ശിവരാത്രി
(ഒന്നാംഭാഗം)
======= =========
"ആയിട്ടുള്ള പണ്യല്ല , തിന്നാനുള്ള കൊത്യോണ്ടാ " എന്ന് പണ്ടാരാണ്ടുപറഞ്ഞപോലെ വിഷമില്ലാത്തതെന്തെങ്കിലും കഴിക്കാമെന്ന അത്യാഗ്രഹംകൊണ്ട് അല്പസ്വല്പം പച്ചക്കറികൃഷിയുണ്ട്. വെണ്ട, ചീര, പാവല്‍, പയര്‍, വഴുതന, കോവല്‍ എന്നിങ്ങനെ കുറച്ച് ഇനങ്ങള്‍. മണ്ണ് ഇളക്കി വളമിടണം. വെയിലാകുമ്പോഴേക്കും പണികഴിയണം. അതിനുവേണ്ടി നേരത്തെ പറമ്പിലേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് 'ഇതാ സുനാമി വരുന്നേ ' എന്ന സ്റ്റൈലില്‍ സഹധര്‍മ്മിണി ഓടിവരുന്നത്.
"ദേ, മൂന്നുനാലുപേര്‍ വരുന്നുണ്ട്".ഒറ്റത്തോര്‍ത്തുമുടുത്ത് ആയുധപാണിയായിട്ടുള്ള രൂപത്തില്‍ അവരുടെ മുന്നില്‍ അവതരിച്ചാലുള്ള മാനഹാനി ഭയന്നാകും അലമുറയിട്ടുകൊണ്ട് വരുന്നത്. ബന്ധുക്കളും മിത്രങ്ങളുമാണെങ്കില്‍ അവര്‍ക്കറിയാത്തവരായി ആരുമില്ല. അപ്പോള്‍ ഇത് മറ്റാരോ ആണ്. 'മാന്യമായി ' വസ്ത്രം ധരിച്ച് ചെന്നു.
"നമസ്കാരം മാഷേ , ഞാന്‍ പ്രവീണ്‍ , ഇത് ജോസ്, ഷീല , ബാബു . ഞങ്ങള്‍ ഹമീദ് പറഞ്ഞതനുസരിച്ച് വന്നതാണ് ". പ്രിയശിഷ്യനാണ് അബ്ദുള്‍ഹമീദ്. ഇടയ്ക്കിടെ പരിചയത്തിലുള്ള കുട്ടികളെ സംശയനിവാരണത്തിനായി അയയ്ക്കാറുണ്ട്. പണ്ഡിതനോ ജ്ഞാനിയോ ഒന്നുമല്ലെങ്കിലും അറിവ് അക്ഷയനിധിയാണെന്ന വിശ്വാസത്താല്‍ ധാരാളം വായിക്കുകയും സംശയമുള്ളത് അറിവുള്ളവരോട് ചോദിച്ചുമനസ്സിലാക്കുകയും ചെയ്യാറുള്ളതുകൊണ്ട് പലകാര്യങ്ങളിലും സംശയനിവൃത്തി വരുത്താന്‍ കഴിയാറുണ്ട്. "
"നമസ്കാരം , വിശേഷിച്ച്?"
"ശിവരാത്രിയെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍ അറിയാനാണ് "
"ഇരിക്കൂ."
"ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രി എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട് .”
"അങ്ങനെ പറയാറുണ്ട് "
"ശിവരാത്രിയുടെ ഐതിഹ്യമെന്താണ് ?"
" മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ചുവന്ന താമരയിലാണ് ബ്രഹ്മാവ് ജന്മമെടുത്തത് . വിശാലമായ നീലജലപ്പരപ്പില്‍ക്കൂടെ സഞ്ചരിച്ച ബ്രഹ്മാവ് വിഷ്ണുവിനെ കണ്ടപ്പോള്‍ നീയാരാണെന്ന് ചോദിച്ചു. ‘ഞാന്‍ നിന്റെ അച്ഛനായ വിഷ്ണു ആണ്’ എന്ന വിഷ്ണുവിന്‍റെ മറുപടിയില്‍ ബ്രഹ്മാവ് സംതൃപ്തനായില്ല. ആരാണ് കേമനെന്ന കാര്യത്തില്‍ അവര്‍ തമ്മില്‍ വഴക്കാരംഭിച്ചു. ലോകത്തിന്റെ സൃഷ്ടിനടത്തുന്ന താനാണ് കേമനെന്ന് ബ്രഹ്മാവിന് തോന്നി. എന്നാല്‍ വിശ്വം മുഴുവന്‍ പരിപാലിക്കുന്ന താനാണ് കേമനെന്ന് വിഷ്ണുവും ചിന്തിച്ചു. കലഹം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി യുദ്ധത്തില്‍ കലാശിച്ചു. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അതിനെതിരെ വിഷ്ണു പാശുപതാസ്ത്രം തൊടുത്തു. ലോകം മുഴുവന്‍ ചുറ്റിനടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ മഹാവിഷ്ണുവിനോ ബ്രഹ്മാവിനോ കഴിഞ്ഞില്ല. അപ്പോള്‍ തേജോലിംഗരൂപത്തില്‍ ശിവന്‍ ഇരുവരുടേയും മുന്നില്‍ പ്രത്യക്ഷനായി . അഗ്നിസ്വരൂപമാര്‍ന്ന ശിവലിംഗത്തിന്റെ അഗ്രഭാഗം ആദ്യം കണ്ടുപിടിക്കുന്നവനാണു ശ്രേഷ്ഠന്‍ എന്ന് അശരീരിയുണ്ടായതനുസരിച്ച് ജ്യോതിര്‍ലിംഗത്തിന്റെ മേലറ്റം കണ്ടുപിടിക്കാന്‍ ഹംസരൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്കും കീഴറ്റം കണ്ടുപിടിക്കാന്‍ വരാഹ രൂപത്തില്‍ വിഷ്ണു കീഴോട്ടും യാത്രയായി. അനേകം വര്‍ഷങ്ങള്‍ സഞ്ചരിച്ചിട്ടും ലിംഗത്തിന്റെ അഗ്രം കാണാതെ സമസ്തപ്രപഞ്ചത്തിന്റേയും ഈശ്വരന്‍ ശിവനാണ് എന്ന് ബോദ്ധ്യപ്പെട്ട ബ്രഹ്മാവും വിഷ്ണുവും മടങ്ങിയെത്തി ശിവനെ സ്തുതിച്ചു. സ്രഷ്ടാവും സംരക്ഷകനും തമ്മിലുള്ള മത്സരംമൂലം ലോകത്തിനുണ്ടായ ദുരന്തങ്ങള്‍ മാറുവാന്‍ ഇരുവരും മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളില്‍ രാത്രിയില്‍ ഉപവാസാദികളോടുകൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണമെന്നു മഹാദേവന്‍ അരുളിച്ചെയ്തു."
"എന്നിട്ട്?"
"അതനുസരിച്ച് ശിവരാത്രിവ്രതമെടുത്ത് മഹാദേവനെ പൂജിച്ച ബ്രഹ്മാവും വിഷ്ണുവും പാപരഹിതരായി. അങ്ങനെ ജ്യോതിര്‍ലിംഗരൂപത്തില്‍ പരമേശ്വരന്‍ ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിനമാണു ശിവരാത്രി".
" ഈ കഥ കേട്ടിട്ടില്ല. ശിവന്‍ ഹാലാഹലം കഴിച്ച് തൊണ്ടയില്‍ ഉറച്ചതായും പാര്‍വ്വതി ഉറക്കമിളച്ചിരുന്ന് പ്രാര്‍ത്ഥിച്ചതായും കേട്ടിട്ടുണ്ട്. "
"അങ്ങനെയും ഒരൈതിഹ്യമുണ്ട്".
"അതൊന്ന് വിവരിക്കാമോ?"
"പറയാം. ശ്രീപരമേശ്വരന്റെ അവതാരമായ അത്രിമഹര്‍ഷിയുടെ പുത്രൻ ദുര്‍വ്വാസാവിന് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ സുഗന്ധപൂരിതമായ ഒരു പാരിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം ആ മാല ഐരാവതം എന്ന വെളുത്തആനയുടെ പുറത്തേറി വരുന്ന ദേവേന്ദ്രന് സമ്മാനിച്ചു . ദേവേന്ദ്രൻ പാരിജാതപുഷ്പമാല കിട്ടിയ സന്തോഷത്തിൽ തലയിൽ ചൂടാനായി തലമുടി വൃത്തിയായി ഒതുക്കിക്കെട്ടാനായി അത് ഐരാവതത്തിന്റെ മസ്തകത്തിന്മേൽ വച്ചു . അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പറന്നുവന്ന്‍ ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ കുപിതനായ ഐരാവതം തനിക്കുണ്ടായ ശല്യത്തിന് ഹേതുവായ പൂമാലയെടുത്ത് നിലത്തിട്ട് ചവിട്ടിമെതിച്ചു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് എല്ലാ ദേവന്മാരെയും ജരാനര ബാധിക്കട്ടെ എന്ന് ശപിച്ചു. പാലാഴികടഞ്ഞ് അമൃതെടുത്തുകഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു . പാലാഴി കടയാന്‍ ദേവന്മാർക്ക് തനിച്ചു സാധിക്കാഞ്ഞതിനാല്‍ ത്രിമൂർത്തികളുടെ അനുഗ്രഹാശിസ്സുകളോടെ അവര്‍ അസുരന്മാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. കടക്കോലായി മന്ദരപർവ്വതത്തേയും കയറായി നാഗശ്രേഷ്ഠനായ വാസുകിയേയും ഉപയോഗിച്ചു . വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി ദേഹാസ്വാസ്ഥ്യംമൂലം കാളകൂടം എന്ന മാരകവിഷം ഛർദ്ദിച്ചു. കാളകൂടവിഷം വലിയ പുകയും അഗ്നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ വ്യാപിച്ചുതുടങ്ങി . അതിന്‍റെ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. ദേവാസുരര്‍കള്‍ ഭയപ്പെട്ട് ഓടാന്‍ തുടങ്ങി . വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം പരമശിവന്‍ മനസ്സിലാക്കി . വാസുകി ഛര്‍ദ്ദിച്ച കാളകൂട വിഷം പരമശിവന്‍ പാനം ചെയ്തപ്പോള്‍ ഭയവിഹ്വലയായ പാര്‍വ്വതി, അത് ഉള്ളിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവന്‍റെ കഴുത്ത് ഞെക്കിപ്പിടിച്ചു . വായില്‍നിന്നും വിഷം പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും പോകാന്‍ കഴിയാതെ ഗതിമുട്ടിയ വിഷം ശിവന്‍റെ തൊണ്ടയില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു . അങ്ങനെയാണ് ശിവന്‍ നീലകണ്ഠനായത്. ശിവന് ആപത്തൊന്നും വരാതിരിക്കാന്‍ പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചു . ശ്രീപരമേശ്വരന്റെ ഈ അത്ഭുത പ്രവൃത്തിയും മഹാത്യാഗവും കണ്ട് ദേവ-ദൈത്യ-മാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു . അങ്ങനെ ആരും ഉറങ്ങാതിരുന്ന ആ രാത്രിയുടെ ഓര്‍മ്മയ്ക്കായി ശിവരാത്രി കൊണ്ടാടുന്നു ".
"ശിവചതുര്‍ദ്ദശി എന്ന് കേട്ടിട്ടുണ്ട് ."
" മാഘമാസത്തിന്റെ ഒടുവിലും ഫാല്‍ഗുനമാസം ആരംഭിക്കുന്നതിനു മുന്‍പും ഉള്ള കൃക്ഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീ തിഥി വരുന്ന ദിനമാണു ശിവരാത്രി . ശിവപ്രിയ എന്നും ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി അറിയപ്പെടുന്നു ".
"ഞങ്ങളുടെ കൂട്ടുകാരില്‍ പലരും ബലിയിടാന്‍ ആലുവ ശിവരാത്രിക്ക് പോകാറുണ്ടത്രേ."
"‘ശിവ ചതുർദ്ദശി’ എന്നറിയപ്പെടുന്ന കുംഭമാസത്തിലെ കറുത്തചതുർദ്ദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത് . അന്ന് ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവസ്തുതികൾ ആലപിക്കുകയും ചെയ്യുന്നു. അതിനുശേഷം പുലർച്ചെ പിതൃതർപ്പണം ചെയ്യുന്നത് മോക്ഷദായകമാണത്രേ . ആലുവയില്‍ ബലിതര്‍പ്പണത്തിനായി അനേകംപേര്‍ എത്താറുണ്ട് ."
"ശിവന്‍ സംഹാരമൂര്‍ത്തിയാണെന്നല്ലേ പറയാറുള്ളത് . ശിവം എന്നാല്‍ മംഗളം എന്നല്ലേ അര്‍ത്ഥം?"
"അമംഗളത്തെ സംഹരിച്ച് മംഗളമേകുന്നവനാണ് ശിവന്‍. അതുകൊണ്ട് മംഗളകാരിയും സംഹാരമൂര്‍ത്തിയുമാണ് . രാഗാദിഷള്‍ക്കങ്ങളുള്‍പ്പെട്ട ദോഷങ്ങളാകുന്ന സര്‍പ്പത്തെ കീഴടക്കി മാലയായി ധരിച്ചിരിക്കുന്നു. എന്തും അഗ്നിയിലിട്ടാല്‍ ചാരമാകും. പക്ഷേ ചാരം അഗ്നിയിലിട്ടാല്‍ ഒന്നും സംഭവിക്കുന്നില്ല. അനശ്വരതയുടെ പ്രതീകമായ ചാരം വാരിപ്പൂശുന്നവന്‍ ശിവന്‍. "
" ശിവന് ഇങ്ങനെ പലപേരുകളുണ്ട് , ഇല്ലേ?"
