഴി പോകില്ല . പാലപ്പൂമണമുണ്ടെങ്കില്‍ അങ്ങോട്ടുനോക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടുമൂന്നുസുഹൃത്തുക്കളുടെ കൌമാരകാലത്തെ വിശ്രമകേന്ദ്രമായിരുന്നു ആ പരിസരം. രാത്രിയാകുന്നതുവരെ കഥയും കവിതയുമൊക്കെയായി രസകരമായി സമയം ചെലവഴിച്ചിരുന്നു.

26.പാലമരം (ആഖ്യാനകി വൃത്തം)
==========================
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു
ശ്യാമാംബരത്തില്‍ നിറയുന്നുഡുക്കള്‍
സമാനമാ പാദപമേറി പൂക്കള്‍.

സന്താനഗോപാലനമര്‍ന്നിടുന്ന
മനോഹരം ക്ഷേത്രമതൊന്നു മേലേ.
ആമ്പല്‍പ്രസൂനങ്ങളതേറെയെണ്ണം
വിടര്‍ന്നു നില്ക്കുന്നൊരു പൊയ്ക താഴെ.

ചുറ്റും മരങ്ങള്‍ വയലെന്നിവയ്ക്കു
നടുക്കുനില്ക്കുന്നൊരു ശാന്തവാസം.
വൃക്ഷത്തിലെത്തുന്നു വിഹംഗജാലം
വിഹംഗമന്‍ പശ്ചിമ ദിക്കു പൂകേ.

ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരം പൊയ്കയില്‍ ഛായ തീര്‍ക്കേ
സായന്തനത്തിന്നരുണാഭയേറും
തടാകമോ കാണ്മതിനെന്തുഭംഗി .

മദ്ധ്യാഹ്നമാകുന്നൊരു വേളയിങ്കല്‍
വരുന്നു പാലത്തണല്‍ തേടിയാള്‍ക്കാര്‍ .
മന്ദാനിലന്‍ പൂമണമായ് വരുന്നൂ
തലോടലാല്‍ ശ്രാന്തിയകറ്റിടാനായ് .

ചൊല്ലുന്നു ശാസ്ത്രം മരമെന്നുമെന്നും
തരുന്നുവന്നം സകലര്‍ക്കുമത്രേ .
നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും .

എന്നിട്ടുമീ പാലയതെന്നുമെന്തേ
മനുഷ്യഹൃത്തില്‍ ഭയമേകി വന്നൂ ?
മുത്തശ്ശി ചൊല്ലും കഥകള്‍ പകര്‍ന്നോ
മനസ്സിലെന്നും നിറയുന്ന ഭീതി ?

എന്നാകിലും ഞങ്ങളിരുന്നുവെന്നും
പ്രതീക്ഷയോടേ തരുവിന്‍ ചുവട്ടില്‍.
ഗന്ധര്‍വ്വ ഗാനം മധുരം, ശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ .

വന്നൂവിളംകാറ്റു സുഗന്ധമേന്തി
പരന്നു പൂവിന്‍ മണമെങ്ങുമെങ്ങും.
പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല.

നല്കുന്നുവെന്നും മനുജര്‍ നിനക്കു
പരോപകാരത്തിനു നന്ദികേടോ ?
പാവം നിനക്കിന്നൊരു ഭീകരന്‍റെ
മുഖം ചമച്ചെന്തിനറിഞ്ഞതില്ല .

====കൃഷ്ണരാജ ശര്‍മ്മ ====

"ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ ശിലാതലേ "= അഗ്നിപര്‍വ്വതസ്ഫോടനഫലമായി ഉണ്ടായതാണ് കരിമ്പാറക്കൂട്ടങ്ങള്‍ എന്ന്‍ ശാസ്ത്രം .
വിഹംഗമന്‍ = വിഹ(ആകാശ)ത്തില്‍ ഗമിക്കുന്നവന്‍ , സൂര്യന്‍ (പുല്ലിംഗം ).
വിഹംഗം = വിഹ(ആകാശ)ത്തില്‍ ഗമിക്കുന്ന , പക്ഷി (നപുംസകം ). രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ . പുല്ലിംഗമാകുമ്പോള്‍ ഗാംഭീര്യം വരുന്നു . അപ്പോള്‍ സൂര്യന്‍ എന്നര്‍ത്ഥം വരുന്നു.
"മരമെന്നുമെന്നും തരുന്നുവന്നം സകലര്‍ക്കുമത്രേ " = അന്നം (അന്നജം) നിര്‍മ്മിക്കാന്‍ സസ്യങ്ങള്‍ക്കുമാത്രമേ കഴിയൂ എന്ന് പുരാണങ്ങളും ശാസ്ത്രവും പറയുന്നു . (ആഖ്യാനകി::വിഷമം- ഇന്ദ്രവജ്ര .സമം - ഉപേന്ദ്രവജ്ര )
----
----
s s I/ s s I / I s I / s s
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
I s I/ s s I / I s I/ s s
ശിലാതലേ രാജിത ദിവ്യദാരു

27.നിസ്സാരം(ശാര്‍ദ്ദൂലവിക്രീഡിതം)
======================

ഊര്‍ജ്ജത്തിന്നുറവാം ദിനേശനരുളും
താപത്തിനാല്‍ തന്നെയാം
നിര്‍മ്മിപ്പൂവശനം തൃണങ്ങളുമിതേ
വിശ്വത്തിലെല്ലാര്‍ക്കുമേ.
വര്‍ണ്ണിക്കുന്നരുണോദയത്തെ കവികള്‍
വാഴ്ത്തുന്നു പൂഷാവിനേ
പുച്ഛിക്കും 'തൃണ'മെന്നുചൊല്ലിയഖിലം
പുല്ലിന്നതില്ലാ വില.

കാക്കുന്നൂ പൊടിയൊന്നുമേ പുരളുവാ -
നാകാതെ പാദങ്ങളെ
മുള്ളൊന്നും തറയാതെ രക്ഷ ദിനവും
ചെയ്യുന്നുവെന്നാകിലും
ഉള്ളില്‍ കേറ്റിടുവാനതില്ല കനിവും
വാതില്‍പ്പുറത്തെന്നുമേ
നിര്‍ത്താനായിവരെന്തു തെറ്റു ഭുവനേ
ചെയ്തെന്നു ചൊല്ലീടുമോ ?

മാംസം കൊത്തിവലിച്ചുമേറെ വിലസും
വാനില്‍പ്പറന്നീടുമാ
ക്രൂരന്മാര്‍ ഗരുഡന്‍ പരുന്തു മഖിലം
വീരത്ത്വമേറുന്നവര്‍
മുറ്റത്തുള്ളൊരു വൃത്തികേടുമുഴുവന്‍
മാറ്റിത്തരും കാക്കകള്‍
നിസ്സാരം, വിലയില്ലവര്‍ക്കു മനുജര്‍
നല്കുന്നു കല്ലേറു താന്‍.


ശാര്‍ദ്ദൂലവിക്രീഡിതം.--17/01/2016.

28.സത്യം വദ.(സ്രഗ്ദ്ധര)
//=======//

സത്യത്തിന്നാസ്യമെന്നും കനകമയമതാം
വന്മറയ്ക്കുള്ളിലാക്കീ
രാജന്മാ,രജ്ഞരാകും ജനതതിയെസദാ
വിഭ്രമിപ്പിച്ചുവാഴും.
സത്യം താന്‍ ചൊല്ലുവാനായ് ശ്രമമണുവിടപോല്‍
ചെയ്യുമെന്നങ്ങുവന്നാല്‍
നല്കീടും സ്വത്തപാരം നയനയുഗളവും
പൂട്ടിതാന്‍ നില്ക്ക വേണ്ടൂ
ആദര്‍ശം ചൊല്ലിയെങ്ങാനടിമ ചമയുവാന്‍
പറ്റുകില്ലെന്നു ചൊന്നാല്‍
കാണുംതാന്‍ ദേഹമപ്പോളപകടമതിനാല്‍
ദേഹിവിട്ടുള്ളതായി.
സത്യം താന്‍ കാണ്മതിന്നായ് ഭയരഹിതമതാ-
യെന്നുമേ ചൊല്ലിടാനായ്
ധൈര്യം നീയേകിടേണേ സകലഭുവനവും
വാണിടുന്നീശനേ നീ.
=======================
------കൃഷ്ണരാജ ശര്‍മ്മ--------

സ്രഗ്ദ്ധര-23/01/1959    

29.      സുഭാഷിതങ്ങള്‍(കുസുമമഞ്ജരി)
======================================
സത്യമായതതു ചൊല്ലുവാനരുതിതൊട്ടുമേ മടിയൊരിക്കലും
ചൊല്കവേണ്ടയതി തൊട്ടുമേ നുണകളെന്നുനാമറിവതൊന്നുമേ. .

ധര്‍മ്മമായതതുചെയ്തിടാ ന്‍ ഭയമതൊ ട്ടുമേയരുതൊരിക്ക ലും
ധര്‍മ്മപാതയതുവിട്ടൊരിക്കലുമതായിടാ ചരിതമോര്‍ക്കണം .

അന്ധകാരമയമാണുജീവിതമതില്ലയൊട്ടറിവതെങ്കിലും
നേടുകെന്നുമറിവെത്ര യും പരമമായ ശക്തിയതിതൊന്നുതാ ന്‍

സ്നേഹമാണുലകിലെന്നുമേ. നിറയുമൌഷധം മുറിവകറ്റുവാന്‍
ഹൃത്തിലെന്നുമതു വാഴണം , പകരണം മനുഷ്യഹൃദിയെന്നുമേ .

ആദരിക്കണമതെന്നുമേ വലിയവര്‍ വരുമ്പൊഴു തു നിര്‍ണ്ണ യം
താഴുകി ല്‍ തലയുയര്‍ന്നിടും , അതൊ രു സത്യമെന്നറികയേവരും .

മാതൃഭൂവുമ തുമമ്മയും സുരപഥത്തെ യും അതിശയി പ്പുതാന്‍
രണ്ടുമേ മനുജനമ്മതാ ന്‍ ഹൃദിയതോര്‍ക്കണം സകല രും സദാ .

====================================
-------------------കൃഷ്ണരാജ ശര്‍മ്മ-------------------------

കുസുമമഞ്ജരി--23/01/2016

     
വിഷുക്കാലചിന്തകള്‍
===============
നില്പല്ലോ കര്‍ണ്ണികാരം വിഷുവിനെവരവേല്പാ -
നിതെന്നുള്ള പോലെ
കാണുന്നേടത്തിതെല്ലാം നഭമൊരുകനക-
ക്കാഴ്ചതന്‍ പൂരമായി
ഭൂദേവിയ്ക്കാരുചാര്‍ത്തീ കനകതിലകവും ,
ഇത്രമേല്‍എന്തുചന്തം
കൈനീട്ടം നല്കിയെന്നോ പൃഥിവിജനനിതന്‍
കൈയ്യിലും കര്‍ണ്ണികാരം!
പൊന്നിന്‍വര്‍ണ്ണം വിളങ്ങുന്നുരുളിയിലൊരുനല്‍ -
ശുഭ്രവസ്ത്രത്തിലായി
ചൂതം,പൊന്‍വെള്ളരിക്ക,പലവിധസുമവും
ചക്കയും പാക്കുമേവം
സിന്ദൂരംതാനക്ഷതംമുരളികധരനാം
ഗോപബാലന്‍റെ ബിംബം
നല്‍ഗ്രന്ഥം,ദീപമെന്നിങ്ങനെപലതുമതില്‍
ചേര്‍ത്തുവയ്ക്കും കണിക്കായ്.
തന്നേ താന്‍ കാണ്‍കവേണം അതിനൊരു പൊരുളായ്
ദേവിതന്‍ രൂപമായും
വാല്‍ക്കണ്ണാടിക്കുമുണ്ടാം കണിയിലൊരുമഹാ -
സ്ഥാനമെന്നോര്‍ത്തിടേണം.
കാലേ മുത്തശ്ശിയെത്തും മൃദുകരമതിനാല്‍
കണ്ണുപൊത്തീട്ടുമെല്ലേ
മുന്നോട്ടായ് തള്ളിനീക്കുംകളമൊഴിയതുപോല്‍
ചൊല്ലിടും നേരെ നോക്കാന്‍.
കേരത്തിന്‍ പാതിതന്നില്‍ പവനസഖനവന്‍
കത്തിനില്ക്കേ വിളക്കിന്‍
നാളംപൊന്‍ കര്‍ണ്ണികാരംഇവ ഹരിയുടെ കാര്‍-
മ്മേനി പൊന്മേനിയാക്കി.
ഗോമാതാവിന്നുപോലും കണിയതുപുലരേ -
യേന്തിടും മാതുലന്‍താന്‍
സംതൃപ്തം ജീവിവൃന്ദം രസമിതുതാ-
നോര്‍ക്കവേയിന്നുമെന്നും.
പീയൂഷംതാന്‍ മിഴിക്കും മനമതിലുമതാം
പൊന്‍കണീദര്‍ശനത്തിന്‍
ശേഷം കൈനീട്ടവും താന്‍ മനമതുനിറയും
കൈകളെന്നുള്ളപോലെ.
കൈനീട്ടം സ്വീകരിക്കേ മമതനയരതി -
ന്നെന്തുചിന്തിപ്പതെന്നും
ചൊല്ലീടാനാവതില്ലാപുതുതലമുറതന്‍
ചിന്തയെന്താരറിഞ്ഞൂ.
ഇപ്പോഴും തീര്‍ത്തിടുന്നൂ കണിയിതനിതരം
ശ്രദ്ധയോടെന്‍ കുടുംബം
കാണ്മാനൊന്നും മറക്കാനിടവരരുതതൊ -
ന്നേകമാം ചിന്തയോടെ.
വേഷങ്ങള്‍ മാറിവന്നൂപലവുരുവിഷുവും
വന്നുപോയെങ്കിലും താന്‍
പണ്ടത്തേപ്പോലെയുള്ളില്‍ നിറയുമൊളിയിതേ
പൊന്‍കണീദര്‍ശനത്താല്‍..


