തായങ്കാവ് ശ്രിധര്‍മ്മശാസ്താ ക്ഷേത്രം
========================
ചൂണ്ടല്‍ ഗ്രാമം.
---------------
തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂരില്‍നിന്ന് 20 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി ചൂണ്ടല്‍ ഗ്രാമം സ്ഥിതി ചെയ്യുന്നു.
കുന്നംകുളത്തുനിന്നും 5കിലോമീറ്ററും ഗുരുവായൂരില്‍നിന്ന് 7 കിലോമീറ്ററും കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലൂടെ തൃശ്ശൂര്‍ - കോഴിക്കോട് സംസ്ഥാനപാത കടന്നുപോകുന്നു . തോടുകളും കുളങ്ങളും കുന്നിന്‍പുറങ്ങളും നെല്‍വയലുകളും ഫലവൃക്ഷാദികളും നിറഞ്ഞ ഗ്രാമം. വിവിധമതക്കാരുടെ ആരാധനാലയങ്ങള്‍ , ഇംഗ്ലീഷ്-മലയാളം മാധ്യമങ്ങളിലുള്ള സ്വകാര്യ-സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ , ആയുര്‍വേദ-അലോപ്പതി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ , ആശുപത്രി എന്നിങ്ങനെയുള്ള സ്ഥപനങ്ങള്‍ ഉള്ള നഗരത്തിന്‍റെ സൌകര്യങ്ങളും ഗ്രാമത്തിന്‍റെ പ്രശാന്തതയുമുള്ള ഗ്രാമം. സംസ്ഥാനപാതയില്‍നിന്ന് ഒരു കിലോമീറ്ററോളം തെക്കോട്ട് പോയാല്‍ തായങ്കാവ് എന്ന പ്രദേശം. ഇവിടെയാണ് ഐശ്വര്യത്തിന്‍റെ നികേതനമായ തായങ്കാവ് ശ്രിധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഐതിഹ്യം
------------
തായങ്കാവ് പ്രദേശത്തിനടുത്തുതന്നെയാണ് മേലേക്കാവ്. വലിയൊരു പാറയുടെ ആകൃതിയില്‍ സ്വയംഭൂവായ ഭഗവതിയുടെ ക്ഷേത്രമുണ്ട്. മേലേക്കാവ് ഭഗവതിക്ഷേത്രം. മേലേക്കാവ് ഭഗവതിയുടെ സാന്നിദ്ധ്യം കൊണ്ട് പരിപാവനമായ സ്ഥലത്ത് കുടികൊള്ളണമെന്നുറപ്പിച്ച് ഇവിടെ സ്വയംഭൂവായി അവതരിച്ചതാണ് ശ്രീ ധര്‍മ്മശാസ്താവ് എന്നാണ് ഐതിഹ്യം. തൃശ്ശൂരിനടുത്തുള്ള മുളംകുന്നത്തുകാവില്‍ കാലും തായംകാവില്‍ തലയും വരുന്നവിധത്തില്‍ ശയിക്കുന്ന രൂപത്തിലാണ് ശക്തി കുടികൊള്ളുന്നതെന്ന് വിശ്വാസികള്‍ പറയുന്നു. ഈ രണ്ടുക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങള്‍ ഒരേപോലെയാണ്. പ്രത്യേകിച്ചും തീയ്യാട്ട് വഴിപാട് ഈ രണ്ടുക്ഷേത്രങ്ങളിലും ഉണ്ട്. മേലേക്കാവ് ഭഗവതിയുടെ സാന്നിദ്ധ്യം കൊണ്ട് ദേശം പരിപാവനമായിത്തീര്‍ന്നതിനാല്‍ ധര്‍മ്മസംരക്ഷണാര്‍ത്ഥം ഈ പുണ്യഭൂമിയില്‍ത്തന്നെ കുടികൊള്ളണമെന്ന തീരുമാനത്തോടെ ഇവിടെ സ്വയംഭൂവായ ശക്തിയാണ് ശ്രീ ധര്‍മ്മശാസ്താവ് എന്ന് ദേവപ്രശ്നങ്ങളില്‍ തെളിയുന്നു .
