അയ്യപ്പചരിതം

അയ്യപ്പചരിതം
-------------------
"മണ്ഡലമാസപ്പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ
മഞ്ഞണി രാവ് നിലാവ് വിരിക്കും പൂങ്കാവനമുണ്ടേ തങ്ക-
പൂങ്കാവന്മുണ്ടേ.
ജടമുടി ചൂടിയ കരിമല കാട്ടില്‍ തപസ്സിരിക്കുന്നൂ
വെളുത്തമുത്തുക്കന്നിമുകിലുകള്‍ മുദ്ര നിറയ്ക്കുന്നൂ ..."
.
ക്ഷേത്രത്തില്‍നിന്നാണല്ലോ. സമയം നാലരയായോ? നാലുമണിക്കെഴുന്നേറ്റ് അഞ്ചുവരെ ക്ഷേത്രനടയില്‍ നടത്തം പതിവുള്ളതാണ്. ഇന്ന് വൈകിയിരിക്കുന്നു. പാട്ടിനൊത്ത് മുറ്റത്തെ കൂവളം തലയാട്ടുന്നു. കാറ്റുമുണ്ടല്ലോ. ! ഇന്ന് വൃശ്ചികം ഒന്നാണല്ലോ. വൃശ്ചികക്കാറ്റാകും. വൈകിയാലും നടത്തം മുടക്കേണ്ടെന്നുകരുതി പടിയിറങ്ങി. ക്ഷേത്രനടയിലാകെ വാഹനങ്ങളുടെ തിരക്ക്. അഞ്ചരവരെ വിജനമായിക്കിടക്കാറുള്ള അമ്പലനടയാണ്. ഇന്ന് മണ്ഡലവ്രതം തുടങ്ങുകയാണല്ലോ. മാലയിടാന്‍ വരുന്നവരുടെ തിരക്കാണ്. ഇന്നിനി നടത്തം ശരിയാകില്ല. എന്‍റെ പ്രിയസുഹൃത്തും സഹോദരതുല്യനുമായ ശ്രീ. സുരേഷ് കുറേ നേരം സംസാരിച്ചിരുന്ന് ഇന്നലെ രാത്രി വളരെ വൈകിയാണ് കിടന്നത്. മണലാരണ്യത്തില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ദേഹം ഫോണ്‍വിളികളിലൂടെയും ചാറ്റിങ്ങിലൂടെയും മലയാളമണ്ണിന്‍റെ മാധൂര്യം നുകരുക പതിവാണ്. ശാസ്താക്ഷേത്രത്തിന്‍റെ തൊട്ടടുത്ത് വസിക്കുന്ന ആളെന്നതുകൊണ്ട് എന്നോട് മണ്ഡലക്കാലത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. എന്‍റെ അയ്യപ്പസ്വാമീ, എന്‍റെയൊരു മറവി! മണ്ഡലക്കാലത്തെക്കുറിച്ചും അയ്യപ്പനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നമ്മുടെ സഹോദരങ്ങളുമായി പങ്കുവച്ചുകൂടേ എന്നദ്ദേഹം ചോദിച്ചപ്പോള്‍ ആവാമല്ലോ എന്നുമറുപടി കൊടുത്തതാണ്. അതും മറന്നു. ഉള്ളസമയംകൊണ്ട് ശീഘ്രം എഴുതാന്‍ നോക്കാം. അല്ലെങ്കില്‍ ഇപ്പോള്‍ വിളിവരും.
.
വൃശ്ചികം ഒന്നുമുതല്‍ പത്താമുദയമെന്നറിയപ്പെടുന്ന ധനുപ്പത്തുവരെ നീളുന്ന നാല്പത്തിയൊന്നുദിവസക്കാലമാണ് മണ്ഡലക്കാലം. ശാസ്താക്ഷേത്രങ്ങളില്‍ നിത്യവിശേഷങ്ങള്‍ക്കുപുറമേ പ്രത്യേകപൂജകളുമുണ്ടാകും. ശബരിമല ദര്‍ശനത്തിനുപോകുന്നവര്‍ മണ്ഡലം പിറക്കുന്ന ദിവസം ക്ഷേത്രത്തില്‍നിന്ന് പൂജിച്ചുകിട്ടുന്ന മാലയിട്ട് വ്രതം തുടങ്ങുന്നു. എന്താണ് വ്രതത്തിന്‍റെ പ്രത്യേകത? നമ്മെ നിയന്ത്രിക്കുന്ന ജീവാത്മാവും പ്രപഞ്ചം നിറഞ്ഞുനില്ക്കുന്ന പരമാത്മാവും ഒന്നെന്നറിയുന്നവന്‍ ബ്രഹ്മത്തെയറിയുന്നു. ഇവരണ്ടും രണ്ടെന്ന മാനുഷികചിന്തയാണ് മായയുടെ നിദാനം.
.
എഴുത്തച്ഛന്‍,
"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ "
എന്നുപറയാന്‍ കാരണമതാണല്ലോ.
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള യോഗമാണ് മായയില്‍നിന്നുള്ള മോചനം. ഇതിന് ഭക്തിയോഗം, രാജയോഗം, കര്‍മ്മയോഗം, ജ്ഞാനയോഗം എന്നിങ്ങനെ വിവിധമാര്‍ഗ്ഗങ്ങളുണ്ട്. ഭക്തിയോഗത്തിന്‍റെ മാര്‍ഗ്ഗമായാണ് മണ്ഡലവ്രതം കണക്കാക്കപ്പെടുന്നതെങ്കിലും മറ്റെല്ലാ യോഗങ്ങളും ഇവിടെ പ്രയോഗിക്കപ്പെടുന്നുണ്ട്. സത്യവ്രതം, സമത്വഭാവന, ദീനാനുകമ്പ, അക്രമരാഹിത്യം, ശാന്തചിത്തം, അല്പാഹാരം, ശാരീരിക-മാനസികപരിശുദ്ധി, സ്നേഹം എന്നിങ്ങനെ സന്യാസത്തിനുപറയുന്ന പലഗുണങ്ങളും മണ്ഡലവ്രതത്തിന്‍റെ ഭാഗമാണ്. നാല്പത്തിയൊന്നുദിവസത്തെ വ്രതാനുഷ്ഠാനം മനുഷ്യന്‍റെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്നാണ് വിശ്വസിക്കുന്നത്. സാത്വികജീവിതശൈലിയിലേക്ക് മനുഷ്യനെ മാറ്റി ഈശ്വരനിലേക്ക് അടുപ്പിക്കുകയെന്നതാണ് മണ്ഡലവ്രതത്തിന്‍റെ ഉദ്ദേശ്യം. മണ്ഡലവ്രതമെടുക്കുന്ന ആള്‍ ഈശ്വരന്‍തന്നെയാണെന്നാണ് വിശ്വാസം. അതുകൊണ്ടാണല്ലോ മണ്ഡലവ്രതമെടുക്കുന്ന ആളെ അയ്യപ്പന്‍ എന്നുവിളിക്കുന്നത്. പേരിനോടുകൂടി സ്വാമിയെന്ന് ചേര്‍ത്താണ് വിളിക്കുന്നത്. എന്തിനധികം, കാട്ടില്‍ ആനയെ കാണുമ്പോള്‍പ്പോലും 'ആനയ്യപ്പന്‍' എന്നാണ് പറയുക. സകലജീവജാലങ്ങളിലും തന്നിലും ഈശ്വരനെ ദര്‍ശിക്കുന്നതാണ് മണ്ഡലവ്രതത്തിന്‍റെ പ്രത്യേകത. അതായത് ഗൃഹസ്ഥാശ്രമത്തിലെ സന്യാസമാണ് മണ്ഡലവ്രതം.
.
അയ്യപ്പന്‍റെ ക്ഷേത്രങ്ങളിലാണ് മണ്ഡലാഘോഷങ്ങള്‍ കൂടുതലായി നടക്കുന്നത്. ആരാണ് അയ്യപ്പന്‍?
