ബുധനാഴ്‌ച, ഒക്‌ടോബർ 28, 2015

ശ്ലോകങ്ങള്‍

ശ്ലോകങ്ങള്‍



തായങ്കാവില്‍ വിളങ്ങും ഹരിഹരസുതനെ-
ക്കാണുമാറായിടേണം
ചിത്തേ ശ്രീഭൂതനാഥാ സകലദുരിതവും
തീര്‍ക്കുമാറായിടേണം
എത്തുന്നൂ നിന്‍റെ കാല്‍ക്കല്‍ മനുജരഖിലവും
പാപഭാരം ചുമന്നും
മോക്ഷം നീയേകിടേണേ കലിയുഗവരദാ
മുക്തിനീയേകിടേണേ.

പാപങ്ങള്‍ ചെയ്തുകൊണ്ടിന്നിതുവരെ സമയം
തീര്‍ന്നുപോയ് ഞങ്ങളിന്നീ
ഭാരിക്കും ജന്മമല്ലോ ഇരുമുടിയിതുപോല്‍
കാഴ്ചവയ്ക്കുന്നു കാല്‍ക്കല്‍
മുങ്ങുന്നൂ ഞങ്ങളിന്നീ ഭവദുരിതഭരം
സാഗരേ, മുക്തിയേകാന്‍
നീയല്ലാതാരുമില്ലാ കരിമുഖസഹജാ
കാത്തിടേണം സദാ നീ.

തായങ്കാവില്‍ വിളങ്ങും കലിയുഗവരദന്‍
കാത്തുകൊള്ളേണമെന്നെ -
ക്കൈലാസാധീശപുത്രന്‍ ഗജമുഖസഹജന്‍
കൂടെയുണ്ടാക നിത്യം
പാപം ഞാനെത്ര ചെയ്തൂ മനമിതിലറിയാ -
തൊട്ടറിഞ്ഞിട്ടുമയ്യാ
മാപ്പേകീടേണമയ്യാ ഹരിഹരസുത നീ
മാനസേ വാഴ്ക നിത്യം

മേലേക്കാവിലെഴുന്ന ദുര്‍ഗ്ഗ സതതം
ചിത്തേ വിളങ്ങീടണം
പാദാംഭോരുഹയുഗ്മമനിശം
കൂപ്പുന്നു വിശ്വേശ്വരീ

ശ്രീദുര്‍ഗ്ഗേ മമ പാപകര്‍മ്മമഖിലം
അംബേ ക്ഷമിച്ചീടണേ
കാത്തീടേണമിതെന്നെ നീ ഭഗവതീ
നീയല്ലൊ ഏകാശ്രയം .


മേലേക്കാവില്‍ വിളങ്ങും ഭഗവതി ശരണം
കാത്തുകൊള്‍കെന്നെയംബേ
നീയല്ലാതാരുമില്ലീയവനിയിലഭയം
സര്‍വ്വലോകാധിനാഥേ
ആപത്തില്‍നിന്നുമെന്നും ഇവനരുളുകനീ
രക്ഷ , ലോകേശനാഥേ
എന്നും നിന്‍ പാദപത്മം മനമിതിലുണരാന്‍
നല്‍വരം തന്നിടേണം .

ശ്രീദുര്‍ഗ്ഗാദേവിതന്നെയടിയനു ശരണം
കാത്തീടേണം സദാ നീ
വിശ്വത്തിന്നംബ നീയേ ദുരിതമഖിലവും
തീര്‍ത്തു രക്ഷിക്കയംബേ
നീയല്ലാതാരുമില്ലാ ശരണമവനിയില്‍
കൂടെയുണ്ടാക നിത്യം
മേലേക്കാവില്‍ വിളങ്ങും ഭഗവതി ചരണം
കുമ്പിടുന്നംബികേ ഞാന്‍

തായങ്കാവില്‍ വിളങ്ങും ഭവദുരിതഹരന്‍
ശ്രീധര്‍മ്മശസ്താവുതാന്‍
രക്ഷിപ്പൂ വിശ്വമെല്ലാം കലിയുഗപുരുഷന്‍
ശ്രീഭൂതനാഥന്‍ സദാ
മാതാവിന്‍ സന്നിധാനം, പ്രഭചൊരിയുമിടം
കണ്ടു ഭൂജാതനായി
തായങ്കാവില്‍ സ്വയം നീ ഹരിഹരസുതനാം

ശ്രീധര്‍മ്മശസ്താവുതാന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