"ഉണ്ട്. കഴുത്തില്‍ നീലനിറമുള്ളതിനാല്‍ നീലകണ്ഠന്‍ , കാളകൂടവിഷം കഴുത്തിലുള്ളവന്‍ , കാള(കറുത്ത)വര്‍ണ്ണം കഴുത്തിലുള്ളവന്‍ എന്നീ കാരണങ്ങളാല്‍ കാളകണ്ഠന്‍, കഴുത്തില്‍ നീലനിറവും ജടയില്‍ ചുവപ്പുനിറവുമുള്ളതിനാല്‍ നീലലോഹിതന്‍, ചുമടായ ജടയുള്ളവനായതുകൊണ്ട് 'ധൂര്‍ജ്ജടി', പരശു എന്ന അസുരനെ ഖണ്ഡിച്ചതുകൊണ്ട് 'ഖണ്ഡപരശു' , കപാലം (തലയോട്ടി) ധരിക്കുന്നതുകൊണ്ട് 'കപാലധരന്‍, കപാലപാണി , കപാലഭൃത്ത് , കപാലശിരസ്സ് ' എന്നിവ, ത്ര്യംബകം എന്ന വില്ല് ധരിക്കുന്നതിനാല്‍ 'ത്ര്യംബകന്‍ , പ്രളയകാലത്തുപോലും ലയമില്ലാതെ സ്ഥിരമായി നില്ക്കുന്നതിനാല്‍ സ്ഥിരതയുള്ളവന്‍ എന്ന അര്‍ത്ഥംവരുന്ന സ്ഥാണു, കപര്‍ദ്ദം എന്ന ജടയുള്ളതുകൊണ്ട് കപര്‍ദ്ദിനി , മൂന്നുകണ്ണുള്ളതുകൊണ്ട് ത്രിനേത്രന്‍, ശൂലം ധരിക്കുന്നതിനാല്‍ ശൂലി, പിനാകം എന്ന വില്ല് ധരിച്ചതിനാല്‍ പിനാകി, പിനാകപാണി, പിനാകധൃത്ത് എന്നിങ്ങനെ പലപേരുകളുണ്ട് ."
"ത്രിപുരാന്തകന്‍ എന്ന് പേരുവന്നതിന്‍റെ പിന്നില്‍ ഒരു കഥയുണ്ടല്ലോ?"
"അസുരാധിപനായ താരകാസുരന്‍റെ പുത്രന്മാരായിരുന്നു വിദ്യുന്മാലി , താരകാക്ഷന്‍ , കമലാക്ഷന്‍ എന്നിവര്‍ . അവര്‍ പഞ്ചാഗ്നിമദ്ധ്യത്തില്‍ കഠിനതപസ്സനുഷ്ഠിച്ച് ബ്രഹ്മാവില്‍നിന്നും മൂന്നുപുരങ്ങള്‍ (കോട്ടകള്‍) നിര്‍മ്മിക്കാന്‍ അനുവാദം നേടി. ദേവശില്പിയായ മയനെക്കൊണ്ട് ഭൂമിയില്‍ ഇരുമ്പുകൊണ്ടും ഭുവര്‍ലോകത്തില്‍ വെള്ളികൊണ്ടും സ്വര്‍ഗ്ഗത്തില്‍ സ്വര്‍ണ്ണംകൊണ്ടും 100 യോജനവിസ്താരത്തില്‍ ഓരോ പുരങ്ങള്‍ ഉണ്ടാക്കിച്ചു. അതിനാല്‍ ഇവര്‍ ത്രിപുരന്മാര്‍ എന്നറിയപ്പെട്ടു. പലദിശകളില്‍ കറങ്ങുന്ന ഇവ ഒരേ രേഖയില്‍ വരുമ്പോള്‍ ഒരൊറ്റ അമ്പുകൊണ്ട് മൂന്നിനേയും ഖണ്ഡിച്ചാല്‍ മാത്രമേ ഇവരെ തോല്പിക്കാന്‍ കഴിയുകയുള്ളൂ എന്ന വരവും ഇവര്‍ ബ്രഹ്മാവില്‍നിന്ന് നേടിയെടുത്തു. ഇവരെ വധിച്ചതുകൊണ്ടാണ് ശിവന്‍ 'ത്രിപുരാന്തകന്‍ ' എന്ന് അറിയപ്പെട്ടത്."
" കുറച്ചുകാര്യങ്ങള്‍ക്കൂടി അറിയണമെന്നുണ്ട്. ഞങ്ങള്‍ നാളെ വരാം"
"അറിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരുന്നതില്‍ സന്തോഷമേയുള്ളു. അപ്പോള്‍ നമുക്ക് നാളെ തുടരാം."

ശിവരാത്രി(രണ്ടാംഭാഗം).
===========================
"നമസ്കാരം മാഷേ , ഞങ്ങള്‍ വൈകിയോ?"
"അഞ്ചുമണിക്കൊരു യാത്രയുണ്ട്. തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് . അതുവരെ ഒഴിവുണ്ട്. "തൈരിന്‍റെ തെളിയൂറ്റി കറിവേപ്പിലയും നാരകത്തിലയും മുളകും ഇഞ്ചിയും ചേര്‍ത്ത സംഭാരം കൊണ്ടുവരുന്നതുകണ്ടപ്പോള്‍ നാല്‍വര്‍സംഘത്തിന് സന്തോഷമായെന്നുതോന്നുന്നു .
