ആതിരമാഹാത്മ്യം

ആതിരമാഹാത്മ്യം
=============

മംഗല ആതിര നല്‍പ്പുരാണം
എങ്കിലോ കേട്ടാലുമുള്ള വണ്ണം
പണ്ടൊരു ത്രേതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികനും...."
ധനുമാസത്തിലെ ശുക്ലപക്ഷത്തിൽ മിക്കവാറും വെളുത്തവാവ്‌ ദിവസം വരുന്ന തിരുവാതിര കേരളത്തിലെ സ്ത്രീകളുടെ ഒരു പ്രധാന ഉത്സവം തന്നെയാണ്. ശ്രീപരമേശ്വരന്റെ ജന്മനാളായാണ്‌ തിരുവാതിര അറിയപ്പെടുന്നത്‌. ഭാര്യമാര്‍ ദാമ്പത്യത്തിന്റെ കെട്ടുറപ്പിനും നെടുമംഗല്യത്തിനും കന്യകമാര്‍ നല്ല വരനെ ലഭിക്കുന്നതിനും തിരുവാതിര ദിവസം വ്രതാനുഷ്ഠാനം നടത്തി വരുന്നു. തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. പാലാഴിമഥനവേളയില്‍ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ശിവൻ വിഴുങ്ങി. വിഷം ഉള്ളില്‍ച്ചെന്നാല്‍ ഭര്‍ത്താവിനെന്തുപറ്റുമെന്ന ഭീതിയില്‍ ശിവന് ആപത്ത് വരാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെയാണത്രേ. പാര്‍വ്വതി ദേവിയുമായുള്ള വിവാഹത്തിന് ശ്രീപരമേശ്വരന്‍ അനുമതിയരുളിയത് ധനുമാസത്തിലെ തിരുവാതിരയിലാണത്രേ. ഭഗവാന്റെ അനുഗ്രഹത്തിന് ശ്രീപാര്‍വ്വതി വ്രതമെടുക്കുന്ന പുണ്യദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിൽ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിർബന്ധത്തിനു വഴങ്ങി യാഗത്തിൽ പങ്കെടുക്കാൻ പോയി. ദക്ഷൻ അവിടെ വെച്ച് ശിവനെ അപമാനിച്ചതിൽ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവൻ ഹിമാലയത്തിൽ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാർവതിയായിട്ട് പുനർജ്ജനിച്ചു. ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച്, തപസ്സു ചെയ്യുന്ന ശിവനെ പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികൾ ബ്രഹ്മാവിന്‍റെ ഉപദേശം തേടി. ശിവപാർവതിമാര്‍ക്ക് ജനിക്കുന്ന പുത്രൻ നരകാസുരനെ വധിക്കും എന്ന് ബ്രഹ്മാവ് വരം കൊടുത്തു . കാമദേവൻ ശിവന്റെ തപസ്സ് മുടക്കാനായി ചെന്നപ്പോള്‍ ശിവൻ കോപത്താല്‍ ഫാലത്തിരുമിഴി തുറന്ന് കാമദേവനെ ചുട്ടെരിച്ചു. മകയിരം നക്ഷത്രത്തിലാണ് കാമദഹനം നടന്നതായി വിശ്വസിക്കപ്പെടുന്നത്. ഇതില്‍ വിലപിച്ച് കാമദേവപത്നി രതീദേവി