പാലാഴിമഥനത്തെത്തുടര്‍ന്ന് ലക്ഷ്മി ഉയര്‍ന്നുവന്നപ്പോള്‍ വിഷ്ണുവിനെ സ്വയംവരംചെയ്ത കഥ നമ്മള്‍ ദീപാവലിയുടെ കഥയില്‍ വായിച്ചതാണല്ലോ. സ്വയംവരാഘോഷങ്ങളില്‍ സുരപാനം നിമിത്തം ബോധംകെട്ടുറങ്ങിയ ദേവന്മാര്‍ അമൃതുമായി ധന്വന്തരീമൂര്‍ത്തി വന്നതറിഞ്ഞില്ല. അസുരന്മാര്‍ അതുംകൊണ്ട് പോയി. അപകടം മണത്തറിഞ്ഞ ദേവന്മാര്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു. എല്ലാ ഏടാകൂടവും വരുത്തിവച്ചിട്ട് വിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ദേവന്മാരുടെ ശുനകലാംഗൂലസമാനമായ സ്വഭാവമാണല്ലോ. മനുഷ്യരുടെയടുത്ത് സര്‍വ്വശക്തനായ ഈശ്വരന്‍ വിചാരിച്ചാല്‍പ്പോലും നടക്കാത്ത കാര്യങ്ങള്‍ പെണ്ണുവിചാരിച്ചാല്‍ നടക്കുമെന്ന് വിഷ്ണുവിനറിയാമായിരുന്നു. അങ്ങനെ മോഹിനിയായി മാറി അസുരന്മാരുടെയടുത്തുചെന്ന് നൃത്തമാരംഭിച്ചു. വായ്‍നോട്ടത്തിനിടയ്ക്ക് തന്നെത്തന്നെയടിച്ചുമാറ്റിയാലുമറിയില്ലെന്നത് സാധാരണ ആണിന്‍റെ പ്രത്യേകതയാണല്ലോ. മോഹിനി അമൃതുമെടുത്ത് പോയിട്ടും കുറച്ചുകഴിഞ്ഞാണ് അസുരന്മാര്‍ വിവരമറിയുന്നത്. മോഹിനിയെന്ന വശ്യഭാവങ്ങളോലുന്ന സുന്ദരിയുടെ ഉത്ഭവമങ്ങനെയാണ്.
.

ഭസ്മാസുരന് വരംകൊടുത്തപോലെ എന്ന് കേട്ടിട്ടുണ്ടോ, ശിവന്‍ പുലിവാലുപിടിച്ച കഥ? ശിവഭക്തനായിരുന്ന ഭസ്മാസുരന്‍ കഠിനതപംകൊണ്ട് ശിവനെ പ്രീതിപ്പെടുത്തി താന്‍ തൊടുന്നതെല്ലാം ഭസ്മമായിപ്പോകണം എന്ന വരം നേടി. അസുരനാണെങ്കില്‍ ശിവന്‍റെമേല്‍ തന്നെ വരം പരീക്ഷിക്കാന്‍ തീരുമാനിച്ചു. ശിവന്‍ ഓടെടാ ഓട്ടമെന്നായി. ഭസ്മാസുരന്‍ പിന്നാലെയും. ശിവന്‍ ഒരുവിധത്തില്‍ വിഷ്ണുവിന്‍റെ അടുത്തെത്തി. മോഹിനിയുടെ ചമയങ്ങളുമായി വശ്യമനോഹരിയായി മഹാവിഷ്ണു ഭസ്മാസുരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിവാഹാഭ്യര്‍ത്ഥന നടത്തിയ ഭസ്മാസുരനോട് മോഹിനി തന്‍റെയൊപ്പം ചുവടുകള്‍ പിഴക്കാതെ നൃത്തംചെയ്യാമോ എന്ന് ചോദിച്ചു. അത് സമ്മതിച്ച് നൃത്തംചെയ്തുതുടങ്ങി . തന്ത്രത്തില്‍ മോഹിനി തന്റെ തലയില്‍ തന്നെ തൊടുന്ന ഒരു ചുവട് ചെയ്തു. . നൃത്തത്തില്‍ എല്ലാം മറന്ന ഭസ്മാസുരനുണ്ടോ ചതിയറിയുന്നു. അദ്ദേഹവും തൊട്ടു തന്റെ തലയില്‍. അങ്ങനെ ഭസ്മാസുരന്‍ ഭസ്മമായി. വിഷ്ണു ഈ വിവരം ശിവനെയറിയിച്ചപ്പോള്‍ ആ മോഹിനീരൂപമൊന്നുകൂടി കാണണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് മോഹിനിയായിമാറിയ മഹാവിഷ്ണുവില്‍ ശിവന്‍ അനുരക്തനായി . അങ്ങനെ ഹരിയും ഹരനും സംഗമിച്ചു. ഹരിഹരസംഗമത്തില്‍ ഉണ്ടായതാണത്രേ അയ്യപ്പന്‍. അയ്യപ്പനെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ തുടര്‍ന്ന് വായിക്കാം



മഹിഷിയുടെ കഥ
=============
വരൂ കൂട്ടരേ, നമുക്ക് പണ്ടുകാലത്തെ എരുമേലിവരെയൊന്ന് പോകാം.ഇപ്പോഴത്തെ എരുമേലിയെന്നുവിളിക്കപ്പെടുന്ന സ്ഥലത്തേക്ക് . വളരെക്കാലം പിറകിലേക്കുള്ള യാത്ര തുടങ്ങാം.
ഇതാണാ സ്ഥലം. കാർഷിക മേഖലയായ ഈ സ്ഥലമാണ് പിന്നീട് എരുമേലി എന്നറിയപ്പെട്ടത്. ജനങ്ങളുടെ വിളകൾക്കും ജീവനും കാട്ടുമൃഗങ്ങൾ വൻതോതിൽ നാശംവരുത്തുക പതിവാണ് . അതാണ് കര്‍ഷകര്‍ ഇങ്ങനെ താടിക്കുകൈയുംകൊടുത്ത് വിഷമിച്ചിരിക്കുന്നത്. നമുക്കൊന്ന് ചോദിച്ചുനോക്കാം.
"ജ്യേഷ്ഠാ, എന്താണ് എല്ലാവരുമിങ്ങനെ വിഷമിച്ചിരിക്കുന്നത്?"
". അതോ, ഞങ്ങള്‍ മാസങ്ങളായി അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളകളെല്ലാം കാട്ടുമൃഗങ്ങള്‍ വന്ന് നശിപ്പിക്കുന്നു. അവര്‍ പൈശാചികശക്തിയുള്ളവരാണ്. "
"അവയെ അടിച്ചോടിച്ചുകൂടേ?"
"അടിച്ചോടിക്കുന്നതുപോയിട്ട് നേരെ ചെല്ലാന്‍പോലും പേടിയാണ്. നാട്ടുകാരൊക്കെ കൂട്ടിയിട്ട് പറ്റാണ്ടെ അരചനെ അറിയിച്ചിട്ടുണ്ട്"
" അത്രയ്ക്കു വിഷമത്തിലായോ കാര്യങ്ങള്‍?"
"അക്കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ ഒരു വലിയ കാട്ടെരുമയുമുണ്ട്. ഭീമാകാരമായ ഒരു കാട്ടെരുമ. ഇടയ്ക്കിടെ നാട്ടിലിറങ്ങി കൃഷിയെല്ലാം നശിപ്പിക്കുന്നതോടൊപ്പം അത് നേരെ വരുന്ന സകലജീവികളേയും കൊന്നൊടുക്കും."
നാട്ടില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സംഹാരതാണ്ഡവമാടുന്ന എരുമയില്‍നിന്ന് തങ്ങളുടെ ജീവനും വിളകളും രക്ഷിക്കണമെന്ന് ജനങ്ങള്‍ പന്തളമന്നനോട് കാലങ്ങളായി അപേക്ഷിച്ചുകൊണ്ടിരിക്കുകയാണത്രേ.