"സന്തോഷമായി ചേച്ചീ, ഇത് അധികമെവിടുന്നും കിട്ടാറില്ല . "
"ഞങ്ങള്‍ ചായം കലക്കിയവെള്ളം ആര്‍ക്കും കൊടുക്കാറില്ല . ദാഹത്തിനും ക്ഷീണത്തിനും നല്ലത് സംഭാരം തന്നെയാണ് "
"അപ്പോള്‍ നമുക്ക് കാര്യത്തിലേക്ക് കടക്കാം. "
"ശിവരാത്രിവ്രതത്തിന്‍റെ ചടങ്ങുകള്‍ എങ്ങനെയാണ് ? "
"ശിവരാത്രിയുടെ തലേ ദിവസം വീട് കഴുകി ശുദ്ധിവരുത്തണം . പണ്ടൊക്കെ ചാണകം മെഴുകലായിരുന്നു. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം ഉച്ചഭക്ഷണം കഴിഞ്ഞാല്‍പ്പിന്നെ അരിയാഹാരം കഴിക്കരുത്. ശിവരാത്രി ദിവസം ഉപവാസമെടുത്തോ ഒരിക്കലെടുത്തോ വ്രതമനുഷ്ഠിക്കാവുന്നതാണ്. പൊതുവേ ആരോഗ്യമുള്ളവര്‍ ഉപവാസമനുഷ്ഠിക്കാവുന്നതാണ് . വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ അല്ലാതെ മറ്റൊന്നും കഴിക്കരുത് . അതുപറ്റാത്തവര്‍ ഒരിക്കലെടുക്കുക. ഒരിക്കലെടുക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നേദ്യച്ചോര്‍ ഉച്ചയ്ക്ക് അല്പമാത്രം ഭക്ഷിക്കണം . ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്ന്‍ 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രമോ 'ഓം നമ:ശിവായ' മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ ജപിച്ചും , സോമരേഖ (ശിവന്‍റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെ അര്‍ദ്ധപ്രദക്ഷിണം വെച്ചും സമയം കഴിക്കാം. അടുത്തദിവസം വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കുക. തന്റെ ശക്തിക്കനുസരിച്ച് അന്യര്‍ക്ക് ഭക്ഷണം നല്കി സന്തുഷ്ടരാക്കിയ ശേഷം വ്രതമെടുക്കുന്നവന്‍ ഭക്ഷണം കഴിക്കുക. ഇതാണ് വ്രതാനുഷ്ഠാനത്തിന്‍റെ ചടങ്ങുകള്‍."
"ഇത്തവണ പ്രദോഷം ചേര്‍ന്ന ശിവരാത്രിയാണെന്ന് പറയുന്നുണ്ടല്ലോ ? അതിനെന്തെങ്കിലും പ്രത്യേകതയുണ്ടോ? "
"അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് സാധാരണമായി പ്രദോഷവ്രതമനുഷ്ഠിക്കുന്നത് . ഇത്തവണ ശിവരാത്രിദിവസം സന്ധ്യയ്ക്ക് ത്രയോദശിയായതിനാല്‍ അന്ന് പ്രദോഷം കൂടിയാണ് . ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ പ്രദോഷവ്രതവും ശിവരാത്രിയും ഒരേദിവസം വരുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പലപ്പോഴും തലേദിവസമാണ് പ്രദോഷവ്രതമുണ്ടാകുക ."
" പ്രദോഷവ്രതമെന്നാലെന്താണ് ?"
"ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്. അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് സാധാരണമായി പ്രദോഷവ്രതമനുഷ്ഠിക്കുന്നത് . പ്രദോഷദിനത്തില്‍ രാവിലെ കുളീച്ച് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം , ശിവക്ഷേത്രദര്‍ശനം , ശിവന് കൂവളമാല ചാര്‍ത്തല്‍ , കൂവളദളം കൊണ്ട് മൃത്യുഞ്ജയപുഷ്പാര്‍ച്ചന നടത്തല്‍ തുടങ്ങിയവ നല്ലതാണത്രേ. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം ചെയ്ത് ദീപാരാധന, പ്രദോഷപൂജ ഇവ കണ്ട് പ്രാര്‍ത്ഥിക്കുക. ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു . പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നിവേദ്യച്ചോറുണ്ണാം ."
"പ്രദോഷവ്രതം അത്രയ്ക്കുപ്രാധാന്യമുള്ളതാണോ ?"