===========കൃഷ്ണരാജ ശര്‍മ്മ============

വിഷുക്കാലചിന്തകള്‍
===============
നില്പല്ലോ കര്‍ണ്ണികാരം വിഷുവിനെവരവേല്പാ -
നിതെന്നുള്ള പോലെ
കാണുന്നേടത്തിതെല്ലാം നഭമൊരുകനക-
ക്കാഴ്ചതന്‍ പൂരമായി
ഭൂദേവിയ്ക്കാരുചാര്‍ത്തീ കനകതിലകവും ,
ഇത്രമേല്‍എന്തുചന്തം
കൈനീട്ടം നല്കിയെന്നോ പൃഥിവിജനനിതന്‍
കൈയ്യിലും കര്‍ണ്ണികാരം!
പൊന്നിന്‍വര്‍ണ്ണം വിളങ്ങുന്നുരുളിയിലൊരുനല്‍ -
ശുഭ്രവസ്ത്രത്തിലായി
ചൂതം,പൊന്‍വെള്ളരിക്ക,പലവിധസുമവും
ചക്കയും പാക്കുമേവം
സിന്ദൂരംതാനക്ഷതംമുരളികധരനാം
ഗോപബാലന്‍റെ ബിംബം
നല്‍ഗ്രന്ഥം,ദീപമെന്നിങ്ങനെപലതുമതില്‍
ചേര്‍ത്തുവയ്ക്കും കണിക്കായ്.
തന്നേ താന്‍ കാണ്‍കവേണം അതിനൊരു പൊരുളായ്
ദേവിതന്‍ രൂപമായും
വാല്‍ക്കണ്ണാടിക്കുമുണ്ടാം കണിയിലൊരുമഹാ -
സ്ഥാനമെന്നോര്‍ത്തിടേണം.
കാലേ മുത്തശ്ശിയെത്തും മൃദുകരമതിനാല്‍
കണ്ണുപൊത്തീട്ടുമെല്ലേ
മുന്നോട്ടായ് തള്ളിനീക്കുംകളമൊഴിയതുപോല്‍
ചൊല്ലിടും നേരെ നോക്കാന്‍.
കേരത്തിന്‍ പാതിതന്നില്‍ പവനസഖനവന്‍
കത്തിനില്ക്കേ വിളക്കിന്‍
നാളംപൊന്‍ കര്‍ണ്ണികാരംഇവ ഹരിയുടെ കാര്‍-
മ്മേനി പൊന്മേനിയാക്കി.
ഗോമാതാവിന്നുപോലും കണിയതുപുലരേ -
യേന്തിടും മാതുലന്‍താന്‍
സംതൃപ്തം ജീവിവൃന്ദം രസമിതുതാ-
നോര്‍ക്കവേയിന്നുമെന്നും.
പീയൂഷംതാന്‍ മിഴിക്കും മനമതിലുമതാം
പൊന്‍കണീദര്‍ശനത്തിന്‍
ശേഷം കൈനീട്ടവും താന്‍ മനമതുനിറയും
കൈകളെന്നുള്ളപോലെ.
കൈനീട്ടം സ്വീകരിക്കേ മമതനയരതി -
ന്നെന്തുചിന്തിപ്പതെന്നും
ചൊല്ലീടാനാവതില്ലാപുതുതലമുറതന്‍
ചിന്തയെന്താരറിഞ്ഞൂ.
ഇപ്പോഴും തീര്‍ത്തിടുന്നൂ കണിയിതനിതരം
ശ്രദ്ധയോടെന്‍ കുടുംബം
കാണ്മാനൊന്നും മറക്കാനിടവരരുതതൊ -
ന്നേകമാം ചിന്തയോടെ.
വേഷങ്ങള്‍ മാറിവന്നൂപലവുരുവിഷുവും
വന്നുപോയെങ്കിലും താന്‍
പണ്ടത്തേപ്പോലെയുള്ളില്‍ നിറയുമൊളിയിതേ
പൊന്‍കണീദര്‍ശനത്താല്‍..


===========കൃഷ്ണരാജ ശര്‍മ്മ============


വിഷുക്കണി
==============
കാണുന്നൂ കര്‍ണ്ണികാരം കനകമയമതാം
ശോഭയെങ്ങും പരത്തീ
നില്ക്കുന്നൂ പാതതോറും വിഷുവിനെ വരവേ-
ല്ക്കാനതെന്നുള്ള പോലെ.
മിന്നുന്നൂ സ്വര്‍ണ്ണവര്‍ണ്ണത്തിലകതതികളായ്
പൂക്കളീ മണ്ണിലെല്ലാം
പൃഥ്വിക്കായ് ചാര്‍ത്തിയെന്നോ കനകതിലകവും
കര്‍ണ്ണികാരം സമോദം.
ഓര്‍ക്കുന്നൂ പൊന്നുപോലാമുരുളിയിലരുളും
ശുഭ്രവസ്ത്രത്തിലായി
കണ്ണന്‍താന്‍ നില്പു ചുറ്റും തൊടുകുറി മഷിയും
വെള്ളരിക്കാവിളക്കും
ചൂതംകേരാക്ഷതങ്ങള്‍പനസവുമതുപോല്‍
പക്വമാം നല്‍ഫലങ്ങള്‍
സ്വര്‍ണ്ണംനല്‍ക്കര്‍ണ്ണികാരംപലതുമിതുവിധം
ചേര്‍ത്തുവയ്ക്കും കണിക്കായ്
കൈകള്‍കൊണ്ടെന്‍റെ കണ്‍കള്‍ മൃദുലതരമതായ്
പൊത്തിമുത്തശ്ശിയപ്പോള്‍
മുന്നോട്ടായ് തള്ളിനീക്കീട്ടതുടനെ പറയും
കണ്‍തുറന്നത്ര നോക്കൂ
കേരത്തില്‍ കത്തിനില്ക്കും പവനസഖനതും
ദീപവും കര്‍ണ്ണികാരം
സ്വര്‍ണ്ണത്തിന്‍ ശോഭയേകും കരിമുകിലുടലും
കാണ്മതേ ഭാഗ്യമത്രേ!
ഇന്നും ഞാനോര്‍ത്തിടുന്നൂ സകലശുഭകരം
പൊന്‍കണീദര്‍ശനത്തിന്‍
ശേഷം കൈനീട്ടവുംതാന്‍ കരമതുനിറയും
മാനസം പോലെയപ്പോള്‍.
കൈനീട്ടം വാങ്ങിടുമ്പോള്‍ മമതനയരതും
എന്തുചിന്തിച്ചിതാവോ
ചൊല്ലാനാര്‍ക്കാവതുണ്ടീ പുതുതലമുറതന്‍
ചിന്തകള്‍ നൂതനങ്ങള്‍!
ഇന്നും ഞാന്‍ തീര്‍ത്തിടുന്നൂ കണിയൊരുവിധമാ -
യെന്‍ കുടുംബത്തിനായീ
ഒന്നൊന്നും വിട്ടുപോകാനിടവരരുതതെ -
ന്നുള്ളൊരാ ചിന്തയോടെ
വേഷം ഞാന്‍ മാറിയെന്നാല്‍വിഷുവതുപലതും കണ്ടുവെന്നാകിലും താന്‍
പണ്ടത്തേപ്പോലെയിന്നും മനമിതു നിറയും

പൊന്‍കണീ ദര്‍ശനത്താല്‍.

മമ ഭാരതമേ സ്വസ്തി
===========
(അഭിരാമം സാഹിത്യവേദി 2016 ഏപ്രില്‍ മാസത്തില്‍ നടത്തിയ കവിതരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനത്തിന് എന്നെ അര്‍ഹനാക്കിയ എന്‍റെ കവിത)

വന്ദിപ്പൂ ഭാരതാംബേ സ്ഖലിതമഖിലവും ചെയ്തു ഞങ്ങള്‍ സദൈവ
നിന്ദാഭാവം മുഖത്തും അവമതി നിതരാം കര്‍മ്മരംഗത്തുമായി .
തെറ്റല്ലോ ചെയ്തതെന്നുംക്ഷമയുടെ നിധിയാം ഭാരതാംബേ ക്ഷമിക്ക !
ചെറ്റും ചെയ്തീടുകില്ലാ സ്ഖലിതമിനിയതും ,സ്വസ്തി തേ ഭാരതാംബേ .

ഉണ്ടല്ലോ ഛിദ്രമെല്ലാം സകലഭുവനവും തിങ്ങിനില്ക്കുന്നിതല്ലോ
ഇണ്ടല്‍ വേണ്ടാ നമുക്കിന്നൊരുതരവുമതീ നാടിനേയേശുകില്ലാ.
ഏറ്റം ശക്തം നമുക്കീ ജനതയിലുളവാമൈക്യമത്യം നിനച്ചാല്‍
മറ്റൊന്നും വേണ്ടുപായം മഹിമയിയലുവാന്‍ ,സ്വസ്തി തേ ഭാരതാംബേ .

സംസ്കാരം കാണ്മതില്ലാ പുതിയതലമുറയ്ക്കെന്നു കേള്‍ക്കുന്നുവെന്നാല്‍
സംസ്കാരത്തിന്‍ നികേതം മമസഹജരതെന്നോര്‍ത്തിടാം നിത്യവും നാം.
കാലത്തിന്‍ മാറ്റമല്ലോ മനുജരെയഖിലം മാറ്റിടുന്നെന്ന സത്യം
കാലേ നാമോര്‍ത്തിടേണ്ടൂ സഹജരെയറിയാന്‍സ്വസ്തി തേ ഭാരതാംബേ .

സ്ത്രീകള്‍ക്കില്ലാ സുരക്ഷാകവചമിവിടെയെന്നുണ്ടൊരാക്ഷേപമത്രേ
സ്ത്രീകള്‍ക്കേറ്റം മഹത്ത്വം കരുതുവതൊരിടം ഭാരതം തന്നെയല്ലോ .
ഉണ്ടാം ദുര്‍വൃത്തരേതും ഭുവനമഖിലവും ഭാരതീയര്‍ക്കതെന്നാല്‍
ഉണ്ടേയെന്നും തിരുത്താന്‍ കഴിവിതു നിതരാംസ്വസ്തി തേ ഭാരതാംബേ .

രാജാക്കന്മാര്‍ക്കതെന്നും പൊതുധനഹരണം പഥ്യമാണെന്നുകാണ്മൂ
രാജ്യത്തിന്‍ ക്ഷേമമൊന്നും മനമിതിലുളവാകാത്തവര്‍ക്കെന്നുമെന്നും
നല്കും നല്‍പാഠമെല്ലാമതിനുകഴിവെഴും നല്‍പ്രജാവ്യൂഹമല്ലോ 
പുല്കുന്നൂ പാദപത്മം മനമതില്‍ നിരതം സ്വസ്തി തേ ഭാരതാംബേ .

വര്‍ഗ്ഗീയം തന്നെയല്ലോ സകലകലഹവും ഭൂവിലുണ്ടാക്കുമെന്നും
മാര്‍ഗ്ഗങ്ങള്‍ തേടുകെന്നും മനമതിലുളവാക്കീടുവാനൈക്യമത്യം.
ചൊല്ലുന്നൂ ഭാരതീയര്‍ ഭുവനമഖിലവും തിങ്ങിനില്ക്കുന്ന ശക്തി
പുല്ലില്‍പോലും വിളങ്ങും പരമപുരുഷനായ്,സ്വസ്തി തേ ഭാരതാംബേ .

ആതിഥ്യം തന്നെയല്ലോ പരമപുരുഷനാരാധനാസര്‍വ്വ ,മോര്‍ത്തി-
ട്ടിത്ഥം ചിന്തിച്ചിതല്ലോ അതിഥികളൊടു നാമാദരം ചെയ്തുപോന്നു .
എന്നെന്നും കാത്തിടും നാമുയിരിനുസമമായ് പൈതൃകസ്സ്വത്തുതാനീ
മന്നിന്‍ സംസ്കാരമൊന്നേയുലകിതിലമൃതം സ്വസ്തി തേ ഭാരതാംബേ .

ശത്രുക്കള്‍ക്കൊന്നുമെന്നും ഒരുവിധവുമിതീ സ്വര്‍ഗ്ഗഭൂവില്‍ കടക്കാന്‍
സൂത്രത്തില്‍ നാശമൊന്നും പണിയുവതിനു നാം സമ്മതം നല്കുകില്ലാ .
സാഹോദര്യംസമത്വം സകലഹൃദയവും തിങ്ങവേയാവതില്ലാ
മോഹിച്ചാല്‍പോലുമാര്‍ക്കും വിഘടനമതിനായ്സ്വസ്തി തേഭാരതാംബേ .

എന്നെന്നും പാദപത്മം തഴുകിയുണരുവാനാഗ്രഹിക്കുന്നപത്യര്‍
പുണ്യം താന്‍ ഭാരതാംബേ തവചരിതമതാം കീര്‍ത്തനം ഭൂവിനെല്ലാം .
ശോഭിപ്പൂ രത്നമായ് താന്‍ ക്ഷമയുടെ നിധിയായ് വാഴുകെന്നും ജഗത്തി -
ന്നാഭാതിക്കേകകേന്ദ്രം സുരപഥമതുതാന്‍ സ്വസ്തി തേ ഭാരതാംബേ .

===============കൃഷ്ണരാജ ശര്‍മ്മ================
പദപരിചയം:-സ്ഖലിതം തെറ്റ്
നിതരാം മുഴുവനുംപൂര്‍ണ്ണമായി തുടരേ.ക്ഷമയുടെ നിധി ഭൂമിയുടെ അമൂല്യനിധിയായ ഏറ്റവുമധികം സഹിഷ്ണുത പുലര്‍ത്തുന്ന എന്ന അര്‍ത്ഥവും കല്പിക്കാം.ചെറ്റും അല്പം പോലുംഒട്ടും.നികേതം സംഭരണശാല ഭവനം,അഭയസ്ഥാനം.ഇത്ഥം ഇപ്രകാരം
അപത്യര്‍ മക്കള്‍ (അച്ഛനമ്മമാരെ നരകത്തില്‍ പതിപ്പിക്കാത്തവര്‍ എന്നര്‍ത്ഥം).ആഭാതി ശോഭപ്രതിഛായ.സുരപഥം സ്വര്‍ഗ്ഗം,ആകാശം.

വിഷുക്കണി
========

തീര്‍ത്ഥാക്ഷരങ്ങളില്‍ കൊച്ചുകണിയുമായ്
ചെന്നു ഞാനന്നാ വിഷുദിനത്തില്‍.
നല്ല സുഹൃത്തുക്കള്‍ കണ്ടുണര്‍ന്നീടുവാന്‍
തീരെച്ചെറുതാം കണിയുമായി.
എല്ലാരുമുത്സാഹത്തോടെ കണികണ്ടു
നല്ല വാക്കുകളാലാശംസിച്ചു.
തീര്‍ത്ഥാക്ഷരത്തറവാട്ടിലുള്ളോരപ്പോള്‍
നല്ലൊരു കൈനീട്ടം തന്നുവിട്ടു.
വായനതന്നെയേറ്റം പ്രിയമുള്ളൊരെ-
ന്നന്തരംഗം കണ്ടിട്ടായിരിക്കാം.
അക്ഷരസമ്പത്തിന്‍ നല്ല ഖജാനയാം
ഗ്രന്ഥങ്ങള്‍ കൈനീട്ടമായി നല്കി.
ശ്രേഷ്ഠമാ തീര്‍ത്ഥാക്ഷരത്തറവാടതില്‍
കാവ്യസുമങ്ങള്‍ നിറഞ്ഞീടട്ടെ.
എന്നെന്നുമീ ഹൃത്തടത്തില്‍ വിടരുന്ന
നന്ദിതന്‍ പൂക്കളര്‍പ്പിച്ചീടുന്നു.
====കൃഷ്ണരാജ ശര്‍മ്മ.====
{തീര്‍ത്ഥാക്ഷരങ്ങളില്‍   വിഷുക്കണി  കവിതരചനമത്സരത്തില്‍ സമ്മാനം കിട്ടിയതിന്   മറുപടിയായി  പോസ്റ്റ്  ചെയ്തത്.}
ആരാമം=post-10/04/2016
=======
എത്രയും സുന്ദരമീയാരാമത്തിലെ
പൂക്കളെ നമ്മള്‍ താലോലിക്കേണം
വൈവിദ്ധ്യമാര്‍ന്ന സുമങ്ങള്‍ നിറഞ്ഞോരീ -
യാരാമം കണ്ണിന്നമൃതമല്ലോ.
സൌഗന്ധസൂനങ്ങള്‍ തിങ്ങിനിറഞ്ഞോരീ -
യാരാമം ഭൂമിയില്‍ സ്വര്‍ഗ്ഗമല്ലോ.
ഈ സ്വര്‍ഗ്ഗഭൂവില്‍ വസിക്കും പ്രജകള്‍ നാ-
മെല്ലാരും സോദരര്‍ തന്നെയല്ലോ.
ഓരോ സുമവുമീയാരാമത്തിന്‍ ഭംഗി
കൂട്ടുന്നുവെന്നതറിഞ്ഞീടുക
ഓരോ സുമത്തേയും താലോലിച്ചീടുക
നമയ്ക്കേകുകഭിനന്ദനങ്ങള്‍.
പോരായ്മകള്‍ സ്നേഹം മുറ്റുന്ന ഭാഷയില്‍
ചൊല്ലിക്കൊടുക്കേണം നമ്മളെല്ലാം.
നാനാവിധസൂനജാലം നിറഞ്ഞാലെ -
യാരാമം കാണ്മൂ നാം ഭംഗിയോടെ.