രാജഭടന്മാര്‍ കൊട്ടുംകുഴലുമായി വരുന്നുണ്ടല്ലോ. നമുക്ക് ശ്രദ്ധിക്കാം.
" പ്രിയപ്പെട്ടവരേ, കാലങ്ങളായുള്ള നിങ്ങളുടെ പരാതിക്ക് പരിഹാരമായെന്നുതന്നെ കരുതിക്കൊള്ളുക. നമ്മുടെ വിളകളും ജീവനും നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊലയാളിയായ കാട്ടെരുമയെ വധിക്കാന്‍ പടനയിച്ചുകൊണ്ട് നമ്മുടെയെല്ലാം കണ്ണിലുണ്ണിയായ മണികണ്ഠകുമാരന്‍ എഴുന്നള്ളുന്നുണ്ട്. നിങ്ങളില്‍ ധീരന്മാരായവര്‍ രാജകുമാരന്‍റെ സഹായത്തിനായി ഒപ്പം വനത്തിലേക്ക് പൊയ്കൊള്ളുക."
അങ്ങനെ വൻപടയുമായി അയ്യപ്പനിതാ എരുമേലിയിലെത്തിയിരിക്കുന്നു. ഗ്രാമത്തില്‍ നില്ക്കാതെ എരുമയെത്തേടി നേരെ കൊടുംകാട്ടിനുള്ളിലേയ്ക്ക് പോകുകയാണല്ലോ. ഒപ്പം ഗ്രാമം മുഴുവനുമുണ്ട്. നമുക്ക് കാട്ടിലേക്കുപോകാന്‍ പ്രയാസമാകും. നാഴികകളോളം നടക്കണം. ദിവസങ്ങള്‍ പട്ടിണികിടന്ന് നടക്കണം. കുറച്ചുദിവസം ഈ കുടിലില്‍ തങ്ങാം.

എട്ടുപത്തുദിവസമായിട്ടും ഒരുവിവരവുമില്ലല്ലോ. ആ കാട്ടില്‍ നടന്നതെന്താണെന്ന് നമുക്കൊന്നുനോക്കാം. അതാ രണ്ടൂമൂന്നുപേര്‍ വരുന്നുണ്ട് . അവരോട് ചോദിക്കാം."

"മണികണ്ഠകുമാരനും കൂട്ടരും പോയിട്ട് ദിവസങ്ങളായല്ലോ. എന്താണവിടുത്തെ വിശേഷം?"
"അവിടുത്തെ വിശേഷമോ, ശിവശിവ! എന്താ എങ്ങന്യാ പറയേണ്ടതെന്നൊരു നിശ്ചയോല്ല്യ. അത്രയ്ക്കു വലിയ അത്ഭുതല്ലേ ണ്ടായ്ത്!"
അപ്പോഴേക്കും സ്ത്രീകള്‍ തടിച്ചുകൂടിത്തുടങ്ങി. പുരുഷന്മാര്‍ ഒട്ടെല്ലാം കാട്ടിലാണല്ലോ. അവര്‍ ആ കഥ പറയുകയാണ്.
പല ദിവസങ്ങളിലും ജാഗ്രതയോടെ കാടിളക്കിയിട്ടും ആ ദുഷ്ടമൃഗത്തെ കണ്ടുകിട്ടിയില്ല . ഒടുവിൽ വിശാലമായ അഴുതാനദിയുടെ ഇങ്ങേക്കരയിലുള്ള ഉൾവനത്തിൽ അതു വിഹരിയ്ക്കുന്നതറിഞ്ഞ് മണികണ്ഠൻ അങ്ങോട്ട് നീങ്ങി. അയ്യപ്പനെക്കണ്ട് ആ ഭീകരജീവി കാടിളക്കി പാഞ്ഞു വന്നു. രക്തമുറയുന്ന ഒരു ഘോരയുദ്ധമായിരുന്നു പിന്നീടവിടെ നടന്നത്. മണികണ്ഠന്‍ അമ്പും വില്ലും ആണ് ഉപയോഗിച്ചിരുന്നത്. വാളും ഗദയും വടിയും മരച്ചില്ലകളുമൊക്കെയായി സഹായത്തിന് പടയും നാട്ടുകാരും. മണികണ്ഠന്റെ തൂണീരത്തില്‍നിന്ന് പാഞ്ഞ അമ്പുകൾ തുളച്ചുകയറി ആ കാട്ടെരുമയുടെ ശരീരം നിണമണിഞ്ഞിട്ടും ഭയാനകമായി അമറിക്കൊണ്ട് അത് വീണ്ടും വീണ്ടും ചീറിയടുത്തുകൊണ്ടിരുന്നു. മണികണ്ഠനും പടയും നാലുവശത്തുനിന്നും ആ ഭീകരജീവിയെ തലങ്ങും വിലങ്ങും മാരകമായി മുറിവേൽ‌പ്പിച്ചുകൊണ്ടുമിരുന്നു. അഹര്‍ന്നിശങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അവശയായി കുഴഞ്ഞു വീണ എരുമയുടെ മുകളിലേയ്ക്ക് നാട്ടുകാര്‍ വലിയപാറക്കല്ലുകളും മരക്കൊമ്പുകളും വലിച്ചെറിഞ്ഞു. ഒടുവിൽ തങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ആ പേടിസ്വപ്നം ജീവൻ വെടിഞ്ഞു എന്നറിഞ്ഞപ്പോൾ അവിടെക്കൂടിയ മണികണ്ഠന്റെ വൻപടയും ആയിരക്കണക്കായ ഗ്രാമവാസികളും ആനന്ദനൃത്തമാടി.

കോലടിച്ചുപാടിക്കൊണ്ടൊരു ഘോഷയാത്രയാണല്ലോ വനത്തില്‍നിന്ന് വരുന്നത്.
ചോരയില്‍ മുങ്ങിയ ശരീരത്തിന്‍റെ നാലുകാലുകളും വലിയമരക്കഴയില്‍ക്കെട്ടി തലകീഴായി തൂക്കിയിട്ട് എല്ലാവരുംകൂടി ചുമന്ന് ആഘോഷമായി സംസ്കരിക്കാന്‍ കൊണ്ടുപോകുകയാണെന്നുതോന്നുന്നു. കുറെപ്പേര്‍ ആയുധങ്ങളും വടികളും മരച്ചില്ലകളും ഗദകളുമൊക്കെയുയര്‍ത്തിപ്പിടിച്ചും കുറച്ചുപേര്‍ മണികണ്ഠനെ തലയിലേറ്റിയും കൊട്ടും പാട്ടുമായി പിന്നാലെ നടക്കുന്നു. അധികാരവും സ്ഥാനവുമൊക്കെ മറന്ന് ഭരണാധികാരികളും ഒപ്പം കൂടിയിട്ടുണ്ട്. എല്ലാവരെയും ആപത്തില്‍നിന്ന് രക്ഷിച്ച അയ്യപ്പനാണ് എല്ലാവരുടെയുമുള്ളില്‍. അങ്ങനെ പാടിക്കൊണ്ടുതന്നെയാണവര്‍ ഘോഷയാത്രയായി പോകുന്നത്. "അയ്യപ്പന്‍ നിന്‍റകത്തും സ്വാമിയെന്‍റകത്തും ; അയ്യപ്പന്‍ എന്‍റകത്തും സ്വാമി നിന്‍റകത്തും " എന്നുപാടിക്കൊണ്ടാണവര്‍ ഘോഷയാത്ര നയിക്കുന്നത്.