"പ്രദോഷമാഹാത്മ്യം വിവരിക്കുന്ന ഒരു കഥയുണ്ട് . പണ്ട് വിധവയായ ഒരു ബ്രാഹ്മണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം . ഒരു ദിവസം അവർ പിതാവ് മരിച്ചതിനാൽ ദുഃഖിതനായി ദേശംതോറും അലഞ്ഞുനടക്കുകയായിരുന്ന വിദർഭയിലെ രാജകുമാരനെ കണ്ടുമുട്ടി. . അദ്ദേഹത്തിന്‍റെ അവസ്ഥയിൽ ദയതോന്നി അവര്‍ അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു . അവര്‍ ദുരിതശാന്തിക്കായി പ്രദോഷവ്രതം ആരംഭിച്ചു. കാലങ്ങള്‍ക്കുശേഷം
ഒരുദിവസം രാജകുമാരൻ കാട്ടിൽ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങൾ വിദർഭ നഗരത്തിലെ ധർമ ഗുപ്തൻ എന്ന രാജകുമാരനാണ്. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകൾ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്തണം . അതനുസരിച്ച് രാജകുമാരൻ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദർഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണസ്ത്രീയെയും പുത്രനെയും രാജകൊട്ടാരത്തിൽ വരുത്തി താമസിപ്പിച്ചു. അങ്ങിനെ അവരുടെ ദുഃഖം ശമിച്ചു "
"ശിവരാത്രിവ്രതത്തിന്‍റെ മാഹാത്മ്യം വിവരിക്കുന്ന കഥകളൊന്നുമില്ലേ?"
"ഉണ്ടല്ലോ. ജീവിതത്തില്‍ ധാരാളം പാപങ്ങള്‍ ചെയ്തുകൂട്ടിയവനാണ് സുകുമാരന്‍ എന്ന സുന്ദരസേനന്‍ . അലഞ്ഞുതിരിഞ്ഞ് ഒരു ശിവരാത്രിദിനത്തില്‍ അയാള്‍ നാഗേശ്വരം ശിവക്ഷേത്രനടയിലെത്തി . അപ്പോഴവിടെ മഹാശിവരാത്രി ആഘോഷങ്ങള്‍ നടക്കുകയായിരുന്നു . വേണമെന്നുകരുതിയിട്ടല്ലെങ്കിലും മഹാപാപിയായ സുന്ദരസേനനും ശിവരാത്രി പൂജയില്‍ പങ്കെടുത്തു . കുറച്ചുനാളുകള്‍ക്ക് ശേഷം സുന്ദരസേനന്‍ മരിച്ചപ്പോള്‍ ആത്മാവിനെ കൊണ്ടുപോകാനായി യമദൂതന്മാര്‍ എത്തി. എന്നാല്‍ ശിവരാത്രിപൂജയില്‍ പങ്കുകൊണ്ടപ്പോള്‍ പാപങ്ങള്‍ക്ക് പരിഹാരമായതിനാല്‍ അയാളുടെ ആത്മാവിനെ കൊണ്ടുപോകാനായി ശിവന്‍റെ ദൂതന്മാരും എത്തി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ശിവദൂദന്മാര്‍ വിജയിക്കുകയും അയാളുടെ ആത്മാവിനെ ശിവലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്തു."
"മറ്റൊരു കഥ ഗുരുദ്രുഹന്‍ എന്ന വേടനെസ്സംബന്ധിച്ചുള്ളതാണ് . ഒരു ശിവരാത്രി ദിവസം മൃഗങ്ങളെയൊന്നും കിട്ടാതെ അലഞ്ഞുനടന്ന് സന്ധ്യയായപ്പോള്‍ കാട്ടിലെത്തി. ഒരു പുഴയുടെ കരയിലുള്ള കൂവളത്തിന്‍റെ മുകളില്‍ കയറിയിരുന്നു . പുഴക്കരയിലാകുമ്പോള്‍ ധാരാളം മൃഗങ്ങള്‍ വെള്ളംകുടിക്കാന്‍ വരും. അങ്ങനെയിരിക്കുമ്പോള്‍ ഒരു പേടമാന്‍ അവിടെയെത്തി . അമ്പെയ്യാന്‍ ഉന്നംനോക്കുന്നതിനിടയില്‍ കൈതട്ടി വെള്ളപ്പാത്രം മറിഞ്ഞ് വെള്ളം മുഴുവന്‍ താഴെപ്പോയി."
. ഞെട്ടിത്തിരിഞ്ഞുനോക്കിയ മാന്‍ വേടനെയാണ് കണ്ടത്. അവള്‍ തന്‍റെ മക്കളെ അച്ഛനെയേല്പിച്ചുവരാനുള്ള സമയം അനുവദിക്കാന്‍ ആവശ്യപ്പെട്ടു. വേടന്‍ അതനുസരിച്ചു. അവള്‍ പോയിവരുന്നതുവരെ ഉറങ്ങാതിരിക്കാന്‍ മരത്തിന്‍റെ ഇലകള്‍ പറിച്ച് താഴേക്കിട്ടുകൊണ്ടിരുന്നു . ഈ ഇലകളെല്ലാം ചെന്നുവീണിരുന്നതും പാത്രം തട്ടിമറിഞ്ഞു വെള്ളം വീണതുമെല്ലാം മരത്തിനുതാഴെയുണ്ടായിരുന്ന ശിവലിംഗത്തിലായിരുന്നു . ഒരു ദിവസം മുഴുവന്‍ പട്ടിണിയായിരുന്ന അയാള്‍ ഫലത്തില്‍ ഉപവാസമനുഷ്ഠിച്ച് ശിവപൂജയും അഭിഷേകവും ചെയ്യുകയായിരുന്നു. കുറെ വൈകിയാണ് മാന്‍ കുടുംബസമേതം അവിടെയെത്തിയത് . എല്ലാവരേയും വധിക്കണമെന്നായിരുന്നു അവരുടെ അപേക്ഷ. പക്ഷേ രാത്രിമുഴുവന്‍ ഉറക്കമില്ലാതെ, ദിവസം മുഴുവന്‍ ഉപവാസമനുഷ്ഠിച്ച് ശിവരാത്രിപൂജചെയ്തതിനാല്‍ പാപം മുഴുവന്‍ നശിച്ച് അയാള്‍ നല്ല മനുഷ്യനായിത്തീര്‍ന്നിരുന്നു. മാനിനോട് അയാള്‍ മാപ്പിരന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് രണ്ട്കൂട്ടരേയും അനുഗ്രഹിച്ചു."