പ്രകാശം
=========

ജീവന്‍റെ വെട്ടം നിലനിര്‍ത്തിടാനായ്
ശസ്ത്രങ്ങള്‍ കൊണ്ടേറെ ഭിഷഗ്വരന്മാര്‍
യത്നിപ്പുവെന്നാലതുശസ്ത്രമത്രേ
ജീവന്നെടുക്കുന്നതുമെന്നു സത്യം.

ജീവന്‍ ത്യജിച്ചും പ്രിയ നാട്ടുകാരെ
രക്ഷിപ്പു കാവല്‍ഭടരെന്നുമെന്നും
ജീവന്‍ കളഞ്ഞും പ്രതികാരമങ്ങു
തീര്‍ക്കുന്നു മര്‍ത്ത്യന്‍ പ്രിയ നാട്ടുകാരില്‍.

ആദ്യം ഭുജിക്കുന്നമൃതാം മുലപ്പാല്‍
നല്കുന്നതോരംഗനതന്‍ സ്തനങ്ങള്‍.
ഓര്‍ക്കുന്നുവോ മര്‍ത്ത്യനതാ മരന്ദം
പിളര്‍ക്കവേയംഗനതന്‍റെ മാനം.

കേള്‍ക്കാം സവര്‍ണ്ണര്‍ദളിതര്‍ തുടങ്ങി
ഘോരം പ്രസംഗിപ്പതു നാടുനീളേ
കേള്‍ക്കുന്നതില്ലാ പറയുന്നതെങ്ങും
മനുഷ്യനെന്നുള്ളൊരു വാക്കുമാത്രം.

വസനം ലഭിക്കാതശനം ലഭിക്കാ-
തലഞ്ഞിടുന്നെത്രയോ ജീവിതങ്ങള്‍
ആഡംബരത്തിന്നിഹ കോടികള്‍ താന്‍
നശിക്കവേയോര്‍ക്കുകയില്ല മര്‍ത്ത്യര്‍.

ദേവാലയങ്ങള്‍ മണിമന്ദിരങ്ങള്‍
വേണ്ടാ മനസ്സിന്നു വിലങ്ങുവയ്ക്കാന്‍
വിശാലമാം ഹൃത്തിലുണര്‍ന്നിടട്ടേ
ലോകം നിറഞ്ഞുള്ളൊരു സര്‍വ്വശക്തന്‍.

ഇരുട്ടു മാറ്റാം മനസ്സില്‍ നിറയ്ക്കാം
സ്നേഹപ്രകാശംപകരാമതെങ്ങും
ലോകത്തിലെങ്ങും പടരട്ടെ ശാന്തി
കൈകോര്‍ത്തിടാം നമ്മളതിന്നു വേണ്ടി.


=========//കൃഷ്ണരാജ ശര്‍മ്മ\\========

ബാല്യത്തിലെ ഓണം

ഇന്നുമോര്‍ക്കുന്നുഞാന്‍ ബാല്യകാലത്തിലെ-
യേറ്റം രസകരമാ നിമിഷങ്ങളെ.
പൂക്കളം തീര്‍ക്കുവാന്‍ തുമ്പയിറുക്കുവാന്‍
പാടവരമ്പിലൂടന്നു നാം പോയതും.
കുണ്ടനിടവഴി താണ്ടിയ നേരത്തു
ചെമ്പരത്തിപ്പൂ ചിരിപ്പതു കണ്ടതും
"ഞാന്‍ തന്നെയാണിറുക്കേണ്ടതാ പൂക്കളി-
തെന്നേ തലയിലിരുത്തണമിപ്പൊഴേ"
എന്നു നീ ചൊല്ലവേ നിന്നെയെടുത്തു ഞാന്‍
വച്ചു തലയില്‍നീയിന്നതോര്‍ക്കുന്നുവോ ?
വണ്ടിയോടിച്ചന്നു പിന്നാലെ വന്ന നിന്‍
ജ്യേഷ്ഠനേയും മനസ്സില്‍ കാണ്മുവിന്നു ഞാന്‍!
എന്നനുജത്തിയുമോരോ സുമങ്ങളായ്
കാണിച്ചു തന്നതുമിന്നുമോര്‍ക്കുന്നു ഞാന്‍.
ഇന്നു ഞാനീ നഗരത്തില്‍ കഴിയവേ
നാട്ടില്‍ നീ പൂക്കളം തീര്‍ക്കുകയായിടാം !
========കൃഷ്ണരാജ ശര്‍മ്മ========


സത്യം വദ.
//=======//

സത്യത്തിന്നാസ്യമെന്നും കനകമയമതാം
വന്മറയ്ക്കുള്ളിലാക്കീ
രാജന്മാ,രജ്ഞരാകും ജനതതിയെസദാ
വിഭ്രമിപ്പിച്ചുവാഴും.
സത്യം താന്‍ ചൊല്ലുവാനായ് ശ്രമമണുവിടപോല്‍
ചെയ്യുമെന്നങ്ങുവന്നാല്‍
നല്കീടും സ്വത്തപാരം നയനയുഗളവും
പൂട്ടിതാന്‍ നില്ക്ക വേണ്ടൂ
ആദര്‍ശം ചൊല്ലിയെങ്ങാനടിമ ചമയുവാന്‍
പറ്റുകില്ലെന്നു ചൊന്നാല്‍
കണ്ടെത്തും ദേഹമപ്പോളപകടമതിനാല്‍
ദേഹിവിട്ടുള്ളതായി.
സത്യം താന്‍ കാണ്മതിന്നായ് ഭയരഹിതമതാ-
യെന്നുമേ ചൊല്ലിടാനായ്
ധൈര്യം നീയേകിടേണേ സകലഭുവനവും
വാണിടുന്നീശനേ നീ.
॥ =======================
------കൃഷ്ണരാജ ശര്‍മ്മ--------


സ്രഗ്ദ്ധര-23/01/2016



മഞ്ചാടിക്കുരു.
=========  
ഉത്തരകേരളം തന്നില്‍ വസിച്ചൊരു
സാത്ത്വികയോഷിത്തിന്നുള്ളം തന്നില്‍
കണ്ണനെക്കാണുവാന്‍ വാതാലയത്തിനു
തിണ്ണം ഗമിക്കുവാന്‍ മോഹമായി.

ഭക്തയാം സാദ്ധ്വിയോ കണ്ണനു നേദ്യമായ്
ഭക്തമതെന്നുമൊരുക്കിവെയ്ക്കും.
ദീപം കൊളുത്തീടും സന്ധ്യകളിലെന്നാല്‍
ദീപം തെളിഞ്ഞീടും ഹൃത്തിനുള്ളില്‍

കണ്ണന്‍റെ പാദങ്ങള്‍ പൂണുവാനായിട്ടു
മണ്ണിലെ വൈകുണ്ഠം പൂകുന്നേരം
പ്രാഭവമേറുമാ കാല്ക്കലര്‍പ്പിക്കുവാന്‍
പ്രാഭൃതമില്ലാതെ ഖിന്നയായി.

ചിന്തകളാഭക്ത തന്നന്തരംഗത്തില്‍
ചെന്തീ കണക്കെ പടര്‍ന്ന നേരം
ചെന്താമരാക്ഷനു കാഴ്ചയര്‍പ്പിക്കുവാന്‍
ചന്തമേറും മുത്തു കണ്ടെടുത്തു .

മഞ്ചാടി മുത്തുകള്‍ മുറ്റത്തു കാണവേ -
യഞ്ചിതഭ്രൂ തന്‍ മുഖം തെളിഞ്ഞൂ .
ചെമ്മേയെടുത്തു തുടച്ചുമിനുക്കിയാ -
ളമ്മട്ടിലെന്നുമേ ചേര്‍ത്തുവെച്ചൂ .

വത്സരമൊന്നു കഴിഞ്ഞപ്പോള്‍ കാഴ്ചയായ്
വത്സപാലന്‍റെയരികിലെത്താന്‍
മെല്ലേ പുറപ്പെട്ടു കുന്നും പുഴകളു -
മല്ലലില്ലാതെ കടന്നുവന്നൂ .

"തുച്ഛമീ മഞ്ചാടി കണ്ണനിതേകാനോ"
പുച്ഛം നിറഞ്ഞുള്ള ചോദ്യങ്ങളായ്.
"തീരെയബല നീയൊറ്റയ്ക്കിതത്രയും
ദൂരം ഗമിക്കുമോ"യെന്നൊരുവര്‍ .

കുന്നും മലകളും വാക്കുകളെന്നല്ല
ഒന്നിനും പിന്തിരിപ്പിക്കാനാകാ .
ഉള്ളില്‍ നിറയുമാ ജ്യോതി നയിക്കുകി -
ലെള്ളോളമുണ്ടോ വ്യസനമേതും ?

നാല്പത്തിനാലു ദിനങ്ങള്‍ നടന്നവര്‍
കല്പികസന്നിധിയെത്തിയപ്പോള്‍.
മാസത്തിലൊന്നാം ദിനം നാടുവാഴി തന്‍
മാസികദര്‍ശന വേളയല്ലോ .

ആരുമേ വീഥിയില്‍ വന്നുകൂടെന്നൊരു
തീരുമാനം ഭക്തര്‍ പാലിക്കേണം.
ഒന്നുമറിയാതെ വന്നോരു ഭക്തയെ
അന്നേരം സൈന്യമോ തള്ളിമാറ്റി.

നെഞ്ചോടടക്കിപ്പിടിച്ച മുഷിഞ്ഞോരു
സഞ്ചിയവരെറിഞ്ഞേറെ ദൂരെ .
മിന്നിത്തിളങ്ങുമാ മാണിക്യക്കല്ലുകള്‍
മന്നിടമാകെ ചിതറിവീണു .

ആനന്ദമുള്ളില്‍ നിറയുന്നരചനും
ആനപ്പുറം തന്നില്‍നിന്നിറങ്ങേ ഉച്ചത്തില്‍ മത്തേഭമട്ടഹസിച്ചുടന്‍
തച്ചുടച്ചെല്ലതും രോഷമോടെ.

ആര്‍ക്കുമേയൊട്ടും നിയന്ത്രിപ്പാനാകാതെ
തീര്‍ക്കുന്നു നാശങ്ങള്‍ സ്വച്ഛന്ദമായ് .
വീണു നടയിങ്കല്‍ പെട്ടെന്നരചനും
കേണു "ഭഗവാനെയെന്തുചെയ് വൂ ?"

പെട്ടെന്നെശരീരി വാക്കുകളിങ്ങനെ
കേട്ടു "നീയെന്നെയുപദ്രവിച്ചു.
മാണിക്യക്കല്ലുമായ് വന്നോരെന്‍ ഭക്തയോ
വീണു കിടപ്പൂ നിന്‍ ചെയ്തിയാലേ.

മണ്ണില്‍ ചിതറിയ മഞ്ചാടി മുത്തുകള്‍
തിണ്ണം നീയെന്മുന്നില്‍ വെച്ചീടേണം.
ശക്തനാം നീയിപ്പോള്‍ വീണു കിടക്കുന്ന
ഭക്തതന്മുന്നില്‍ നമിച്ചീടേണം".

മുന്നം നടന്നതിന്നോര്‍മ്മയിലായിടാം
ഇന്നും ഗുരുപവനാലയത്തില്‍
മഞ്ചാടിമുത്തുകള്‍ പാത്രം നിറഞ്ഞങ്ങി -
ന്നഞ്ചിത കാന്തി കലര്‍ന്നിരിപ്പൂ .
======കൃഷ്ണരാജ ശര്‍മ്മ=======



ഭക്തം =നിവേദ്യം (ഭക്ഷണം) ; യോഷാ യോഷിത്ത് സ്ത്രീ പ്രാഭവം =ശ്രേഷ്ഠത പ്രാഭൃതം കാഴ്ചദ്രവ്യം പൂണുക പ്രാപിക്കുക അഞ്ചിതഭ്രൂ സുന്ദരി വത്സപാലന്‍ ശ്രീകൃഷ്ണന്‍ ;കല്പിക യോഗ്യം യഥാര്‍ഹം സ്വച്ഛന്ദം തന്നിഷ്ടപ്രകാരം തിണ്ണം പെട്ടെന്ന്ഒട്ടും വൈകാതെ അഞ്ചിത പൂജിക്കപ്പെട്ട ബഹുമാനിക്കപ്പെട്ട .


ബ്രഹ്മജ്ഞാനം

അമ്പലത്തില്‍ തൊഴാന്‍ ശുദ്ധിവരുത്തിയി -
ട്ടന്തണന്‍ വീഥിയിലേക്കിറങ്ങെ
നേരെ വരുന്ന ചണ്ഡാലദ്വയങ്ങളെ
കണ്ടു കല്‍പിച്ചുവന്നേരമിത്ഥം .
"മാറുക മാര്‍ഗ്ഗത്തില്‍ നിന്നു ചണ്ഡാലരെ
ക്ഷേത്രത്തിലേക്കു ഗമിയ്ക്കുന്നു ഞാന്‍ "
"വിശ്വനാഥന്‍ തന്‍റെ ദര്‍ശനത്തിന്നഹോ
വിപ്രവര്യാ ഗമിക്കുന്നുവങ്ങ് ?
പഞ്ചഭൂതാത്മകമീ ദേഹമോ വഴി
മാറേണ്ടതാ തുല്യ ദേഹത്തിനായ്
വിശ്വം നിറഞ്ഞൊരീ ശക്തിയോ മാറേണ്ട -
താ ശക്തിയില്‍ നിന്നു തന്നെ ചൊല്ലൂ
ചണ്ഡാലഗോത്രത്തിനോടയില്‍ കാണ്മതും
ഗംഗയില്‍ കാണ്മതുമേക സൂര്യന്‍
സ്വര്‍ണ്ണപാത്രത്തിലും മണ്‍കുടം തന്നിലും
ബിംബിപ്പുവാകാശമൊന്നുപോലേ
സൃഷ്ടികളേതിലും സച്ചിദാനന്ദമായ്
ലീനമാകും ശക്തിയൊന്നു തന്നെ .
ചണ്ഡാലനെന്നും ദ്വിജനെന്നുമുള്ളൊരീ
ഭേദമെന്തില്‍ ചൊല്‍ക ഭൂമിദേവാ ".
ചണ്ഡാലനോതിയ വാക്കുകള്‍ വിപ്രന്‍റെ -
യുള്ളില്‍ തമോഘ്നമാം ദീപ്തിയായി.
ജ്ഞാനിയാമെങ്കിലു മജ്ഞാനഭൂതമ -
ഹന്തയുണ്ടുള്ളിലെന്നോര്‍ത്തിതപ്പോള്‍

ജാഗ്രത്തില്‍ സ്വപ്ന സുഷുപ്തികളില്‍ സദാ
ദീപ്തമാം ജ്യോതിസ്വരൂപമല്ലോ.
ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തി താന്‍
ജീവികളേതിലുമുള്ളൊരുണ്മ .
ആ ശക്തിതന്നെ താന്‍ ഈശനതുതന്നെ -
യെന്നറിയുന്നവന്‍ ജ്ഞാനി തന്നെ
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

വൈവിദ്ധ്യമോലുമീ വിശ്വം പലതായി
കാണ്മതാണജ്ഞത യെന്നറിവോന്‍
ഓരോ പരമാണുവിന്‍ പൊരുളാവതും
വിശ്വത്തിന്‍ ഹേതുവുമാ ചൈതന്യം .
എന്നിലും നിന്നിലും ഉള്ളതാ ചൈതന്യം
ബ്രഹ്മമതു തന്നെയെന്നറിവോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .


ദൃഷ്ടിക്കു ഗോചരമായതു നശ്വരം
തൃഷ്ണയാകാ ഭോഗവസ്തുക്കളില്‍ .
ജ്ഞാനാഗ്നിയില്‍ ഹവിച്ചീടുക മോഹവും
ജ്ഞാനമൊന്നേ തോഷമേകു പാരില്‍ .
ചിത്തത്തെയീശനില്‍ മാത്രമുറപ്പിച്ച്
നിത്യമാം സത്യമറിയുന്നവന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

ജീവജാലങ്ങള്‍ക്കു ചേതന നല്‍കുമാ
ജ്യോതി മനുഷ്യരില്‍ മങ്ങി നില്‍പ്പു
ദേഹാഭിമാനവും തൃഷ്ണയും ഹേതുവായ് ;
സൂര്യനെ മേഘം മറയ്ക്കും പോലെ
അജ്ഞാനമാം മറ നീക്കിയാ ജ്യോതിയില്‍
ലീനമായ് ബ്രഹ്മമായ് തീര്‍ന്നിടുന്നോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

വിശ്വത്തിലുള്ളൊരീ തേജസ്സതെല്ലതും
സര്‍വ്വേശനാണെന്ന ചിന്തയാലെ
സച്ചിദാനന്ദസ്വരൂപനേവം സദാ
ചിത്തേ വിളങ്ങണം നിര്‍മ്മായമായ് .
അജ്ഞാനമാമന്ധകാരമൊഴിഞ്ഞുപോയ്
ബ്രഹ്മതേജസ്സു നിറഞ്ഞുനില്‍പ്പോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .

ഏതു സൌഖ്യാംബുധീപീയൂഷപാനമോ
ദേവര്‍ക്കമരത്വമേകി വന്നു,
ഏതാഴി തന്നില്‍ ബുധജനമാറാടി -
യാനന്ദ നിര്‍വൃതി പൂണ്ടു നില്‍പൂ ,
ആ ബ്രഹ്മസാഗരം തന്നിലലിഞ്ഞവന്‍
ബ്രഹ്മാവിനാല്‍ പോലും പൂജ്യനായോന്‍
ചണ്ഡാല പുത്രനോ ബ്രാഹ്മണ പുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .


അവലംബം മനീഷാപഞ്ചകം


തപ്തഹൃദന്തം
========
സപ്തസാഗരങ്ങളേ കണ്ടുവോ നിങ്ങള്‍ മമ
സഖിയെ മനസ്വിനിയവള്‍ക്കു സുഖമാണോ ?
സഖിയാലപിച്ചിടും ശോകസാന്ദ്രമാമൊരു
ഗാനമോയെന്നും നിങ്ങള്‍ പാടുന്നൂ തിരകളേ ?

പുഞ്ചിരി തൂകും താര സുന്ദരിമാരേ നിങ്ങള്‍
കണ്ടുവോ മനോജ്ഞയെ മാനത്തിന്‍ മട്ടുപ്പാവില്‍ ?
കണ്ണുചിമ്മുന്നതെന്തേ താരകാറാണിയായി
വാനത്തിന്‍ കൊട്ടാരത്തില്‍ വാഴുകയാണോ സഖി ?

നീരദജാലങ്ങളേ നിങ്ങള്‍തന്‍ കൂട്ടത്തിലെന്‍
മാനസേശ്വരിയുണ്ടോ ചൊല്ലുകയില്ലേ നിങ്ങള്‍
വര്‍ഷബിന്ദുക്കള്‍ ,നിങ്ങള്‍ കണ്ടുവോ മേഘങ്ങളില്‍
ഹൃദയേശ്വരിയാളെ സുഖമായ് വാഴുന്നുവോ ?

പുഷ്പഗന്ധവും പേറി മന്ദമായൊഴുകിടു -
മിളംതെന്നലേ നീയെന്‍ സഖി തന്‍ സ്വരം കേട്ടോ ?
കണ്ടുവോ സഖിയെ നീ നിന്നുടെ കാതില്‍ മെല്ലെ -
യെന്നുടെ കാര്യമവള്‍ നിനവില്‍ പറഞ്ഞുവോ ?

വാനവീഥിയിലെങ്ങോ ഒളിക്കുന്നതെന്തവള്‍
തെന്നലേ കാതില്‍ മെല്ലെ യോതുമോ നീയിക്കാര്യം ?
"വെന്തുരുകുന്നു ഞാനും വിരഹാഗ്നിയിലിന്നും
വരില്ലെന്നടുത്തെങ്കില്‍ കൊണ്ടുപോയീടുകെന്നെ ."

==========കൃഷ്ണരാജ ശര്‍മ്മ==========






വിവേകം

എങ്ങു നീയെങ്ങു നീ മര്‍ത്ത്യന്നു നേര്‍വഴി -
യേകിടും ദിവ്യപ്രകാശമേ യെങ്ങു നീ
കെട്ടുപോയിട്ടില്ലയിന്നുമാ ജ്യോതിയെ-
ന്നാശിപ്പുവെന്‍ മനമെങ്ങൊളിക്കുന്നു നീ
ഇന്നീ വസുന്ധര ദുഷ്കര്‍മ്മസഞ്ചയം
കൊണ്ടു നിറഞ്ഞതു നീ കാണ്മതില്ലയോ
ലക്ഷങ്ങള്‍ ദാരിദ്ര്യമേറ്റു വലയവേ
കോടികളായുധനിര്‍മ്മിതി ലക്ഷ്യമായ്
പാഴ്ച്ചെലവാകുന്നുഭൂവില്‍ സമാധാന -
മജ്ഞാതവസ്തുവായ് മാറുന്നറിക നീ
അന്ധകാരത്തിലുഴറും പൊതുജന -
മക്രമമേറ്റു വലയുന്നിതെത്രയും .
ഛത്രപതികളഴിമതിതന്‍ സ്വര്‍ണ്ണ-
സിംഹാസനമേറി വാഴുന്നറിക നീ
കാണുന്നതെങ്ങുമേ കേവലം പൊയ്മുഖ-
മാരേയുമൊന്നിനേയും വിശ്വസിച്ചിടാ .
ഇല്ലാ വിവേചനശക്തിയിന്നാര്‍ക്കുമേ
തെറ്റും ശരിയുമേതെന്നറിഞ്ഞീടുവാന്‍
തസ്കരസംഘം പലരൂപമാര്‍ന്നിതാ
പാവകളിക്കാരനെപ്പോലെ നിര്‍ഭയം
പാവരാജാവിനെ താളത്തിനൊത്തുതാന്‍
തുള്ളിക്കളിപ്പിക്കയാണെന്നറിക നീ
ഗര്‍ദ്ദഭമൊട്ടും പ്രതികരിക്കാതെയാം
ഭാരവും പേറി നടപ്പുതാനിപ്പൊഴും .
ജാതിമതങ്ങളതീശ്വരനെന്നല്ല
രക്തച്ചൊരിച്ചിലിന്നെത്രയോ കാരണം

വെള്ളത്തില്‍ ഭൂമിയില്‍ ,വായുവില്‍ കാലന്‍റെ
വാഹനം പായുന്നുവെങ്ങുമതിദ്രുതം
ഭൂമിതന്‍ പച്ചയാം ചേലയുരിഞ്ഞതാ
നഗ്നയാക്കീടുന്നൊരു കൂട്ടര്‍ നിര്‍ദ്ദയം
മിഥ്യയാം സ്വര്‍ഗ്ഗം ചമച്ചു ലഹരിയാല്‍
നിത്യനരകത്തിലെത്തുന്നിതെത്രപേര്‍
നിന്നഭാവത്തിലിന്നെത്ര കെടുതിക -
ളിത്ഥം ഭവിക്കുന്നുവെന്നറിയുന്നുവോ
എങ്ങു നീയെങ്ങു നീ മര്‍ത്ത്യന്നു നേര്‍വഴി -
യേകിടും ദിവ്യപ്രകാശമേയെങ്ങു നീ
നീ വന്നുദിച്ചിടാന്‍ വൈകരുതൊട്ടുമേ
ഹൃത്തിലൊളി പകര്‍ന്നീടുവാന്‍ നേരമായ്
നീ വരികെത്രയും വേഗം പ്രകാശമേ
നീ വരികെത്രയും വേഗം വിവേകമേ
രക്ഷിക്കയാസന്നമൃത്യുവില്‍ നിന്നു നീ
ഭൂമിയെ ദിവ്യജ്യോതിസ്സേ വരിക നീ .
======കൃഷ്ണരാജ ശര്‍മ്മ=========




ഏഴിലമ്പാല
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു
ശ്യാമാംബരത്തില്‍ നിറയുന്നുഡുക്കള്‍
സമാനമാ പാദപമേറി പൂക്കള്‍.

സന്താനഗോപാലനമര്‍ന്നിടുന്ന
മനോഹരം ക്ഷേത്രമതൊന്നു മേലേ.
ആമ്പല്‍പ്രസൂനങ്ങളതേറെയെണ്ണം
വിടര്‍ന്നു നില്ക്കുന്നൊരു പൊയ്ക താഴെ.

ചുറ്റും മരങ്ങള്‍ വയലെന്നിവയ്ക്കു
നടുക്കുനില്ക്കുന്നൊരു ശാന്തവാസം.
വൃക്ഷത്തിലെത്തുന്നു വിഹംഗജാലം
വിഹംഗമന്‍ പശ്ചിമ ദിക്കു പൂകേ.

ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരംപൊയ്കയില്‍ ഛായ തീര്‍ക്കേ .
സായന്തനത്തിന്നരുണാഭയേറും
തടാകമോ കാണ്മതിനെന്തുഭംഗി .

മദ്ധ്യാഹ്നമാകുന്നൊരു വേളയിങ്കല്‍
വരുന്നു പാലത്തണല്‍ തേടിയാള്‍ക്കാര്‍ .
മന്ദാനിലന്‍ പൂമണമായ് വരുന്നൂ
തലോടലാല്‍ ശ്രാന്തിയകറ്റിടാനായ് .

ചൊല്ലുന്നു ശാസ്ത്രം മരമെന്നുമെന്നും
തരുന്നുവന്നം സകലര്‍ക്കുമത്രേ .
നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും .

എന്നിട്ടുമീ പാലയതെന്നുമെന്തേ
മനുഷ്യഹൃത്തില്‍ ഭയമേകി വന്നൂ ?
മുത്തശ്ശി ചൊല്ലും കഥകള്‍ പകര്‍ന്നോ
മനസ്സിലെന്നും നിറയുന്ന ഭീതി ?

എന്നാകിലും ഞങ്ങളിരുന്നുവെന്നും
പ്രതീക്ഷയോടേ തരുവിന്‍ ചുവട്ടില്‍.
ഗന്ധര്‍വ്വ ഗാനം മധുരംശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ .

വന്നൂവിളംകാറ്റു സുഗന്ധമേന്തി
പരന്നു പൂവിന്‍ മണമെങ്ങുമെങ്ങും.
പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല.

നല്കുന്നുവെന്നും മനുജര്‍ നിനക്കു
പരോപകാരത്തിനു നന്ദികേടോ ?
പാവം നിനക്കിന്നൊരു ഭീകരന്‍റെ
മുഖം ചമച്ചെന്തിനറിഞ്ഞതില്ല .

അല്ലെങ്കിലും മര്‍ത്ത്യനു നന്മചെയ്താല്‍
തിരിച്ചുകിട്ടുന്നതു നന്ദികേടാം .
ലാഭേച്ഛയോടല്ല മരങ്ങളെന്നും
പരോപകാരം ഭുവി ചെയ് വതൊന്നും.

====കൃഷ്ണരാജ ശര്‍മ്മ ====

"ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ ശിലാതലേ "= അഗ്നിപര്‍വ്വതസ്ഫോടനഫലമായി ഉണ്ടായതാണ് കരിമ്പാറക്കൂട്ടങ്ങള്‍ എന്ന്‍ ശാസ്ത്രം .
ദിവ്യദാരു ഏഴിലമ്പാല യക്ഷികളുടെ ആവാസമെന്നാണ് ആരോപണമെങ്കിലും ഭഗവതിയ്ക്ക് പ്രിയപ്പെട്ടതാണെന്ന് വിശ്വാസമുണ്ട്ഭഗവതീക്ഷേത്രങ്ങളുടെ മുന്നില്‍ പാലനട്ടുവളര്‍ത്താറുണ്ട്രാത്രിയുടെ രണ്ടും മൂന്നും യാമങ്ങളില്‍ നിശാചരികള്‍ക്ക് വിഹരിക്കാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടത്രെ അതുകൊണ്ട് ആ സമയത്ത് മനുഷ്യന്‍ അവിടെ പോയി അവരുടെ സ്വൈരവിഹാരം തടസ്സപ്പെടുത്തരുത്.ഇത് പണ്ടുകാലത്തെ വിശ്വാസംഅയ്യപ്പന്‍ വിളക്കിന് ഭഗവതീക്ഷേത്രത്തിനു മുന്‍പില്‍ പാലമരം സ്ഥാപിക്കുന്ന പതിവുണ്ട്.
വിഹംഗമന്‍ വിഹ(ആകാശ)ത്തില്‍ ഗമിക്കുന്നവന്‍ സൂര്യന്‍ (പുല്ലിംഗം ).
വിഹംഗം വിഹ(ആകാശ)ത്തില്‍ ഗമിക്കുന്ന പക്ഷി (നപുംസകം ). രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ പുല്ലിംഗമാകുമ്പോള്‍ ഗാംഭീര്യം വരുന്നു അപ്പോള്‍ സൂര്യന്‍ എന്നര്‍ത്ഥം വരുന്നു.
"മരമെന്നുമെന്നും തരുന്നുവന്നം സകലര്‍ക്കുമത്രേ " = അന്നം (അന്നജംനിര്‍മ്മിക്കാന്‍ സസ്യങ്ങള്‍ക്കുമാത്രമേ കഴിയൂ എന്ന് പുരാണങ്ങളും ശാസ്ത്രവും പറയുന്നു .
"നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും" = മനുഷ്യന് വിഷാദരോഗമുണ്ടാക്കുന്നതും  ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുന്നതുമാണ് കാര്‍ബ്ബണ്‍ ഡൈ ഓക്സൈഡ് എന്ന് ശാസ്ത്രമതംഅത് വലിച്ചെടുക്കുന്ന മരങ്ങള്‍ പകരം ഊര്‍ജ്ജദായകമായ ഓക്സിജന്‍ തരുന്നു .
"ഗന്ധര്‍വ്വ ഗാനം മധുരംശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ ."= യക്ഷികിന്നരഗന്ധര്‍വ്വന്മാരുടെ കഥകള്‍ ശൈശവത്തില്‍ പകര്‍ന്നുതന്നത് ഭീതിയായിരുന്നില്ല അമാനുഷികശക്തികളോടുള്ള ആരാധനസംഗീതത്തോടുള്ള ആരാധന എന്നിവയായിരുന്നു.
"പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല." = വെള്ളിയാഴ്ചകളില്‍ കാത്തിരുന്നിട്ടും വരാതായപ്പോള്‍ അതൊക്കെ കഥകള്‍ മാത്രമായിരുന്നുവെന്ന് മനസ്സിലായി.

(ആഖ്യാനകി::വിഷമംഇന്ദ്രവജ്ര .സമം ഉപേന്ദ്രവജ്ര )
ത ത ജ ഗ/
s s I/ s s I / I s I / s s
ആഗ്നേയ/ശൈലാര്‍ജ്ജി/ത കൃഷ്ണ/വര്‍ണ്ണ
ജ ത ജ ഗ/
I s I/ s s I / I s I/ s s
ശിലാത/ലേ രാജി/ത ദിവ്യ/ദാരു

തൃശ്ശൂര്‍ -ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ ചൂണ്ടല്‍ എത്തുമ്പോള്‍ വടക്കുഭാഗത്തായി വലിയൊരു പാറയും അതിനുമുകളില്‍ സന്താനഗോപാലക്ഷേത്രവുമുണ്ട്ചുറ്റും ആമ്പല്‍പൊയ്കയുമുണ്ട് ക്ഷേത്രത്തിനുവടക്കുവശത്തായി വലിയൊരു പാലമരമുണ്ട്വയലില്‍ പണിയെടുക്കുന്നവര്‍ ഉച്ചനേരത്ത് ഇവിടെ വിശ്രമിക്കാറുണ്ട്വിജനമായതുകൊണ്ടാകാം സന്ധ്യകഴിഞ്ഞാല്‍ ,ക്ഷേത്രമടച്ചാല്‍ ആരും ആ വഴി പോകില്ല പാലപ്പൂമണമുണ്ടെങ്കില്‍ അങ്ങോട്ടുനോക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെട്ടിരുന്നുഞങ്ങള്‍ രണ്ടുമൂന്നുസുഹൃത്തുക്കളുടെ കൌമാരകാലത്തെ വിശ്രമകേന്ദ്രമായിരുന്നു ആ പരിസരംരാത്രിയാകുന്നതുവരെ കഥയും കവിതയുമൊക്കെയായി രസകരമായി സമയം ചെലവഴിച്ചിരുന്നുആ ഓര്‍മ്മയില്‍നിന്ന്........





