ദീപാവലി

ദീപാവലി
 =======
ദീപ്തിയുള്ളത് ദീപം. അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതാണ് ദീപം. ദീപങ്ങളുടെ ആവലി. അതാണ് ദീപാവലി. പണ്ട് കേരളത്തില്‍ പലയിടത്തും ദീപാവലിആഘോഷം കൊണ്ടാടിയിരുന്നില്ല. അടുത്തകാലത്താണ് ദീപാവലി ആഘോഷിക്കാന്‍ തുടങ്ങിയത്. ഒരുദിവസം മാത്രമായി ഇവിടെ ദീപാവലി ആഘോഷിക്കുന്നു. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നു. ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്.
ധനത്രയോദശി (ഒന്നാം ദിവസം)
-----------------------------------------
ആദ്യദിനം ധനത്രയോദശിയാണ്. അതിനെക്കുറിച്ചൊരു ഐതിഹ്യമുണ്ട്. ഹിമ എന്ന രാജാവിന്‍റെ പുത്രന്‍ വിവാഹത്തിന്‍റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തിലുള്ളത്. അന്ന് രാത്രി അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി. രാജകുമാരന്‍ ഉറങ്ങാതിരിക്കാന്‍ കഥാകഥനവും കീര്‍ത്തനാലാപവുമായി രാത്രി കഴിച്ചു. ഒരു പാമ്പിന്‍റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം. ധന്വന്തരി പാലാഴിയില്‍നിന്ന് കൈയ്യില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്നത് കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിദിവസമാണത്രെ. അതുകൊണ്ട് ഈ ദിനം ധന്‍തേരസ്, ധനത്രയോദശി , ധന്വന്തരീത്രയോദശി , യമദീപന്‍, യമദീപ് എന്നീ പേരുകളില്‍ അറിയപ്പെട്ടു .കൃഷ്ണപക്ഷ ത്രയോദശി ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിച്ച് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ധത്രയോദശിയുമായി ബന്ധപ്പെട്ട് ഭാഗവതസപ്താഹവേദികളിലെവിടെയോ കേട്ട ഒരു കഥയുണ്ട്. ലക്ഷ്മീസമേതനായി മഹാവിഷ്ണു ഭൂസന്ദര്‍ശനം കഴിഞ്ഞ് മൃത്യുലോകത്തേക്കുപോകാനൊരുങ്ങുന്നു . ലക്ഷ്മിദേവിക്കാണെങ്കില്‍ താല്പര്യംതീരെയില്ല. അവര്‍ ഒരു കരിമ്പിന്‍തോട്ടത്തിലൂടെ നടക്കുമ്പോള്‍ ദേവി ഒരു കരിമ്പിന്‍തണ്ടൊടിച്ച് കടിച്ചു. ദേവിയുടെ ഈ ചാപല്യം കണ്ട് മഹാവിഷ്ണു ദേവിയോട് ഒരു മനുഷ്യസ്ത്രീയായി 13 വര്‍ഷം ഇവിടെ കഴിയാനും അതുകഴിയുമ്പോള്‍ താന്‍ വന്ന് കൊണ്ടുപോകാമെന്നും പറഞ്ഞു. അങ്ങനെ ഒരു കര്‍ഷകകുടുംബത്തില്‍ താമസമായി. മഹാലക്ഷ്മിയല്ലേ വസിക്കുന്നത്. ഐശ്വര്യം അടിക്കടി വര്‍ദ്ധിക്കാന്‍ തുടങ്ങി. 13 വര്‍ഷം കഴിഞ്ഞപ്പോള്‍ വിഷ്ണുവെത്തി. എന്നാല്‍ ഈ സ്ത്രീ താമസമായതിനുശേഷമാണ് അവിടെ ഐശ്വര്യം അടിക്കടി വര്‍ദ്ധിക്കാന്‍ തുടങ്ങിയതെന്നും അതുകൊണ്ട് അവരെ പറഞ്ഞയയ്ക്കില്ലെന്നുമായി കര്‍ഷകന്‍. മഹാവിഷ്ണു ഒരുപിടി കവടി കൊടുത്തിട്ട് അതാറ്റിലേക്കെറിഞ്ഞിട്ട് വരാനാവശ്യപ്പെട്ടു. അതനുസരിച്ച് ചെയ്തപ്പോള്‍ ഗംഗാദേവി പ്രത്യക്ഷപ്പെട്ട് അത് ലക്ഷ്മീനാരായണന്മാരാണെന്നും അവരെ വിട്ടയച്ചാല്‍ ഐശ്വര്യമെല്ലാം പോകുമെന്നും പറഞ്ഞു. യാഥാര്‍ത്ഥ്യമറിഞ്ഞ കര്‍ഷകന്‍ അവരുടെ കാല്ക്കല്‍ നമസ്കരിച്ച് ഐശ്വര്യങ്ങളൊന്നും തിരിച്ചെടുക്കരുതേയെന്ന് പ്രാര്‍ത്ഥിച്ചു. ലക്ഷ്മി താന്‍ പോയാലും ഈ ഐശ്വര്യമൊന്നും നഷ്ടപ്പെടില്ലെന്നും എല്ലാവര്‍ഷവും കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷത്രയോദശിദിനത്തില്‍ വീടിനുചുറ്റും നെയ്‍വിളക്കുകള്‍ കത്തിച്ചുവച്ച് ലക്ഷ്മീപൂജചെയ്താല്‍മതിയെന്നും അനുഗ്രഹിച്ചു.