"അറിയാതെ ചെയ്തത് പൂജയും അഭിഷേകവുമായി മാറി , നല്ല കഥ ."
"അപ്പോള്‍ മനശ്ശുദ്ധിയോടെ അനുഷ്ഠിക്കുന്ന വ്രതങ്ങളുടെ കാര്യം പറയണോ?"
"കൂവളത്തിന് ഇത്രയും പ്രാധാന്യമുണ്ടോ?"
"ശിവപാർവതിമാർക്കു പ്രിയപ്പെട്ട കൂവളത്തിന് ശിവദ്രുമം, ശിവമല്ലി, വില്വം, ബില്വം എന്നും പേരുകളുണ്ട്. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നൽകി കൂവളത്തെ പരിപാലിക്കുന്നു. വാടിയാലും പൂജയ്ക്ക് എടുക്കുന്ന ഒരേയൊരു പുഷ്പമാണ് കൂവളത്തില . ഇതിന്‍റെ മുള്ളുകള്‍ ശക്തിസ്വരൂപവും ശാഖകള്‍ വേദവും വേരുകള്‍ രുദ്രരൂപവും ഇലയുടെ മൂന്നായി പിരിഞ്ഞിരിക്കുന്ന ഇതളുകള്‍ പരമശിവന്റെ തൃക്കണ്ണുകളുമായി സങ്കല്പിക്കപ്പെടുന്നു . ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്യുന്നതിനുതുല്യമാണത്രേ ."
"ഭസ്മത്തിന്‍റെ പ്രാധാന്യമെന്താണ് ?"
"ശിവതത്വത്തെ സൂചിപ്പിക്കുന്ന ഭസ്മം അഗ്നിശുദ്ധി ചെയ്തതാണെന്ന കാരണത്താല്‍ ഏറ്റവും പരിശുദ്ധമായതായി കരുതുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ് . മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലാണവസാനിക്കുന്നതെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയാകാമത് ."
"ഇതുണ്ടാക്കുന്നതിനും ചില ചടങ്ങുകളില്ലേ?"
" ഉണ്ട്. തൊഴുത്തില്‍നിന്നും പുതിയ ചാണകം എടുത്ത് അതുകൊണ്ടാണ് ഭസ്മമുണ്ടാക്കുന്നത് . അഷ്ടമി, അമാവാസി , പൌര്‍ണ്ണമി എന്നീദിവസങ്ങളാണ് ചാണകമെടുക്കുന്നതിനുത്തമം. അത് ചെറിയ ഉരുളകളാക്കി ഉണക്കണം. ശിവരാത്രിദിവസം ഉച്ചതിരിഞ്ഞ് മുറ്റത്ത് ചാണകംകൊണ്ട് മെഴുകി ശുദ്ധിവരുത്തിയ സ്ഥലത്ത് ചണ്ട് (നെല്ലിന്‍റെ പതിര്) കനത്തില്‍ വിരിക്കണം. അതിന്മേല്‍ നന്നായി ഉണക്കിവച്ചിട്ടുള്ള ഉരുളകള്‍ നിരത്തുക. തുടര്‍ന്ന് ഉരുളകള്‍ പൂര്‍ണ്ണമായും ഉമികൊണ്ട് മൂടുക. മുകളില്‍ കനലിടുക. ഉമിത്തീയില്‍കിടന്ന്‍ നീറി ഉരുളകള്‍ ഭസ്മമാകും. തീയണഞ്ഞാല്‍ ഈ ഉരുളകള്‍ പൊട്ടാതെയെടുത്ത് ഒരു കടലാസില്‍വച്ച് കരിഞ്ഞഭാഗങ്ങളുണ്ടെങ്കില്‍ അടര്‍ത്തിക്കളയണം. ഈ ഉരുളകള്‍ പൊടിച്ചാല്‍ നല്ല ഭസ്മം ലഭിക്കും."
