ചില സ്ത്രീവിമോചനചിന്തകള്‍ .

ചില സ്ത്രീവിമോചനചിന്തകള്‍ .
======================
"
यत्र नार्यस्तु पूज्यन्ते रमन्ते तत्र देवताः ।
यत्रैतास्तु न पूज्यन्ते सर्वास्तत्राफलाः क्रियाः ॥ "
യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ.



(
എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ, അവിടെ ഈശ്വരന്‍ സന്തോഷവാനായി ഇരിക്കുന്നു. എവിടെയാണോ സ്ത്രീ ആദരിക്കപ്പെടാത്തത്, അവിടെ ഈശ്വരന്‍റെ അഭാവമുള്ളതുകൊണ്ട് ഒരുകാര്യവും വിജയിക്കുന്നില്ല.).
വളരെയധികം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട മനുസ്മൃതി മുതല്‍ തുടങ്ങുന്നു സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവാദം . ഭാരതത്തിലെ പുരാണങ്ങളിലേക്കൊന്നു നോക്കാം. ഈശ്വരന്‍ എന്ന പേര് നല്കിയിരിക്കുന്നത് ശിവനാണ്. പക്ഷേ വെറും ശിവനല്ല , ഉമാമഹേശ്വരന്‍. ഉമയ്ക്കുശേഷമേ മഹേശ്വരന്‍ വരുന്നുള്ളൂ. ഒരുക്ഷേത്രത്തിലും ശിവപ്രതിഷ്ഠമാത്രമായിട്ടില്ല എന്നാണെന്‍റെ അറിവ്. ശിവശക്തിയെന്നാണ് പറയാറുള്ളത് . അത് ശിവന്‍റെ ശക്തിയല്ല, ശിവനും ശക്തിയുമാണ് . ശക്തിയെന്നാല്‍ സ്ത്രീ. അര്‍ദ്ധനാരീശ്വരസങ്കല്പമാണധികവും . ശ്രീകൃഷ്ണഭക്തന്മാരെത്രയോ ഉണ്ട്. പക്ഷേ പേരിന്‍റെ പൊരുള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. ശ്രീകൃഷ്ണന്‍ എന്ന പേരുതന്നെ ശ്രീയുടെ ഭര്‍ത്താവ് എന്ന ബിരുദമല്ലേ . മാധവന്‍ എന്ന പേരുനോക്കുക. മാ എന്നാല്‍ മഹാലക്ഷ്മി. ധവന്‍ എന്നാല്‍ ഭര്‍ത്താവ് . ഇവിടെയും മഹാലക്ഷ്മിയുടെ ഭര്‍ത്താവ് എന്ന് അര്‍ത്ഥത്തിലാണ് ആ പദം വരുന്നത് . ദേവന്മാര്‍ പോലും ശിരസ്സുനമിക്കുന്നത് ശക്തിയുടെ മുന്നിലാണ് . പരാശക്തിയെന്നാല്‍ ദേവി. അമരീകബരീഭാരഭ്രമരീ മുഖരീകൃതം
ദൂരീകരോതുദുരിതം ഗൌരീചരണപങ്കജം
("
ദേവന്മാരുടെ മുടിയില്‍ ചൂടിയ പുഷ്പങ്ങളിലെ വണ്ടുകളുടെ മുരളല്‍കൊണ്ട് മുഖരിതമായ പാര്‍വ്വതീചരണങ്ങള്‍ ......" )എന്ന ശ്ലോകത്തിന്‍റെ അര്‍ത്ഥം വ്യാഖ്യാനിക്കേണ്ടതില്ലല്ലോ ! ഇവിടെയെല്ലാം ആദരിക്കപ്പെടുന്നത് സ്ത്രീയാണ് . ഇനി ചരിത്രത്തിലേക്ക് കടന്നുനോക്കാം. രാജാക്കന്മാര്‍ക്കൊപ്പം രാജ്ഞിമാരും ഭരണം നടത്തിയിരുന്ന നാടാണ് ഭാരതം. വിവാഹത്തിനുപോലും സ്ത്രീയുടെ ഇഷ്ടം മാത്രം നോക്കിയിരുന്ന നാടാണ് ഭാരതം. രാജാക്കന്മാരെ വിളിച്ചുവരുത്തി പീഠത്തിലിരുത്തും. രാജകുമാരി