തപ്തഹൃദന്തം
========
സപ്തസാഗരങ്ങളേ കണ്ടുവോ നിങ്ങള്‍ മമ
സഖിയെ മനസ്വിനിയവള്‍ക്കു സുഖമാണോ ?
സഖിയാലപിച്ചിടും ശോകസാന്ദ്രമാമൊരു
ഗാനമോയെന്നും നിങ്ങള്‍ പാടുന്നൂ തിരകളേ ?

പുഞ്ചിരി തൂകും താര സുന്ദരിമാരേ നിങ്ങള്‍
കണ്ടുവോ മനോജ്ഞയെ മാനത്തിന്‍ മട്ടുപ്പാവില്‍ ?
കണ്ണുചിമ്മുന്നതെന്തേ താരകാറാണിയായി
വാനത്തിന്‍ കൊട്ടാരത്തില്‍ വാഴുകയാണോ സഖി ?

നീരദജാലങ്ങളേ നിങ്ങള്‍തന്‍ കൂട്ടത്തിലെന്‍
മാനസേശ്വരിയുണ്ടോ ചൊല്ലുകയില്ലേ നിങ്ങള്‍
വര്‍ഷബിന്ദുക്കള്‍ ,നിങ്ങള്‍ കണ്ടുവോ മേഘങ്ങളില്‍
ഹൃദയേശ്വരിയാളെ സുഖമായ് വാഴുന്നുവോ ?

പുഷ്പഗന്ധവും പേറി മന്ദമായൊഴുകിടു -
മിളംതെന്നലേ നീയെന്‍ സഖി തന്‍ സ്വരം കേട്ടോ ?
കണ്ടുവോ സഖിയെ നീ നിന്നുടെ കാതില്‍ മെല്ലെ -
യെന്നുടെ കാര്യമവള്‍ നിനവില്‍ പറഞ്ഞുവോ ?

വാനവീഥിയിലെങ്ങോ ഒളിക്കുന്നതെന്തവള്‍
തെന്നലേ കാതില്‍ മെല്ലെ യോതുമോ നീയിക്കാര്യം ?
"വെന്തുരുകുന്നു ഞാനും വിരഹാഗ്നിയിലിന്നും
വരില്ലെന്നടുത്തെങ്കില്‍ കൊണ്ടുപോയീടുകെന്നെ ."

==========കൃഷ്ണരാജ ശര്‍മ്മ==========



ഏഴിലമ്പാല
ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ
ശിലാതലേ രാജിത ദിവ്യദാരു
ശ്യാമാംബരത്തില്‍ നിറയുന്നുഡുക്കള്‍
സമാനമാ പാദപമേറി പൂക്കള്‍.

സന്താനഗോപാലനമര്‍ന്നിടുന്ന
മനോഹരം ക്ഷേത്രമതൊന്നു മേലേ.
ആമ്പല്‍പ്രസൂനങ്ങളതേറെയെണ്ണം
വിടര്‍ന്നു നില്ക്കുന്നൊരു പൊയ്ക താഴെ.

ചുറ്റും മരങ്ങള്‍ വയലെന്നിവയ്ക്കു
നടുക്കുനില്ക്കുന്നൊരു ശാന്തവാസം.
വൃക്ഷത്തിലെത്തുന്നു വിഹംഗജാലം
വിഹംഗമന്‍ പശ്ചിമ ദിക്കു പൂകേ.

ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരംപൊയ്കയില്‍ ഛായ തീര്‍ക്കേ .
സായന്തനത്തിന്നരുണാഭയേറും
തടാകമോ കാണ്മതിനെന്തുഭംഗി .

മദ്ധ്യാഹ്നമാകുന്നൊരു വേളയിങ്കല്‍
വരുന്നു പാലത്തണല്‍ തേടിയാള്‍ക്കാര്‍ .
മന്ദാനിലന്‍ പൂമണമായ് വരുന്നൂ
തലോടലാല്‍ ശ്രാന്തിയകറ്റിടാനായ് .

ചൊല്ലുന്നു ശാസ്ത്രം മരമെന്നുമെന്നും
തരുന്നുവന്നം സകലര്‍ക്കുമത്രേ .
നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും .

എന്നിട്ടുമീ പാലയതെന്നുമെന്തേ
മനുഷ്യഹൃത്തില്‍ ഭയമേകി വന്നൂ ?
മുത്തശ്ശി ചൊല്ലും കഥകള്‍ പകര്‍ന്നോ
മനസ്സിലെന്നും നിറയുന്ന ഭീതി ?

എന്നാകിലും ഞങ്ങളിരുന്നുവെന്നും
പ്രതീക്ഷയോടേ തരുവിന്‍ ചുവട്ടില്‍.
ഗന്ധര്‍വ്വ ഗാനം മധുരംശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ .

വന്നൂവിളംകാറ്റു സുഗന്ധമേന്തി
പരന്നു പൂവിന്‍ മണമെങ്ങുമെങ്ങും.
പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല.

നല്കുന്നുവെന്നും മനുജര്‍ നിനക്കു
പരോപകാരത്തിനു നന്ദികേടോ ?
പാവം നിനക്കിന്നൊരു ഭീകരന്‍റെ
മുഖം ചമച്ചെന്തിനറിഞ്ഞതില്ല .

അല്ലെങ്കിലും മര്‍ത്ത്യനു നന്മചെയ്താല്‍
തിരിച്ചുകിട്ടുന്നതു നന്ദികേടാം .
ലാഭേച്ഛയോടല്ല മരങ്ങളെന്നും
പരോപകാരം ഭുവി ചെയ് വതൊന്നും.

====കൃഷ്ണരാജ ശര്‍മ്മ ====

"ആഗ്നേയശൈലാര്‍ജ്ജിത കൃഷ്ണവര്‍ണ്ണ ശിലാതലേ "= അഗ്നിപര്‍വ്വതസ്ഫോടനഫലമായി ഉണ്ടായതാണ് കരിമ്പാറക്കൂട്ടങ്ങള്‍ എന്ന്‍ ശാസ്ത്രം .
ദിവ്യദാരു ഏഴിലമ്പാല യക്ഷികളുടെ ആവാസമെന്നാണ് ആരോപണമെങ്കിലും ഭഗവതിയ്ക്ക് പ്രിയപ്പെട്ടതാണെന്ന് വിശ്വാസമുണ്ട്ഭഗവതീക്ഷേത്രങ്ങളുടെ മുന്നില്‍ പാലനട്ടുവളര്‍ത്താറുണ്ട്രാത്രിയുടെ രണ്ടും മൂന്നും യാമങ്ങളില്‍ നിശാചരികള്‍ക്ക് വിഹരിക്കാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടത്രെ അതുകൊണ്ട് ആ സമയത്ത് മനുഷ്യന്‍ അവിടെ പോയി അവരുടെ സ്വൈരവിഹാരം തടസ്സപ്പെടുത്തരുത്.ഇത് പണ്ടുകാലത്തെ വിശ്വാസംഅയ്യപ്പന്‍ വിളക്കിന് ഭഗവതീക്ഷേത്രത്തിനു മുന്‍പില്‍ പാലമരം സ്ഥാപിക്കുന്ന പതിവുണ്ട്.
വിഹംഗമന്‍ വിഹ(ആകാശ)ത്തില്‍ ഗമിക്കുന്നവന്‍ സൂര്യന്‍ (പുല്ലിംഗം ).
വിഹംഗം വിഹ(ആകാശ)ത്തില്‍ ഗമിക്കുന്ന പക്ഷി (നപുംസകം ). രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ പുല്ലിംഗമാകുമ്പോള്‍ ഗാംഭീര്യം വരുന്നു അപ്പോള്‍ സൂര്യന്‍ എന്നര്‍ത്ഥം വരുന്നു.
"മരമെന്നുമെന്നും തരുന്നുവന്നം സകലര്‍ക്കുമത്രേ " = അന്നം (അന്നജംനിര്‍മ്മിക്കാന്‍ സസ്യങ്ങള്‍ക്കുമാത്രമേ കഴിയൂ എന്ന് പുരാണങ്ങളും ശാസ്ത്രവും പറയുന്നു .
"നല്കുന്നു ജീവന്നു നല്‍വായുവെന്നും
സ്വയം ഭുജിക്കുന്നു വിഷാംശമെന്നും" = മനുഷ്യന് വിഷാദരോഗമുണ്ടാക്കുന്നതും  ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുന്നതുമാണ് കാര്‍ബ്ബണ്‍ ഡൈ ഓക്സൈഡ് എന്ന് ശാസ്ത്രമതംഅത് വലിച്ചെടുക്കുന്ന മരങ്ങള്‍ പകരം ഊര്‍ജ്ജദായകമായ ഓക്സിജന്‍ തരുന്നു .
"ഗന്ധര്‍വ്വ ഗാനം മധുരംശ്രവിക്കാ -
നൊരിക്കലാ യക്ഷിയെയൊന്നു കാണ്മാന്‍ ."= യക്ഷികിന്നരഗന്ധര്‍വ്വന്മാരുടെ കഥകള്‍ ശൈശവത്തില്‍ പകര്‍ന്നുതന്നത് ഭീതിയായിരുന്നില്ല അമാനുഷികശക്തികളോടുള്ള ആരാധനസംഗീതത്തോടുള്ള ആരാധന എന്നിവയായിരുന്നു.
"പാദം തൊടും കേശവുമായി യക്ഷി
ഒരിയ്ക്കലും ദര്‍ശനമേകിയില്ല." = വെള്ളിയാഴ്ചകളില്‍ കാത്തിരുന്നിട്ടും വരാതായപ്പോള്‍ അതൊക്കെ കഥകള്‍ മാത്രമായിരുന്നുവെന്ന് മനസ്സിലായി.

(ആഖ്യാനകി::വിഷമംഇന്ദ്രവജ്ര .സമം ഉപേന്ദ്രവജ്ര )
ത ത ജ ഗ/
s s I/ s s I / I s I / s s
ആഗ്നേയ/ശൈലാര്‍ജ്ജി/ത കൃഷ്ണ/വര്‍ണ്ണ
ജ ത ജ ഗ/
I s I/ s s I / I s I/ s s
ശിലാത/ലേ രാജി/ത ദിവ്യ/ദാരു

തൃശ്ശൂര്‍ -ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ ചൂണ്ടല്‍ എത്തുമ്പോള്‍ വടക്കുഭാഗത്തായി വലിയൊരു പാറയും അതിനുമുകളില്‍ സന്താനഗോപാലക്ഷേത്രവുമുണ്ട്ചുറ്റും ആമ്പല്‍പൊയ്കയുമുണ്ട് ക്ഷേത്രത്തിനുവടക്കുവശത്തായി വലിയൊരു പാലമരമുണ്ട്വയലില്‍ പണിയെടുക്കുന്നവര്‍ ഉച്ചനേരത്ത് ഇവിടെ വിശ്രമിക്കാറുണ്ട്വിജനമായതുകൊണ്ടാകാം സന്ധ്യകഴിഞ്ഞാല്‍ ,ക്ഷേത്രമടച്ചാല്‍ ആരും ആ വഴി പോകില്ല പാലപ്പൂമണമുണ്ടെങ്കില്‍ അങ്ങോട്ടുനോക്കാന്‍ പോലും ആള്‍ക്കാര്‍ ഭയപ്പെട്ടിരുന്നുഞങ്ങള്‍ രണ്ടുമൂന്നുസുഹൃത്തുക്കളുടെ കൌമാരകാലത്തെ വിശ്രമകേന്ദ്രമായിരുന്നു ആ പരിസരംരാത്രിയാകുന്നതുവരെ കഥയും കവിതയുമൊക്കെയായി രസകരമായി സമയം ചെലവഴിച്ചിരുന്നുആ ഓര്‍മ്മയില്‍നിന്ന്........



തപ്തഹൃദന്തം
========
സപ്തസാഗരങ്ങളേ കണ്ടുവോ നിങ്ങള്‍ മമ
സഖിയെ മനസ്വിനിയവള്‍ക്കു സുഖമാണോ ?
സഖിയാലപിച്ചിടും ശോകസാന്ദ്രമാമൊരു
ഗാനമോയെന്നും നിങ്ങള്‍ പാടുന്നൂ തിരകളേ ?

പുഞ്ചിരി തൂകും താര സുന്ദരിമാരേ നിങ്ങള്‍
കണ്ടുവോ മനോജ്ഞയെ മാനത്തിന്‍ മട്ടുപ്പാവില്‍ ?
കണ്ണുചിമ്മുന്നതെന്തേ താരകാറാണിയായി
വാനത്തിന്‍ കൊട്ടാരത്തില്‍ വാഴുകയാണോ സഖി ?

നീരദജാലങ്ങളേ നിങ്ങള്‍തന്‍ കൂട്ടത്തിലെന്‍
മാനസേശ്വരിയുണ്ടോ ചൊല്ലുകയില്ലേ നിങ്ങള്‍
വര്‍ഷബിന്ദുക്കള്‍ ,നിങ്ങള്‍ കണ്ടുവോ മേഘങ്ങളില്‍
ഹൃദയേശ്വരിയാളെ സുഖമായ് വാഴുന്നുവോ ?

പുഷ്പഗന്ധവും പേറി മന്ദമായൊഴുകിടു -
മിളംതെന്നലേ നീയെന്‍ സഖി തന്‍ സ്വരം കേട്ടോ ?
കണ്ടുവോ സഖിയെ നീ നിന്നുടെ കാതില്‍ മെല്ലെ -
യെന്നുടെ കാര്യമവള്‍ നിനവില്‍ പറഞ്ഞുവോ ?

വാനവീഥിയിലെങ്ങോ ഒളിക്കുന്നതെന്തവള്‍
തെന്നലേ കാതില്‍ മെല്ലെ യോതുമോ നീയിക്കാര്യം ?
"വെന്തുരുകുന്നു ഞാനും വിരഹാഗ്നിയിലിന്നും
വരില്ലെന്നടുത്തെങ്കില്‍ കൊണ്ടുപോയീടുകെന്നെ ."

==========കൃഷ്ണരാജ ശര്‍മ്മ==========




മാനസപുത്രി

ഭൂമിയെ സ്നേഹിക്കും നിര്‍മ്മലഹൃത്തെഴും
ചെമ്പനീര്‍മൊട്ടുപോലുണ്ടീ ഭൂവില്‍
എന്‍പ്രിയപുത്രിയായ് വന്നെന്‍ ഹൃദയത്തില്‍
സ്ഥാനം പിടിച്ചവള്‍നന്മയവള്‍.
ഇന്നുമെന്‍ കണ്മുന്നില്‍ എത്തിപ്പെടാത്തവള്‍
എന്മനസ്സില്‍ കണ്ടൊരെന്‍റെ പുത്രി.
കാണാത്ത കണ്‍കളില്‍ കാണ്മൂഞാനാര്‍ദ്രമാം
ഭാവങ്ങള്‍ വ്യക്തമായല്ലെങ്കിലും.
സസ്യജാലങ്ങളെപ്പോലുമുറക്കുവാന്‍
താരാട്ടു പാട്ടുമായെത്തുന്നവള്‍.
ഉള്ളില്‍ ജ്വലിക്കുന്നോരാഗ്നേയശൈലവും
തൂമഞ്ഞായ് തൂകാന്‍ ശ്രമിക്കുന്നവള്‍.
ഞാന്‍ കാണാത്തെന്‍ പുത്രിയെ ഞാനേല്പിക്കുന്നു
കാലമേനിന്‍ കൈയ്യില്‍ ഭദ്രമായി.
നന്മതന്‍ ദീപനാളത്തിലൊരു ചെറു

കാറ്റുപോല്‍ തട്ടാതെ രക്ഷിക്കേണം.