അവര്‍ ആ ശവശരീരം സംസ്കരിക്കട്ടെ . നമുക്ക് മറ്റൊരിടത്തേക്ക് പോയാലോ? യുദ്ധവും കൊലയും രക്തം‍പുരണ്ട ശരീരവും ആര്‍പ്പുവിളികളുമായി മനസ്സ് പിരിമുറുക്കംകൊണ്ടിരിക്കുമ്പോള്‍ എവിടെ പോകണം? ഹോമങ്ങളുടെ ധൂപവും ധ്യാനനിമഗ്നരായ ഋഷിമാരും മന്ത്രദ്ധ്വനികളും നിറഞ്ഞ വിന്ധ്യാപര്‍വ്വതത്തിന്‍റെ താഴ്വരയിലെ ശാന്തത കളിയാടുന്ന പര്‍ണ്ണശാലകളിലേക്കായാലോ? നേരത്തെ പോയതിനേക്കാളും പഴക്കമേറിയ കാലഘട്ടത്തിലേക്കാണ് പോകേണ്ടത്. പഴക്കമേറിയ എന്ന് പറയുമ്പോള്‍ സാക്ഷാല്‍ മണികണ്ഠന്‍റെ ജനനത്തിനുമൊക്കെ വളരെവളരെ മുമ്പേയുള്ള കാലം. പര്‍ണ്ണശാലയില്‍ വസിച്ച് ഹോമങ്ങളും യാഗങ്ങളുമായി, ബ്രഹ്മത്തെ ധ്യാനിച്ചിരിക്കുന്ന മുനിമാരില്‍ പ്രധാനി ആയിരുന്നു ഗാലവന്‍. അദ്ദേഹത്തിന്‍റെ പര്‍ണ്ണശാലയ്ക്കഴകേകിക്കൊണ്ട് അതിസുന്ദരിയും യൌവനയുക്തയുമായ മുനികുമാരി ലീലയുമുണ്ട്. ലൌകികചിന്തകള്‍ വെടിഞ്ഞ് ധ്യാനനിമഗ്നനായിരിക്കുന്ന ദത്തന്‍ ആണ് അദ്ദേഹത്തിന്‍റെ ശിഷ്യന്മാരില്‍ പ്രധാനി. സുന്ദരനായ ദത്തനില്‍ അനുരക്തയായ മുനികുമാരിക്ക് അദ്ദേഹത്തോട് അത് പറയാന്‍പോലും അവസരം കിട്ടാത്തവിധത്തില്‍ കഠിനതപസ്സിലാണ് ദത്തന്‍. ലൌകികജീവിതത്തില്‍ ആകൃഷ്ടനല്ലാത്ത ദത്തന്‌ ഇതിഷ്ടമാകില്ലെന്നറിഞ്ഞിട്ടും തപോവനകന്യക അദ്ദേഹത്തോട് തന്നെ പട്ടമഹഷി ആക്കാമോ എന്ന് ചോദിച്ചു. കുപിതനായ മുനികുമാരന്‍ അപ്പോള്‍ത്തന്നെ മറുപടിയും കൊടുത്തു.
"എന്‍റെ മനസ്സിളക്കാന്‍ വന്ന നീ മഹിഷിയായിപ്പോകട്ടെ!"

അങ്ങനെയാണ് മഹഷി (ഭാര്യ) ആകാന്‍ ആഗ്രഹിച്ച ഗാലവസുത മഹിഷിയായി (എരുമ) കരംഭന്‍റെ പുത്രിയായി ജനിച്ചത്. കരംഭന്‍റെ പുത്രനെ നമ്മള്‍ നവരാത്രിക്കാലത്ത് പരിചയപ്പെട്ടിട്ടുണ്ടല്ലോ. മഹിഷാസുരന്‍. ഈ മഹിഷിയാണ് അയ്യപ്പനാല്‍ കൊല്ലപ്പെട്ട എരുമ

എരുമേലി
=======
കഴിഞ്ഞയാഴ്ച നമ്മളെല്ലാവരും‍കൂടി ഒരു യാത്രപോയിരുന്നുവല്ലോ. കുറേക്കാലം പിറകിലേക്ക്. ആ ആശ്രമത്തിന്‍റെ കാര്യമല്ല, അതിനുമുമ്പ് നമ്മള്‍ പോയില്ലേ, ഒരു ഗ്രാമത്തിലേക്ക്. കാട്ടിലേക്ക് ഗ്രാമീണരുടെ കൂടെ പോകാന്‍ കഴിയാതെ പത്തുദിവസം ഒരു ഗ്രാമീണന്‍റെ കുടിലില്‍ കഴിഞ്ഞതും, ആല്‍ത്തറയ്ക്കല്‍ ഇരിക്കുമ്പോള്‍ ആര്‍പ്പുവിളി കേട്ടതും ഒരു കാട്ടെരുമയുടെ ജഡം തലകീഴായി കെട്ടിത്തൂക്കിക്കൊണ്ടുവരുന്നതും എല്ലാമെല്ലാം........ നമുക്കവിടേക്കൊരിക്കല്‍ക്കൂടി പോകണമെന്ന് ഞാനന്നു പറഞ്ഞിരുന്നുവല്ലോ. എല്ലാവരും വരിക, നമുക്കിപ്പോള്‍ പോകാം.
അതാ ആ ആല്‍ത്തറയ്ക്കലാണ് നമ്മളന്നിരുന്നത്.
അതാ കാണുന്നില്ലേ , ചോരയില്‍ മുങ്ങിയ കാട്ടെരുമയുടെ ശരീരത്തിന്‍റെ നാലുകാലുകളും വലിയമരക്കഴയില്‍ക്കെട്ടി തലകീഴായി തൂക്കിയിട്ട് എല്ലാവരുംകൂടി ചുമന്ന് ആഘോഷമായി സംസ്കരിക്കാന്‍ കൊണ്ടുപോകുകയാണെന്നുതോന്നുന്നു. കുറെപ്പേര്‍ ആയുധങ്ങളും വടികളും മരച്ചില്ലകളും ഗദകളുമൊക്കെയുയര്‍ത്തിപ്പിടിച്ചും കുറച്ചുപേര്‍ മണികണ്ഠനെ തലയിലേറ്റിയും കൊട്ടും പാട്ടുമായി പിന്നാലെ നടക്കുന്നു. അധികാരവും സ്ഥാനവുമൊക്കെ മറന്ന് ഭരണാധികാരികളും ഒപ്പം കൂടിയിട്ടുണ്ട്. എല്ലാവരെയും ആപത്തില്‍നിന്ന് രക്ഷിച്ച അയ്യപ്പനാണ് എല്ലാവരുടെയുമുള്ളില്‍. അങ്ങനെ പാടിക്കൊണ്ടുതന്നെയാണവര്‍ ഘോഷയാത്രയായി പോകുന്നത്. "അയ്യപ്പന്‍ നിന്‍റകത്തും സ്വാമിയെന്‍റകത്തും ; അയ്യപ്പന്‍ എന്‍റകത്തും സ്വാമി നിന്‍റകത്തും " എന്നുപാടിക്കൊണ്ടാണവര്‍ ഘോഷയാത്ര നയിക്കുന്നത്. ഇതിനു മുൻപ് പലപ്പോഴും കാട്ടുജാതിക്കാരുടെ കടുത്ത ആക്രമണത്തിൽ മൃതപ്രായമായ ആ ജീവിയെ ചത്തുവെന്ന് വിചാരിച്ച് കുഴിച്ചിടുകയും കുറേക്കഴിയുമ്പോൾ അത് മണ്ണിനടിയിൽ നിന്ന് കുതറി എഴുന്നേറ്റ് പായുകയും ചെയ്തിട്ടുണ്ട് .മരിച്ചാലും വീണ്ടും ജീവൻ വെച്ചെഴുന്നേറ്റ് വരുന്ന ഏതോ ദുഷ്ടശക്തി എരുമയുടെ രൂപം സ്വീകരിച്ചതാണെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. അയ്യപ്പന്‍ ആ കാട്ടെരുമയില്‍ കുടികൊണ്ടിരുന്ന ആത്മാവിന് മോചനം കൊടുത്തുവെന്നും പഴയ മുനികന്യക ലീലയുടെ രൂപം സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ ആ നാട്ടിലെ പ്രധാനഗുരുവിന്‍റെ മകള്‍ ലീലയായി അവള്‍ ജന്മമെടുത്തുവെന്നും നാട്ടുകാരെ പറഞ്ഞുമനസ്സിലാക്കാനാവില്ലല്ലോ. ജനങ്ങളുടെ ഭീതിയകറ്റാന്‍ എന്തുമാര്‍ഗ്ഗമാണാവോ മണികഠന്‍റെ മനസ്സിലുള്ളത്. മണികണ്ഠന്‍ എന്തോ പറയുന്നുണ്ടല്ലോ. നമുക്കടുത്തേക്കുപോകാം.