നരകചതുര്‍ദശി (രണ്ടാംദിവസം)
========================
നരകചതുര്‍ദശി അഥവാ ചോട്ടി ദിവാളിയാണ് അടുത്തദിവസം. നരകാസുകരനുമേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്.പ്രദ്യോഷപുരം (പ്രാഗ്ജ്യോതിഷപുരം - ആസ്സാമിനടുത്ത്) ഭരിച്ചിരുന്നത് നരകാസുരന്‍ എന്ന അസുരരാജാവായിരുന്നു . ഹിരണ്യാക്ഷന്‍ എന്ന അസുരന്‍റേയും പൃഥ്വീദേവിയുടേയും മകനായിരുന്ന നരകാസുരന്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. മരണമില്ലാത്ത ഒരു അവസ്ഥ ഒരിക്കലും ലഭിക്കില്ലെന്നറിയാവുന്ന നരകാസുരന്‍ ഒരു വക്രബുദ്ധി പ്രയോഗിച്ചു . സ്വന്തം അമ്മയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി . ദേവലോകം ആക്രമിച്ച് കീഴടക്കി അളവറ്റ സ്വത്ത് കൊള്ളയടിച്ചു . ദേവലോകത്തുനിന്ന് പതിനാറായിരം കന്യകമാരെ തട്ടിക്കൊണ്ടുവന്നു തടവില്‍ പാര്‍പ്പിച്ചു . ദേവമാതാവ് അദിതിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ അദിതിക്ക് പരിക്ക് പറ്റി . അക്രമം അസാനിപ്പിക്കാതെ തരമില്ലെന്നായപ്പോള്‍ ശ്രീകൃഷ്ണന്‍ ഭാര്യ സത്യഭാമയുമൊത്ത് യുദ്ധത്തിന് പുറപ്പെട്ടു . യുദ്ധത്തില്‍ നരകാസുരന്‍റെ സേനാധിപനും അതിശക്തനുമായ മുരയെ വധിച്ചതുകൊണ്ട് ശ്രീകൃഷ്ണന്‍ മുരാരി എന്നറിയപ്പെടുന്നു . നരകാസുരനെ വധിക്കാന്‍ അമ്മയ്ക്കുമാത്രമേ കഴിയൂ. അതിനുള്ള അവസരമൊരുക്കുകയായിരുന്നു അടുത്തതായി വേണ്ടത്. പൃഥ്വീദേവിയുടെ അവതാരമായ സത്യഭാമക്കു മാത്രമേ നരകാസുരനെ വധിക്കാനാവൂ എന്നറിയാവുന്നതുകൊണ്ട് സത്യഭാമയെ പ്രകോപിപ്പിക്കുകയേ നിവൃത്തിയുള്ളൂ. അപ്പോഴാണ് നരകാസുരന്‍ ശ്രീകൃഷ്ണന്‍റെ നേരെ അമ്പെയ്യുന്നത്. ശ്രീകൃഷ്ണന്‍ നരകാസുരന്‍റെ അമ്പേറ്റ് മയങ്ങിവീണു. അപ്പോള്‍ സത്യഭാമ ശ്രീകൃഷ്ണന്‍റെ നേരെ അമ്പെയ്ത നരകാസുരനു നേരേ ദിവ്യാസ്ത്രം തൊടുത്തു . മയക്കത്തില്‍ നിന്നെഴുന്നേറ്റ ശ്രീകൃഷ്ണന്‍ പശ്ചാത്താപവിവശനായ നരകാസുരന് മാപ്പുകൊടുത്തു . കാര്‍ത്തികമാസത്തിലെ കറുത്ത ചതുര്‍ദ്ദശി തിഥിയിലാണ് നരകാസുരന്‍ വധിക്കപ്പെട്ടത് . ഈ ദിവസം നരകചതുര്‍ദ്ദശി എന്നറിയപ്പെടുന്നു . തിന്മയുടെ മേല്‍ നന്മ നേടിയ ഈ വിജയത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത് . ഭൂമിദേവി എങ്ങനെ നരകാസുരന്‍റെ അമ്മയായി എന്നറിയണ്ടേ? പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്തില്‍ അഹങ്കരിച്ച് മനുഷ്യരേയും ദേവതകളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മുമ്പാകെ സങ്കടമുണര്‍ത്തിയപ്പോള്‍ യോഗനിദ്രയില്‍നിന്നുണര്‍ന്ന മഹാവിഷ്ണു ഹിരണ്യാക്ഷ നിഗ്രഹത്തിനായി പുറപ്പെട്ടു.ഇത് മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ തന്റെ നീണ്ട തേററയില്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് പാതാളത്തിലേയ്ക്ക് കടന്നു. അപ്പോള്‍ ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഭൂമിദേവി അതിശക്തനായ ഒരസുര ശിശുവിന് ജന്മം നല്കി. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്കി അനുഗ്രഹിച്ചു. കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവിന്‍റെ നരകാസുരവധം ആട്ടക്കഥയില്‍ ഈ കഥ മറ്റൊരുതരത്തില്‍ കാണുന്നു. പതിനാലാം രംഗത്തിൽ, നരകാസുരൻ ചതുരംഗസേനയോടുകൂടി വന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. ഗരുഢൻ ഒറ്റയ്ക്ക് അവന്റെ ചതുരംഗസേനയെ നശിപ്പിക്കു ന്നു. നരകാസുരനുമായുള്ള യുദ്ധത്തിൽ ശ്രീകൃഷ്ണനും ഗരുഢനും തളർന്നുവീഴുമ്പോള്‍ സത്യഭാമ ആയുധമേന്തി