ചരിത്രം
--------
ക്ഷേത്രത്തിന്‍റെ തെക്കുഭാഗത്തായിരുന്നു ചൂണ്ടല്‍ ഭട്ടതിരിയുടെ ഇല്ലം.ഇല്ലപ്പറമ്പിന്‍റെ വടക്കുഭാഗത്തായി മുല്ലത്തറയുണ്ട്.അവിടെ വിളക്കുവെപ്പ് പതിവുണ്ട്. മുല്ലത്തറയ്ക്കുചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാന്‍ ആള്‍ക്കാരെ ഏര്‍പ്പാടാക്കി .ഇല്ലത്തെ ആശ്രിതരായ വട്ടേക്കാട്ട് തറവാട്ടുകാരാണ് ഇതിന് നിയമിതരായത്. കാടുവെട്ടിത്തെളിക്കുന്നതിനിടയ്ക്ക് അരിവാളിന്‍റെ മൂര്‍ച്ചകൂട്ടാനായി അടുത്തുകിടന്നിരുന്ന കല്ലില്‍ ഉരച്ചപ്പോള്‍ കല്ലില്‍നിന്നും രക്തം പൊടിഞ്ഞുവത്രേ .പണിക്കാര്‍ പരിഭ്രമിച്ച് ഭട്ടതിരിയുടെ അടുത്ത് വന്ന് വിവരമറിയിച്ചു . അത് വിശേഷപ്പെട്ട ഒരു ശക്തിചൈതന്യമാണെന്ന് തിരിച്ചറിഞ്ഞ ഭട്ടതിരി പ്രശ്നംവെപ്പിക്കുകയും ശാസ്താവിന്‍റെ സാന്നിദ്ധ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. വളരെ താഴ്ന്ന സ്ഥലമായതുകൊണ്ട് ഉയര്‍ത്തി തറകെട്ടി പ്രതിഷ്ഠ നടത്തേണ്ടതാണ്. എന്നാല്‍ സ്വയംഭൂ ആയതിനാല്‍ മാറ്റിപ്രതിഷ്ഠിക്കാന്‍ കഴിയാത്തതുകൊണ്ട് അവിടെത്തന്നെ പൂജയും നിവേദ്യവും ചെയ്തുവന്നു. പിന്നീട് പ്രശ്നവിധിപ്രകാരം ചുറ്റും തറകെട്ടി ഉയര്‍ത്തുകയും ശാസ്ത്രവിധിപ്രകാരമുള്ള ഔഷധക്കൂട്ടുകള്‍ നിറച്ച് തറ മൂടുകയും ചെയ്തു. ഇപ്പോള്‍ കാണുന്ന ശ്രീകോവിലിന്‍റെ അടിയിലാണ് അയ്യപ്പനെ കണ്ടെത്തിയത്.ഇപ്പോള്‍ ദര്‍ശനത്തിനായി ഗോളക വച്ചിരിക്കുകയാണ്. സ്വയംഭൂവായതിനാല്‍ ആചാരപ്രകാരം വിഗ്രഹപ്രതിഷ്ഠ നടത്തിയിട്ടില്ല . മുകളില്‍ അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങള്‍ ഔഷധക്കൂട്ടുകളിലൂടെ അരിച്ചിറങ്ങി സ്വയംഭൂവായ ശിലയില്‍ പതിക്കുമത്രേ .
ദീപസ്തംഭം.
------------
ക്ഷേത്രത്തിന്‍റെ നടപ്പുരയില്‍ ഓടുകൊണ്ട് നിര്‍മ്മിച്ച ദീപസ്തംഭമുണ്ട്.ഏഴുതട്ടുകളിലോരോന്നിലും ലോഹദണ്ഡുകൊണ്ട് തട്ടിയാല്‍ സപ്തസ്വരങ്ങളാണ് വരുന്നത്. ഇതിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചൊരു കഥയുണ്ട്.
ചൂണ്ടല്‍ ഭട്ടതിരിയുടെ ഇല്ലം മണക്കുളം കോവിലകം വകയായിത്തീന്നു . അങ്ങനെ മണക്കുളം കോവിലകത്തുകാര്‍ ക്ഷേത്രം ഊരാളന്മാരായിത്തീര്‍ന്നു . കോവിലകത്തെ തമ്പുരാന്‍ ഒരു വ്യവഹാരത്തില്‍ പരാജയപ്പെടുമെന്ന സ്ഥിതിയിലായി . ന്യായം തമ്പുരാന്‍റെ ഭാഗത്തായിരുന്നുവെങ്കിലും സാക്ഷികളൊന്നുമില്ലാതിരുന്ന ആ കേസില്‍ കള്ളസ്സാക്ഷികളും കള്ളത്തെളിവുകളും ശക്തമായതിനാല്‍ പരാജയഭീതിമൂലം തമ്പുരാന്‍ വിഷമത്തിലായി . ശാസ്താവിന്‍റെ ഭക്തനായിരുന്ന അദ്ദേഹം ശാസ്താവില്‍ അഭയം പ്രാപിച്ചു. രക്ഷപ്പെടുത്തണമെന്നപേക്ഷിക്കുക മാത്രമല്ല , ഓടുകൊണ്ട് നല്ലൊരു ദീപസ്തംഭം നിമ്മിച്ചു കൊടുക്കാമെന്ന് നേരുകയും ചെയ്തു.