"ആ പിശാച് ഇനിയും എഴുന്നേറ്റുവരുമെന്നുള്ള ഭയം വേണ്ട."
" മണികണ്ഠസ്വാമീ, ഞങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഇതിന്‍റെ ഓര്‍മ്മയാണ് "
" നിങ്ങള്‍ അതിനെ അക്കാണുന്ന അഴുതമേട്ടിലേക്ക് കൊണ്ടുവരൂ"
എന്താണാവോ ഉദ്ദേശ്യം. നമുക്കും പിന്നാലെപ്പോകാം. അഴുതമേട്ടിലുള്ള കുന്നിന്‍മുകളിലേക്കാണല്ലോ അവര്‍ അതിനെ ചുമന്നുകൊണ്ടുപോകുന്നത്. അയ്യപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം അഴുതാമേടിന്റെ വലതു വശമുള്ള അഗാധമായ കൊക്കയിലേക്ക് വലിച്ചെറിയാനുള്ള വട്ടമാണെന്നുതോന്നുന്നു. അതെ,കൊക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട് അവര്‍ താഴെയുള്ള അഴുതാനദിയിലേക്ക് കുളിക്കാനോടുകയാണ്. അല്ല, പുഴയില്‍നിന്ന് പാറക്കല്ലുകളും താങ്ങിയെടുത്തുകൊണ്ട് മലകയറുന്നതെന്തിനാണാവോ. നോക്കാം. ഇതുവട്ടുതന്നെ. പുഴയില്‍നിന്നും വലിയ പാറക്കല്ലുകള്‍ താങ്ങിയെടുത്ത് അഴുതമേട്ടിലെ കുന്നിന്‍പുറത്തെത്തിച്ച് താഴേക്ക് വലിച്ചെറിയുക. ഇവര്‍ നാറാണത്തുഭ്രാന്തനു പഠിക്കുന്നുണ്ടോ, ആവോ! അരമണിക്കൂറായിട്ടും നിറുത്താനുള്ള ഭാവമില്ലല്ലോ. ആ കൊക്ക ഏതാണ്ടുനികന്നുകഴിഞ്ഞു. മണികണ്ഠനെന്തോ പറയാനൊരുങ്ങുന്നു.
" മതി കൂട്ടരേ, കൊക്ക നികന്നുകഴിഞ്ഞു. ഇത്രയും പാറക്കല്ലുകള്‍ മാറ്റി ഒരുപിശാചിനും വരാന്‍ കഴിയില്ല."
"ശരി സ്വാമി, നമുക്കുപോകാം."
" സ്വാമി, എരുമയെ കൊന്നു എന്നുറപ്പിക്കാന്‍ ഞങ്ങള്‍ ഈ സ്ഥലത്തെ എരുമകൊല്ലി എന്നുവിളിച്ചോട്ടെ? അതുപറയുമ്പോഴെങ്കിലും എരുമയെക്കൊന്നു എന്ന തോന്നലുണ്ടാകും." ഗ്രാമമുഖ്യന്‍ അഭിപ്രായപ്പെട്ടു.
"നിങ്ങള്‍ക്കങ്ങനെയൊരു സമാധാനമുണ്ടെങ്കില്‍ അങ്ങനെത്തന്നെയാകാം"
" അങ്ങ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യവും സമാധാനവും നേടിത്തന്നതിന്‍റെ ഓര്‍മ്മയ്ക്ക് എല്ലാവര്‍ഷവും ഇങ്ങനെ ഘോഷയാത്ര നടത്തി ആഘോഷിക്കാനും അനുവാദം തരണം."
"അങ്ങനെത്തന്നെ! പക്ഷേ ഞാന്‍ നിങ്ങളുടെ മനസ്സിലുള്ളിടത്തോളം കാലം മാത്രം."
കൂട്ടരേ, ഗ്രാമവാസികളെല്ലാം അവരുടെ വഴിക്കുപോയി. നമുക്കും ഇനി മടങ്ങാം, നമ്മുടെ കാലത്തേക്ക്.
എരുമകൊല്ലിയാണത്രേ കാലാന്തരത്തില്‍ എരുമേലിയായത്. എരുമയുടെ ജഡവുമായുള്ള ഘോഷയാത്രയുടെ ഓര്‍മ്മയ്ക്കാണ് പേട്ടതുള്ളല്‍ നടത്തുന്നത്. മനസ്സില്‍ അയ്യപ്പസ്വാമിയുള്ളിടത്തോളം കാലം ആഘോഷിച്ചോളാന്‍ സ്വാമി അനുവാദം കൊടുത്തിരുന്നുവല്ലോ. അതുകൊണ്ട് അയ്യപ്പന്‍ നിന്‍റേയും എന്‍റേയും അകത്തുണ്ടെന്നുപറഞ്ഞാണ് നൃത്തം.
"അയ്യപ്പന്‍ നിന്‍റകത്തും, സ്വാമിയെന്‍റകത്തും : സ്വാമി നിന്‍റകത്തും, അയ്യപ്പന്‍ എന്‍റകത്തും"
ഇതാണത്രേ പിന്നീട് "അയ്യപ്പന്‍ തിന്തകത്തോം, സ്വാമിതിന്തകത്തോം" എന്നൊക്കെയായിത്തീര്‍ന്നത്.
എരുമ എഴുന്നേറ്റുവരുമോ എന്നുള്ള ഭയത്താല്‍ നാട്ടുകാര്‍ എല്ലാദിവസവും ആ കൊക്കയില്‍ ചെന്നുനോക്കാറുണ്ട് . അഴുതാനദിയില്‍ മുങ്ങി കല്ലെടുത്ത് അഴുതമേടിന്‍റെ മുകളിലുള്ള കുന്നില്‍ക്കയറിനിന്ന് താഴെ കൊക്കയിലേക്കെറിയുക പതിവാണത്രേ. അത് അവര്‍ക്ക് സംതൃപ്തിനല്കുന്നുണ്ടാകാം. കല്ല് വലിച്ചെറിയാനായി കയറിനിന്ന കുന്ന് പിന്നീട് കംല്ലിടാകുന്ന് എന്നറിയപ്പെട്ടു. അന്ന് ആ കിടങ്ങ് നികത്തുവാൻ വേണ്ടി അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ചുമന്നുകൊണ്ടുവന്ന ചരിത്ര സംഭവത്തിന്റെ അനുസ്മരണമായി കാലം പകര്‍ന്നുതന്ന ഒരാചാരമാണ് അഴുതനദിയിൽ മുങ്ങി കല്ലെടുത്തുകൊണ്ടുവന്ന് അഴുതമേട്ടിലുള്ള കല്ലിടാംകുന്നിൽ നിന്ന് വലിച്ചെറിയുന്ന ചടങ്ങായിമാറിയത് . കല്ലെറിയല്‍ ഇന്നും തീര്‍ത്ഥയാത്രയുടെ ആചാരമായി നടക്കുന്നുണ്ട്.