യുദ്ധത്തിനുമുതിരുന്നു. ഇതുകണ്ട് കേവലം ഒരു സ്ത്രീയോട് പൊരുതുന്നത് തനിക്ക് അപമാനകരമാണ് എന്നുകരുതി നരകാസുരൻ ആയുധങ്ങൾ താഴെയിട്ടു. തൽസമയം എഴുന്നേൽക്കുന്ന കൃഷ്ണൻ വിശ്വരൂപം ധരിച്ച് സുദർശനചക്രത്താൽ നരകനെ വധിക്കുന്നു. തുടർന്ന് നരകാസുരന്‍റെ പുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷപുരിയുടെ രാജാവായി വാഴിക്കുവാനും, അദിതിയുടെ കുണ്ഡലങ്ങൾ മുതലായ ദിവ്യവസ്തുക്കളും സ്ത്രീകളേയും ഇന്ദ്രനുനൽകാനും ശ്രീകൃഷ്ണൻ തീരുമാനിക്കുന്നു. ഇങ്ങനെയാണ് അരങ്ങിൽ അവതരിപ്പിക്കുന്നത് കണ്ടിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തില്‍ ഈ വര്‍ണ്ണന കാണുന്നില്ല. മഹാഭാഗവതം ദശമസ്കന്ധത്തില്‍ ഇങ്ങനെയാണ് കാണുന്നത്. . താര്‍ക്ഷ്യനാല്‍ സേനാനാശം കണ്ടൊരു നരകനും തല്‍ക്ഷണം വജ്രം പ്രയോഗിച്ചിതു പിന്നെ വേഗം. ശൂലവുമെടുത്തടുത്തീടിനാന്‍ നരകനും ശൂലിതാന്‍ കൊടുത്തതുമയച്ചു കൃഷ്ണന്‍ തന്നെ വധിപ്പാ,നതുതന്നെ മാധവന്‍ ചക്രത്തിനാല്‍ ഛേദിച്ചു നരകനെഗ്ഗജത്തിന്‍ കഴുത്തോടും, വധിച്ചു ചക്രമതും ജ്വലിച്ചുപോന്നുപിന്നെ ദേവവിഗ്രഹന്‍ തന്‍റെ സന്നിധൌ പുക്കുനിന്നു. .
ലക്ഷ്മി പൂജ , അമാവാസി പൂജ , ദീപാവലി (മൂന്നാം ദിവസം) ===========================================
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമായ അമാവാസി തിഥിയാണ് ഉത്തര ഭാരതത്തിലെ അഞ്ചുദിവസങ്ങളിലായി നടക്കുന്ന ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത്. അന്നാണ് ലക്ഷ്മിപൂജ. അന്നേ ദിവസം ഗണപതി, കുബേരൻ , ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെ പൂജിക്കുന്നു. വലത്തുഭാഗത്തേക്ക് തുമ്പിക്കൈ വളച്ചുവച്ചിരിക്കുന്ന ഗണപതിയുടെ പ്രതിമയാണ് പൂജിക്കുക . ധനമുണ്ടാകാന്‍ വേണ്ടിയാണിത്. നമ്മുടെ നാട്ടില്‍ അമാവാസി മാത്രമേ ദീപാവലിയായി ആഘോഷിക്കപ്പെടുന്നുള്ളു. ദീപാവലി ഏറ്റവുമധികം കൊണ്ടാടപ്പെടുന്ന ഉത്തരേന്ത്യയില്‍ ചിലയിടത്ത് നരകചതുര്‍ദ്ദശി ദിവസം അര്‍ദ്ധരാത്രിമുതല്‍ കാളീപൂജ നടത്തുന്നു. ലോകത്ത് ഐശ്വര്യം വന്ന ദിവസമായതുകൊണ്ട് അന്ന് ചിലര്‍ ലക്ഷ്മീപൂജയും നടത്തുന്നു. ദീപാവലി ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടുമെന്ന വിശ്വാസമുണ്ട്. എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനം പ്രധാനമായത് അതുകൊണ്ടാകാം. ദീപാവലിദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എല്ലാവരും എഴുന്നേല്‍ക്കുന്നു. എണ്ണ തേച്ച് കുളിച്ച് പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഓണത്തിനുചെയ്യുന്നതുപോലെ അവിടെ ദീപാവലിക്ക് കോടിവസ്ത്രങ്ങള്‍ ധരിച്ചും പലതരത്തിലുള്ള പലഹാരങ്ങള്‍ ഉള്‍പ്പെടെ വിശേഷപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കിയും ദീപാവലി ദിനം ആഘോഷിക്കുന്നു. എന്നാല്‍ നമ്മുടെ വിഷുവിനോടും ഇതിന് സാമ്യമുണ്ട്. പടക്കങ്ങള്‍ പൊട്ടിച്ചും ബഹുവര്‍ണ്ണപ്പൂത്തിരികളും മറ്റും കത്തിച്ചും ദീപാവലി ആഘോഷിക്കുന്നു. നിറയെ ദീപങ്ങള്‍ കൊളുത്തിവെച്ച് ദീപാവലി ദിനത്തെ വരവേല്‍ക്കുന്നു. നരകാസുരന്‍റെ മേല്‍ നേടിയ വിജയത്തിന്‍റെ ആഹ്ലാദപ്രകടനമാണ് ദീപാവലി. നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്‍റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി നിറയെ എണ്ണതേച്ചുകുളിച്ച് ശരീരം വൃത്തിയാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് എണ്ണതേച്ച് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.