ഭൌമദിനം (22/04/2016)

ഹരിതാഭയാര്‍ന്നോരുടയാടനെയ്യാം
മാതാവിനുള്ളോരുപഹാരമായ് നാം
വസനങ്ങളെല്ലാം കവരുന്ന നമ്മള്‍
ചെയ്യേണ്ടതല്ലേ പരിഹാരമിപ്പോള്‍.

അണിയിച്ചു നമ്മള്‍ ക്ഷമയെ കുചേല
മാലിന്ന്യമല്ലാ പൃഥിവിക്കു വസ്ത്രം
മണ്ണിന്നുചേരാത്ത വിധത്തിലുള്ള
വസ്തുക്കളൊന്നും മനുജന്നു വേണ്ട.

ജലമില്ല പാനത്തിനുവായുവില്ലാ
ഇല്ലൊട്ടുമേയിത്രശനം ഭുജിപ്പാന്‍
ഛത്രങ്ങളെല്ലാം കവരുന്ന നമ്മള്‍
താപം സഹിക്കാന്‍ കഴിയാതിരിപ്പൂ

ഇന്നേ തുടങ്ങാം പരിഹാരമാര്‍ഗ്ഗം
ഇപ്പോള്‍ തിരുത്താം സ്ഖലിതങ്ങളെല്ലാം.
ആ നല്ല കാലത്തെ പ്രതാപമെല്ലാം
മീളാനിതെന്തേയിനിയും വിളംബം?


====കൃഷ്ണരാജ ശര്‍മ്മ=====


(ബോബി ജോസഫിന്‍റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട് എഴുതിയത്).


നിര്‍മ്മലസ്നേഹത്തിന്‍ ദീപമായ് ജീവിത -
പാതയില്‍ ദിവ്യപ്രകാശമേകി
നന്മതന്‍ പാതയിലൂടെ ചരിക്കുവാന്‍
നല്ലതുമാത്രമന്നോതിത്തന്നു
ആദ്യമായേകിയപീയൂഷമല്ലയോ
ജീവനിലെന്നും കരുത്തേകുന്നു.
ആ വിരല്‍ത്തുമ്പിനാല്‍ തൊട്ടുതലോടവേ -
യെന്നിലേയ്ക്കെത്തിയ നിര്‍വൃതിതാന്‍
ജീവിതപാതയിലെന്നുമേ സാന്ത്വന-
മേകുമിളംകാറ്റായ് വര്‍ത്തിച്ചീടും.
ഈ മാതാവിന്‍ പ്രിയപുത്രനായ് ഭൂമിയില്‍
വന്നതേതുജന്മപുണ്യമാവോ?
ആ സ്നേഹപീയൂഷപാനത്താലീപുത്രന്‍
നേടിയമരത്വമെന്നുസത്യം.
മായാതെ നില്ക്കുമീയോര്‍മ്മകള്‍ പോരുമെന്‍
പാതയിലെന്നുമൊളി പകരാന്‍.


അമ്മ
=====

അമ്മയെന്നുള്ളൊരാ പാവനമാം പദം
ഹൃത്തില്‍ രചിക്കുന്നു ശാന്തിമന്ത്രം.
വാത്സല്യമേറും കടാക്ഷത്താല്‍ മക്കളെ -
യെന്നുമേ കാത്തുരക്ഷിച്ചതല്ലേ.
മാതൃവാത്സല്യമേറുന്നൊരാ നേരത്തു
കുട്ടിക്കുറുമ്പുകള്‍ കാണിച്ചാലും
കൊച്ചുപ്രഹരങ്ങളാല്‍ നല്ല പാഠങ്ങള്‍
മക്കള്‍ക്കു നല്‍കുന്നോരമ്മയല്ലോ .
എന്നിട്ടുമമ്മതന്‍ ദുഗ്ദ്ധം നുകരാതെ
രക്തപാനത്തിനൊരുങ്ങി മക്കള്‍.
അമ്മതന്‍ പച്ചപ്പട്ടാടയുരിഞ്ഞതും
വിറ്റു ധനമാര്‍ജ്ജിക്കുന്നു മക്കള്‍.
സൂചി തുളച്ചുകയറ്റി ഞരമ്പതില്‍
രക്തവുമൂറ്റിക്കൊടുത്തതില്ലേ.
ആതപമെല്ലാം തടുക്കും കുടയതില്‍
ദ്വാരങ്ങളും നമ്മള്‍ തീര്‍ത്തതില്ലേ.
മാലിന്യമാകും പുതപ്പുകൊണ്ടമ്മയെ
മൂടിപ്പുതപ്പിച്ചതില്ലേ നമ്മള്‍.
ആപത്തില്‍ മക്കളെ മാറോടണയ്ക്കുന്ന
കൈകളും നാം വെട്ടി മാറ്റിയില്ലേ.
മേല്ക്കുമേലെത്തും ദുരന്തങ്ങളില്‍നിന്നും
രക്ഷിപ്പാനമ്മയശക്തയല്ലോ.
എന്നിട്ടുമമ്മതന്‍ ക്രൂരതയെന്നുനാ-
മെന്തിനായാവര്‍ത്തിക്കുന്നുവെന്നും?
ഭ്രാതാക്കളിന്‍ രക്തം പോലും കുടിക്കുന്ന
രക്തരക്ഷസ്സായി മാറും മുന്‍പേ
ഓര്‍ക്കുക പിന്നിലേയ്ക്കൊന്നു തിരിഞ്ഞു നാം
ജന്മലക്ഷ്യമിതു തന്നെയാണോ?
അമ്മയെ വീണ്ടുമതിശക്തയാക്കുവാ -
നിന്നേ തുടങ്ങാം പരിശ്രമങ്ങള്‍.
അമ്മേപൊറുക്കുകക്രൂരതതന്നുടെ
പര്യായമായ് മക്കള്‍ മാറിയല്ലോ.
ഒന്നുമേ ചെയ്യുവാനാകാതെയിപ്പോഴു -
മുള്ളംപിടഞ്ഞു നില്ക്കുന്നു ഞങ്ങള്‍ .
അമ്മയെയോര്‍ക്കാതെന്തുചെയ്താകിലും
പശ്ചാത്തപിക്കുന്നു മക്കള്‍ ഞങ്ങള്‍ .
എന്നിനി ഞങ്ങളില്‍ കാരുണ്യവര്‍ഷമാ -
യമ്മേപ്രകൃതീ വന്നൊത്തുചേരും ?
അങ്കത്തടത്തിലെടുത്തു വാത്സല്യത്തിന്‍

മുത്തം പകരുക വൈകീടാതേ .



അഭിരാമസംഗമം
==========


അഭിരാമസംഗമമണിയിച്ചൊരുക്കാന്‍
അയുതം മനസ്സുമായംഗങ്ങള്‍ നില്പൂ
അകലത്തു വാഴുന്നോരാണെങ്കില്‍പ്പോലും
അരികത്തു തന്നെ മനസ്സാലവരും.

വലിയൊരു തറവാട്ടിലൊത്തുകൂടുവാന്‍
വലുതാമഭിലാഷമുള്ളിലിരിപ്പൂ.
വാണിതന്‍ കോവിലായ് ഹൃത്തടം തന്നില്‍
വാഴിക്കുന്നെല്ലാരുമഭിരാമത്തെത്താന്‍.

സകലര്‍ക്കുമാവേശമുള്ളില്‍ നിറഞ്ഞൂ
സകലപ്രകാരവുമീ സംഗമത്തെ
സുകൃതസമ്മേളനമാക്കീടുവാനായ്
സുകൃതം ചെയ്തോര്‍ നമ്മളെന്നറിയേണം.

കവിതതന്‍ ഗ്രന്ഥതല്ലജംബൃഹത്താം
കഥകള്‍തന്‍ ഗ്രന്ഥവുമുപഹാരമേകും,
കതിരവന്‍ സാഹിത്യകമലത്തിനെന്നും,
കമനീയമഭിരാമം നീണാള്‍ വാഴട്ടെ!




സമ്മാനം.
========
അഭിരാമകുടുംബത്തിലംഗമായതിനാല്‍ത്തന്നെ -
യഭിമാനം കൊള്ളുന്നവര്‍ നമ്മളെല്ലാരും.
അഭിതരനെഴുത്തുകാര്‍ക്കെന്നുമഭിരാമം തന്നെ -
യഭിദാതാവെന്നും മലയാളത്തിനല്ലോ.

ഗുരുകുലവാസത്തിന്‍റെയോര്‍മ്മ പുതുക്കുന്നോരിടം
ഗുരുക്കന്മാരെപ്പോഴുമേ പിന്തുടര്‍ന്നീടും.
ഗുരുതരസ്ഖലിതങ്ങള്‍ തിരുത്തിക്കുമഭിവന്ദ്യ -
ഗുരുക്കന്മാര്‍ നിഷ്കാമകര്‍മ്മികളാണല്ലോ.

മാറ്റുരയ്ക്കാന്‍ കഴിവിനെയതിനൊരു മത്സരമായ്
മാറ്റെഴും കഥകവിത രചനയായി.
ചെറ്റും മടിയില്ലാതേവരുമൊരുങ്ങിമത്സരമായ്
മാറ്റൊലിക്കൊണ്ടതിന്‍ ഫലപ്രഖ്യാപനവും.

സമ്മാനങ്ങളെത്രയതിലൊന്നിനുഞാനുമര്‍ഹനായ്
സമ്മാനിതനെളിയൊരെഴുത്തുകാരനായ്.
സമ്മത്തനല്ല ഞാനെന്‍റെ സോദരര്‍ തന്‍ പ്രോത്സാഹനം
സമ്മാനിച്ച ജയമാണിതെന്‍റെ വിജയം.

ചൊല്ലുന്നു നന്ദി ഞാനെന്‍റെ സോദരര്‍ക്കതെന്നുമെന്നും
നല്ല പ്രോത്സാഹനങ്ങളാല്‍ വളര്‍ത്തിയില്ലേ.
തെല്ലും മടിയാതേയെന്നും നല്ല മാര്‍ഗ്ഗമോതിത്തന്ന
നല്ല ഗുരുക്കന്മാരെ ഞാന്‍ വണങ്ങീടുന്നു.

=======കൃഷ്ണരാജ ശര്‍മ്മ================
പദങ്ങള്‍ :-
അഭിതരന്‍ തുണയായുള്ളവന്‍ സഹായി.
അഭിദാതാവ് സംഭാവന ചെയ്യുന്നവന്‍.
സമ്മത്തന്‍ ആഹ്ലാദം കൊണ്ട് മതിമറന്നവന്‍.



സഖിയോട്
========.
നമ്മളൊന്നായ് പല കാലം കഴിഞ്ഞതില്‍
ഞാനെന്തുചെയ്തു,വഹിതമായ് ഭാരതീ.
ഒരുവാക്കുപോലും പറയാതെയെന്തിനാ -
യൊരുദിനം നീയെന്നില്‍നിന്നുമകന്നുപോയ് ?
ഒരുനിഴല്‍പോലെന്‍റെയൊപ്പം നടക്കിലും
പൂജിച്ചതല്ലെ ഞാനെന്നെന്നും ദേവിയായ്
എന്‍ജിഹ്വയായെന്‍റെ കൂടെ നടന്ന നീ
മൂകനായെന്നെയും മാറ്റിയതെന്തിനോ ?
ദിവ്യമാം പ്രേമം ചൊരിഞ്ഞു ഞാനെങ്കിലും
കാണാത്തതായി നടിച്ചതാണോ സഖീ ?
എത്രയോ സന്തോഷമോടേ കഴിഞ്ഞു നാം
എന്തിനായെന്നെ പിരിഞ്ഞിരിക്കുന്നു നീ.
നീയില്ലയെങ്കിലെന്‍ ജീവനിതെന്തിനായ്
ഞാന്‍ മൃതപ്രായനാണെന്നറിയുന്നുവോ .
തീരെ കരുണയില്ലാതെ നീയെന്തിനി -
തെന്നോടു ചെയ്തെന്നതോര്‍ത്തു ദുഃഖിപ്പു ഞാന്‍ .
ദുഃഖവും സന്തോഷവും പ്രതിഷേധവും
നീതന്നെയല്ലെ,യെനിക്കായി ചൊല്‍വതും
നീയില്ലയെങ്കിലെന്നുള്ളം തുറക്കുവാന്‍ -
പോലുമാകില്ലെന്നറിയുന്നതല്ലയോ .
എന്നിട്ടുമെന്തേ മറഞ്ഞു നില്ക്കുന്നു നീ -
യെന്‍റെ പരിഭവം കാണുവാനോ സഖീ .
നീ വരുന്നോരാ മുഹൂര്‍ത്തവും കാത്തു ഞാ -
നെന്നുമിരിപ്പൂ പ്രതീക്ഷയോടേ സഖീ.





മാരി
====

ഉത്തപ്തമാം മേദിനിക്കൊരാശ്വാസമാ -
യെത്തി പൂമാരി ഘോഷങ്ങളോടെ.
താലവൃന്തം വീശിയുന്നതശീര്‍ഷരാം
സാലങ്ങള്‍ സ്വാഗതമോതിനിന്നു.

കണ്ണഞ്ചും ശോഭകലര്‍ന്ന വെടിക്കെട്ടും
കര്‍ണ്ണംതുളക്കും വിധത്തിലല്ലോ.
ആനന്ദാശ്രു പൊഴിക്കുന്നു വിടപങ്ങള്‍
ആനന്ദനൃത്തമാടുന്നു പൂക്കള്‍.

ചേലാര്‍ന്നു ഭൂമിക്കു നീരാട്ടു ചെയ്തൊരു
മാലേയക്കൂട്ടങ്ങൊഴുകുന്നല്ലോ.
വന്നെത്തിനോക്കും മാരിക്കാര്‍ മറനീക്കി
മിന്നല്‍പ്പിണരതി ശോഭയോടെ.

മാരിതന്‍ ഭാരവും പേറി നടക്കുന്നു
മാരുതന്‍ മണ്ണിന്‍റെ ഗന്ധവുമായ്.
മേദിനിക്കും മാനവന്നും കുളിരേകി
മാദനമാരിനിസ്യന്ദമേവം.

വറ്റിവരണ്ട മനസ്സിനും മണ്ണിനു-
മിറ്റുദാഹനീരായ് വന്നു മാരി.
മുറ്റത്തൊഴുകുന്ന വെള്ളംഞാന്‍ കണ്ടപ്പോള്‍
മറ്റെന്തോ ചിന്തിച്ചിരുന്നുപോയി.

വെള്ളത്തില്‍ പുസ്തകത്താളാലുണ്ടാക്കുന്ന
വള്ളമൊഴുക്കിവിടുന്നതാകാം.
മുറ്റത്തും ക്ഷേത്രനടയിലും മാരിയു-
മേറ്റുനടന്നിരുന്നെന്നതാകാം.

ഓടിന്നടിയിലായ് പാളക്കീറൊന്നൊന്നായ്
ഓടിനടന്നുതിരുകുന്നതും.
പോരാതെ വന്നോരു നേരത്തു പാത്രങ്ങള്‍
പാരാതെ താഴെ നിരത്തുന്നതും.

ഇന്നുമെന്നോര്‍മ്മയില്‍ തങ്ങിനില്പുണ്ടതി -
ന്നൊന്നും മറക്കുവാനാവതില്ല .
എന്തെല്ലാം ചിന്തകളെന്തെല്ലാം ഭാവങ്ങ -
ളെന്തെല്ലാമോര്‍മ്മയുണര്‍ത്തും മാരി .