സുരേഷ് കൂട്ടുകാരന്‍റെ മകനാണെങ്കിലും എന്‍റെ മകനെപ്പോലെത്തന്നെയാണ്. ദാ, ഇപ്പോള്‍ത്തന്നെ കണ്ടില്ലേ, വെറ്റിലയില്ലെന്നുപറയേണ്ട താമസം. അപ്പോഴേക്കും കവുങ്ങില്‍ വലിയ ഏണിവച്ചുകയറി വെറ്റില നുള്ളാന്‍ തുടങ്ങി. "അച്ഛാ, ദേ കുട്ടിപ്പട്ടാളം വരുന്നുണ്ട്." എന്നെ അച്ഛന്‍ എന്നുതന്നെയാണ് വിളിക്കുന്നത്. എന്‍റേയും സഹോദരങ്ങളുടേയും മക്കളുടെ മക്കളായി ആറുപേരുണ്ട്. നാലാംക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസ്സുവരെയുള്ളവര്‍. അവരെയാണ് അവന്‍ കുട്ടിപ്പട്ടാളം എന്നുപറയുന്നത്. അവര്‍ രണ്ടാഴ്ചകൂടുമ്പോള്‍ വരും. പത്തുമുപ്പതുകിലോമീറ്ററിനുള്ളിലാണെല്ലാവരും താമസം. മാസത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും എല്ലാവരും ഇവിടെയൊത്തുകൂടും.
"മുത്തച്ഛാ, ഞങ്ങളെത്തി" എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായെന്നുപറയാം. " കപീഷേ, ഇറങ്ങിക്കോ. മുത്തച്ഛനുള്ള വെറ്റില ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്." സുരേഷിന് അവരുടെ ആ വിളി ഇഷ്ടമാണ്. അവര്‍ക്ക് പേരയ്ക്കയും ചാമ്പയ്കയും വേണമെങ്കില്‍ അവന്‍തന്നെയാശ്രയം. "മുത്തച്ഛാ, കഴിഞ്ഞതവണ ഞങ്ങള്‍ വന്നപ്പോള്‍ വായനപ്പുരയിലെ തത്ത്വമസിയിലേക്ക് എന്തോ എഴുതാനുണ്ടെന്നുപറഞ്ഞ് ഞങ്ങളെ ഒഴിവാക്കി. അത് ശരിക്കും ഞങ്ങളെ ഒഴിവാക്കാനുള്ള സൂത്രമായിരുന്നോ എന്നും സംശയമുണ്ട്. ഇത്തവണ അത് പറ്റില്ല." ആധുനികശാസ്ത്രത്തിലും മറ്റുകാര്യങ്ങളിലുമെന്നതുപോലെ പുരാണങ്ങളിലും സാഹിത്യത്തിലുമെല്ലാം നല്ല താല്‍പര്യമുള്ള കുട്ടികള്‍. അവര്‍ക്ക് കഥ കേള്‍ക്കണം. മൂത്തവള്‍ പന്ത്രണ്ടാംക്ലാസ്സുകാരി ആര്യ കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്യുന്ന കാര്യത്തില്‍ മിടുക്കിയാണ്. കഥപറഞ്ഞുകൊടുക്കുമ്പോള്‍ ഒപ്പം അത് ടൈപ്പ് ചെയ്ത് കേറ്റുമെന്നതിനാല്‍ നല്ല സഹായമാണ്. കഥ കേള്‍ക്കാന്‍ എല്ലാവരും തയ്യാറായി എത്തി. ഇന്ന് ദത്താത്രേയന്‍റെ കഥ പറഞ്ഞുകൊടുക്കാം.
"മുത്തച്ഛാ, ഇതാ" കൂട്ടത്തില്‍ ഏറ്റവും ഇളയവളാണ് ഗായത്രി. ഇവിടെയുള്ളപ്പോള്‍ മുറുക്കാനെടുത്ത് തരുന്നത് അവളാണ്. കഥപറയുന്നതിനുള്ള കൈക്കൂലി. "എന്നാല്‍ നമുക്കുതുടങ്ങാം." കുട്ടികളുടെ ക്ഷമ നശിച്ചുതുടങ്ങി. "ശരി. സപ്തര്‍ഷിമണ്ഡലത്തില്‍പ്പെട്ട ഒരു മുനിയും വളരെയേറെ വേദസൂക്തങ്ങളുടെ കര്‍ത്താവുമായ അത്രി സ്വയംഭുവമന്വന്തരത്തില്‍ ബ്രഹ്മാവിന്റെ കണ്ണില്‍നിന്ന് ഉണ്ടായതിനാല്‍ ബ്രഹ്മാവിന്‍റെ പുത്രനെന്നറിയപ്പെടുന്നു. ദക്ഷന്‍റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി." " പാര്‍വ്വതിയുടെ സഹോദരി, അല്ലേ?" " അല്ലെടാ, പാര്‍വ്വതിയുടെ പൂര്‍വ്വജന്മമായ സതിയുടെ സഹോദരി, അല്ലേ മുത്തച്ഛാ?" "അതെ". കുട്ടികള്‍ അവരുടെ അറിവുപ്രകടിപ്പിക്കാനുള്ള ശ്രമമാണ്. "വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യന്‍ ഏക ദൈവവിശ്വാസിയായിരുന്നു". "ഏക ദൈവവിശ്വാസിയെന്നാല്‍?" "അതെനിക്കറിയാം. വിശ്വം നിറഞ്ഞുനില്ക്കുന്ന പരബ്രഹ്മത്തില്‍ മാത്രം വിശ്വസിക്കുന്നവന്‍" "പ്രണവിതെങ്ങനെ മനസ്സിലാക്കി?" "മുത്തച്ഛന്‍ എഴുതിക്കൊണ്ടിരിക്കുന്ന ഉപനിഷത്തിന്‍റെ വ്യാഖ്യാനം ഞാന്‍ വായിച്ചു." "മിടുക്കന്‍, നന്നായി. ഏകനായ ഈശ്വരന്‍ താന്‍തന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ഓരോരുത്തരായി ഇദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ത്രിമൂര്‍ത്തികളുടെ പ്രസാദത്താല്‍ സോമന്‍, ദത്താത്രേയന്‍, ദുര്‍വാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാര്‍ യഥാക്രമം അത്രിക്കുണ്ടായി."
"ഈ കഥ മറ്റൊരു തരത്തിലാണല്ലോ ഞങ്ങളുടെ സംസ്കൃതം ടീച്ചര്‍ പറഞ്ഞുതന്നിട്ടുള്ളത്." " ഇതിനെക്കുറിച്ച് മറ്റൊരു കഥയുമുണ്ട്. പണ്ട്‌ അണിമാണ്ഡവ്യന്‍ എന്ന മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേകള്ളന്മാര്‍ അതുവഴി കടന്നുപോയി. അവരെ പിന്‍തുടര്‍ന്ന രാജഭടന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അദ്ദേഹം മൌനവ്രതത്തിലായിരുന്നതിനാല്‍ ഒന്നും പറഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജഭടന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ കിടക്കുമ്പോഴാണ് ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ അതുവഴി കടന്നുപോയത്‌ ." "ഭാര്യ ഭര്‍ത്താവിനെ തോളിലേറ്റി വേശ്യഗൃഹത്തിലേക്കോ?" പന്തണ്ടാംക്ലാസ്സുകാരിയുടെ ധര്‍മ്മബോധം ഉണര്‍ന്നു. ഇപ്പോഴത്തെ കുട്ടികളാണെങ്കില്‍ അറിവില്‍ വളരെ മുന്നിലാണ്. "ആരാണ് ശീലാവതി?" "പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു.കര്‍മ്മഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. അങ്ങനെയൊരു ദിവസം അവര്‍ ഒരു വേശ്യാലയത്തിന്‍റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇഷ്ടമനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി." "ഇങ്ങനെയുമുണ്ടോ ആളുകള്‍!" "ചീക്കു, നീ മിണ്ടാതിരിക്ക്, മുത്തച്ഛന്‍ കഥ പറയട്ടെ" ശ്രീകുമാര്‍ എന്ന പേര് എല്ലാവരുംകൂടി ചീക്കുവാക്കി. "അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ ‘സൂര്യോദയത്തിന്‌ മുന്‍പായി നിന്‍റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ’ എന്ന്‌ ശപിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി ‘നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിച്ചു. പതിവ്രതകളുടെ ശാപശപഥാനുഗ്രഹങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നത് സത്യമാണല്ലോ. അതോടെ സൂര്യന്‍ ഉദിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ പ്രതിജ്ഞയില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്‍റെ ഭര്‍ത്താവിനെ മരണത്തില്‍നിന്ന്‌ രക്ഷിക്കാമെന്ന ദേവന്മാരുടെ വാക്കനുസരിച്ച് ശീലാവതി ശപഥം പിന്‍വലിച്ചു ."