രാമായണം കഥ.
============
ദീപാവലിക്ക് രാമായണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമുണ്ട് . . സനകൻ, സനന്ദകൻ, സനാതനൻ, സനത്കുമാരൻ എന്നിവർ സിദ്ധികളുള്ള താപസകുമാരൻ‌മാരാണ്. ഇവരൊരിക്കല്‍ വിഷ്ണുദർ‌ശനത്തിനായി വൈകുണ്ഠത്തിൽ എത്തിച്ചേർന്നു. ദ്വാരപാലകരായ ജയവിജയൻ‌മാർ അവരെ അകത്തേയ്ക്ക് കടത്തിവിട്ടില്ല. ആത്മസം‍യമത്തോടെ വര്‍ത്തിക്കേണ്ടവരാണ് താപസന്മാരെങ്കിലും പലരും മൂക്കത്തുകോപമുള്ളവരാണല്ലോ . അനുഗ്രഹിക്കുന്നതിനേക്കാള്‍ അധികം ശപിക്കുന്നതിനാണ് ഇവര്‍ സിദ്ധികളുപയോഗിക്കാറുള്ളത്. ഈ മുനികുമാരന്മാരും അതില്‍നിന്നൊട്ടും വിഭിന്നരായിരുന്നില്ല. ഇവര്‍ ജയവിജയൻ‌മാരെ സാധാരണ മനുഷ്യരായി ഭൂമിയിൽ പിറക്കാന്‍ ശപിച്ചു. ഏഴുജന്മം വിഷ്ണു ഭക്തരായി ജീവിക്കുകയോ മൂന്നുജന്മം വിഷ്ണുശത്രുക്കളായി ജനിക്കയോ ചെയ്യാമെന്ന് ശാപം ഇളവ് ചെയ്തു. യജമാനന്മാരെ അധികകാലം പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സേവകര്‍ വിഷ്ണുശത്രുക്കളായ മൂന്നുജന്മം സ്വീകരിക്കാന്‍ തയ്യാറായി. അങ്ങനെ കൃതായുഗത്തിൽ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും, ത്രേതായുഗത്തിൽ രാവണനും കുംഭകർണനും, ദ്വാപര യുഗത്തിൽ ശിശുപാലനും ദന്തവക്രനും എന്നിങ്ങനെയായി ഇവർ ജന്മമെടുത്തു. . ഈ കഥ ത്രേതായുഗത്തിലുണ്ടായതാണ് . ഹിരണ്യകശിപുവിന്റെ അവതാരമാണല്ലോ രാവണന്‍. രാവണനെ ദേവലോകത്തുള്ളവര്‍ പോലും ഭയപ്പെട്ടു. രാവണ നിഗ്രഹത്തിനായി മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചു. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നും രാമൻ പതിന്നാലു വർഷത്തെ വനവാസത്തിന് പോകണമെന്നും കൈകേയി ആവശ്യപ്പെട്ടു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും ഒപ്പം രാമന്‍ കാട്ടിലേക്ക് പുറപ്പെട്ടു. വനവാസക്കാലത്ത് രാവണന്‍ താപസവേഷധാരിയായ് വന്ന് സീതയെ അപഹരിച്ചുകൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ചു.