======കൃഷ്ണരാജ ശര്‍മ്മ======

പദപരിചയം:-
ഉത്തപ്തംചുട്ടുപഴുത്ത.
താലവൃന്തം =ആലവട്ടംവിശറി.
സാലങ്ങള്‍ =വൃക്ഷങ്ങള്‍.
വിടപങ്ങള്‍ =ശാഖോപശാഖകളായി പടര്‍ന്നുനില്ക്കുന്ന മരം.
മാലേയക്കൂട്ട് ചന്ദനച്ചാറ്.
മാദന=മദിപ്പിക്കുന്ന.
നിസ്യന്ദം പെയ്യല്‍ഇറ്റിറ്റു വീഴല്‍ ,ഒലിപ്പ്.



മധുരസ്മരണകള്‍.
===========

പണ്ടുപഠിച്ചൊരാ വിദ്യാലയത്തിന്‍റെ
മുറ്റത്തുനില്ക്കവേയെന്നുടെയോര്‍മ്മകള്‍ .
അഞ്ചുപതീറ്റാണ്ടു പിന്നിലേക്കോടവേ
വ്യക്തമായ് കണ്ടു ഞാന്‍ വീണ്ടുമാ കാഴ്ചകള്‍.

ചെങ്കല്ലുകള്‍ വൃത്തമൊപ്പിച്ചുനില്ക്കുമാ
വേദിതന്‍ മദ്ധ്യേയുയര്‍ന്ന കൊടിമരം.
ചുറ്റിനും പച്ചിളംപുല്ലുകള്‍ പാകിയ,
കൊച്ചുപാദങ്ങള്‍ പതിക്കുമാ മുറ്റവും.

ഭംഗിയില്‍ മൈലാഞ്ചി സീമതീര്‍ക്കും ചെറു-
പുഷ്പങ്ങള്‍ തിങ്ങിനിറഞ്ഞ പൂവാടിയും.
കായ്കള്‍ നിറഞ്ഞു നമിച്ചുനില്ക്കുന്നതാം
ഭീമമാം നെല്ലിയും പൂത്തോരിലഞ്ഞിയും.

ആയിരം കാലുകള്‍ മണ്ണിലൂന്നും വട-
വൃക്ഷവും വേടുകളാകുമൂഞ്ഞാലുകള്‍.
പ്രാര്‍ത്ഥനചൊല്ലവേ ശിതളച്ഛായയായ്
ഛത്രം വിടര്‍ത്തുമശ്വത്ഥവും കാണ്മുഞാന്‍.

ഭിത്തിയില്‍ ഭാസ്കരന്‍ തന്‍റെ ഘടികാര -
സൂചികളാകുന്ന രേഖകള്‍ കാണ്മുഞാന്‍.
ഉച്ചതിരിയുകിലാരേഖകള്‍നോക്കി
സൂര്യനെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികള്‍.

ഉള്ളിലായ് കുട്ടികള്‍ തിങ്ങിയിരിക്കവേ
ക്ലാസ് മുറിക്കിപ്പുറം കിണ്ണങ്ങള്‍ഗ്ലാസുകള്‍.
പാലിനുമുപ്പുമാവിന്നുമായെത്തിടും
പട്ടിണികൊണ്ടുവലഞ്ഞിടും കുട്ടികള്‍.

കേട്ടെഴുത്തില്‍ ,ക്ലാസ് പരീക്ഷയിലൊന്നുമേ
തെറ്റാത്തതില്‍ തെല്ലഹങ്കാരമുള്ള ഞാന്‍
വിശ്വംജയിച്ചുനില്കുന്നൊരാ ഭാവവു -
മൊട്ടൊരു കൌതുകമോടെ കാണുന്നു ഞാന്‍.

ചേലെഴും ചെമ്പനീര്‍പ്പൂവുകാണിച്ചൊരു
പദ്യമെഴുതണമെന്നുകഥിച്ചതും.
എന്‍കൃതി വായിച്ചു ,തോളില്‍ പിടിച്ചന്നു
നന്നെന്നുരച്ചതുമോര്‍ക്കുന്നുവിന്നുഞാന്‍.

കീശയില്‍നിന്നെടുത്തന്നു ഗുരുനാഥ-
നേകിയ പേന നിധിയായ് സൂക്ഷിപ്പു ഞാന്‍.
അഞ്ച്പതിറ്റാണ്ടിനിപ്പുറവും ഗുരു -
നാഥനെക്കാണ്മു ഞാനാ പേനയില്‍,സദാ.

തെറ്റുചെറുതെങ്കിലും കാതുകള്‍ നിണ -
രാഗമണിയുംഗുരുവതുകാണുകില്‍ .
കാലിലോ ശോണവളയങ്ങളും തരു-
മച്ചടക്കത്തിനു ഭംഗം വരുത്തുകില്‍.

അന്നുമനസ്സിലുയര്‍ന്ന കോപത്തിനു
മാപ്പപേക്ഷിച്ചു മനസാപലവുരു.
നന്മകള്‍ മാത്രം മനസ്സില്‍ നിറയുമെന്‍ -
വന്ദ്യഗുരുക്കളേ മാപ്പരുളീടുക.



മക്കളോട് 
=====
പ്രായംകൊണ്ടു ഗുണങ്ങളേറീടുമെന്ന തത്ത്വം തന്നെ
പ്രായേണ പൂഷാവിന്നും താന്‍ ബാധകമല്ലോ.
കാലം ചെല്ലുംതോറും താപം കൂടിവരുന്നതുതന്നെ
കലികാലവൈഭവമായ് കരുതി നിങ്ങള്‍.

മനുജര്‍ക്കു സഹിപ്പാനായ് കഴിയാതൊരളവിലായ്
മാനമഗ്നിപര്‍വ്വതമായ് മാറീടുന്നല്ലോ .
പരിഹാരമൊട്ടും കാണാന്‍ ശ്രമിക്കാതെ നിങ്ങളെന്തേ
പരിപൂര്‍ണ്ണ നാശം തീര്‍ക്കും കര്‍മ്മങ്ങള്‍ ചെയ്തു ?.

ഹരിതവര്‍ണ്ണമാര്‍ന്നുള്ള കുടകളെത്ര ഞാന്‍ തീര്‍ത്തു
ഹരിക്കുന്നു മക്കള്‍ നിങ്ങള്‍ വിവേകം വിനാ .
മാരകമാം വാതകങ്ങള്‍ മാനത്തു വിതച്ചിതെന്‍റെ
മരതകക്കംബളവും നശിപ്പിച്ചില്ലേ.

മാനവര്‍ക്കു മാരകമായ്ത്തീരും രശ്മികളെ മാറ്റാന്‍
മാനത്തുതീര്‍ത്തോരരിപ്പ തുളച്ചു നിങ്ങള്‍.
ദ്രവിക്കാതെയെന്നുമെന്നില്‍ കളങ്കമായ് നിലനില്ക്കും
ദ്രവ്യങ്ങളും നിക്ഷേപിച്ചു മലിനമാക്കി.

എന്നിലൂടൊഴുകും ജലസ്രോതസ്സില്‍ വിഷം കലര്‍ത്തി
എന്നിട്ടിപ്പോള്‍ പ്രിയതോഴര്‍ മാറാരോഗങ്ങള്‍.
എന്നില്‍ വിശ്വാസമര്‍പ്പിച്ച സസ്യജന്തുജാലങ്ങളും
എന്നെ ഭയക്കുന്നു നിങ്ങള്‍ മക്കള്‍ ഹേതുവായ്

അംഗങ്ങളെ വെട്ടിമാറ്റി മറ്റൊരിടത്തവ ചേര്‍ത്തു
അംഗവൈകല്യവും നിങ്ങള്‍ തീര്‍ത്തില്ലേയെന്നില്‍.
വാരുണതന്‍ മാര്‍ഗ്ഗമെല്ലാമടച്ചു മക്കളേ നിങ്ങള്‍
വാരിപൂരം കണ്ടു നടുങ്ങിനിന്നതല്ലേ .

എന്നിട്ടുമെന്തേയൊന്നുമേ പഠിക്കാതെ നിങ്ങളിപ്പോള്‍
എന്നില്‍ത്തന്നെ വൃഥാ കുറ്റമാരോപിക്കുന്നു.
നിങ്ങള്‍ക്കിനി ജീവിക്കേണമെന്നുണ്ടെങ്കില്‍ മടിയാതെ
നിങ്ങള്‍ തന്നെ ചെയ്തീടുക പരിഹാരങ്ങള്‍.



പ്രജാപതി
=======
പ്രജാഹിതം നോക്കി ഭരിച്ചിടാത്ത
പ്രജാപതിക്കെന്തിനു രാജപട്ടം?
മനുഷ്യരെന്നുള്ള വിചാരമോടേ
ജനത്തിനെക്കാണ്മതുതന്നെ കാമ്യം.

''കിരീടമൊന്നങ്ങു ശിരസ്സിലായാല്‍
തികഞ്ഞുവെല്ലാ''മതു തോന്നിടായ്ക .
ജനത്തിനും ദാസനതെന്നതല്ലോ
നൃപന്‍അതെന്നുള്ളതറിഞ്ഞിടേണം.

ജനത്തിനായ് ക്ഷേമമതേകുമോരോ
നയം മടിക്കാതെ നടത്തിടേണം.
ജനത്തിനേകീടുക തൃപ്തിയെന്നും
സമത്ത്വചിന്തയ്ക്കിടമേകിടേണം.

സഹോദരിക്കും ജനനിക്കുമെല്ലാം
ഭയപ്പെടാതേ വഴിയില്‍ നടക്കാന്‍
കഴിഞ്ഞുവെങ്കില്‍ പ്രജകള്‍ക്കു ശാന്തം
മനസ്സുമായ് ജോലികള്‍ ചെയ്തുതീര്‍ക്കാം.

പരസ്പരം സ്നേഹമതുള്ളിലെന്നും
വളര്‍ത്തിടാനായ് ശ്രമമേറെ വേണം.
ക്ഷമാതലേ ശാന്തിവിളങ്ങിടാനായ്
സദാ ശ്രമിക്കേണ്ടതു മന്നവന്‍ താന്‍.

വിനീതനായ്ത്തീര്‍ന്നിടുകെന്നുമെന്നും
ജനത്തിനായ് സേവനമേകിടാനായ്.
നിതാന്തശ്രദ്ധയ്ക്കൊരു കോട്ടമൊന്നും
വരാതെയൂര്‍ജ്ജസ്വലനായിടേണം.

ജനത്തിനായ് കഷ്ടതയേറ്റിടേണം
നിനയ്ക്കൊലാ കീശ നിറച്ചിടാനായ്.
പ്രജാമനസ്സില്‍ കുടികൊണ്ടിടുന്ന
പ്രജാപതിക്കേ നിലനില്പതുള്ളൂ.

=====കൃഷ്ണരാജ ശര്‍മ്മ======
മര്‍ത്ത്യന്‍ മരണത്തിന് വിധേയന്‍ മൃത്യു എന്ന അവസ്ഥ ഉള്ളവന്‍മനുഷ്യന്‍ എന്ന് അര്‍ത്ഥം എന്നാല്‍ മനുഷ്യന്‍ എന്ന പദത്തിന്‍റെ നിര്‍വ്വചനം മറ്റൊന്നാണ്മനനം ചെയ്യുന്നവന്‍ മനുഷ്യന്‍മനനം ചെയ്യുകയെന്നാല്‍"ധാരണാശേഷിയുപയോഗിച്ച് യുക്തിപൂര്‍വ്വകമായ ചിന്തനം നടത്തുക എന്നര്‍ത്ഥംഗ്രഹിച്ചതിനെ ദൃഢമായി മനസ്സില്‍ വച്ച് ന്യായമാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിക്കാതെ ആവശ്യാനുസരണം പ്രയോഗിക്കാനുള്ള കഴിവിനെയാണ് ധാരണാ എന്ന് വിളിക്കുന്നത്ഈ അര്‍ത്ഥവ്യാപ്തിയുള്‍ക്കൊള്ളുന്ന താണ് ഈ കവിതയില്‍ സൂചിപ്പിക്കപ്പെട്ട മനുഷ്യന്‍.




പ്രജാപതി
=======
പ്രജാഹിതം നോക്കി ഭരിച്ചിടാത്ത
പ്രജാപതിക്കെന്തിനു രാജപട്ടം?
മനുഷ്യരെന്നുള്ള വിചാരമോടേ
ജനത്തിനെക്കാണ്മതുതന്നെ കാമ്യം.

''കിരീടമൊന്നങ്ങു ശിരസ്സിലായാല്‍
തികഞ്ഞുവെല്ലാ''മതു തോന്നിടായ്ക .
ജനത്തിനും ദാസനതെന്നതല്ലോ
നൃപന്‍അതെന്നുള്ളതറിഞ്ഞിടേണം.

ജനത്തിനായ് ക്ഷേമമതേകുമോരോ
നയം മടിക്കാതെ നടത്തിടേണം.
ജനത്തിനേകീടുക തൃപ്തിയെന്നും
സമത്ത്വചിന്തയ്ക്കിടമേകിടേണം.

സഹോദരിക്കും ജനനിക്കുമെല്ലാം
ഭയപ്പെടാതേ വഴിയില്‍ നടക്കാന്‍
കഴിഞ്ഞുവെങ്കില്‍ പ്രജകള്‍ക്കു ശാന്തം
മനസ്സുമായ് ജോലികള്‍ ചെയ്തുതീര്‍ക്കാം.

പരസ്പരം സ്നേഹമതുള്ളിലെന്നും
വളര്‍ത്തിടാനായ് ശ്രമമേറെ വേണം.
ക്ഷമാതലേ ശാന്തിവിളങ്ങിടാനായ്
സദാ ശ്രമിക്കേണ്ടതു മന്നവന്‍ താന്‍.

വിനീതനായ്ത്തീര്‍ന്നിടുകെന്നുമെന്നും
ജനത്തിനായ് സേവനമേകിടാനായ്.
നിതാന്തശ്രദ്ധയ്ക്കൊരു കോട്ടമൊന്നും
വരാതെയൂര്‍ജ്ജസ്വലനായിടേണം.

ജനത്തിനായ് കഷ്ടതയേറ്റിടേണം
നിനയ്ക്കൊലാ കീശ നിറച്ചിടാനായ്.
പ്രജാമനസ്സില്‍ കുടികൊണ്ടിടുന്ന
പ്രജാപതിക്കേ നിലനില്പതുള്ളൂ.

=====കൃഷ്ണരാജ ശര്‍മ്മ======
മര്‍ത്ത്യന്‍ മരണത്തിന് വിധേയന്‍ മൃത്യു എന്ന അവസ്ഥ ഉള്ളവന്‍മനുഷ്യന്‍ എന്ന് അര്‍ത്ഥം എന്നാല്‍ മനുഷ്യന്‍ എന്ന പദത്തിന്‍റെ നിര്‍വ്വചനം മറ്റൊന്നാണ്മനനം ചെയ്യുന്നവന്‍ മനുഷ്യന്‍മനനം ചെയ്യുകയെന്നാല്‍"ധാരണാശേഷിയുപയോഗിച്ച് യുക്തിപൂര്‍വ്വകമായ ചിന്തനം നടത്തുക എന്നര്‍ത്ഥംഗ്രഹിച്ചതിനെ ദൃഢമായി മനസ്സില്‍ വച്ച് ന്യായമാര്‍ഗ്ഗത്തില്‍നിന്ന് വ്യതിചലിക്കാതെ ആവശ്യാനുസരണം പ്രയോഗിക്കാനുള്ള കഴിവിനെയാണ് ധാരണാ എന്ന് വിളിക്കുന്നത്ഈ അര്‍ത്ഥവ്യാപ്തിയുള്‍ക്കൊള്ളുന്ന താണ് ഈ കവിതയില്‍ സൂചിപ്പിക്കപ്പെട്ട മനുഷ്യന്‍.