മാലയുംകൊണ്ട് നടക്കും. ഇഷ്ടപ്പെട്ടവനെ വരിക്കും. അതായിരുന്നു സ്വയംവരം. സ്ത്രീയുടെ മുന്നില്‍ പ്രദര്‍ശനത്തിന് പുരുഷന്മാര്‍ ഇരുന്ന കാലവുമുണ്ടായിരുന്നു. സ്ത്രീക്ക് പുരുഷനൊപ്പം രാജ്യഭരണത്തിലും പണ്ഡിതസദസ്സുകളിലും മേല്‍ക്കൈയുണ്ടായിരുന്നു. സ്ത്രീക്ക് ഏറ്റവുമധികം വിലകല്പിച്ചിരുന്ന നാടായിരുന്നു ഭാരതം. എവിടെയാണ് ആ മൂല്യങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് പഠിക്കേണ്ടിയിരിക്കുന്നു. പരസ്പരസഹായമില്ലാതെ സ്ത്രീക്കോ പുരുഷനോ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് . സമൂഹജീവിയായ മനുഷ്യന്‍ സ്വന്തം കാലില്‍ നില്ക്കുന്നുവെന്ന് പറയുമ്പോഴും പലകാര്യങ്ങളിലും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നവരാണ്. സ്ത്രീസ്വാതന്ത്ര്യം എന്ത് എന്നത് ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട് . പുരുഷനില്‍നിന്നാണോ സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടതെന്ന് ചിന്തിക്കുക. പുരുഷന്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാന്‍ കഴിയുന്നതോ ആരെയും വകവയ്ക്കാതെ ജീവിക്കാന്‍ കഴിയുന്നതോ അല്ല, യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നുഞാന്‍ കരുതുന്നു. മകളായി, ഭാര്യയായി, സഹോദരിയായി, അമ്മയായി, സുഹൃത്തായി നിര്‍ഭയം ഭൂമിയില്‍ ജീവിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥസ്വാതന്ത്ര്യമെന്ന് ഞാന്‍ കരുതുന്നു. പുരുഷനെ കൂസാതെ, ഒന്നിനും പുരുഷനെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുക എന്നതിനേക്കാള്‍ പ്രാധാന്യം കല്പിക്കേണ്ടത് പുരുഷനെ ഭയപ്പെടാതെ ജീവിക്കാന്‍ കഴിയുക എന്നതിനാണ് . ഒരു നല്ല സുഹൃത്തായി മാത്രമല്ല, ഒരു നല്ല മകളായിപ്പോലും പുരുഷന്‍റെ മുന്നില്‍ നില്ക്കാന്‍ പെണ്‍കുട്ടി ഭയപ്പെടുന്ന സംസ്കാരരാഹിത്യമാണ് ആദ്യം മാറ്റിയെടുക്കേണ്ടത് . യഥാര്‍ത്ഥസ്നേഹമുള്ളിടത്ത് അധീശത്വമോ വിധേയത്വമോ വരില്ല. പുരുഷനും സ്ത്രീയും പരസ്പരം അധികാരം സ്ഥാപിക്കാന്‍ മത്സരിക്കുന്നവരായല്ല, സ്നേഹവും ആദരവും പരസ്പരം പകര്‍ന്നുനല്കാന്‍ മത്സരിക്കുന്നവരായാണ് ജീവിക്കേണ്ടത് . പുരുഷന്‍ പുരുഷനായും സ്ത്രീ സ്ത്രീയായുംതന്നെ ജീവിക്കുമ്പോള്‍ വ്യക്തി എന്ന നിലയില്‍ സ്ത്രീപുരുഷവിവേചനമില്ലാതെ സ്നേഹാദരവുകള്‍ ലഭിക്കണം. അച്ഛനും മകളും ഒറ്റയ്ക്ക് ഒരു വീട്ടില്‍ കഴിയുമ്പോള്‍ അച്ഛന്‍റെ മുന്നില്‍ വരാന്‍ മകള്‍ക്ക് ഭയം. അച്ഛന്‍-മകള്‍ എന്നതിനപ്പുറം സ്ത്രീ-പുരുഷന്‍ എന്ന ചിന്തയല്ലേ ഇതിനുകാരണം ? സ്ത്രീ ഒരു പ്രത്യേകവസ്ത്രം ധരിച്ചതുകൊണ്ട് കാമാസക്തിയുണ്ടായി ബസ്സില്‍വച്ചോ തീവണ്ടിയില്‍വച്ചോ ശാരീരികസുഖത്തിനിരയാക്കുന്നുവെങ്കില്‍ അത് സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ വിഷയമായല്ല ഞാന്‍ കാണുന്നത്. അവിടെ പുരുഷന്‍ സ്ത്രീയെ കാണാന്‍ ശ്രമിക്കാതെ ശരീരം മാത്രം കാണാന്‍ ശ്രമിക്കുന്നുവെന്നതാണ് കാരണം. ശാരീരികമായി സ്ത്രീയേക്കാള്‍ മേല്‍ക്കൈയുള്ള പുരുഷന് സ്ത്രീയെ കീഴ്പെടുത്തുക പ്രയാസമുള്ള കാര്യമല്ല. ശാരീരികമായി മാത്രം ചിന്തിക്കുന്നത് മൃഗത്തിന്‍റെ സ്വഭാവമാണ് . അവിടെ പുരുഷനല്ല, മൃഗമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം മൃഗങ്ങളെയാണ് മാറ്റിയെടുക്കേണ്ടത്.
ഇത് പെട്ടെന്ന് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. കുട്ടിക്കാലം മുതലേ സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. വ്യക്തി എന്നനിലയില്‍ സ്ത്രീയും പുരുഷനും വ്യത്യാസമില്ലെന്ന ധാരണ വളര്‍ന്നുവരുമ്പോള്‍ കുട്ടികളിലുണ്ടാകണം . ലൈംഗികമായ ആകര്‍ഷണം തീര്‍ച്ചയായും ഉണ്ടാകും. അത് മാംസബദ്ധമല്ലാത്തവിധത്തില്‍ മാനസികൈക്യത്തിലെത്തിക്കാന്‍ ശ്രമിക്കണം. വിഷമിച്ചിരിക്കുന്ന പുരുഷന് ആശ്വാസം പകരാന്‍ തീര്‍ച്ചയായും സ്ത്രീക്ക് സാദ്ധ്യത കൂടുതലാണ് . അടുത്തിരുന്ന് ആശ്വാസം പകരുന്ന പെണ്‍കുട്ടിയില്‍ ശാരീരികാകര്‍ഷണമല്ല ഉണ്ടാകേണ്ടത്. ഒരുപക്ഷേ മാതൃഭാവമാണ് അവളിലുണ്ടാകുക. ഭാര്യയുടെ സ്പര്‍ശനം‍പോലും അമ്മയുടെ തലോടലായി അനുഭവപ്പെടുന്ന അവസരമുണ്ടാകാം. ഈ മനശ്ശാസ്ത്രമാണ് ആശുപത്രികളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീനഴ്സുമാരുണ്ടാകുന്നതിന് കാരണം. ഇവിടെയെല്ലാം സ്ത്രീയെ ശരീരമായി കാണുന്ന പുരുഷനെ മൃഗമായേ കാണാന്‍ കഴിയൂ. ഇനിവരുന്ന തലമുറയെങ്കിലും ഇങ്ങനെ ആകാതിരിക്കാന്‍ വളര്‍ന്നുവരുന്ന കുരുന്നുകള്‍ക്ക് വ്യക്തിത്വത്തെ അംഗീകരിക്കാനും ആദരിക്കാനും ഉള്ള പരിശീലനം കൊടുക്കണം. ഒരു സ്ത്രീക്ക് നിര്‍ഭയയായി ഒരു പുരുഷനെ സമീപിക്കാനും പുരുഷനോടൊപ്പം പ്രവര്‍ത്തിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകണം. എല്ലാവര്‍ക്കും നന്മകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