यत्र नार्यस्तु पूज्यन्ते रमन्ते तत्र देवताः । यत्रैतास्तु न पूज्यन्ते सर्वास्तत्राफलाः क्रियाः ॥
(എവിടെ സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതാസാന്നിദ്ധ്യമുണ്ടാകുന്നു. എവിടെ അവര്‍ ആദരിക്കപ്പെടുന്നില്ല, അവിടെ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം നിഷ്ഫലമായിപ്പോകുന്നു- മനുസ്മൃതി) സ്ത്രീകളുടെ നേര്‍ക്ക് അതിക്രമത്തിനൊരുങ്ങുമ്പോഴാണല്ലോ പലരുടേയും പതനം ആരംഭിക്കുന്നത് . സീതയെ കട്ടുകൊണ്ടുപോയതോടെ രാവണന്റെ കഷ്ടകാലം തുടങ്ങി. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തി. തുടര്‍ന്ന് മനുഷ്യരും കുരങ്ങന്‍മാരും എന്നുവേണ്ട ചെറുതും വലുതുമായ സകലജീവികളും ഒത്തുചേര്‍ന്ന് ഉത്സാഹിച്ച് സഹകരിച്ച് രാമേശ്വരത്തുനിന്ന് ലങ്കയിലേക്ക് പാലം ഉണ്ടാക്കി. ലങ്കയില്‍ ചെന്ന് രാമന്‍ രാവണനോട് യുദ്ധം ചെയ്തു. അങ്ങനെ ആ ശുഭമുഹൂർത്തത്തിൽ ('വിജയകാലം' എന്നറിയപ്പെടുന്ന ആ മുഹൂർത്തമാണ് വിജയദശമി...നവരാത്രിക്ക്‌ നമ്മൾ ഇതേക്കുറിച്ച് പരാമർശിച്ചതോർമ്മയുണ്ടല്ലോ അല്ലേ) രാവണനെ വധിച്ചതിന് ശേഷം, വിഭീഷണനെ ലങ്കാനൃപനാക്കിയത്തിനുശേഷം‍, അയോദ്ധ്യയിലേക്ക് മടങ്ങി... രാജ്യാതിര്‍ത്തിയില്‍ത്തന്നെ ജനങ്ങളെല്ലാം സ്വീകരിക്കാന്‍ നില്പുണ്ടായിരുന്നു . വീഥികള്‍ മുഴുവനും ദീപാലങ്കാരങ്ങളുണ്ടായിരുന്നു . ഓരോ വീടിന്‍റേയും ഉമ്മറത്ത് നിറയെ വിളക്കുകള്‍ കത്തിച്ചുവച്ചാണ് ശ്രീരാമനെ എതിരേറ്റത് . സന്തോഷം പങ്കുവയ്ക്കാന്‍ പരസ്പരം മധുരപലഹാരങ്ങള്‍ പങ്കുവച്ചിരുന്നു .ഈ ദിവസത്തിന്‍റെ ഓര്‍മ്മക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഒരു കഥയുണ്ട് . രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ചിലയിടങ്ങളില്‍ ദീപാവലി ആഘോഷിക്കപ്പെടുന്നു. രാവണ-കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് വെച്ചത് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അത് പൊട്ടിത്തെറിക്കുന്നതോടെ മനുഷ്യരുടെ അഹംഭാവവും മറ്റുദുര്‍ഗ്ഗുണങ്ങളും മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം. സീത ലക്ഷ്മീ ദേവിയുടെ അവതാരമാണല്ലൊ. അതുകൊണ്ട് ദീപാവലി ദിവസം ലക്ഷ്മീ പൂജയ്ക്കും പ്രാധാന്യം കൈവന്നു. നാരാകാസുരവധത്തിലും, രാമായണകഥയിലും ഒരുപോലെ പ്രാധാന്യമുള്ള ഒരു കാര്യം ശ്രദ്ധിച്ചുവോ? രണ്ടിലും സ്ത്രീമോചനത്തിന് മഹത്വം നൽകുന്നു.. സ്ത്രീ ഒരു കുടുംബത്തിന്റെ വിളക്കാണെന്ന് (ദീപം) പഴമക്കാര് പറയുന്നതിന്റെ പൊരുൾ ഇപ്പോൾ കുറച്ചൂടെ വ്യക്തമാക്കുന്നു..അല്ലേ? .
പാണ്ഡവരുടെ വനവാസം.
---------------------------------
മറ്റൊരു കഥ മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് . ചൂതുകളിയില്‍ കൌരവര്‍ക്ക് സകല സ്വത്തും പണയപ്പെടുത്തി കളിച്ച പാണ്ഡവര്‍ അവരോട് പരാജയപ്പെട്ടു . പന്ത്രണ്ട് വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവുമായിരുന്നു പാണ്ഡവര്‍ക്ക് വിധിച്ചത് . അജ്ഞാതവാസത്തിനിടയില്‍ ആരെങ്കിലും പാണ്ഡവരെ തിരിച്ചറിഞ്ഞാല്‍ പതിമൂന്നുവര്‍ഷത്തെ വനവാസം ആവര്‍ത്തിയ്ക്കണം . വനവാസവും അജ്ഞാതവാസവും വിജയകരമായി പൂര്‍ത്തിയാക്കി പാണ്ഡവരും, ഭാര്യ ദ്രൗപതിയും അമ്മ കുന്തിയും ഹസ്തിനപുരിയില്‍ തിരിച്ചെത്തിയത് കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്. നല്ലവരായ പാണ്ഡവരെ ഹസ്തിനപുര നിവാസികള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. പാണ്ഡവരെ സ്വീകരിക്കാനായി അവര്‍ ദീപങ്ങള്‍ തെളിച്ച് കാത്തിരുന്നു . പാണ്ഡവരുടെ മടങ്ങിവരവ് ജനങ്ങള്‍ ആഘോഷമാക്കി . .