അന്നപാനാദികള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയും വ്രതവുമായി കഴിഞ്ഞു. മറ്റുദേവീദേവന്മാരും ഇതില്‍ പങ്കുചേര്‍ന്നു. അടുത്തദിവസം, അതായത് തിരുവാതിരനാളില്‍ ശ്രീപരമേശ്വരന്‍ കാമദേവന് പുനര്‍ജ്ജീവന്‍ നല്‍കി. ഇതും മകയിരത്തിന്‍റെയും തിരുവാതിരയുടെയും പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. കൃഷ്ണന്‍ തങ്ങളുടെ വിളിപ്പുറത്തുണ്ട് എന്ന ഗോപസ്ത്രീകളുടെ അഹങ്കാരം ശമിപ്പിക്കുന്നതിന് അവരുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞുനിന്ന കൃഷ്ണനെ തിരിച്ചുകിട്ടാന്‍ ഗോപസ്ത്രീകള്‍ പാര്‍വ്വതീപൂജ നടത്തിയ ദിനമാണ് തിരുവാതിരയെന്നു വേറൊരു കഥയുണ്ട്. പരമശിവനും പാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. തിരുവാതിര നൊയമ്പും ചിട്ടകളും അനുഷ്ഠിച്ച ബ്രാഹ്മണ കന്യകയുടെ അനുഭവം പ്രചാരത്തിലുള്ള കഥയാണ്‌. വിവാഹജീവിതത്തിലേക്ക്‌ എത്തിച്ചേര്‍ന്ന നവോഢയായ ബ്രാഹ്മണ കന്യകക്ക്‌ താമസംവിന വൈധവ്യം വന്നു. തിരുവാതിരയുടെ വ്രതം വേണ്ടപോലെ അനുഷ്ഠിച്ച ഈ കുട്ടിയുടെ ദുരവസ്ഥയില്‍ ശ്രീപാര്‍വതിക്കു സഹിക്കാനാവാത്ത സങ്കടംവന്നു. പാവം ബ്രാഹ്മണകുമാരന്‌ നഷ്ടപ്പെട്ട പ്രാണന്‍ തിരികെനല്കിയില്ലെങ്കില്‍ തന്റെ ശിഷ്ട ജീവിതം വിധവയെപ്പോലെയായിരിക്കുമെന്ന് പറഞ്ഞു. മഹാദേവന്‌ സ്പര്‍ശിക്കാന്‍ പോലും സാധിക്കായുള്ളതായിരിക്കും ശൈലപുത്രിയുടെ ശിഷ്ടജീവിതം എന്നദ്ദേഹത്തിന് മനസ്സിലായി. പാര്‍വതി വിചാരിച്ചകാര്യം ഭംഗിയായി നടന്നു . ഉറക്കം വിട്ടുണര്‍ന്നപോലെ യുവാവിന്‌ ജീവന്‍ തിരിച്ചു കിട്ടി. ഇതിനെക്കുറിച്ചുള്ള ഐതിഹ്യവും പാട്ടുപാടി കളിക്കാറുണ്ട്‌. ഈ കഥയാണ് “മംഗല ആതിര നല്‍പ്പുരാണം" എന്ന പാട്ടില്‍ വിവരിക്കുന്നത്. മകയിരം നാളില്‍ വൈകുന്നേരം നാലരമണിക്ക് കിഴങ്ങുവര്‍ഗങ്ങളും പഴവും ചുട്ടുണ്ടാക്കിയ എട്ടങ്ങാടിയും കൂവചിരകിയതും വിളക്ക് വച്ച് തൂശനിലയില്‍ വിളമ്പി ശ്രീപാര്‍വതിയ്ക്ക് നിവേദിച്ച് കഴിച്ച ശേഷമാണ് വിവാഹിതരായ സ്ത്രീകളും കന്യകമാരും ആര്‍ദ്രാവ്രതാചരണം തുടങ്ങുന്നത്. തിരുവാതിരനാള്‍ അരിഭക്ഷണം കഴിക്കില്ല. ചാമക്കഞ്ഞി പുഴുക്കുകൂട്ടിക്കഴിക്കുന്നു. അന്ന് നൂറ്റെട്ടുവെറ്റിലയും അടയ്ക്കയും നിവേദിച്ച് മുമ്മൂന്ന് വെറ്റില