ഗായത്രി

ഗായത്രി

ഗായത്രി

ഗായത്രി എന്നത് ഒരു പ്രത്യേക മന്ത്രത്തിന് പറയുന്ന പേരല്ല . അതൊരു ഛന്ദസ്സിന്‍റെ പേരാണ് . 24 അക്ഷരങ്ങള്‍ , ഓരോ 8 അക്ഷരങ്ങള്‍ കഴിയുമ്പോഴും യതി . ഗായത്രി ഛന്ദസ്സിന്‍റെ പ്രത്യേകത ഇതാണ് . ഈ ഛന്ദസ്സിലുള്ള എല്ലാ മന്ത്രങ്ങളും ഗായത്രി മന്ത്രങ്ങള്‍ എന്നറിയപ്പെടുന്നു .എങ്കിലും ഗായത്രി എന്നു മാത്രം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് " തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോയോന്ന പ്രചോദയാത്" എന്ന മന്ത്രമാണ് . "ഓം ഭൂര്‍ഭുവസ്വ " എന്നുകൂടി ചേര്‍ത്താണ് ഈ മന്ത്രം ജപിക്കുന്നത്.അതുകൂടി ചേര്‍ത്ത് ഗായത്രി മന്ത്രം താഴെ കൊടുക്കുന്നു .

ഓം ഭൂര്‍ഭുവസ്വഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോയോന്ന പ്രചോദയാല്‍
ഓം ഭൂര്‍ഭുവസ്വഃ:-
ഓം = സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ പ്രതീകം . പരമാത്മാവ് , പരമ്പൊരുള്‍ ,പരബ്രഹ്മം .
ഭൂര്‍ = ഭൂഃ = ഭൂമി , ശരീരം സ്ഥിതി ചെയ്യുന്ന സുഖദുഃഖ ബോധത്തോടുകൂടിയ തലം,പ്രാണന്‍.
ഭുവഃ = ആകാശം , ബോധമണ്ഡലം , ആത്മപരമാത്മഭേദം ത്യജിച്ച് അദ്വൈത ചിന്താഗതിയിലേക്കുയരുന്ന മാനസിക തലം , അപാനന്‍ . സ്വഃ = സ്വര്‍ഗ്ഗം ,സര്‍വ്വവ്യാപിയായ ശക്തിചൈതന്യം , പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ , വ്യാനന്‍ . പരമാത്മചൈതന്യത്തെ സംബോധന ചെയ്യുന്നതാണ് ഈ മൂന്നു പദങ്ങള്‍ .ഭൂ എന്നാല്‍ ഭൌതിക തലം അതായത് , സത് എന്നും ഭുവഃ എന്നാല്‍ ഉയര്‍ന്ന ചിന്തയുടെ തലം അതായത് ചിത് എന്നും സ്വഃ എന്നാല്‍ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ അതായത് ആനന്ദം എന്നും ആണല്ലോ അര്‍ത്ഥം . അപ്പോള്‍ ഭൂര്‍ഭുവസ്വഃ എന്നാല്‍ സത് ചിത് ആനന്ദം അതായത് സച്ചിതാനന്ദം എന്നര്‍ത്ഥം . സച്ചിതാനന്ദം എന്നാല്‍ സച്ചിതാനന്ദപരബ്രഹ്മം തന്നെ .
തത്സവിതുര്‍വരേണ്യം:-
തത് = അതിന്‍റെ . സവിതുഃ = സവിതാവിന്‍റെ . സവിതാ = സൂര്യന്‍ ,സര്‍വ്വാന്തര്യാമിയായിരുന്ന് നമ്മെ സദാ കര്‍മ്മനിരതരായിരിക്കാന്‍ പ്രേരിപ്പിക്കുന്ന തത്വം .വരേണ്യം = വരിക്കപ്പെടേണ്ടത് , സര്‍വ്വരാലും അറിയപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും ഉപാസിക്കപ്പെടേണ്ടതും അതിശ്രേഷ്ഠമായതും .
ഭര്‍ഗ്ഗോഃ ദേവസ്യ ധീമഹി:-
ഭര്‍ഗ്ഗഃ = പ്രകാശം , മായയേയും മായ കൊണ്ടുണ്ടാകുന്ന സംസാരദുഃഖങ്ങളേയും ദഹിപ്പിക്കുന്നത് . സൂര്യപ്രകാശം . ദേവസ്യ = ദേവന്‍റെ . ദേവന്‍ എന്നാല്‍ സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നത്. ധീമഹി = ധ്യാനിക്കുന്നു .മറ്റെല്ലാ ചിന്തകളും മാറ്റി ഒരേ ശക്തിയില്‍ തന്നെ മുഴുവന്‍ ബോധവും (ചിന്തയും)കേന്ദ്രീകരിക്കുകയാണ് ധ്യാനം .

ധീയോയോന്ന പ്രചോദയാല്‍:-
ധീയഃ = ധിഷണ , മേധാശക്തി , ധര്‍മ്മാധര്‍മ്മ വിവേചന ശക്തി . യഃ = യാതൊരുവന്‍ .നഃ = നമ്മളുടെ , നമ്മളെ , നമുക്ക് . പ്രചോദയാത് = പ്രേരിപ്പിക്കട്ടെ . നയിക്കട്ടെ ,കര്‍മ്മനിരതരാക്കട്ടെ .
സവിതാവ് നമ്മുടെ ബുദ്ധിയെ ഉദ്ദീപിപ്പിച്ച് ധര്‍മ്മാധര്‍മ്മ വിവേചന ശേഷിയുണ്ടാക്കുന്നു .അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്‍റെ പ്രാശത്തിലേക്ക് നയിക്കുന്നു .സര്‍വ്വാന്തര്യാമിയായി സര്‍വ്വജീവജാലങ്ങളേയും കര്‍മ്മനിരതരാക്കുന്നു . മായയേയും മായ കൊണ്ടുണ്ടാകുന്ന സംസാരദുഃഖങ്ങളേയും നശിപ്പിച്ച് സത്യദര്‍ശനം നല്‍കുന്നു . ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും അന്നം പ്രദാനം ചെയ്യുന്നു തുടങ്ങി സവിതാവിന്‍റെ വിശേഷണങ്ങള്‍ ഏറെയാണ് . ഗായത്രിയുടെ അര്‍ത്ഥങ്ങള്‍ വിവിധവിധത്തില്‍ വിവരിച്ചിട്ടുണ്ട് . ഏറ്റവും ലളിതമായ അര്‍ത്ഥം ആണ് ഇവിടെ കൊടുക്കുന്നത് .

അജ്ഞാനമാകുന്ന അന്ധകാരമകറ്റി ജ്ഞാനമാകുന്ന ദിവ്യപ്രകാശം നിറച്ച് ധര്‍മ്മാധര്‍മ്മ വിവേചന ബുദ്ധിയുണര്‍ത്തി സര്‍വ്വാന്തര്യാമിയായി സര്‍വ്വജീവജാലങ്ങളേയും കര്‍മ്മനിരതരാക്കുന്ന പ്രകാശമാനനായ സവിതാവിന്‍റെ മായയേയും മായ കൊണ്ടുണ്ടാകുന്ന സംസാരദുഃഖങ്ങളേയും നശിപ്പിച്ച് സത്യദര്‍ശനം നല്‍കുന്ന അതിശ്രേഷ്ഠവും സര്‍വ്വാദരണീയവുമായ ദിവ്യപ്രകാശത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു .ഞങ്ങളെ നേര്‍വഴിക്ക് നയിച്ചാലും . ഞങ്ങളെ കര്‍മ്മനിരതരാക്കിയാലും . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