ലക്ഷ്മി പൂജയുടെ ഐതിഹ്യം
-------------------------------------
പാലാഴിമഥനത്തില്‍നിന്ന് ഉയര്‍ന്നുവന്ന ലക്ഷ്മിയെ വരവേല്ക്കുന്നതിനായി ലക്ഷ്മീപൂജയും ഈ ദിവസമാണ് നടത്തുന്നത്. ദക്ഷപ്രജാപതിയുടെ മകളാണ് ഖ്യാതി. വിഷ്ണുപുരാണമനുസരിച്ച് ഭൃഗുമുനി ഖ്യാതിയെ വിവാഹം കഴിച്ചു. ഇവരുടെ മകളാണ് ലക്ഷ്മി. ദേവന്മാര്‍ക്ക് ദുര്‍വ്വാസാവിന്‍റെ ശാപം മൂലം ജരാനരകള്‍ ബാധിക്കാന്‍ തുടങ്ങുകയും സ്വര്‍ഗ്ഗത്തില്‍ അശാന്തി പടരാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വസിച്ചിരുന്ന ലക്ഷ്മി സ്വര്‍ഗ്ഗം വിട്ട് പാലാഴിയില്‍ അഭയം പ്രാപിച്ചു. പിന്നീട് പാലാഴി കടഞ്ഞപ്പോള്‍ ലക്ഷ്മി അതില്‍നിന്നും ഉയര്‍ന്ന് വരികയാണുണ്ടായത്. മഹാവിഷ്ണു ലക്ഷ്മിയെ ഭാര്യയായി സ്വീകരിച്ചു. ഈ പരിപാവനമായ മുഹൂര്‍ത്തിനു മിഴിവേകാന്‍, ദേവന്‍മാരും അസുരന്മാരും ദീപങ്ങളൊരുക്കി. ഭൂമിയില്‍ മനുഷ്യരും നല്ലൊരു ദീപകാഴ്ചയൊരുക്കി.. അന്നേദിവസം വീടുകളില്‍ ഐശ്വര്യത്തിനായി ലക്ഷ്മീപൂജ നടത്തുകയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്യുന്നത് ഐശ്വര്യമുണ്ടാക്കുമെന്നാണ് വിശ്വാസം. . പ്രകാശം, സൌന്ദര്യം, സമ്പത്ത്, വിളവ് എന്നിവയുടെ അധിപതിയാണത്രേ ലക്ഷ്മി. അദ്ധ്വാനത്തിന്‍റെ ഫലം നല്കുന്ന ലക്ഷ്മി അലസരുടെ കൂടെ അധികകാലം വാഴില്ലത്രേ. ധനത്തിന്‍റെ അധിപതിയായി മാത്രം ദേവിയെ വാഴ്ത്തുന്നവരിലും ലക്ഷ്മി പ്രസാദിക്കില്ലത്രേ. ലക്ഷ്മീകടാക്ഷം ലഭിക്കാന്‍ മനസ്സിനും ശരീരത്തിനും ശുദ്ധിയുണ്ടാകണം. ദീപാവലിയുടെ ആചാരങ്ങളില്‍ ലക്ഷ്മീപൂജയ്ക്ക് വളരെ പ്രാധാന്യമുണ്ട്. . . ദീപാവലിദിവസം കാളീപൂജ നടത്താറുണ്ടല്ലോ. ഇതിനുപിന്നിലും ഒരു കഥയുണ്ട്.

കാളീപൂജയുടെ കഥ.
-------------------------
ഇന്ത്യയില്‍ പലയിടത്തും ദീപാവലി നാളില്‍ കാളീപൂജയും നടത്തുന്നുണ്ട്. നരകാസുരനെ കൊന്നത് കാളിയാണെന്നൊരു വിശ്വാസമുണ്ട്. കാളീപൂജ നടത്തുന്നതിന് മറ്റൊരുകാരണവും പറഞ്ഞുകേള്‍ക്കുന്നു. അസുരനിഗ്രഹം കഴിഞ്ഞ കാളിയെ ശാന്തയാക്കാന്‍ ശിവന്‍ അവതരിച്ച ദിവസമാണ് കാര്‍ത്തിക മാസത്തിലെ അമാവാസി എന്നാണ് വിശ്വാസം. ആ കഥയിങ്ങനെയാണ്. ബ്രഹ്മാവില്‍നിന്ന് ഒരു അസുരന്‍ , ഭൂമിയില്‍ വീഴുന്ന തന്‍റെ ഓരോ തുള്ളി രക്തവും തന്‍റെ തനിപ്പര്‍പ്പായിമാറണമെന്നൊരു വരം സമ്പാദിച്ചു. രക്തത്തില്‍നിന്ന് മുളച്ചുവരുന്ന എന്നര്‍ത്ഥത്തില്‍ ആ അസുരന് രക്തബീജന്‍ എന്ന പേരുവന്നു . രക്തബീജന്‍റെ നേതൃത്വത്തില്‍ അസുരപ്പട ദേവന്മാരെ കീഴടക്കാന്‍ ശ്രമിച്ചു . ശ്രിപാര്‍വ്വതിയുടെ ശക്തി കാളിയുടെ രൂപമെടുത്ത് യുദ്ധത്തിനൊരുങ്ങി . നഗ്നയായി എന്നുപറഞ്ഞാല്‍ , ഒരു ചെറിയ പുലിത്തോല്‍ മാത്രം അരയില്‍ ചുറ്റി , അസ്ഥികൂടത്തില്‍ തോലുകൊണ്ട് പൊതിഞ്ഞ കറുത്തിരുണ്ട രൂപമായി , കുഴിഞ്ഞ് ചുവന്ന കണ്ണുകളും