ചേര്‍ത്ത് മൂന്ന് കൂട്ടുന്നു. തിരുവാതിരനാള്‍ അര്‍ദ്ധരാത്രിയാകുമ്പോള്‍ സ്ത്രീകള്‍ അരിമാവുകൊണ്ടണിഞ്ഞ അമ്മിക്കുഴയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ നടുമുറ്റത്ത് പ്രതിഷ്ഠിക്കുന്നു. വിളക്കിനെ ഗണപതിയായി സങ്കല്പിച്ച് പൂജ നടത്തുന്നു. തിരുവാതിര പുലരുമ്പോള്‍ തുടിച്ച് കുളിച്ച് കരിക്ക്, പഴം, അട, അവല്‍, മലര്‍ ഇവയെല്ലാം നിവേദിച്ച് കഴിക്കുന്നു. കൂവകുറുക്കിയതും കഴിക്കുന്നു. കായ വട്ടത്തില്‍ നുറുക്കിവറുത്തതും ഞാലിപ്പൂവന്‍ അല്ലെങ്കില്‍ പാളയംകോടന്‍ പഴവും പപ്പടം കാച്ചിയതും തിരുവാതിരയ്ക്ക് പ്രധാനമാണ്. കുടുംബജീവിതം സന്തോഷപ്രദമാകുന്നതിന് ഗൃഹസ്ഥനായ ശ്രീശങ്കരനെയാണ് ഈ മഹാപുണ്യദിനത്തില്‍ വ്രതശുദ്ധിയോടെ ആരാധിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര. തിരുവാതിരനാള്‍ പാതിരയ്ക്ക് പാതിരാപ്പൂവും കറുകയും ചൂടുന്ന പതിവുണ്ട്. ചിലയിടങ്ങളില്‍ കറുകയ്ക്കുപകരം ദശപുഷ്പം ചൂടാറുണ്ട്. കറുക, കഞ്ഞുണ്ണി(കയ്യോന്നി), തിരുതാളി, മുയല്‍ചെവിയന്‍, പൂവാംകുറുന്നില, മുക്കുറ്റി, നിലപ്പന, വിഷ്ണുക്രാന്തി(കൃഷ്ണക്രാന്തി), ഉഴിഞ്ഞ, ചെറൂള എന്നിവയാണ് ദശപുഷ്പങ്ങള്‍. കൊടുവേലിപ്പൂവാണ് പാതിരാപ്പൂ എന്നറിയപ്പെടുന്നത്. ദശപുഷ്പങ്ങള്‍ക്കോരോന്നിനും ഓരോ മൂര്‍ത്തികളുണ്ട്. അവയെക്കുറിച്ചുള്ള വിശ്വാസമിങ്ങനെ:കറുക - ബ്രഹ്മാവ്
ചെറൂള - യമന്‍
വിഷ്ണുക്രാന്തി - ചന്ദ്രന്‍
നിലപ്പന - ശ്രീദേവി
മുയല്‍ചെവി - പരമശിവന്‍
ഉഴിഞ്ഞ - വരുണന്‍
തിരുതാളി - ശിവന്‍
പൂവാംകുറുന്നില - സരസ്വതി
മുക്കുറ്റി - വിഷ്ണു
കയ്യോന്നി - ഇന്ദ്രന്‍
ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ “ എന്ന് പാടിത്തുടങ്ങി, “പത്താനാം മതിലകത്ത് “ എന്ന് പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരുന്നു. പ്രായവ്യത്യാസമില്ലാതെയുള്ള ഊഞ്ഞാലാട്ടവും തിരുവാതിരയുടെ ആഘോഷങ്ങളില്‍ പ്രധാനമാണ്. ഏഴുദിവസത്തെ തിരുവാതിരക്കുളി തിരുവാതിരയുടെ ചടങ്ങിന്‍റെ ഭാഗമാണ്. രേവതിനാള്‍ മുതല്‍ തിരുവാതിര വരെ ഏഴുദിവസമാണ് തിരുവാതിരക്കുളി. വിളക്ക്, കുറിക്കൂട്ട്, വസ്ത്രം, ദശപുഷ്പങ്ങള്‍ ഇവയെല്ലാമെടുത്ത് പുലരും‍മുന്‍പ് എല്ലാവരെയും വിളിച്ചുകൂട്ടി കുളിക്കാന്‍ പോകുന്നു. അശ്വതി നാള്‍ അശ്വമുഖം കാണും മുന്‍പ്, ഭരണി നാള്‍ ഭാനുവുദിക്കും‍മുന്‍പ് , കാര്‍ത്തിക നാള്‍ കാക്ക കരയും മുന്‍പ്, രോഹിണി നാള്‍ രോമം കാണും മുന്‍പ്, മകയിരം നാള്‍ മക്കളുണരും മുമ്പ്, തിരുവാതിരനാള്‍ ഭര്‍ത്താവുണരും മുമ്പ് എന്നിങ്ങനെയാണ് കുളിക്കേണ്ട സമയം പറഞ്ഞിരിക്കുന്നത്. വെള്ളത്തില്‍ തുടിതാളമിട്ടുപാടി കുളിച്ച് കരമുണ്ടുടുത്ത് , ചന്ദനം, മഞ്ഞള്‍, കുങ്കുമം എന്നിവ തൊട്ട്, കണ്ണെഴുതി ദശപുഷ്പം ചൂടി പാര്‍വ്വതി സ്വയംവരകഥ പാടി പൂജയ്ക്കൊരുങ്ങുന്നു.എല്ലാവര്‍ക്കും തിരുവാതിര ആശംസകള്‍! ഇനി വിഭവങ്ങളുടെ അനുബന്ധം കൂടിയായാലോ? എട്ടങ്ങാടി
=========
ചെറുകായ , ചേമ്പ്,ചെറുകിഴങ്ങ്,കൂർക്ക ഇവ ഉമിത്തീയിൽ ചുട്ടെടുക്കുക. കൂടാതെ ചെറുകായ, ചേമ്പ്, ചെറുകിഴങ്ങ്,കൂർക്ക, ഏത്തപ്പഴം,കാച്ചിൽ (കാവത്ത്), ശീമക്കിഴങ്ങ് ഇവ വേവിച്ച് ചെറുതായി നുറുക്കി വയ്ക്കുക. കുറച്ചു വൻപയർ വറുത്ത് പൊടിച്ചുവയ്ക്കുക.ഒരു കഷണം കരിമ്പും ചെറുതായി നുറുക്കിവയ്ക്കുക. പിന്നീട് ഉരുളി അടുപ്പത്ത് വച്ച് പാനിയാക്കിയ ശർക്കര അരിച്ചെടുത്ത് ഉരുളിയിൽ ഒഴിച്ച് തിളപ്പിക്കുക.ശർക്കരപ്പാനി മുറുകിവരുന്ന സമയം നുറുക്കിവച്ച കൂട്ടുകളെല്ലാം അതിലിട്ട് നന്നായി ഇളക്കുക. കൂട്ടത്തിൽ പൊടിച്ച വൻപയറും ഏത്തപ്പഴം നാലായി കീറി അരിഞ്ഞതും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക.ഇതാണ് എട്ടങ്ങാടിചുട്ടത്.
തിരുവാതിരപ്പുഴുക്ക്:
====================
പയര്‍ , മുതിര എന്നിവ വേവിച്ച് അതില്‍ ചെറുചേമ്പ്, ശീമച്ചേമ്പ്, നേന്ത്രക്കായ, ചെറുകിഴങ്ങ്, കൂർക്ക,ചേന, കാച്ചിൽ, നനകിഴങ്ങ്, മത്തങ്ങ ,മഞ്ഞൾപ്പൊടി എന്നിവയിട്ട് ഉപ്പിട്ടുവേവിയ്ക്കണം. ഇതില്‍ തേങ്ങ , പച്ചമുളക്, ജീരകം എന്നിവ അരച്ചുചേര്‍ത്ത് കടുക് വറുത്തിടുകയോ വെളിച്ചെണ്ണ ഒഴിക്കുകയോ ചെയ്യുക. കൂവ കുറുക്കിയത്:
==================
ഒരു കപ്പ്‌ കൂവപ്പൊടി നാലിരട്ടി വെള്ളത്തിൽ കലക്കി അടുപ്പത്ത് ചെറുതീയില്‍ വച്ച് ഇളക്കുക. വെന്ത് കുറുകിവരുന്ന സമയം പൊടിച്ചുവച്ച ശർക്കര അതിലേക്കിട്ടു നല്ലവണ്ണം ഇളക്കുക.ശർക്കര നല്ലവണ്ണം അലിഞ്ഞുചേർന്നാൽ പാത്രം താഴെയിറക്കി വയ്ക്കാം.പിന്നീട് ചിരകിയ തേങ്ങ അതിലേക്കിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