"അപ്പോള്‍ അനസൂയയുടെ പ്രയത്നം ആരും കണക്കിലെടുത്തില്ലേ?" "ഉണ്ടല്ലോ, അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്നാണ് അനസൂയ ആവശ്യപ്പെട്ടത്. അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്തന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു." "ദത്താത്രേയന്‍ എന്ന പേരിലാരുമുണ്ടായിരുന്നില്ലേ?" "വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ഉള്ള രണ്ടുപേരുകള്‍ ചേര്‍ത്ത്‌ വിഷ്ണുവിന്‍റെ അംശമായി പിറന്നവനെ ദത്താത്രേയന്‍ എന്നു വിളിക്കുന്നു."
"നല്ല കഥ,ഞങ്ങള്‍ക്കിഷ്ടമായി. പക്ഷേ കഴിഞ്ഞതവണ ഞങ്ങള്‍ വന്നപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞത് മണ്ഡലക്കാലമല്ലേ, അയ്യപ്പന്‍റെ കഥപറയാമെന്നാണല്ലോ."
"അതുശരിയാ. മുത്തച്ഛന്‍ പറഞ്ഞതങ്ങനെത്തന്നെയാ. ദത്താത്രേയനും അയ്യപ്പനും തമ്മിലെന്താ ബന്ധം?"
" കഥ തീര്‍ന്നില്ലല്ലോ. അതിലേക്കാണ് വരുന്നത്."
"മതി. സമയമെത്രയായെന്നറിയുന്നുണ്ടോ? ഇനി പിന്നെയാകാം. ആര്‍ക്കും ഭക്ഷണമൊന്നും വേണ്ടേ?"
"മുത്തശ്ശീ, ഞങ്ങള്‍ മുത്തച്ഛന്‍റെ കഥ കേട്ടിട്ട് വന്നോളാം" " കഥയൊക്കെ ഇനി ഭക്ഷണം കഴിഞ്ഞിട്ട്. ഷുഗറും പ്രഷറുമൊക്കെയുള്ളതാണ്. കൃത്യസമയത്ത് ഭക്ഷണവും മരുന്നും കഴിക്കണം."
"ശരി, നമുക്ക് തല്‍ക്കാലം ഭക്ഷണം കഴിക്കാം. കഥയുടെ ബാക്കി അതിനുശേഷമാകാം."


ആറംഗപ്പട്ടാളം ഗൂഢാലോചനയിലാണ്. പെട്ടെന്നൊരാക്രമണം ഉണ്ടാകില്ലെന്ന് തോന്നുന്നു. പുതിയ തന്ത്രത്തിന്‍റെ ഭാഗമാകാം, എല്ലാവരും പിരിഞ്ഞുപോയി. കൂട്ടത്തില്‍ ഇളയവള്‍ കാന്താരിമുളക് (അവള്‍ അതുതന്നെയാണല്ലോ) പൊട്ടിക്കുന്നു. ഈശ്വരാ! ഇനി മുളകുകൊണ്ട് എന്തെങ്കിലും പ്രയോഗം ഉണ്ടാകുമോ ആവോ. മറ്റൊരുവന്‍ വടുകപ്പുളിയുടെ (നാരകം) ചുവട്ടിലേക്കോടുന്നു. എന്തായാലും അനുഭവിക്കുകതന്നെ. എന്തൊക്കെയോ ആലോചനകളില്‍ മുഴുകി ഒരു സുഖത്തിലങ്ങനെ കണ്ണടച്ചുകിടക്കുമ്പോള്‍ കൈയ്യിന്മേല്‍ തോണ്ടിവിളിക്കുന്നു. "മുത്തച്ഛാ " ഒരു ഗ്ലാസ് സംഭാരവുമായി പാറു. (പാര്‍വ്വതിയെന്നതിന് ഞാന്‍ വിളിക്കുന്നതാണ്. മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കാന്താരിയെന്നുവിളിക്കും). ഭക്ഷണം കഴിഞ്ഞാല്‍ സംഭാരം കുടിക്കുന്നതിഷ്ടമാണെന്നവര്‍ക്കറിയാം. പച്ചമുളകും ഇഞ്ചിയും പുളിയാറില, മുത്തിള്‍ ഇല എന്നിവയും ചതച്ചിട്ട്, കറിവേപ്പിലയും നാരകത്തിലയും കീറിയിട്ട് അതിലേക്ക് തൈരിന്‍റെ മുകളിലുള്ള തെളിയൂറ്റിയൊഴിച്ച് ഉപ്പിട്ട് അരമണിക്കൂര്‍ വയ്ക്കണം. അതുകഴിഞ്ഞാല്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് എടുക്കാം.ആറുമണിക്കൂര്‍ മുമ്പ് മണ്‍കുടത്തില്‍ വെള്ളമെടുത്ത് അതില്‍ രണ്ട് ചെറുനാരങ്ങയിട്ടുവച്ച് ആ വെള്ളമെടുത്താല്‍ സംഭാരത്തിന് സ്വാദിനൊപ്പം മണവും ഗുണവുമേറും. കുട്ടിക്കാലം മുതല്‍ പതിവുള്ളതാണത്. "നമുക്ക് തുടങ്ങാം, മുത്തച്ഛാ" "അന്നുവന്ന ചേച്ചിമാരോട് ദത്താത്രേയനെക്കുറിച്ച് മറ്റൊരുകഥ പറഞ്ഞുവല്ലോ". "ഞാനോ? അതെന്താണ്?" "ത്രിമൂര്‍ത്തികള്‍ മക്കളായ കഥ." " ഓ! ശരിതന്നെ. എന്നാല്‍ അത് പറയാം.ത്രിമൂര്‍ത്തികളുടെ പത്നിമാര്‍ക്കിടയില്‍ ഉത്തമപത്നി ആരെന്ന് ഒരു തര്‍ക്കം. ആര്‍ക്കും യോജിപ്പിലെത്താന്‍ കഴിയാതെവന്നപ്പോള്‍ വിശ്വസഞ്ചാരിയും ത്രികാലജ്ഞാനിയുമായ നാരദരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചു. "
"നാരദര്‍ സ്മരിച്ചാല്‍ ആ നിമിഷം അവിടെയെത്തുന്നവനാണ് എന്നുകേട്ടിട്ടുണ്ട് " . "അതെ, മനസ്സെത്തുന്നിടത്ത് ശരീരമെത്തുമെന്നതാണ് നാരദരുടെ പ്രത്യേകത." "നാരദരെത്തിയിട്ടെന്തുണ്ടായി?" വിഷയത്തില്‍നിന്നകന്നുപോകുന്നുവോ എന്നാണ് രാധികയുടെ ഭയം. "ദേവിമാര്‍ തങ്ങളുടെ പ്രശ്നം നാരദര്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. പതിവ്രതാരത്നമായ ശീലാവതി തന്നെയാണ് ഉത്തമപത്നിയെന്ന് നാരദര്‍ നിസ്സംശയം തീര്‍പ്പ് കല്പിച്ചു." "പാവം ദേവിമാര്‍" "ത്രിമൂര്‍ത്തികളും ദേവിമാരും നാരദരുടെ ശത്രുക്കളായിട്ടുണ്ടാകും, അല്ലേ മുത്തച്ഛാ? " "വാസ്തവത്തില്‍ ത്രിമൂര്‍ത്തികളുടെ തിരക്കഥയനുസരിച്ച് നാരദര്‍ ആടിയതാണത്രേ" " അതുമനസ്സിലായില്ല" "വിശ്വം പരിപാലിക്കുന്ന ത്രിമൂര്‍ത്തികളുടെ ഭാര്യമാര്‍ എന്നതില്‍ ദേവിമാര്‍ക്ക് അഹങ്കാരമുണ്ടോ എന്ന് ത്രിമൂര്‍ത്തികള്‍ക്ക് സംശയം. അങ്ങനെയുണ്ടെങ്കില്‍ അത് ഇല്ലാതാക്കുകതന്നെ വേണം. അതിനൊരു ഉപായമായിട്ടുകൂടിയാണ് നാരദരെക്കൊണ്ടതുപറയിച്ചത്." "ദേവിമാര്‍ക്ക് കോപംവരുമെന്നല്ലാതെ ഇങ്ങനെ പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ?" അതിന് മറുപടി കൊടുത്തത് ആര്യയാണ്. "തന്നെക്കാള്‍ വലുതായി ആരുമില്ല എന്ന തോന്നലാണ് അഹങ്കാരത്തിന് ഹേതു. അങ്ങനെയല്ലെന്നറിയുമ്പോള്‍ അഹങ്കരിച്ചതില്‍ ലജ്ജ തോന്നുകയും അഹങ്കാരമില്ലാതാകുകയും ചെയ്യും, അല്ലേ മുത്തച്ഛാ?" "അതെ. അതായിരുന്നു ദേവന്മാരുടെ ഉദ്ദേശ്യവും. നാരദര്‍ മറ്റൊരു കഥയും പറഞ്ഞു. ഒരിക്കല്‍ ഭൂമിയില്‍ പത്തുവര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇതായിരുന്നു കഥ." "ദേവിമാര്‍ക്ക് അസൂയകൊണ്ട് ഇരിയ്ക്കപ്പൊറുതിയില്ലാതായിട്ടുണ്ടാകും" ആര്യയെ ഒളിക്കണ്ണിട്ടുനോക്കിയിട്ടാണ് പ്രണവത് പറഞ്ഞത്.