രക്തമിറ്റുവീഴുന്ന നാക്കും നെറ്റിയില്‍ അഗ്നിസ്ഫുലിംഗങ്ങളുതിര്‍ക്കുന്ന മൂന്നാം കണ്ണുമായി ഒരു ഭീകരരൂപം . അഴിഞ്ഞുലഞ്ഞ മുടിയും കൈകളില്‍ വരമുദ്രയും പന്തവും വാളും ത്രിശൂലവും ഉള്ള , കഴുതപ്പുറത്തുസഞ്ചരിക്കുന്ന രൂപമായിരുന്നു അത്. ദേവി അസുരന്‍റെ ഒരുതുള്ളി രക്തം‍പോലും ഭൂമിയില്‍ വീഴാതെ പാനംചെയ്തു. രക്താസുരനെ വധിച്ച് സമാധാനം പുനസ്ഥാപിച്ചു . ദേവിയുടെ ഈ രൂപത്തെയാണ് കാലരാത്രി അഥവാ കാളരാത്രി എന്നുവിളിക്കുന്നത് . നവരാത്രിക്കാലത്ത് സപ്തമി ദിവസം ദുര്‍ഗ്ഗാംബയുടെ ഏറ്റവും ഭീകരരൂപമായ കാളരാത്രിയേയാണ് പൂജിക്കുന്നത്. രക്തബീജാസുരന്‍റെ രക്തം പാനം ചെയ്തതുകൊണ്ടാകാം അസുരവധത്തിനുശേഷം ദേവിയുടെ കോപം കെട്ടടങ്ങിയില്ല . പ്രപഞ്ചമൊന്നാകെ നശിപ്പിക്കാനുള്ള ആവേശത്തോടെ പായുന്നതുകണ്ട് ദേവന്മാര്‍ പരമേശ്വരനെ അഭയം പ്രാപിച്ചു . പരമേശ്വരന്‍ തന്‍റെ ഛായ സൃഷ്ടിച്ച് കാളിയുടെ കാല്ക്കലിട്ടു .ആ രൂപത്തെ ചവിട്ടിമെതിക്കവേയാണ് അത് പരമേശ്വരനാണെന്ന് കാളിക്ക് മനസ്സിലായത്. അതോടെ കാളിയുടെ മനശ്ശക്തി മുഴുവന്‍ നഷ്ടപ്പെട്ടു . അതോടെ ശാന്തശീലയായി . അത് കാര്‍ത്തികമാസത്തിലെ അമാവാസിദിനത്തിലായിരുന്നു . ദുഷ്ടനിഗ്രഹം നടത്തി ശാന്തഭാവം വീണ്ടെടുത്തുനില്ക്കുന്ന കാളിയെ ദീപാവലി ദിനത്തില്‍ പൂജിക്കുന്നു . ദീപാവലിയെക്കുറിച്ച് മറ്റുചിലയിടങ്ങളില്‍ വായിച്ചതും കേട്ടതുമായ ചില കാര്യങ്ങള്‍ പറയാം. ഇവയ്ക്കെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയില്ല. യക്ഷന്മാരുടെ രാത്രിയാണത്രേ ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം. വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ടത്രേ. മനുഷ്യരുടെ ജനനം മുതല്‍ മരണഅടിയന്തിരം വരെയുള്ള ആഘോഷങ്ങള്‍ പ്രത്യേകിച്ചൊരു ഐതിഹ്യത്തിന്‍റെ പിന്‍ബലമില്ലാതെത്തന്നെ മധുപാനമഹോത്സവമാകാറുണ്ടല്ലോ. വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത ദിനമാണ് ഇത്. അതുകൊണ്ട് വിക്രമവര്‍ഷാരംഭ ദിനമായും ചിലയിടങ്ങളില്‍ ദീപാവലി ആഘോഷിക്കപ്പെടുന്നു. ജാതക കഥകളില്‍ വര്‍ധമാനമഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നതായി കാണുന്നുണ്ട്. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ദീപാവലി ആചരിക്കുന്നു. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചു വച്ചാണ് ഇവര്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിയുടെ ആചാരങ്ങളില്‍ കാണുന്ന എണ്ണ തേച്ചുകുളി, മധുരപലഹാരങ്ങളുള്‍പ്പെട്ട വിഭവ സമൃദ്ധമായ സദ്യ , പടക്കങ്ങളും പൂത്തിരികളും ദീപങ്ങളുംകൊണ്ടുള്ള പ്രകാശമയമായ അന്തരീക്ഷം എന്നിവ ബാഹ്യമായ പരിശുദ്ധിയും പ്രകാശവും പൂര്‍ണ്ണതയും മാത്രമല്ല , ആന്തരികമായ തമസ്സിനെ ഇല്ലായ്മ ചെയ്ത് പ്രകാശം നിറയ്ക്കുന്നതുമാണ്. .