തമ്പുരാനനുകൂലമായ വിധിയുണ്ടായി . ഉടനെത്തന്നെ നല്ലൊരു മൂശാരിയെ വിളിച്ച് ദീപസ്തംഭം പണിയുവാന്‍ ഏര്‍പ്പാടുചെയ്തു. പണിത്തിരക്കുകൊണ്ട് പിന്നെയാകാമെന്ന് കരുതി മൂശാരി അത് മാറ്റിവയ്ക്കുകയും അങ്ങനെ ദീപസ്തംഭത്തിന്‍റെ നിര്‍മ്മാണം നീണ്ടുപോകുകയും ചെയ്തു. മറ്റ് കാര്യങ്ങളില്‍ വ്യാപൃതനായ തമ്പുരാന്‍ മൂശാരിയെവിളിച്ച് ചോദിക്കുകയോ ഓര്‍മ്മപ്പെടുത്തുകയോ ചെയ്തില്ല. ഒരു ദിവസം രാത്രി "കാര്യം കഴിഞ്ഞപ്പോള്‍ എന്നെ മറന്നുവല്ലേ" എന്ന് ചോദിച്ച് ആരോ അടിച്ചതായി സ്വപ്നം തമ്പുരാന്‍ ഞെട്ടിയുണര്‍ന്നു . ഉണര്‍ന്നിട്ടും പുറത്തെ വേദന ശമിച്ചില്ല . എന്താണ് സംഭവിച്ചതെന്നറിയാതെ ചിന്തിച്ചിരിക്കുമ്പോഴാണ് മൂശാരിയുടെ വരവ്. അയാള്‍ക്കും കണക്കിന് കിട്ടിയത്രേ . അവര്‍ക്ക് പെട്ടെന്ന് കാര്യം പിടികിട്ടി . കിട്ടേണ്ടത് കിട്ടിയാല്‍ മനസ്സിലാകേണ്ടത് പെട്ടെന്ന് മനസ്സിലാക്കുമല്ലോ . പെട്ടെന്ന് തന്നെ ദീപസ്തംഭം സ്ഥാപിച്ചു.
അമ്പലക്കുളം.
--------------
ക്ഷേത്രത്തിന് കുളമുണ്ടായിരുന്നില്ല . ഭട്ടതിരിയുടെ ഇല്ലത്തുള്ള അമ്പലമായിരുന്നതിന്നാല്‍ ഇല്ലത്തുള്ള കൊക്കരണിയില്‍ കുളിച്ച് പൂജചെയ്യുകയാണ് പതിവ്. ക്ഷേത്രത്തിന്‍റെ അവകാശം കൈമാറിക്കൈമാറി മണക്കുളം കോവിലകത്തിനായപ്പോഴാണ് അമ്പലക്കുളമുണ്ടായത്. ഇതിന്‍റെ പിന്നിലും ഒരു കഥയുണ്ട്. ഒരു തമ്പുരാന്‍റെ പുറത്ത് വിട്ടുമാറാത്ത ഒരു വ്രണം .എത്രചികിത്സിച്ചിട്ടും കുറവില്ല . അസഹ്യമായ വേദനയും ദുര്‍ഗ്ഗന്ധവും മൂലം പുറത്തിറങ്ങാതെ മുറിയില്‍ത്തന്നെ കഴിയേണ്ട നിലയായി . ഒരു ദിവസം ഉറക്കത്തില്‍ ദര്‍ശനമുണ്ടായത്രെ. " എന്നെ ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അംഗശുദ്ധിക്ക് മാര്‍ഗ്ഗമില്ല. എത്രയും പെട്ടെന്ന് ഒരു കുളമുണ്ടാക്കി ദര്‍ശനത്തിന് വരുന്നവര്‍ക്ക് സമര്‍പ്പിക്കുക " എന്നാരോ പറഞ്ഞതായിത്തോന്നി . ആദ്യം കാര്യമായെടുത്തില്ലെങ്കിലും വീണ്ടും ഇതേ അനുഭവമുണ്ടായപ്പോള്‍ ഇത് ശാസ്താവിന്‍റെ അരുളപ്പാടുതന്നെയെന്ന് തീര്‍ച്ചപ്പെടുത്തി . വൈകാതെ കുളത്തിന്‍റെ പണി തുടങ്ങി. കോവിലകത്തെ കുളം വലുതാക്കി , പുറത്തുനിന്നും കല്‍പ്പടവുകള്‍ തീര്‍ത്ത് പുറമേനിന്ന് വരുന്നവര്‍ക്കുകൂടി കുളിക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കുകയാണുണ്ടായത്. കുളത്തിന്‍റെ പണി പുരോഗമിക്കുന്തോറും തമ്പുരാന്‍റെ അസുഖം കുറഞ്ഞുവരികയും കുളം ശാസ്താവിന് സമര്‍പ്പിച്ചതോടെ രോഗം പൂര്‍ണ്ണമായും ഭേദമാകുകയും ചെയ്തു. ഭിഷഗ്വരന്മാര്‍ വെറും നിമിത്തം മാത്രമെന്നും യഥാര്‍ത്ഥഭിഷഗ്വരന്‍ അവരില്‍ കുടികൊണ്ട് അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്ന സര്‍വ്വശക്തന്‍ തന്നെയാണെന്നും തമ്പുരാന് മനസ്സിലായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