കാവ്യതരംഗിണി
============

ഗുരുദക്ഷിണവേണ്ടാത്തൊരു കളരിയി -
തഭിരാമം താനതിലൊരു വിദ്വാന്‍
ശമ്പളമില്ലാത്താശാന്‍ തിരുവടി -
യഭ്യാസങ്ങള്‍ പഠിപ്പിക്കുന്നു .

പഴയൊരു കളരിയിലഭ്യാസങ്ങള്‍
ചെയ്തുപഠിച്ചതിനാലായീടാം
വലയം കൂടാതുള്ളൊരു ചാട്ടം
കഴിയില്ലിവനിതുവരെയായിട്ടും .

വലയത്തില്‍ക്കൂടങ്ങതുചാടാന്‍
നന്നായ് പരിശീലിപ്പിക്കുന്നൊരു
ഗുരുവാം ശ്രീലകമാപാദങ്ങള്‍
തൊട്ടു നമിച്ചു ഗുരുത്വം നേടാം .

പഴയമടിശ്ശീലയ്ക്കുള്ളില്‍പ്പല
നാടന്‍ പാട്ടിന്‍ കഥകളുമായി ,
കഥകള്‍ തിരക്കഥ തന്‍ സൂത്രവുമായ്
സന്ധിക്കപരന്‍ അതികായന്‍ താന്‍

അറിവിന്‍ തുണ്ടുകളാകാശത്തില്‍ -
നിന്നുമെടുത്തഥ ഭൂമിയില്‍ വിതറും .
വിസ്താരത്തില്‍ത്തന്നെ കഥിച്ചഥ
ഹൃത്തില്‍ നല്ലൊരു ചിത്രമതേകും .

അക്ഷരവൈരിക്കൊരുവന്‍ വൈരി
ക്ഷമയുടെ പര്യായംതാനതുപോല്‍
ശിഷ്യര്‍ക്കനവധി തവണകളായി ‍-
ട്ടാവര്‍ത്തിച്ചു തിരുത്തുകൊടുക്കും .

അദ്ധ്യാപകനാകാതൊരു ഖജനാ -
വിന്‍ മേലാളായെന്നതു കഷ്ടം .
കൈരളിതന്‍ പ്രിയ പുത്രനിതല്ലോ
വാര്‍ദ്ധക്യത്തില്‍ ബാല്യമിയന്നോന്‍

ഉണ്ടേ പുഞ്ചിരി തൂകും സുമുഖന്‍
യൌവ്വനമാര്‍ന്നൊരു പ്രജ്ഞാവൃദ്ധന്‍
അധികമതിനിയും പറയുന്നില്ലാ
സ്പര്‍ശിക്കാത്തശിരസ്സുകളേറെ

ഹൃത്തില്‍ വിടരും പൂക്കളുമായി -
ട്ടെത്തും വാണീക്ഷേത്രമതിങ്കല്‍.
നിരവധി വാണീ ഭക്തര്‍ നിത്യവു -
മഭിരാമത്തിനു ജീവനതേകാന്‍ .

കഥ കാവ്യങ്ങള്‍ ലേഖനമെന്നിവ
യര്‍പ്പിക്കുന്നു നിവേദ്യമതായി
സ്ഖലിതമതാം പാപങ്ങള്‍ തീര്‍ത്തി -
ട്ടറിവിന്‍ പുണ്യം കൈക്കൊള്ളുന്നു .

ഇവിടെവരുന്നൂ ശിഷ്യന്മാരാ -
യെന്നാലഥ ഗുരുവൃന്ദമതാകും .
ഉച്ചമതില്ലാ നീചമതില്ലാ
സര്‍വ്വം സമമായ് കാണാമിവിടെ .

കൈരളിതന്‍ പുത്രന്മാര്‍ക്കെല്ലാ -
മൊരു കളരിയിതാമഭിരാമം താന്‍ .
ഇവിടെവരും സജ്ജനമൊരുനാളും
വിട്ടൊഴിയാത്തൊരു വാണീക്ഷേത്രം .




കലിക
=====
ശോഭയെഴുന്നൊരാ പൂവാടി തന്നിലായ്
ശോഭിച്ചുനിന്നൊരാ പൂച്ചെടിയില്‍
വന്നു കലികയെല്ലാര്‍ക്കുമേയോമലായ്
മെല്ലേ വളര്‍ന്നിതാ വാടികയില്‍.

മന്ദസമീരണന്‍തന്‍ ഗാനാലാപന-
മൊത്തവള്‍ മെല്ലെ നടനമാടി.
ചന്തമേറുംശലഭങ്ങള്‍ക്കു നല്കുവാന്‍
തൂമരന്ദം കാത്തുസൂക്ഷിച്ചവള്‍ .

തേനൂറും ഗാനവുമായ് വന്നു മെല്ലവേ
ചുംബിച്ചു പ്രേമസംഗീതമോതി
പൂന്തേനും പൂമ്പൊടിയുമുണ്ടു തൃപ്തനായ്
പോകും ശലഭത്തെ സ്വപ്നം കണ്ടാള്‍.

നീലക്കറുപ്പണിഞ്ഞെത്തിയൊരു ഭൃംഗം
വാശനം നീളെയുതിര്‍ത്തൊരുനാള്‍.
ചെമ്പനീര്‍മൊട്ടിനെ പ്രേമസല്ലാപത്താല്‍
തന്‍റെവശത്താക്കിയിന്ദിന്ദിരം.

ചെഞ്ചായം പൂശിയ നല്ലോരിതളുകള്‍
മെല്ലെ വിടര്‍ത്താനൊരുങ്ങിനിന്നാള്‍.
പുഷ്പലിട്ടിന്‍ സൌഹൃദത്തില്‍ വചസ്സുകള്‍
കേട്ടൊട്ടുനേരമങ്ങൊത്തിരുന്നു.

മെല്ലെ മധുപന്‍റെ സൌഹൃദഭാവങ്ങള്‍
മാറിവിടന്‍തന്‍റെ ചേഷ്ടകളായ്.
ഏറ്റം മൃദുത്വമാര്‍ന്നുള്ള ദലങ്ങളില്‍
കൂര്‍ത്തനഖങ്ങള്‍ കയറ്റി ഭൃംഗം.

പൂവാടി തന്നില്‍ സുഗന്ധം വിടര്‍ത്തുന്ന
പൂവായ് വിടരേണ്ടതാം കലിക.
കാര്‍വണ്ടിന്‍ കൂര്‍ത്തനഖങ്ങളാല്‍ മെയ്യാകെ
കീറിപ്പറിഞ്ഞങ്ങു വീണുപോയി.

നാളെയീ പൂവാടിതന്നഭിമാനമായ്
പൂന്തേന്‍ നിറച്ചു നില്ക്കേണ്ടവളാം.
പൂവാടിയാകെ സുഗന്ധം പരത്തിയും
വാഴേണ്ട ചെമ്പനീര്‍ പുഷ്പമല്ലോ.

എന്തേ നിനക്കിതു തോന്നിവിധീ ,യിത്ര
ക്രൂരനോ നീയെന്നു തോന്നീടുന്നു.
ഇന്നും പറക്കുന്നു കാര്‍ വണ്ടുകള്‍ ഭൂവില്‍
രക്ഷിക്കാം കൊച്ചുകലികകളെ.
======കൃഷ്ണരാജ ശര്‍മ്മ=======
പദപരിചയം:-

കലിക പൂമൊട്ട്.
വാശനം വണ്ടിന്‍റെ മുരള്‍ച്ച.
ഇന്ദിന്ദിരം വണ്ട്.
പുഷ്പലിട്ട് വണ്ട്.
മധുപന്‍ വണ്ട്.






സ്വാതന്ത്ര്യം.
=========
സ്വപ്നലോകത്തു സഞ്ചരിക്കവേ
കല്ലു ദേഹത്തു കൊണ്ടപ്പോള്‍
പെട്ടെന്നങ്ങെഴുന്നേറ്റു ചുറ്റിലും
നോക്കുമ്പോളവനോര്‍ത്തുപോയ്

എച്ചില്‍ക്കൂനകള്‍തോറും തെണ്ടുന്നു
ആട്ടും കല്ലേറുമേല്ക്കുന്നു.
പട്ടിണിക്കോലമായിട്ടിങ്ങനെ -
യെത്രദൂരം താണ്ടീടേണം.

ബംഗ്ലാവിലുള്ള കൊച്ചുസുന്ദരി
പാല്‍കുടിച്ചുമദിക്കുന്നു.
ഇഷ്ടമുള്ളതാമാഹാരമെല്ലാം
മൃഷ്ടഭോജനം ചെയ്യുന്നു.

രാത്രിയാകുകില്‍ പാതയോരത്തു-
തന്നെതന്നുടെ വിശ്രമം.
കൊച്ചുസുന്ദരി മാളികതന്നില്‍
പട്ടുമെത്തമേലായിടാം.

കല്ലേറും തല്ലുമാട്ടും കൊള്ളുക
തന്‍റെ ശീലമതായല്ലോ.
സുന്ദരിതന്‍കേശത്തില്‍ വീട്ടമ്മ
സ്നേഹത്താല്‍ തഴുകീടുന്നു.

ഇത്തരമോരോ ചിന്തകള്‍ സാര-
മേയത്തെയലട്ടീടുമ്പോള്‍.
കണ്ടു വീട്ടമ്മതന്‍റെ പാദങ്ങള്‍
നക്കുന്നു കൊച്ചുസുന്ദരി .

പെട്ടെന്നാ ശ്വാവിന്‍ ഹൃത്തടത്തിലെ-
യന്ധകാരമൊഴിഞ്ഞുപോയ്
വേണ്ടാ ഭക്ഷണം പാലും പൊന്മെത്ത-

യൊന്നുമേവേണ്ടൂ സ്വാതന്ത്ര്യം.



ഒരു പഴയ കഥ.
==========

അത്താഴത്തിനുശേഷം നിത്യം
മുത്തശ്ശിക്കു ഭുജിക്കാനായി.
മച്ചിന്നുള്ളില്‍ ഭദ്രമതായി
വച്ചിട്ടുള്ളൊരു രാമായണവും.
പണ്ടൊരു നാളില്‍ മുത്തച്ഛന്‍ പതി-
വുണ്ടുകണക്കെഴുതാനതിനായി
പണ്ടുപയോഗിച്ചുള്ളൊരു പുസ്തക-
മുണ്ടൊരു പെട്ടിയില്‍, ആയതുമിന്ന്
മൂലകളില്ലാതായീ മൂഷികന്‍
വേലകള്‍ ചെയ്കേയെന്നതുകണ്ടു
മുത്തശ്ശിക്കു സഹിക്കാതായീ
'പൊത്തോം'എന്നൊരു വീഴ്ചയുമായി.

കാരണവന്മാര്‍ യോഗം കൂടി
പരിഹാരത്തിനു മാര്‍ഗ്ഗം തേടി.
വാശിയൊടുടനെ മൂഷികനെതിരായ്
പൂശകനൊന്നിനെയെത്തിച്ചല്ലോ.
ശാന്തന്‍ പൂശകനെന്നതുകണ്ടി-
ട്ടന്തംവിട്ടഥ കാരണവന്മാര്‍
വിഷഭോജ്യം നല്കാനുമൊരുങ്ങി
മൂഷികനുപവാസമനുഷ്ഠിച്ചു.
ഇല്ലാ മറ്റൊരു മാര്‍ഗ്ഗമതെന്നാല്‍
ഇല്ലം കത്തിച്ചവനെച്ചുടുക.
അങ്ങനെ മൂഷികനെത്തോല്പിച്ചൊരു
കാരണവര്‍ക്കഭിവാദ്യം ചൊല്ലാം.

കൂട്ടുകുടുംബം
==========
വല്യമ്മാവനെ തള്ളിയിടാനായ്
ചെറിയമ്മാവനെ കൂട്ടുപിടിച്ചു
മറുനാട്ടില്‍പ്പോയ് ഭജനമിരിക്കും
ചെറിയമ്മാവനെ നാട്ടില്‍ വരുത്തി.
തറവാട്ടിന്‍സ്വത്തെല്ലാം ധൂര്‍ത്തിനു
കട്ടുമുടിക്കും വലിയമ്മാവനെ
താഴെയിറക്കി ചെറിയമ്മാവന്‍
തറവാട്ടിന്‍ ഭരണത്തിനൊരുങ്ങി.

പിന്നില്‍ താങ്ങുമനന്തരവന്‍ താന്‍
നില്പൂ കച്ചയുമരയില്‍ മുറുക്കീ
സാത്വികനാകും ചെറിയമ്മാവനു
സേവകനായാല്‍ ഫലമില്ലെന്നതു-
കണ്ടു,നയത്തില്‍ ചെറിയമ്മാവനെ
താഴെയിറക്കീട്ടവിടെയിരുന്നു.
സോദരനായുണ്ടൊരുവന്‍ തത്ത്വം
ചൊല്ലാന്‍ കേമന്‍, കര്‍മ്മമതില്ല.

വഴിപോല്‍ കുടുംബാംഗങ്ങളെ വരുതിയി-
ലാക്കീ ജ്യേഷ്ഠനെ തഴെയിറക്കി.
ഭാര്യാബന്ധുജനങ്ങളുമായി
തറവാട്ടിന്‍ ഭരണത്തിനൊരുങ്ങി
കെടുകാര്യസ്ഥതയഴിമതിയെല്ലാം
കാട്ടാന്‍ മത്സരമെങ്കിലുമിവരോ
നാടുകള്‍ ചുറ്റും കുലപതിയവനെയെ-
തിര്‍ക്കാന്‍ ശത്രുതയില്ലാതൊന്നായ്.

വരിയില്‍
========
നമ്മള്‍ ജനിച്ചതേ മുന്നില്‍ നില്ക്കുവോന്‍റെ
പിന്നിലായ് നില്ക്കുവാനല്ലേ ചൊല്ലൂ.
രോഗം പിടിപെട്ടാല്‍ വൈദ്യനെക്കാണുവാന്‍
ചീട്ടെടുക്കാന്‍ വരി നിന്നീടേണം.

വൈദ്യരിരിക്കും മുറിക്കുപുറത്തും നാം
നിശ്ശബ്ദരായ് വരി നിന്നീടേണം.
വൈദ്യര്‍ കുറിപ്പടി തന്നാല്‍ മരുന്നിനായ്
വീണ്ടും വരിയില്‍ നാം നിന്നീടേണം.

തീവണ്ടിയാപ്പീസില്‍ പാസെടുത്തീടുവാന്‍
നില്ക്കേണം നീണ്ടവരിക്കുപിന്നില്‍.
മാവേലിതന്നുടെയൌദാര്യത്തിന്നായി
പാസും‍പിടിച്ചൊരു നില്പുവേണം.

ക്ഷേത്രത്തില്‍ പോയെന്നാലീശനെ ദര്‍ശിക്കാന്‍
തീര്‍ത്ഥപ്രസാദങ്ങള്‍ വാങ്ങീടുവാന്‍
അന്നദാനത്തിനും നീണ്ടവരികളില്‍
നാട്ടുവിശേഷവും ചൊല്ലിനില്ക്കാം.

കൈയില്‍ കുടങ്ങളുമായിറ്റുനീരിനു
വണ്ടിവരുന്നതും കാത്തുനില്പ്.
ഒട്ടും പരാതിയില്ലാതെ സമത്വത്തിന്‍
സന്ദേശം നല്കും വരിയുമുണ്ടേ!

വൈദ്യുതിയാപ്പീസില്‍, ഫോണിന്‍റെയാപ്പീസി-
ലെല്ലാമൊന്നുപോലെയുള്ള വരി.
ഇപ്പോളൊരുവരികൂടി പുതിയതായ്
ഏടിയെം തന്നുടെ പേരില്‍ വന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