"മാഷേ, ശിവന്‍റെയൊപ്പമുള്ള കാളയെക്കുറിച്ചെന്തെങ്കിലും കഥയുണ്ടോ?"
"ശിവന്‍റെയൊപ്പമുള്ള കാളയ്ക്ക് നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ , നന്ദികേശ്വരന്‍ എന്നീ പേരുകളുണ്ട് . നന്ദി കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. "
"നന്ദി ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനാണെന്നുകേട്ടിട്ടുണ്ടല്ലോ ?"
"അതിനുപിന്നിലൊരു കഥയുണ്ട്. ശാലങ്കായന്റെ പുത്രനായിരുന്നു ശിലാദനന്‍ . ഒരു ശിവഭക്തനായിരുന്ന അദ്ദേഹം ലൗകിക ജീവിതം നയിച്ചിരുന്നവനാണ് . സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പരമശിവന്‍ അദ്ദേഹത്തിന് പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. ഒരിക്കല്‍ അദ്ദേഹം ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരത്ഭുതശിശുവിനെ ലഭിച്ചു. നാലുകൈകളും മൂന്നുകണ്ണുകളും ശിരസ്സില്‍ ജടാമകുടങ്ങളുമുള്ള ഒരു രൂപം . ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. പിന്നീടവന് മനുഷ്യരൂപം ലഭിച്ചു. അങ്ങനെയാണ് സ്വന്തം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട നന്ദി ശിലാദനന്‍റെ പുത്രനായത് ."
"നന്ദി ശിവന്‍റെ വാഹനമായതെങ്ങനെയാണ് ?"
"ശിലാദനന്‍റെ പുത്രനായി വസിക്കുന്ന കാലത്ത് നന്ദി ഒരിക്കല്‍ ആ വഴി വന്ന മിത്രാവരുണന്മാരോട് അനുഗ്രഹം ആവശ്യപ്പെട്ടു. ആയുസ്സവസാനിക്കാറായ നിനക്കെന്തിനനുഗ്രഹമെന്ന് അവര്‍ ചോദിച്ചു. അതുകേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ചു. കൈലാസത്തില്‍ ശിവപാര്‍വ്വതിമാരോടൊപ്പം അവരുടെ പുത്രനായി കഴിഞ്ഞുകൊള്ളാന്‍ ശിവന്‍ അനുഗ്രഹിച്ചു . സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവന്‍റെ സേവകനായി ."
"അങ്ങനെയാണ് നന്ദികേശന്‍ ശിവന്‍റെ സേവകനായത് , അല്ലേ?"
"മറ്റൊരു കഥയും പ്രചാരത്തിലുണ്ട് . ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും നന്ദിയുടെ ഗുരുനാഥന്മാരായിരുന്നു . ഗുരുവായ ദക്ഷന്‍ തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹിക്കാന്‍ പറ്റാതെ നന്ദി ഒരുനാള്‍ ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു. നന്ദി കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ടു .മനുഷ്യരൂപത്തില്‍ ഭൂതഗണങ്ങളുടെ നായകനാകാനും ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും കഴിവുള്ള നന്ദി നല്ലൊരു പണ്ഡിതന്‍കൂടിയാണ് . മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം ഉപദേശിച്ചത് നന്ദിയാണെന്ന് പുരാണങ്ങളില്‍ കാണുന്നു."
" ചില ക്ഷേത്രങ്ങളില്‍ നന്ദിയെ പൂജിക്കുന്നുണ്ടത്രേ".
"ഉവ്വ്. നന്ദി നല്ലൊരു തപസ്വിയുമാണ് . കൈലാസത്തിനുമുകളിലൂടെ ആരും പോകാറില്ല . പക്ഷേ അഹങ്കാരം മുഴുത്ത് രാവണന്‍ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍ വാനരവേഷത്തില്‍ തടയാന്‍ ചെന്ന നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങി . പക്ഷേ നന്ദി രാവണനെ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് ശപിച്ച് അയാളുടെ വീര്യം കെടുത്തി."
"നാലുമണിയായി " ഉള്ളില്‍നിന്നുള്ള സഹധര്‍മ്മിണിയുടെ ഓര്‍മ്മപ്പെടുത്തല്‍. അഞ്ചുമണിക്ക് വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട് . അതോര്‍മ്മിപ്പിക്കുകയാണ് .
"ചേച്ചി സാറിനെ യാത്രയുടെകാര്യം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി വിളിച്ചതാകും. എന്നാല്‍ ഞങ്ങളിറങ്ങട്ടെ. വളരെയധികം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. നന്ദിയുണ്ട്. ഇനിയും ഞങ്ങള്‍ ബുദ്ധിമുട്ടിക്കാന്‍ എത്തും."
"എപ്പോള്‍വേണമെങ്കിലും വരാം. അറിയുന്നത് പറഞ്ഞുതരാന്‍ സന്തോഷമേയുള്ളു . "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