കര്‍ക്കിടകമാസചിന്തകള്‍

കര്‍ക്കിടകമാസചിന്തകള്‍
--------------------------
മുടങ്ങാതെ ക്ഷേത്രത്തില്‍ പോകുന്നതോ , പ്രാര്‍ത്ഥിക്കുന്നതോ , കവടിനിരത്തി ഭൂതഭാവിവര്‍ത്തമാനങ്ങളറിഞ്ഞ്, അറിഞ്ഞോ അറിയാതെയോ മുന്‍ജന്മങ്ങളിലോ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരക്രിയ ചെയ്യുന്നതോ ഒന്നും വേദങ്ങള്‍ അനുശാസിക്കുന്നതല്ല . ഈ വിശ്വം നിറഞ്ഞുനില്‍ക്കുന്ന ഒരേ ഒരു ചൈതന്യമാണ് ഈശ്വരന്‍ എന്ന് വേദങ്ങള്‍ പറയുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിലും ആ ചൈതന്യമാണുള്ളതെന്ന് പറയുമ്പോള്‍ നമ്മളില്‍ ഉള്ളതും മറ്റേതൊരു ജീവിയിലും ഉള്ളതും ആ ചൈതന്യം തന്നെ. അപ്പോള്‍ എല്ലാം ഈശ്വരന്‍ തരുമെന്ന് ചിന്തിക്കുന്നതെങ്ങനെ? നമ്മള്‍ തന്നെ ഈശ്വരന്‍റെ അംശമാകുമ്പോള്‍ ഈശ്വരനറിയാത്ത ഏതു കാര്യമാണ് നമ്മള്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് ? ഈശ്വരന്‍ തരേണമെന്ന് കരുതുന്നത് നമുക്ക് ലഭിക്കും. പിന്നെ എന്ത് വരമാണ് നമ്മള്‍ ചോദിക്കേണ്ടത് . ഈശ്വരന്‍ അറിഞ്ഞ് തരാത്തതായി എന്തെങ്കിലും ആയിരിക്കുമല്ലോ നമ്മള്‍ ആവശ്യപ്പെടുന്നത്. നമുക്കര്‍ഹതയില്ലാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചെയ്തുതരുമോ? അതല്ലെങ്കില്‍ പായസമോ അപ്പമോ അതുമല്ലെങ്കില്‍ പണമോ നല്‍കാമെന്ന് പറഞ്ഞാല്‍ ഈശ്വരന്‍റെ മനസ്സ് മാറുമോ? ഇങ്ങനെ യുക്തിക്ക് നിരക്കാത്ത നിരവധി കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. ഇതുകൊണ്ട് മനസ്സിന് അല്പമെങ്കിലും ആശ്വാസം കിട്ടുന്നുവെങ്കില്‍ ആകാം. ക്ഷേത്രദര്‍ശനവും ആരാധനയും ഭജനവും പൂജയും തെറ്റല്ല , പക്ഷേ ഇതുമാത്രമാണ് ശരിയെന്നരീതിയില്‍ ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും തെറ്റാണ്. പ്രപഞ്ചത്തിലെ ഓരോ അണുവിലുമുള്ള ചൈതന്യത്തെ അംഗീകരിക്കാതെ ദേവാലയങ്ങളില്‍ തേടിനടന്നിട്ടെന്ത് കാര്യം? വിശക്കുന്നവനെ പുച്ഛത്തോടെ നോക്കിയിട്ട് വിഗ്രഹത്തിനുമുന്നില്‍ നിവേദ്യം സമര്‍പ്പിച്ചിട്ടെന്ത് കാര്യം? വേദങ്ങള്‍ ഈശ്വരനും മനുഷ്യനും ഒന്നാണെന്നും അതുകൊണ്ടുതന്നെ ഒരു മനുഷ്യനും മറ്റൊരുവനില്‍ നിന്നും വ്യത്യസ്തനല്ലെന്നും പറയുന്നു. ജാതിമതവര്‍ണ്ണവിവേചനത്തിനെതിരാണ് വേദങ്ങള്‍! അറിവാണ് ഈശ്വരന്‍ (പ്രജ്ഞാനം ബ്രഹ്മ) എന്ന് വേദങ്ങള്‍ പറയുന്നു. അറിവ് നേടുക.ശക്തി നേടുക . ഞാന്‍ തന്നെ ഈശ്വരന്‍റെ അംശമാകുമ്പോള്‍ എന്‍റെ ദുരിതങ്ങളെക്കുറിച്ച് ഈശ്വരനോട് വിവരിക്കേണ്ടതുണ്ടോ .