ആര്യയുടെ തീപാറുന്ന നോട്ടം പ്രണവ് കണ്ടില്ലെന്നു നടിച്ചു.
"ഇത്രയും മാഹാത്മ്യത്തോടുകൂടിയ അനസൂയയെ പരീക്ഷിക്കുകതന്നെയെന്നു നിശ്ചയിച്ച് അസൂയമൂത്ത ത്രിമൂര്‍ത്തിപത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ സ്വപതിമാരെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു. വരം നല്‍കാമെന്ന്‌ അനസൂയ വാക്കുകൊടുത്തപ്പോള്‍ "അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്ന വരം" എന്ന് ത്രിമൂര്‍ത്തികള്‍ പറഞ്ഞു." " ഇത്രയ്ക്കുവേണ്ടിയിരുന്നില്ല" " ഓരോ പ്രവൃത്തിക്കും ഓരോ ഉദ്ദേശ്യമുണ്ട്. അത് പലപ്പോഴും നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാറില്ല." "ബാക്കി പറയൂ മുത്തച്ഛാ" " ത്രിമൂര്‍ത്തികളുടെ അഭ്യര്‍ത്ഥന അംഗീകരിച്ച അനസൂയ ത്രിമൂര്‍ത്തികളെ മാതൃഭാവത്തോടുകൂടി വീക്ഷിച്ചപ്പോള്‍ അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി അവര്‍ മുലകുടിമാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ മാതൃവാത്സല്യത്തോടുകൂടി ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി." " നന്നായി, ദേവന്മാര്‍ക്ക് അതുതന്നെ വേണം" നേരത്തെ കിട്ടിയത് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ആര്യ. "തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തിപത്നിമാര്‍ അഹങ്കാരം വെടിഞ്ഞ് അനസൂയയോട്‌ അവരെ പൂര്‍വാവസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു. അനസൂയയുടെ മാതൃഭാവത്തില്‍ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ ആ മാതൃവാത്സല്യം അനുഭവിക്കുവാനായി ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു. " " അങ്ങനെ പത്നിമാരെ ശുദ്ധമായ മനസ്സോടെ ദേവന്മാര്‍ക്ക് തിരിച്ചുകിട്ടി, അല്ലേ മുത്തച്ഛാ?" "അതെ, ത്രിമൂര്‍ത്തികളുടെ ഉദ്ദേശ്യം അതുതന്നെയായിരുന്നല്ലോ. അങ്ങനെ അനസൂയയ്ക്ക് ത്രിമൂര്‍ത്തികളെ മുലയൂട്ടിവളര്‍ത്താനും കഴിഞ്ഞു." "ദത്താത്രേയന്‍റെ കഥ പിന്നെയെന്തായി?" "ജ്ഞാനസമ്പാദനത്തിനുശേഷം ഗൃഹസ്ഥാശ്രമത്തിലേക്കുപ്രവേശിക്കുവാന്‍ അദ്ദേഹം ലീലാവതിയെ വിവാഹം കഴിച്ചു. മോക്ഷം നേടാനായി യാത്രതുടങ്ങുമ്പോള്‍ ലീലാവതിയുമായി മോക്ഷത്തെക്കുറിച്ചും മായയെക്കുറിച്ചും തര്‍ക്കമുണ്ടായി." "എന്താണീ മായ?" " അത് ഒറ്റവാക്യത്തില്‍ വിശദീകരിക്കാവുന്നതല്ല. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം തന്നെയാണ് ജീവാത്മാവെന്ന (തന്‍റെ ശരീരം തന്നെയാണ് താന്‍ എന്ന) മിഥ്യാ ധാരണ വേദന , സുഖദുഃഖങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ക്കിടയാക്കുന്നു . പരമാത്മാവ്(ഈശ്വരന്‍) തന്നില്‍നിന്ന് അന്യനാണെന്ന മിഥ്യാധാരണമൂലം തന്‍റെ വേദനകള്‍ക്കെല്ലാം കാരണം ഈശ്വരനാണെന്ന് കരുതുന്നു . താന്‍ ഈ ജന്മത്തിലോ മുന്‍ജന്മങ്ങളിലോ ചെയ്ത പാപങ്ങളുടെ ഫലം ഈശ്വരന്‍ തന്നതാണെന്ന മിഥ്യാധാരണയ്ക്കടിമപ്പെടുന്നു . അതിന്‍റെ പരിഹാരാര്‍ത്ഥം വഴിപാടുകള്‍ , മന്ത്രവാദം തുടങ്ങിയവ നടത്തുന്നു . തന്നെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണിതിനു കാരണം. ഈ അജ്ഞതയും അതുമൂലമുണ്ടാകുന്ന ദുഃഖാനുഭവങ്ങളുമാണ് മായ എന്നറിയപ്പെടുന്നത് ." "ഇതൊന്നും തലയില്‍ക്കയറുന്നില്ല, മുത്തച്ഛാ. കഥ തുടര്‍ന്നോളൂ" "തര്‍ക്കം മൂത്ത് കുപിതനായ ദത്താത്രേയന്‍ അസുരകുലത്തില്‍ മഹിഷിയായി ജനിക്കാന്‍ ഭാര്യയെ ശപിച്ചു. അതേ കുലത്തില്‍ത്തന്നെ ജനിക്കാന്‍ അവര്‍ ഭര്‍ത്താവിനേയും ശപിച്ചു. പതിവ്രതകളുടെ ശാപശപഥാനുഗ്രഹങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നത് നമ്മള്‍ ശീലാവതിയുടെ കാര്യത്തിലും അനസൂയയുടെ കാര്യത്തിലും കണ്ടതാണല്ലോ. ഇവരാണത്രേ മഹിഷാസുരനും മഹിഷിയുമായി ഭൂമിയില്‍ ജനിച്ചത്." "നല്ല കഥ. അടുത്തതവണ ഞങ്ങള്‍ വരുമ്പോഴേക്കും നല്ല കഥ തയ്യാറാക്കിവയ്ക്കണേ" തീര്‍ച്ചയായും".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