നാലാം ദിവസം.(ബലി പ്രതിപദ)
========================
പദ്വ അഥവാ വര്‍ഷപ്രതിപദ ആണ് നാലാമത്തെ ദിനം. കറുത്തവാവാണല്ലോ ദീപാവലി. അതുകഴിഞ്ഞ് വെളുത്തപക്ഷത്തിലെ ആദ്യദിവസമായ പ്രഥമ അഥവാ പ്രദിപദം തിഥിയാണിത്. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. ഇതിനുപിന്നിലും ഒരു കഥയുണ്ട്. വൃക്ഷലതാദികളാലും ധനധാന്യാദികളാലും സമൃദ്ധമായ ഗോകുലത്തില്‍ ധാരാളം പശുക്കളുമുണ്ടായിരുന്നു . പാലും പാലുല്‍പ്പന്നങ്ങളും വിറ്റാണ് അവര്‍ ജീവിച്ചിരുന്നത് . ഗോവര്‍ധനപര്‍വ്വതം അമൂല്യനിധികളുടെ കലവറയായിരുന്നു . കാലാകാലങ്ങളിലെ മഴയും വിളവുമെല്ലാം ഇന്ദ്രന്‍റെ വരദാനംകൊണ്ടാണെന്ന വിശ്വാസത്താല്‍ ജനങ്ങള്‍ പശുക്കളെ ഹോമിച്ച് യാഗവും ഇന്ദ്രപൂജയും നടത്തിവന്നിരുന്നു .എന്നാല്‍ മഴയും വെയിലും കാലാവസ്ഥയുമെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണെന്നും കഠിനമായി അദ്ധ്വാനിച്ചാല്‍ നല്ല വിളവുണ്ടാകുമെന്നും കൃഷ്ണന്‍ ഗോകുലവാസികളെ പറഞ്ഞ് മനസ്സിലാക്കി . അവര്‍ക്ക് അന്നം കൊടുക്കുന്നത് ഗോക്കളാണെന്നും ആ ഗോക്കളെ പോറ്റുന്നത് ഗോവര്‍ദ്ധനപര്‍വ്വതമാണെന്നും കൃഷ്ണന്‍ പറഞ്ഞു. അന്നം തരുന്ന ഗോക്കള്‍ അമ്മയ്ക്കുതുല്യരാണെന്നും അവരെ ബലികൊടുത്ത് ഇന്ദ്രനെ പ്രീതിപ്പെടുത്തുകയല്ല വേണ്ടതെന്നും സ്വന്തം കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് മനസ്സിലാക്കി .അവരെ പോറ്റിവളര്‍ത്തുന്ന ഗോവര്‍ദ്ധനത്തെ അതിലുമേറെ ആദരിക്കണമെന്നും അതുകൊണ്ട് ഗോവര്‍ദ്ധനത്തെ പൂജിക്കണമെന്നുമാണ് ശ്രീകൃഷ്ണന്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ദ്ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച് ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്‍റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടത്തുന്നത്. മഹാബലിയെ വാമനന്‍ സുതലത്തിലേക്ക് അയച്ചതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലി എന്നും കേള്‍ക്കുന്നു. അദ്ദേഹം പ്രജകളെ കാണാന്‍ ഭൂമിയില്‍ വരുന്ന ദിവസമാണെന്നാണ് വിശ്വാസം. അതുകൊണ്ട് പ്രഥമതിഥി ബലിപ്രതിപദ എന്നറിയപ്പെടുന്നു. അന്ന് എണ്ണതേച്ചു കുളിയ്ക്കുന്നതും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ധാന്യപ്പൊടികൊണ്ടോ ചാണകവും മണ്ണും കൂട്ടിക്കുഴച്ചോ ചാണകംകൊണ്ടുതന്നെയോ രൂപമുണ്ടാക്കി അദ്ദേഹത്തെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, അദ്ദേഹത്തിന്‍റെ രാജ്യം വരണമെന്ന് പ്രാര്‍ത്ഥിക്കുക എന്നീ ചടങ്ങുകള്‍ ഭാരതത്തിലെ ചില സ്ഥലങ്ങളില്‍, പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ ചില പ്രദേശങ്ങളില്‍ പതിവുണ്ടെന്നും എവിടെയോ വായിച്ചതായോര്‍ക്കുന്നു. ഇതു കൂടാതെ നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുകയും പതിവുണ്ട്.
അഞ്ചാം ദിവസം (ഭാതൃദ്വിതീയ, ബഹു-ബീജ് ) ------------------------------------------------------------
മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ച് ധാരാളം സമ്മാനങ്ങള്‍ നല്കി. സന്തുഷ്ടയായ സഹോദരി യമനെ തിലകമണിയിച്ചു. ഇതില്‍ സന്തുഷ്ടനായ യമന്‍ ഈ ദിവസം സഹോദരിയുടെ കൈയില്‍നിന്നും തിലകക്കുറി ലഭിക്കുന്നവന് മരണഭയമുണ്ടാകില്ല എന്നനുഗ്രഹിച്ചുവത്രെ. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം. സന്ധ്യയ്ക്ക് യമധര്‍മ്മന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമധര്‍മ്മന്റെ 14 നാമങ്ങള്‍ ചൊല്ലി അര്‍ഘ്യം നല്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ് . അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മതില്‍ നിന്ന് നന്മയിലേക്ക്. അതാകണം നമ്മുടെ ലക്ഷ്യം. മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനം. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ധനത്തിന്‍റെ ഉത്സവം. ചിലര്‍ക്ക് യമധര്‍മ്മനുള്ള അനുഷ്ഠാനങ്ങ ളുടെ വേള. ചിലര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും സമ്മാനിക്കാനുള്ള വേള. പ്രവൃത്തിയെന്തായാലും ലക്ഷ്യമൊന്നുതന്നെ. തിന്മയുടെമേല്‍ നന്മ നേടുന്ന വിജയത്തിന്‍റെആഘോഷം. ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ അന്ധകാരമായ തിന്മകളെ ഇല്ലായ്മചെയ്യുന്ന ദിവ്യപ്രകാശമാണ്. മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുരികശക്തിയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. കഥകള്‍ എന്തുതന്നെയായാലും തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയത്തിന്‍റെ പ്രതീകമായ ദീപാവലി ദീപങ്ങളുടെ ആവലി തന്നെയാണ് . എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