ഈശ്വരന്‍ നമ്മളെ രക്ഷിക്കുമോ ? ഇല്ല എന്ന് ഗീതതന്നെ പറയുന്നുണ്ട്. നമ്മളില്‍ നിന്ന് വേറിട്ട് മറ്റൊരു ഈശ്വരന്‍ ഇല്ലെങ്കില്‍ പിന്നെ ആരാണ് നമ്മെ രക്ഷിക്കുന്നത് ?. നിന്നെ ഉദ്ധരിക്കാന്‍ നിനക്കു മാത്രമേ കഴിയൂ (ആത്മമാത്മാനമുദ്ധരേത് )എന്നാണ് ഗീത ഉപദേശിക്കുന്നത്. ഒരീശ്വരനുമല്ല നമ്മെ ഉയര്‍ത്തേണ്ടത്. സ്വന്തം അദ്ധ്വാനം കൊണ്ടേ ഉയരാന്‍ കഴിയൂ. അതിന് അറിവ് വേണം . അറിവാണ് ഈശ്വരന്‍ (പ്രജ്ഞാനം ബ്രഹ്മ) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ആ ഈശ്വരനാണ് നമ്മെ രക്ഷിക്കുക . നമുക്ക് നമ്മുടെ കഴിവിലുള്ള വിശ്വാസം (ആത്മവിശ്വാസം) ആണ് നമ്മെ രക്ഷിക്കുക . ആത്മവിശ്വാസത്തോടെയുള്ള സത്ക്കര്‍മ്മങ്ങള്‍ ആണുനമ്മെയുദ്ധരിക്കുന്നത്. സല്‍ക്കര്‍മ്മങ്ങളെന്നാല്‍ പുണ്യസ്നാനമോ ക്ഷേത്രദര്‍ശനമോ അല്ല, അന്യന്‍റെ മനസ്സിലെ അഗ്നിയണയ്ക്കുന്ന സാന്ത്വനസ്പര്‍ശം, മറ്റുള്ളവന്‍റെ കണ്ണുനീരൊപ്പുന്ന ഊഷ്മളതപകരുന്ന വാക്കുകള്‍, നമ്മുടെ ശരീരംകൊണ്ട് നല്കാവുന്ന പ്രതിഫലേച്ഛയില്ലാത്ത സഹായം എന്നിങ്ങനെ പലതുമാണ്. ഈശ്വരന്‍ നമ്മളില്‍ തന്നെയാകുമ്പോള്‍ ആത്മവിശ്വാസവും പ്രയത്നവും ഇല്ലാതെ മറ്റൊരിടത്ത് ഈശ്വരനെത്തേടി വഴിപാട് കഴിച്ചിട്ടെന്തു ഫലം ? നമ്മള്‍ ജീവിക്കുന്ന ഭൌതികതലം(ഭൂമി) ആണ് സത്. ചിത് എന്നാല്‍ ഉയര്‍ന്ന ചിന്തയുടെ തലം. ആനന്ദം എന്നാല്‍ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ . ഈ ഭൂമിയില്‍ വസിച്ച് ഉയര്‍ന്ന ചിന്തയിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയാണ് സത് ചിത് ആനന്ദം , അതായത് സച്ചിദാനന്ദം . സചിദാനന്ദമെന്നാല്‍ സച്ചിദാനന്ദ പരബ്രഹ്മം-ഈശ്വരന്‍. ഈ ഭൂമിയില്‍ തന്നെ ജീവിച്ചുകൊണ്ട് ഉയര്‍ന്ന ചിന്തയിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്നതാണ് സ്വര്‍ഗ്ഗപ്രാപ്തി . വേദങ്ങള്‍ പഠിപ്പിക്കുന്നത് അറിവ് നേടാനാണ്.സ്വയം അറിയുക. തന്നെ രക്ഷിക്കാനുള്ള കഴിവ് തനിക്കുതന്നെയാണ് എന്നറിഞ്ഞ് കര്‍മ്മം ചെയ്യുക. തന്‍റെയുള്ളിലെ പരമാത്മശക്തിയെ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ആണ് ദേവാലയങ്ങള്‍; മനസ്സിനെ ഒരുചൈതന്യത്തില്‍ കേന്ദ്രീകരിക്കാനുള്ള ഉപാധി. ഭണ്ഡാരത്തില്‍ പണം നിക്ഷേപിച്ച് ചെയ്തപാപങ്ങളുടെ പിഴയടയ്ക്കാനും, ചെയ്യാന്‍ പോകുന്ന കൊടുംക്രൂരതകള്‍ക്ക് മുന്‍കൂര്‍ജാമ്യം തേടാനുമുള്ള കേന്ദ്രങ്ങളായി ദേവാലയങ്ങള്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു ; മറ്റൊരു ഭാഗത്ത് തീര്‍ത്ഥയാത്രയെന്ന പേരില്‍ പാക്കേജ് ടൂറുകളുമായി ധനസമ്പാദനത്തിനുള്ള കേന്ദ്രങ്ങളായും മാറികൊണ്ടിരിക്കുന്നു . നമ്മുടെ ഒപ്പമുള്ള, നമ്മുടെ ഉള്ളിലുള്ള, നമ്മെ അനുദിനം കര്‍മ്മനിരതരാക്കുന്ന ഈശ്വരനെ കാണാതെ അയോദ്ധ്യയിലും വൈകുണ്ഠത്തിലും കൈലാസത്തിലും തിരഞ്ഞിട്ടെന്തുകാര്യം?
"തേരാ സായി തുഝ്മേ
ജോ പുഹ്പന്‍ മേ ബാസ്
കസ്തൂരി കാ മിരഗ് ജൈസേ
ഫിര്‍ ഫിര്‍ ടൂംഢേ ഖാസ്"
"സ്വന്തം നാഭിയില്‍ നിന്നാണ് കസ്തൂരിയുടെ മണം വരുന്നതെന്നറിയാതെ കസ്തൂരിമാന്‍ പുല്ലില്‍ കസ്തൂരി തേടിയലയുന്നതുപോലെ ഈശ്വരനെത്തേടിയലയാതെ, മനുഷ്യാ, നിന്‍റെ ഈശ്വരന്‍ നിന്നില്‍ത്തന്നെയാണുള്ളത്.” കബീര്‍ദാസിന്‍റെ ഈ വരികള്‍ പരീക്ഷയ്ക്കുമാര്‍ക്കുകിട്ടാന്‍ മാത്രം നമ്മള്‍ പഠിച്ചു. ഉയര്‍ന്ന ചിന്തയിലൂടെ എല്ലാം ഒന്നാണെന്ന അദ്വൈതഭാവം കൈവരിക്കുക . ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ എല്ലാവരും തുല്യരാണെന്ന സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുക . പ്രാര്‍ത്ഥനയോ ആരാധനയോ മാത്രം ചെയ്തതുകൊണ്ട് കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല .
രാമായണപാരായണത്തില്‍മാത്രമൊതുങ്ങുന്ന പുണ്യമാസം! മനുഷ്യനെ തിരിച്ചറിയാന്‍, മനുഷ്യനിലെന്നല്ല ഓരോ പുല്ക്കൊടിയിലുമുള്ള പരമാത്മചൈതന്യത്തെ തിരിച്ചറിയാന്‍, വിശ്വത്തിലെ ഓരോ പരമാണുവിലുമുള്ള ചൈതന്യത്തെ തിരിച്ചറിയാന്‍ കഴിയാതെ രാമായണപാരായണംകൊണ്ടെന്തു കാര്യം?ഫാസ്റ്റ് ഫുഡ്ഡും വിഷമയഭോജ്യങ്ങളും മായംകലര്‍ന്ന പേയങ്ങളും നിത്യം കഴിച്ച് വ്യായാമമില്ലാതെ മേദസ്സുവളര്‍ത്തിയെടുത്ത് കര്‍ക്കിടകത്തില്‍ കഞ്ഞികുടിച്ചിട്ടെന്ത് കാര്യം? അന്യന്‍റെ വിശപ്പറിയാതെ, പതിനൊന്നുമാസവും പഞ്ചനക്ഷത്രഭോജനാലയങ്ങളിലെ വിലയേറിയ ഭോജ്യങ്ങളും പേയങ്ങളുമാസ്വദിച്ച് കഴിഞ്ഞിട്ട് കര്‍ക്കിടകത്തില്‍ മരുന്നുകഞ്ഞി കഴിച്ചിട്ടോ പാക്കേജ് തീര്‍ത്ഥയാത്രകള്‍ നടത്തിയിട്ടോ എന്ത് ഫലം?
സ്വപ്രയത്നവും ആത്മവിശ്വാസവും ജ്ഞാനവുമല്ലാതെ നമ്മെ ഉദ്ധരിക്കുവാന്‍ മറ്റൊരീശ്വരനുമാവില്ല . ഉയര്‍ന്ന അറിവും ഉയര്‍ന്ന ചിന്തയും കൊണ്ട് നമ്മളും ഈശ്വരനും രണ്ടല്ലെന്ന സത്യം തിരിച്ചറിഞ്ഞ് പ്രപഞ്ചത്തിലെ ഓരോ അണുവിലും ആ ചൈതന്യം കാണാന്‍ കഴിയുന്നതാണ് സ്വര്‍ഗ്ഗപ്രാപ്തി. പുണ്യമാസം നല്ലതുചിന്തിക്കാന്‍ പ്രേരിപ്പിക്കട്ടെ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